Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തൃശൂരിലെ പുലികളി മലബാറിലും എത്തി; നിട്ടൂർ കോറോത്ത് ചാലിൽ തിറയോട് അനുബന്ധിച്ച് ഘോഷയാത്രയിൽ നിറഞ്ഞാടി പുലികൾ; ക്ഷണം ലഭിച്ചത് തൃശൂരിലെ പുലികളിയിൽ ഒന്നാംസ്ഥാനക്കാരായ അയ്യന്തോൾ ദേശത്തിന്

തൃശൂരിലെ പുലികളി മലബാറിലും എത്തി; നിട്ടൂർ കോറോത്ത് ചാലിൽ തിറയോട് അനുബന്ധിച്ച് ഘോഷയാത്രയിൽ നിറഞ്ഞാടി പുലികൾ; ക്ഷണം ലഭിച്ചത് തൃശൂരിലെ പുലികളിയിൽ ഒന്നാംസ്ഥാനക്കാരായ അയ്യന്തോൾ ദേശത്തിന്

ഷാജി കുര്യാക്കോസ്

കുറ്റ്യാടി: കേരള ചരിത്രത്തിൽ ആദ്യമായി തൃശൂർ പുരത്തിലെ തനിമയും താളബോധവും ആവാഹിച്ച പുലികളി മലബാറിൽ അരങ്ങേറി. തൃശൂർ അയ്യന്തോൾ സ്വദേശി കൃഷ്ണപ്രസാദ് നമ്പീശന്റ നേതൃത്വത്തിൽ പുലികൾ മലബാറിലിറങ്ങിയപ്പോൾ അത് വിശ്വാസികളടക്കമുള്ള നാട്ടുകാർക്ക് ആനന്ദവും ആഹ്ലാദവും പുത്തനനുഭവവും ആയി. പ്രദേശത്തെ കുട്ടികൾക്ക് പുത്തനറിവും നാട്ടുകാർക്ക് കൗതുകവുമായി പുലികളി.

നിട്ടൂർ കോറോത്ത് ചാലിൽ പരദേവതാക്ഷേത്ര തിറമഹോത്സവത്തിനോട് അനുബന്ധിച്ചുള്ള കുളിച്ചെഴുന്നള്ളത്ത് ഘോഷയാത്രയിലാണ് പുലിയിറങ്ങിയത്.. തൃശൂർ പുലിക്കളിയിലെ ഒന്നാം സ്ഥാനക്കാരായ അയ്യന്തോൾ ദേശം പുലിക്കളി സംഘാടക സമിതിയുടെ സഹകരണത്താൽ ക്ഷേത്ര സംരക്ഷണ സമിതിയാണ് പരിപാടി സംഘടിപ്പിച്ചത്.

108 ശിവക്ഷേത്രങ്ങളിൽ ഒന്നായ നിട്ടൂർ മഹാദേവ ക്ഷേത്രത്തിനു സമീപത്തുള്ള കോറോത്ത് ചാലിൽ പരദേവതാക്ഷേത്രത്തിലെ കുളിച്ചെഴുന്നള്ളത്ത് പുരാതനവും പ്രസിദ്ധവുമായ ഒരനുഷ്ഠാനമാണ്.

സമീപ പ്രദേശങ്ങളിലെ ആറു പഞ്ചായത്തുകളിൽ നിന്ന് ഭക്തജനങ്ങൾ പങ്കെടുക്കുന്ന ഈ ഘോഷയാത്രയിൽ തെയ്യം, തിറ, വാദ്യോപകരണങ്ങൾ, ഗോപികാ നൃത്തം, സ്ത്രീകളുടെ കോൽക്കളി എന്നിവ അണിനിരന്നിരുന്നുവെങ്കിലും ഇത്തവണ ജനശ്രദ്ധ പിടിച്ച് പറ്റിയത് പുലിക്കളിയായിരുന്നു.

ഒരു പാടുപേർക്ക് കേട്ടറിവും വളരെക്കുറച്ചുപ്പേർക്കു മാത്രം കണ്ടറിവുമുള്ള പുലിക്കളി ആദ്യമായാണ് കുറ്റ്യാടി പ്രദേശത്ത് എത്തുന്നത്. അസുരവാദ്യമായ ചെണ്ടയുടെ താളത്തിൽ വന്യനൃത്തം ചെയ്യുന്ന വർണ്ണാഭവും ഭീമാകാരവുമായ പുലികൾ കുറ്റ്യാടിയിലെ ആബാലവയോധികം ജനങ്ങളുടെയും മനസ്സ് കീഴടക്കി. പുലിക്കളിയെത്തുന്ന വാർത്ത പ്രചരിച്ചിരുന്നതിനാൽ സാധാരണ വർഷങ്ങളിൽ കാണാറുള്ളതിന്റെ പല മടങ്ങ് ജനം് ഇത്തവണ ഘോഷയാത്രയ്ക്കായി എത്തിച്ചേർന്നു.

അതിപുരാതനവും കേരള വാസ്തുവിദ്യാ മാതൃകയുമായ പന്തീരടി തറവാടിന്റെ എട്ടുകെട്ടിനു മുൻപിൽ പുലികൾ നിരന്നപ്പോൾ അത് സമാനതകൾ ഇല്ലാത്ത ചരിത്രമായി. കേരളത്തിലെ ഓണാഘോഷത്തിലെ വളരെ പ്രധാനപ്പെട്ട അനുഷ്ഠാന കലാരൂപമായ ഓണപ്പൊട്ടൻ പുറപ്പെടുന്നത് പന്തീരടി തറവാടിന്റെ മുറ്റത്ത് നിന്നാണ്.

കുറ്റ്യാടി പ്രദേശത്ത് മാത്രം കാണാൻ സാധിക്കുന്ന ഓണപ്പൊട്ടൻ എന്ന കലാരൂപത്തിന്റെ ഈറ്റില്ലത്തിൽ ഓണാഘോഷത്തിന്റെ മറ്റൊരു അത്ഭുതമായ ഓണപ്പുലികൾ എത്തിച്ചെർന്നപ്പോൾ അവിടം രണ്ട് സാംസ്‌കാരികധാരകളുടെ സംഗമ ഭൂമിയായി മാറി.

പുലിയൊരുക്കങ്ങൾ കാണാനും പുലികളെ അടുത്ത് കണ്ടു കുശലം പറയാനും എത്തിച്ചേർന്നവരിൽ കൂടുതലും കുട്ടികളായിരുന്നു. നമ്മുടെ സംസ്‌കാരത്തിന്റെ വൈവിധ്യങ്ങൾ അനുഭവിച്ചറിയുന്ന ബാല്യങ്ങൾ മനം നിറയ്ക്കുന്ന ഒരു കാഴ്ചയായി. പുലികളിയുമായി കുറ്റ്യാടിയിൽ എത്തിയ അയ്യന്തോൾ ദേശം പുലിക്കളി സംഘം അക്ഷരാർത്ഥത്തിൽ മലബാറിന്റെ വിസ്മയമായി മാറി. വരും കാലങ്ങളിൽ പുലിക്കളിയും മലബാറിന്റെ ഉത്സവാഘോഷങ്ങളിൽ അഭിവാജ്യ ഘടകമായി സ്ഥാനം പിടിച്ചേക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP