Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തൊഴിലാളി സംഘടനകളുടെ ദേശീയ പണിമുടക്ക് അർദ്ധരാത്രി മുതൽ; കേരളം നിശ്ചലമാകും; പിഎസ്‌സി പരീക്ഷകൾ മാറ്റിവച്ചു

തൊഴിലാളി സംഘടനകളുടെ ദേശീയ പണിമുടക്ക് അർദ്ധരാത്രി മുതൽ; കേരളം നിശ്ചലമാകും; പിഎസ്‌സി പരീക്ഷകൾ മാറ്റിവച്ചു

ന്യൂഡൽഹി: തൊഴിലാളി ദ്രോഹനടപടികളാണ് കേന്ദ്ര സർക്കാർ പിന്തുടരുന്നതെന്നു ചൂണ്ടിക്കാട്ടി തൊഴിലാളി സംഘടനകൾ സംയുക്തമായി ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ. തൊഴിലാളി യൂണിയനുകളിൽ ഭൂരിപക്ഷവും പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ റെയിൽവേ ഒഴികെ എല്ലാ മേഖലയും സ്തംഭിക്കും.

വ്യോമയാന മേഖലയെ അടക്കം പണിമുടക്കു ബാധിക്കും. ഗതാഗതമേഖല പൂർണമായും സ്തംഭിക്കും. ബാങ്ക്, ഇൻഷുറൻസ്, തപാൽ, തുറമുഖം, കൽക്കരി, പ്രതിരോധം, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ വകുപ്പുകൾ തുടങ്ങിയ മേഖലകളിലെല്ലാം തൊഴിലാളികളും ജീവനക്കാരും പണിമുടക്കും.

പണിമുടക്കിന്റെ പശ്ചാത്തലത്തിൽ പിഎസ്‌സി ബുധനാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചിട്ടുണ്ട്. സർവ മേഖലയിലെയും തൊഴിലാളികൾ അണിചേരുന്ന ദേശീയപണിമുടക്കിൽ കേരളം നിശ്ചലമാകുമെന്ന് സംയുക്ത സമരസമിതി വ്യക്തമാക്കി. വ്യവസായമേഖലയും ഗതാഗതവും വാണിജ്യവ്യാപാര മേഖലയും പൂർണമായും നിശ്ചലമാകും. കൊച്ചി തുറമുഖം, വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ, ചെറുകിട തുറമുഖങ്ങൾ, കൊച്ചി കപ്പൽ നിർമ്മാണശാല, കൊച്ചിൻ റിഫൈനറി, എഫ്എസിടി ഉൾപ്പെടെയുള്ള പ്രമുഖ വ്യവസായശാലകളും പൊതുമേഖലാ വ്യവസായങ്ങളും സ്തംഭിക്കും. കൊച്ചി വ്യവസായമേഖല, കഞ്ചിക്കോട് വ്യവസായമേഖല, നിർമ്മാണമേഖല, പരമ്പരാഗത വ്യവസായമേഖല, കൊച്ചി പ്രത്യേക സാമ്പത്തികമേഖല എന്നിവയും നിശ്ചലമാകും. ടെക്‌നോപാർക്ക്, ഇൻഫോപാർക്ക് ഐടി വ്യവസായമേഖലകളിൽ പണിമുടക്ക് നടക്കും.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലെ വിവിധ തൊഴിലാളികളും വൈദ്യുതിജീവനക്കാരും പങ്കുചേരും. സർക്കാർ ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കുന്നതിനാൽ സർക്കാർ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ല. ബാങ്കുകൾ, ഇൻഷുറൻസ് ഓഫീസുകൾ, ബിഎസ്എൻഎൽ, തപാൽ സർവീസുകൾ തുടങ്ങിയവയെല്ലാം പണിമുടക്കിൽ ചേരും. കാർഷികമേഖലയും തോട്ടംതൊഴിലാളിമേഖലയും നിശ്ചലമാകും.

കേന്ദ്രസർക്കാർ ജനങ്ങളെയും തൊഴിലാളികളെയും കബളിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ട്രേഡ് യൂണിയനുകൾ പണിമുടക്കുന്നത്. തങ്ങൾ മുന്നോട്ടുവയ്ക്കുന്ന 12 ആവശ്യങ്ങളിൽ ഒന്നുപോലും പരിഗണിക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്ന് നേതാക്കൾ പറഞ്ഞു.

ആവശ്യങ്ങൾ പരിഗണിക്കുന്നില്ലെന്നുമാത്രമല്ല രൂക്ഷമായ തൊഴിലാളിദ്രോഹവുമായി സർക്കാർ മുന്നോട്ടുപോകുകയാണ്. പണിമുടക്ക് വൻവിജയമാക്കാനുള്ള എല്ലാ ഒരുക്കവും പൂർത്തിയായെന്നും ഇത് രാജ്യം കണ്ടതിൽ ഏറ്റവും വലിയ പണിമുടക്കാവുമെന്നും നേതാക്കൾ പറഞ്ഞു. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ് തുടങ്ങി ഭൂരിപക്ഷം തൊഴിലാളി യൂണിയനുകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. ബിജെപി അനുകൂല യൂണിയനായ ബിഎംഎസ് മാത്രമാണ് പണിമുടക്കിൽ നിന്നു വിട്ടുനിൽക്കുന്നത്.

ദേശീയ താൽപ്പര്യവും തൊഴിലാളി താൽപ്പര്യവും മുൻനിർത്തിയാണ് പണിമുടക്ക്. അതിൽ രാഷ്ട്രീയ താൽപ്പര്യമില്ല. ഇപ്പോൾ രാഷ്ട്രീയ നിലപാട് സ്വീകരിച്ചത് ബിഎംഎസാണ്. പണിമുടക്ക് ജൂലൈയിൽ നടത്താൻ തീരുമാനിച്ചതാണ്. ബിഎംഎസ് അഭ്യർത്ഥിച്ചപ്രകാരമാണ് മാറ്റിവച്ചതെന്നും മറ്റു യൂണിയൻ നേതാക്കൾ പറഞ്ഞു. കേന്ദ്ര ട്രേഡ് യൂണിയനുകൾക്കൊപ്പം രാജ്യത്തെ പ്രാദേശിക ട്രേഡ് യൂണിയനുകളും സ്വതന്ത്ര ട്രേഡ് യൂണിയനുകളും പണിമുടക്കിനെ പിന്തുണക്കുന്നുണ്ട്. കേരളത്തിൽ എല്ലാ ട്രേഡ് യൂണിയനുകളും പിന്തുണയ്ക്കും. പണിമുടക്കിനെ നേരിടാൻ സംസ്ഥാന സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിച്ചു. ഡയസ്‌നോൺ കെ.എസ്.ആർ.ടി.സിയിലും ബാധകമാണ്.

പാൽ, പത്രം, ആശുപത്രി, വിവാഹം, മരണം, ആംബുലൻസ്, ഫയർഫോഴ്‌സ് എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹജ്ജ് തീർത്ഥാടകരെയും പണിമുടക്കിൽനിന്ന് ഒഴിവാക്കി.

വിവിധ സർവകലാശാലകൾ ബുധനാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. കലിക്കറ്റ് സർവകലാശാലയുടെ മൂന്നാം സെമസ്റ്റർ എം.എസ്‌സി. ഹെൽത്ത് ആൻഡ് യോഗ, ഒന്നാംസെമസ്റ്റർ യു.ജികോമൺ കോഴ്‌സ് ഫ്രഞ്ച് ആൻഡ് ജർമൻ റഗുലർ (സിയുസിബിഎസ്എസ്), ഒന്നാംസെമസ്റ്റർ എൽ.എൽ.ബി (2008 സ്‌കീം, പഞ്ചവത്സരം) സപ്ലിമെന്ററി, മൂന്നാംസെമസ്റ്റർ ബി.ബി.എഎൽ.എൽ.ബി (പഞ്ചവത്സരം) റഗുലർ/സപ്ലിമെന്ററി, രണ്ടാംസെമസ്റ്റർ ബി.എസ്‌സി. ഇലക്‌ട്രോണിക്‌സ് ആൻഡ് കംപ്യൂട്ടർ സയൻസ് (നോൺ സിസിഎസ്എസ്) എന്നീ പരീക്ഷകൾ സപ്തംബർ എട്ടിലേക്ക് മാറ്റി. പരീക്ഷാകേന്ദ്രത്തിലോ സമയത്തിലോ മാറ്റമില്ല. മറ്റ് പരീക്ഷകൾക്കും മാറ്റമില്ല.

മഹാത്മാഗാന്ധി സർവകലാശാല എല്ലാ തിയറി പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയ്യതിയും സമയവും സർവകലാശാലാ വെബ്‌സൈറ്റിൽ ലഭിക്കും. ബി.കോം മോഡൽ ഒന്ന് ആനുവൽ സ്‌കീം/രണ്ടാം വർഷ ബി.പി.ഇ.(സപൽമെന്ററി) പരീക്ഷകൾ സപ്തംബർ 8നും എം.ബി.എ. പരീക്ഷകൾ സപ്തംബർ 19നും നടത്തും. പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP