Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാനത്ത് ഗതാഗത സംവിധാനം സുഗമമായി മുന്നോട്ട് ; ഷൊർണൂർ- എറണാകുളം പാത തുറന്നു, ദീർഘദൂര ട്രെയിനുകളിൽ ചിലത് മാത്രം ഭാഗികം; എറണാകുളത്ത് നിന്നും എല്ലാ ഭാഗത്തേക്കുമുള്ള ട്രെയിനുകൾ പുറപ്പെടും; കൂടുതൽ കെഎസ്ആർടിസി ബസുകൾ ഓടിത്തുടങ്ങി

സംസ്ഥാനത്ത് ഗതാഗത സംവിധാനം സുഗമമായി മുന്നോട്ട് ; ഷൊർണൂർ- എറണാകുളം പാത തുറന്നു, ദീർഘദൂര ട്രെയിനുകളിൽ ചിലത് മാത്രം ഭാഗികം; എറണാകുളത്ത് നിന്നും എല്ലാ ഭാഗത്തേക്കുമുള്ള ട്രെയിനുകൾ പുറപ്പെടും; കൂടുതൽ കെഎസ്ആർടിസി ബസുകൾ ഓടിത്തുടങ്ങി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത സംവിധാനം സാധാരണ നിലയിലേക്ക് എത്തുന്നു. മിക്ക സ്ഥലങ്ങളിൽ നിന്നും ട്രെയിനുകൾ ഓടിത്തുടങ്ങി. കനത്ത മഴ മൂലം അടച്ചിട്ടിരുന്ന എറണാകുളം - ഷൊർണൂർ പാത തുറന്നു. തിങ്കളാഴ്‌ച്ച മുതലാണ് മിക്കയിടത്തും ട്രെയിനുകൾ ഓടിത്തുടങ്ങിയത്. ഇതിൽ 23 സ്ഥലങ്ങളിൽ ട്രെയിൻ വേഗം കുറച്ചാണ് ഓടുന്നത്. രണ്ടു ദിവസം കൊണ്ടേ ട്രെയിൻ ഗതാഗതം പഴയപടി ആകൂ എന്ന് റെയിൽവേ അധികൃതർ അറിയിച്ചു. തൃശ്ശൂർ- ഗുരുവായൂർ പാത ഇനിയും തുറന്നിട്ടില്ല. ദീർഘദൂര ട്രെയിനുകളുടെ റദ്ദാക്കലും തിരിച്ചു വിടലും ബുധനാഴ്ച വരെ തുടരും. നാഗർകോവിൽ പാതയിലൂടെ ദീർഘദൂര തീവണ്ടികൾ വഴിതിരിച്ചുവിടുന്നത് നിർത്തി.

നാഗർകോവിൽ വഴി തിരിച്ചുവിട്ട കേരള, ശബരി എക്സ്‌പ്രസുകളുടെ കോച്ചുകൾ തിരിച്ചെത്താനുണ്ട്. ഓരോ ട്രെയിനുകളും യാത്ര തുടങ്ങുന്ന സ്റ്റേഷനുകളിലേക്ക് ഇവ എത്തിക്കേണ്ടതുണ്ട്. സ്‌പെഷ്യൽ ട്രെയിനുകൾ ഓടിക്കാനുപയോഗിച്ച കോച്ചുകളും പുനഃക്രമീകരണം നടത്തി, അതത് ട്രെയിനുകൾക്ക് നൽകേണ്ടിവരും. യാത്ര കഴിഞ്ഞെത്തുന്ന ട്രെയിനുകളുടെ കോച്ചുകൾ മറ്റുതീവണ്ടികൾക്ക് ഉപയോഗിക്കുന്ന രീതിയുമുണ്ട്. ഇതും താളംതെറ്റി. പലവഴിക്കായ കോച്ചുകൾ ഏകോപിക്കുന്ന മുറയ്ക്ക് സമയപ്പട്ടികപ്രകാരം വ്യാഴാഴ്ച മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും.

* തൃശ്ശൂർ-ഗുരുവായൂർ പാതയിൽ ഒട്ടേറെ സ്ഥലങ്ങളിൽ ട്രാക്കിലൂടെ വെള്ളം ഒഴുകിയിരുന്നു. സംരക്ഷണഭിത്തികളും തകർന്നു. അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച ഇതുവഴി പരീക്ഷണ ഓട്ടം നടന്നേക്കും.

* കൊല്ലം-പുനലൂർ പാതയിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. ചൊവ്വാഴ്ചമുതൽ തീവണ്ടികൾ ഓടിത്തുടങ്ങും. പുനലൂർ-ചെങ്കോട്ട പാത ഗതാഗതയോഗ്യമല്ല. കൊല്ലത്തുനിന്നുള്ള ട്രെയിനുകൾ പുനലൂരിൽ യാത്ര അവസാനിപ്പിക്കും. ബുധനാഴ്ചയ്ക്കകം ഈ പാതയിലും ട്രെയിൻ ഓടിത്തുടങ്ങിയേക്കും. ചൊവ്വാഴ്ച ഇതുവഴിയുള്ള കൊല്ലം-താംബരം സ്‌പെഷ്യൽ റദ്ദാക്കിയിട്ടുണ്ട്.

* പാളങ്ങളുടെ അറ്റകുറ്റപ്പണി ചുമതലയുള്ള പെർമനന്റ് വേ, സിഗ്‌നൽ, ജനറൽ ഇലക്ട്രിക്കൽ, ട്രാക്ഷൻ എന്നീ വിഭാഗങ്ങളിലെ അഞ്ഞൂറോളം ജീവനക്കാർ രാത്രി ജോലി ചെയ്താണ് ഷൊർണൂർ-എറണാകുളം പാത ഗതാഗതയോഗ്യമാക്കിയത്. തിങ്കളാഴ്ച പുലർച്ചെ സാങ്കേതിക പരിശോധന പൂർത്തിയാക്കി ഫിറ്റ്നസ് സർട്ടിഫിക്കറ്റും നൽകി. പൈലറ്റ് എൻജിനു പിന്നാലെ ഷൊർണൂരിൽനിന്ന് കാരയ്ക്കൽ-എറണാകുളം എക്സ്‌പ്രസ് കടത്തിവിട്ടു. എറണാകുളത്തുനിന്ന് കണ്ണൂർ ഇന്റർസിറ്റിയും പുറപ്പെട്ടു.

സ്‌പെഷ്യൽ വണ്ടികൾ പിൻവലിച്ചു

വടക്കൻ കേരളത്തിൽ ട്രെയിൻ ഗതാഗതം ഏകദേശം പൂർവസ്ഥിതിയിലായിട്ടുണ്ട്. ഏറനാട്, തിരുവനന്തപുരം എക്സ്‌പ്രസ് (15348) ഒഴികെ തിരുവനന്തപുരത്തേക്കുള്ള വണ്ടികൾ തിങ്കളാഴ്ച പുനഃസ്ഥാപിച്ചു. ഇതോടെ ഹ്രസ്വദൂര യാത്രക്കാർക്കായി കോഴിക്കോടിനും മംഗളൂരുവിനുമിടയിൽ മൂന്നുദിവസങ്ങളിലായി ഓടിയ ആറു പ്രത്യേക പാസഞ്ചറുകൾ നിർത്തി. ചെന്നൈ മെയിൽ, വെസ്റ്റ് കോസ്റ്റ്, കോയമ്പത്തൂർ ഇന്റർസിറ്റി എന്നിവ ഞായറാഴ്ചമുതൽ ഓടിത്തുടങ്ങിയിരുന്നു. തിങ്കളാഴ്ച ചെന്നൈ സൂപ്പർഫാസ്റ്റും ഓടി. ഇതോടെ പാലക്കാടുവഴിയുള്ള എല്ലാ വണ്ടികളും ഓടിത്തുടങ്ങി.

ഞായറാഴ്ച തിരുവനന്തപുരത്തു നിന്ന് കോട്ടയം വഴി എറണാകുളത്തേക്ക് സർവീസ് ആരംഭിച്ചിരുന്നു. എന്നാൽ കോച്ചുകൾ പലതും ഷൊർണൂരിൽ കുടുങ്ങിക്കിടന്നതിനാൽ റെഗുലർ സർവീസ് നടത്താൻ സാധിച്ചിരുന്നില്ല. എറണാകുളം-ആലപ്പുഴ പാതയിൽ മാത്രമാണ് മുടക്കമില്ലാതെ ട്രെയിൻ സർവീസ് നടത്തിയിരുന്നത്.

മലബാർ എക്സ്‌പ്രസ് (16629), മാവേലി എക്സ്‌പ്രസ് (16604), വെരാവൽ എക്സ്‌പ്രസ് (16334), ഐലൻഡ് എക്സ്‌പ്രസ് (16525), പാലരുവി എക്സ്‌പ്രസ് (16791 - 16792), ജനശതാബ്ദി (12081 - 12082), ഏറനാട് എക്സ്‌പ്രസ് (16605), കൊച്ചുവേളി ലോക്മാന്യതിലക് എക്സ്‌പ്രസ്, കൊച്ചുവേളി -യശ്വന്ത്പുർ ട്രൈവീക്ക്ലി എക്സ്‌പ്രസ്, എറണാകുളം-മഡ്ഗാവ് വീക്ക്ലി സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ്, എറണാകുളം-ബനസ്വാഡി ബൈവീക്ക്ലി സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് എന്നിവ തിങ്കളാഴ്ച റദ്ദാക്കിയിരുന്നു. കൂടാതെ 15 പാസഞ്ചർ ട്രെയിനുകളും എറണാകുളം-കൊല്ലം മെമു സർവീസും പൂർണമായും റദ്ദാക്കിയിരുന്നു.

റെയിൽവേ സ്റ്റേഷനുകളിൽ എത്തുമ്പോൾ മാത്രമാണ് യാത്രക്കാർക്ക് ട്രെയിൻ റദ്ദാക്കിയ വിവരം അറിയാൻ കഴിയുന്നത്. യാത്രക്കാർക്ക് യാതൊരു മുന്നറിയിപ്പുമില്ലാതെ ട്രെയിനുകൾ നിർത്തലാക്കുന്നുവെന്ന് ആരോപിച്ച് ചില റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാർ ബഹളം വച്ചിരുന്നു. എന്നാൽ തിരുവനന്തപുരം ഡിവിഷനിൽനിന്ന് എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ഈ വിവരം ധരിപ്പിക്കുകയും നോട്ടീസ് ബോർഡിലും റദ്ദാക്കിയ ട്രെയിനുകളുടെ വിവരം റെയിൽവേ കുറിച്ചിടുകയും ചെയ്യാറുണ്ട്.

കൂടുതൽ സർവീസുകൾ ആരംഭിച്ച് കെഎസ്ആർടിസി

കട്ടപ്പന, മൂന്നാർ തുടങ്ങിയ മലയോരമേഖലകളിലേക്കുള്ള ബസുകൾ ഒഴികെയുള്ള ദീർഘദൂര ബസുകൾ പൂർണമായും ഓടിച്ചുതുടങ്ങിയതായി കെ.എസ്.ആർ.ടി.സി. അധികൃതർ അറിയിച്ചു. തമ്പാനൂർ സെൻട്രൽ ഡിപ്പോയിൽനിന്നുള്ള വോൾവോ, സ്‌കാനിയ ഉൾപ്പെടെയുള്ള ദീർഘദൂര ബസുകളെല്ലാം തിങ്കളാഴ്ച ഓടി. ബെംഗളൂരു, മംഗലാപുരം, കോയമ്പത്തൂർ ബസുകൾ കൃത്യസമയത്ത് പുറപ്പെട്ടു.

കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലേക്കുള്ള ബസുകൾ ചൊവ്വാഴ്ച ഭാഗികമായി പുനഃസ്ഥാപിക്കും. ആറ് ഡിപ്പോകൾ ഇപ്പോഴും വെള്ളത്തിലാണ്. 16 ഡിപ്പോകൾ ചെളിയിലും വെള്ളക്കെട്ടിലുമാണ്. തടസ്സപ്പെട്ട ഡിപ്പോകളിൽനിന്നുള്ള ബസുകൾ സമീപ ഡിപ്പോകളിൽനിന്ന് ഓടിക്കുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലുള്ള ജീവനക്കാർക്കു പകരം മറ്റുള്ളവരെ വിന്യസിച്ചു. 90 ശതമാനം ജീവനക്കാരും തിങ്കളാഴ്ച ജോലിക്കെത്തി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP