Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പൾസർ സുനിക്ക് വ്യാജതിരിച്ചറിയൽ കാർഡുപയോഗിച്ച് സിംകാർഡ് എടുത്തു നൽകിയ കേസിലെ മുഖ്യ പ്രതിയും പിടിയിൽ; കെ ജി മാർട്ടിന്റെ അറസ്റ്റോടെ നാല് പ്രതികളും വലയിലായി; നടിയെ തട്ടിക്കൊണ്ടു പോകാനുള്ള മുന്നൊരുക്കം നേരത്തെ തുടങ്ങിയെന്ന് വ്യക്തം

പൾസർ സുനിക്ക് വ്യാജതിരിച്ചറിയൽ കാർഡുപയോഗിച്ച് സിംകാർഡ് എടുത്തു നൽകിയ കേസിലെ മുഖ്യ പ്രതിയും പിടിയിൽ; കെ ജി മാർട്ടിന്റെ അറസ്റ്റോടെ നാല് പ്രതികളും വലയിലായി; നടിയെ തട്ടിക്കൊണ്ടു പോകാനുള്ള മുന്നൊരുക്കം നേരത്തെ തുടങ്ങിയെന്ന് വ്യക്തം

കോട്ടയം: കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പൾസർ സുനിക്ക് വ്യാജതിരിച്ചറിയൽ കാർഡുപയോഗിച്ച് സിംകാർഡ് എടുത്തു നൽകിയ കേസിലെ മുഖ്യ പ്രതിയും പൊലീസ് പിടിയിലായി. ഇതോടെ ഈ കേസിലെ നാലു പ്രതികളും പിടിയിലായി. വൈക്കം ഉദയനാപുരം കാലക്കോടത്ത് കെ.ജി മാർട്ടിൻ(52)നെയാണ് പൊലീസ് അറസ്റ്റ് ചെയ്ത്. ഇയാൾ കോട്ടയം തിരുനക്കര ചിറയിൽപാടത്ത് പുതിയാപറമ്പിൽ വീട്ടിൽ വാടയ്ക്ക് താമസിച്ചു വരുകയാണിപ്പോൾ. ശനിയാഴ്ച രാവിലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയാണ് മാർട്ടിൻ. കേസിലെ രണ്ടാം പ്രതി പാലാ ചെത്തിമറ്റം കാനാട്ട് മോൻസി സ്‌കറിയ (46), മൂന്നാം പ്രതിയും ആലപ്പുഴ സ്വദേശിനിയും ഇപ്പോൾ എറണാകുളം ഇളകുളം ഉഷസിൽ വാടകക്ക് താമസിക്കുന്നതുമായ പൾസർ സുനിയുടെ സുഹ്യത്ത് ഷൈനി തോമസ് (35) എന്നിവരെ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നതിനും മറ്റുമായി പൾസർ സുനി ഉപയോഗിച്ച സിം കാർഡുകളിൽ ഒരെണ്ണം കോട്ടയം സ്വദേശിയുടെതാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു. ഇതേ തുടർന്ന് സുനിയെ വെള്ളിയാഴ്ച കോട്ടയത്ത് എത്തിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ സുനിയെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് പ്രതികളെ ഒന്നെന്നായി അറസ്റ്റ് ചെയ്തത്.

2016 ഡിസംബറിൽ തിരുനക്കരയിലെ ബസ് സ്റ്റാൻഡിലെ ഒരു മൊബൈൽ ഷോപ്പിൽ നിന്ന് ദീപക് എന്നയാളുടെ പേരിലാണ് സിം കാർഡ് എടുത്തത്. കാഞ്ഞിരം സ്വദേശി ദീപക് കെ സബ്സീന എന്നയാൾ ജോലി സംബന്ധമായ കാര്യത്തിനായി ഐഡി കാർഡിന്റെ കോപ്പി കോട്ടയത്തെ സ്റ്റെല്ലാ പ്ലേസ്മന്റ് എന്ന സ്ഥാപനത്തിന് നല്കിയിരുന്നു. ഈ സ്ഥാപനം നടത്തിയിരുന്നത് മാർട്ടിൻ ആയിരുന്നു. മാർട്ടിൻ മോൻസ് സ്‌കറിയ, ഷൈനി തോമസ് എന്നിവർ ചേർന്ന് റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തി വരികയാണ്.

എറണാകുളത്തുള്ള മറ്റൊരു ബ്രോക്കറുടെ കച്ചവടം തകർക്കാനായി ദീപക്കിന്റെ ഐഡി കാർഡ് ഉപയോഗിച്ച് തിരുനക്കരയിലെ മൊബൈൽ കടയിൽ നിന്ന് ഒരു സിം കാർഡ് ഇവർ സംഘടിപ്പിച്ചു. ദീപക്കിന്റെ ഐഡി കാർഡിൽ മറ്റൊരാളുടെ ഫോട്ടോ പതിച്ചാണ് സിം കാർഡ് സംഘടിപ്പിച്ചത്. ഇതുപയോഗിച്ച് എറണാകുളത്തെ ബ്രോക്കറുടെ കച്ചവടം അട്ടിമറിച്ചു. അതിനു ശേഷം സിം കാർഡ് ഷൈനിയുടെ കൈവശമായിരുന്നു. പൾസർ സുനി ഷൈനിയുടെ കടവന്ത്രയിലെ താമസസ്ഥലത്തെ നിത്യ സന്ദർശകനായിരുന്നു. അങ്ങനെയാണ് സിം കാർഡ് പൾസർ സുനി കൈവശപ്പെടുത്തിയത്. നടിയെ ആക്രമിക്കുന്നതിനു മൂന്നുമാസം മുമ്പുതന്നെ സിംകാർഡ് സുനിയുടെ കൈവശമുണ്ടായിരുന്നു. വ്യാജരേഖ ചമച്ചതിനും ഗൂഢാലോചനയ്ക്കുമാണ് കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തത്.

2014ൽ ഏറ്റുമാനൂർ - പാലാ റോഡിൽ ബസിൽ പണവുമായി പോവുകയായിരുന്ന മാർവാഡിയുടെ മുഖത്ത് കുരുമുളകു പൊടി സ്പ്രേ ചെയ്ത് പണം തട്ടിയ കേസിലും സുനി പ്രതിയാണ്. സിം നല്കിയ കട ഉടമ മരണപ്പെട്ടതിനെ തുടർന്ന് സിം നല്കിയ ആളെ തിരിച്ചറിയുന്നതിന് ബുദ്ധിമുട്ടിയതിനെ തുടർന്ന് മൊബൈൽ സിം കമ്പനിയുടെ സഹായം തേടുകയായിരുന്നു.തുടർന്നാണ് വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് സിം നേടിയെന്ന് കണ്ടെത്തിയിരിക്കുന്നത്. സുനി അറസ്റ്റിലായതോടെയാണ് സിം കാർഡ് വ്യാജ രേഖ ചമച്ച് സ്വന്തമാക്കിയതാണെന്ന് വ്യക്തമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP