Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിസേറിയൻ കഴിഞ്ഞ് വീട്ടിലെത്തിയ 'അമ്മു' വീണ്ടും പ്രസവിച്ചു ! പഗ്ഗ് ഇനത്തിൽപെട്ട നായയുടെ പ്രസവം വിവാദത്തിലേക്ക്; മൂന്നു കുഞ്ഞുങ്ങളേയും ഒരു ചാപിള്ളയേയും ആശുപത്രിയിൽ പ്രസവിച്ചു; വീട്ടിലെത്തിയപ്പോൾ വീണ്ടുമോരു ചാപിള്ളയെ പെറ്റെന്നും പൂവാർ സ്വദേശി

സിസേറിയൻ കഴിഞ്ഞ് വീട്ടിലെത്തിയ 'അമ്മു' വീണ്ടും പ്രസവിച്ചു ! പഗ്ഗ് ഇനത്തിൽപെട്ട നായയുടെ പ്രസവം വിവാദത്തിലേക്ക്; മൂന്നു കുഞ്ഞുങ്ങളേയും ഒരു ചാപിള്ളയേയും ആശുപത്രിയിൽ പ്രസവിച്ചു; വീട്ടിലെത്തിയപ്പോൾ വീണ്ടുമോരു ചാപിള്ളയെ പെറ്റെന്നും പൂവാർ സ്വദേശി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സിസേറിയൻ കഴിഞ്ഞ് വീട്ടിലെത്തിയ വളർത്തുനായ് വീണ്ടും പ്രസവിച്ചുവെന്ന് പരാതി. സംഭവത്തിൽ പൂവാർ സ്വദേശി അജിനാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പഗ്ഗ് ഇനത്തിൽപെട്ട അമ്മു എന്ന വളർത്തുനായാണ് വീട്ടിലെത്തിയ ശേഷം വീണ്ടും പ്രസവിച്ചത്. ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണാണ് ഇങ്ങനെ സംഭവിച്ചതെന്ന് കാട്ടി അജിൻ മുഖ്യമന്ത്രിക്ക് അടക്കം പരാതി സമർപ്പിച്ചിരിക്കുകയാണ്. പേരൂർക്കട ഗവ. മൾട്ടി സ്‌പെഷ്യാലിറ്റി വെറ്ററിനറി ആശുപത്രിയിൽ നടന്ന 'അമ്മു' എന്ന വളർത്തുനായയുടെ പ്രസവശസ്ത്രക്രിയയാണ് ഇപ്പോൾ വിവാദത്തിരി കൊളുത്തിയിരിക്കുന്നത്. 'അമ്മുവും'കുഞ്ഞുങ്ങളും വീട്ടിൽ സുഖമായിരിക്കുമ്പോഴും പുറത്തു തർക്കം തകൃതിയായി തുടരുകയാണ്.

കഴിഞ്ഞ ദിവസമാണ് അജിൻ വളർത്തുനായയുടെ പ്രസവത്തിനായി പേരൂർക്കട വെറ്ററിനറി ആശുപത്രിയിലെത്തിയത്. വീട്ടിൽവെച്ച് ഒരു ചാപിള്ളയെ അമ്മു പ്രസവിച്ചതോടെയാണ് ഇയാൾ വിദഗ്ദ്ധ ചികിത്സ നൽകാൻ ആശുപത്രിയിലെത്തിയത്. ഇവിടെ നടന്ന പ്രസവശസ്ത്രക്രിയയിലൂടെ ആരോഗ്യമുള്ള മൂന്നു കുഞ്ഞുങ്ങളെയും ഒരു ചാപിള്ളയെയും ലഭിച്ചു. വീട്ടിലെത്തിയ ശേഷം അമ്മു വീണ്ടുമൊരു ചാപിള്ളയെ പ്രസവിച്ചുവെന്നാണ് അജിൻ പറയുന്നത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ആശുപത്രി അധികൃതരുടെ വീഴ്ട്ടയാണെന്നും അജിൻ പറയുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കും മൃഗസംരക്ഷണ അധികൃതർക്കും പരാതി നൽകിയത്.

എന്നാൽ പരാതിയിൽ സത്യമില്ലെന്നും ഡോക്ടർമാരുമായുണ്ടായ സംഘർഷത്തെത്തുടർന്നുള്ള വൈരാഗ്യത്തിൽ ഉടമ നുണ പ്രചരിപ്പിക്കുകയാണെന്നും ആശുപത്രി ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഹരികൃഷ്ണൻ അറിയിച്ചു. ശസ്ത്രക്രിയയ്ക്കുള്ള സാധനങ്ങൾ പുറത്തുനിന്നു വാങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് ബാക്കി സാധനങ്ങൾ ഉടമ തിരികെച്ചോദിച്ചപ്പോൾ എല്ലാം ഉപയോഗിച്ചു കഴിഞ്ഞതായി ഡോക്ടർമാർ മറുപടി നൽകി. ഇതേത്തുടർന്നുണ്ടായ തർക്കത്തിനിടെ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ അനൂപിനെ ഉടമയ്‌ക്കൊപ്പമുണ്ടായിരുന്ന ആൾ തല്ലി. പേരൂർക്കട പൊലീസിൽ ഡോക്ടർ പരാതി നൽകി. പരാതി പിൻവലിച്ചെങ്കിലും ഇക്കാര്യത്തിലെ വൈരാഗ്യമാണ് കള്ളപ്രചാരണത്തിനു പിന്നിൽ -അദ്ദേഹം പറഞ്ഞു.

ആശുപത്രിയിൽ വെച്ച് അൾട്രാ സൗണ്ട് സ്‌കാനിങ് നടത്തി മൊത്തം നാലു കുഞ്ഞുങ്ങളേയുള്ളൂവെന്നു കണ്ടെത്തി. ഒരു ചാപിള്ള ഉൾപ്പെടെ നാലിനെയും പുറത്തെടുത്തു. തള്ളനായയും ആരോഗ്യത്തോടെയാണ് മടങ്ങിയത്. ശസ്ത്രക്രിയ നടന്ന നായ അന്നുതന്നെ വീണ്ടും പ്രസവിക്കില്ലെന്നും ആശുപത്രിയധികൃതർ പറയുന്നു. എന്തായാലും നായ വീണ്ടും പ്രസവിച്ചു എന്ന പരാതിയിൽ ഉറച്ചുനിൽക്കുകയാണ് ഉടമ. നടപടിയുമായി മുന്നോട്ടുപോകുമെന്നും പി.ഡബ്‌ള്യു.ഡി. കരാറുകാരനായ അജിൻ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP