Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വയനാട്ടിലും വെട്ടുകിളി ശല്യം രൂക്ഷമാകുന്നു; പുൽച്ചാടികളുടെ രൂപത്തിലുള്ള ജീവികൾ കൂട്ടമായി ആക്രമിക്കുന്നത് പ്രധാനമായും കാപ്പിച്ചെടികളെ; കൊക്കൊ, വാഴ എന്നീ വിളകൾക്കും ഭീഷണി; പുൽപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും രണ്ട് മാസത്തോളമായി വിളനാശം രൂക്ഷം; പ്രതിരോധ നടപടികൾ സ്വീകരിച്ചുവരുന്നതായി പുൽപ്പള്ളി കൃഷി ഓഫീസർ മറുനാടൻ മലയാളിയോട്

വയനാട്ടിലും വെട്ടുകിളി ശല്യം രൂക്ഷമാകുന്നു; പുൽച്ചാടികളുടെ രൂപത്തിലുള്ള ജീവികൾ കൂട്ടമായി ആക്രമിക്കുന്നത് പ്രധാനമായും കാപ്പിച്ചെടികളെ; കൊക്കൊ, വാഴ എന്നീ വിളകൾക്കും ഭീഷണി; പുൽപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും രണ്ട് മാസത്തോളമായി വിളനാശം രൂക്ഷം; പ്രതിരോധ നടപടികൾ സ്വീകരിച്ചുവരുന്നതായി പുൽപ്പള്ളി കൃഷി ഓഫീസർ മറുനാടൻ മലയാളിയോട്

ജാസിം മൊയ്ദീൻ

കൽപറ്റ: ഉത്തരേന്ത്യൻ ഗ്രാമങ്ങൾക്ക് പുറമെ കേരളത്തിൽ വയനാട്ടിലും വെട്ടുകിളി ശല്യം രൂക്ഷം. വയനാട്ടിലെ കാർഷിക മേഖലയായ പുൽപ്പള്ളിയിലാണ് പുൽച്ചാടിയോട് രൂപസാദൃശ്യമുള്ള പല വർണ്ണങ്ങളിലുള്ള ഈ ചെറുജീവികളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. രണ്ട് മാസത്തിലധികമായി പുൽപ്പള്ളിയിലും പരിസര പ്രദേശങ്ങളിലെ തോട്ടങ്ങളിലും ഈ ജീവികളുടെ ശല്യമുണ്ട്.

കാപ്പിചെടികളിലാണ് ഇപ്പോൾ ഇവ കൂടുതലായും കാണപ്പെടുന്നതെങ്കിലും കൊക്കോ പോലുള്ള നാണ്യവിളകൾക്കും തെങ്ങിനും വാഴക്കുമെല്ലാം ഒരേ സമയം ഭീഷണി ഉയർത്തിയിരിക്കുകയാണ് കൂട്ടത്തോടെയെത്തുന്ന ഈ ചെറുപ്രാണികൾ. തോട്ടങ്ങളിൽ രാസകീടനാശിനി പ്രയോഗിക്കണമെന്നാണ് കൃഷി വകുപ്പിന്റെ നിർദേശമെങ്കിലും പൂർണ്ണമായും ജൈവ രീതിയിൽ ഉല്പാദിപ്പിക്കപ്പെടുന്ന കൊക്കോ, കാപ്പി എന്നിവയിൽ കീടനാശിനി തളിക്കാൻ പല കർഷകരും താല്പര്യപ്പെടുന്നില്ല. നേരത്തെ നടത്തിയ രാസവളപ്രയോഗം കാരണം തവളകൾ നശിച്ചതാണ് വെട്ടുകിളികൾ പെരുകാൻ കാരണമായതെന്നാണ് കർഷകർ പറയുന്നത്. ഇലകളെയാണ് പ്രധാനമായും ഇവ അക്രമിക്കുന്നത്. എന്നാൽ ഇലകൾ തിന്നുകഴിഞ്ഞാൽ ഫലങ്ങളിലേക്കും തടിയിലേക്കും ഇവയെത്തുമോ എന്ന ആശങ്കയും കർഷകർക്കുണ്ട്.

അതേ സമയം വെട്ടുകിളികളുടെ അക്രമത്തിൽ കർഷകരെ രക്ഷപ്പെടുത്താനുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചു വരുന്നതായി പുൽപള്ളി കൃഷി ഓഫീസർ അനുജോർജ്ജ് മറുനാടൻ മലയാളിയോട് പറഞ്ഞു. വയനാട്ടിൽ കാണപ്പെട്ടത് നേരത്തെ ഉത്തരേന്ത്യയിൽ കാണപ്പെട്ട തരത്തിലുള്ള ജീവികളല്ല. ഇവയെ നമുക്ക് വെട്ടുകിളികൾ എന്നു വിളിക്കാനാകില്ല. പുൽപ്പള്ളിയിൽ കണ്ടെത്തിയിട്ടുള്ളത് കാപ്പിച്ചെടികളിൽ കൂടുതലായി കാണപ്പെടുന്ന പുൽച്ചാടി വർഗ്ഗത്തിൽ പെട്ട ചെറുജീവികളാണ്. എന്നാൽ അവ ഒരുമിച്ച് കൂട്ടമായെത്തി വിളകൾ നശിപ്പിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ പോയതോടെ വെട്ടുകിളികളാണെന്ന സംശയമുണ്ടായിരിക്കുകയാണ്.

സംശയം ദുരീകരിക്കാനായി സാമ്പിളുകൾ ശേഖരിച്ച് കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലേക്ക് അയച്ചിരിക്കുകയാണ്. അതിന്റെ ഫലം കാത്തിരിക്കുകയാണ്. സ്ഥലം സന്ദർശിച്ചപ്പോൾ പ്രധാനമായും മനസ്സിലാകുന്നത് വനത്തിനോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങളിലാണ് ഇതിന്റെ അക്രമം കൂടുതലായുമുള്ളത് എന്നാണ്. ഇളകാതെ കിടക്കുന്ന മണ്ണിലാണ് ഈ ജീവികൾ മുട്ടയിട്ട് പെരുകുന്നത്. മണ്ണിൽ മുട്ടയിടുന്ന ഇവയുടെ ലാർവകൾ വളർന്നു കൃഷി നാശം വരുത്തുമ്പോൾ മാത്രമാണ് കർഷകർക്ക് തിരിച്ചറിയാൻ കഴിയുന്നത്. അതുകൊണ്ട് തന്നെ ഇപ്പോൾ കർഷകർക്ക് നൽകിയിരിക്കുന്ന നിർദ്ദേശമെന്നത് ഇളകാതെ കിടക്കുന്ന മണ്ണിളക്കി കൃഷിയിറക്കാനാണ്. അങ്ങനെയാകുമ്പോൾ ആ സ്ഥലങ്ങളിലുള്ള മുട്ടകൾ നശിപ്പിക്കപ്പെടും.

ഈ രീതിയിൽ ഇവയുടെ വർദ്ധനവ് കുറക്കാനാകും. മറ്റൊന്ന് ഉയരം കൂടിയ തേക്ക് മരങ്ങളിലും ഇവയെ കാണുന്നുണ്ട്. അത്രയും ഉയരത്തിൽ നമുക്ക് മരുന്ന് തളിക്കാനാകില്ല. എന്നാൽ ഇവ വീണ്ടും വാഴയിലേക്കോ കാപ്പിയിലേക്കോ മറ്റു വിളകളിലേക്കോ എത്തുകയാണെങ്കിൽ ജൈവികമായ രീതിയിൽ തന്നെ അവയെ നിയന്ത്രിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. വേപ്പെണ്ണ പോലുള്ള ജൈവ കീടനാശിനികൾ പ്രയോഗിച്ച് ഇവയെ തുരത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴുള്ളതിനേക്കാളധികം അക്രമമുണ്ടാകുകയാണെങ്കിൽ രാസ കീടനാശിനികളും പ്രയോഗിക്കേണ്ടി വരുമെന്ന് പുൽപ്പള്ളി കൃഷി ഓഫീസർ അനുജോർജ്ജ് മറുനാടൻ മലയാളിയോട് പറഞ്ഞു.

എന്നാൽ വയനാട്ടിൽ ഇപ്പോൾ കാണുന്ന ചെറജീവികൾക്ക് നേരത്തെ ഉത്തരേന്ത്യയിൽ കണ്ടെത്തിയ തരത്തിലുള്ള വെട്ടുകിളികളോട് സാദൃശ്യമില്ലെന്നും കീടനാശിനി ഉപോയോഗിച്ച് ഇവയെ തുരത്തേണ്ട ആവശ്യമില്ലെന്നുമാണ് പരിസ്ഥിതി പ്രവർത്തകരുടെ അഭിപ്രായം. ഇവ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ കാണുന്നവയെ പോലെ അക്രമകാരികളല്ലെന്നും ഇവർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP