Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'പെട്രോൾ ഡീസൽ വിലയ്ക്ക് രണ്ട് ജി.എസ്.ടിക്ക് മൂന്ന് നോട്ട് നിരോധനത്തിന് മൂന്ന് ഇടിയും ഒരു ചവിട്ടും തൊഴിലില്ലായ്മക്ക് അഞ്ച് ഇടി ആൾക്കൂട്ട കൊലക്ക് എട്ട് ഇടി രണ്ട് ചവിട്ട്'; പഞ്ച് മോദി ചലഞ്ചിനെ സജീവ പ്രതിഷേധമാക്കി എഐഎസ് എഫ്; പ്രതിഷേധം കടുപ്പിച്ച് യുവമോർച്ചയും; മോദിക്കെതിരായ പ്രതിഷേധത്തിൽ കോഴിക്കോട്ടും സംഘർഷം

'പെട്രോൾ ഡീസൽ വിലയ്ക്ക് രണ്ട് ജി.എസ്.ടിക്ക് മൂന്ന് നോട്ട് നിരോധനത്തിന് മൂന്ന് ഇടിയും ഒരു ചവിട്ടും തൊഴിലില്ലായ്മക്ക് അഞ്ച് ഇടി ആൾക്കൂട്ട കൊലക്ക് എട്ട് ഇടി രണ്ട് ചവിട്ട്'; പഞ്ച് മോദി ചലഞ്ചിനെ സജീവ പ്രതിഷേധമാക്കി എഐഎസ് എഫ്; പ്രതിഷേധം കടുപ്പിച്ച് യുവമോർച്ചയും; മോദിക്കെതിരായ പ്രതിഷേധത്തിൽ കോഴിക്കോട്ടും സംഘർഷം

കോഴിക്കോട്: ഇന്ധനവില വർധനയ്‌ക്കെതിരെ എഐഎസ്എഫിന്റെ 'പഞ്ച്‌മോദി' ചലഞ്ച് കേരളത്തിൽ ഉടനീളം സജീവമാക്കുന്നു. ഇതോടെ പഞ്ച് മോദി പരിപാടിയിൽ സംഘർഷവും ഏറുകയാണ്. വലിയ ക്രമസമാധാന പ്രശ്‌നമായി ഇത് മാറുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. എന്നാൽ പഞ്ച് മോദി ചലഞ്ചിനെ നിരോധിക്കാനും കഴിയില്ല. ഈ സാഹചര്യത്തിൽ പഞ്ച് മോദി ചലഞ്ച് നടക്കുനിടത്ത് കൂടുതൽ പൊലീസിനെ എത്തിക്കും.

അനുദിനമുണ്ടാകുന്ന ഇന്ധനവില വർധനവിനെതിരെ എ.ഐ.എസ്.എഫ് ആഭിമുഖ്യത്തിൽ നടക്കുന്ന പഞ്ച് മോദി ചലഞ്ചിന് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതീകാത്മകമായി ഇടിക്കുന്ന പ്രതിഷേധ ചലഞ്ച് ജനവിരുദ്ധ നയങ്ങളോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് സംഘടിപ്പിക്കുന്നത്. ഇതിനെ ശക്തമായി നേരിടാനാണ് യുവമോർച്ചയുടെ തീരുമാനം. ഈ പരിപാടി എവിടെ നടന്നാലും യുവമോർച്ച പ്രതിഷേധം നടത്തും

ഇന്നലെ കോഴിക്കോട് പുതിയ സ്റ്റാൻഡ് പരിസരത്ത് നടന്ന പ്രതിഷേധപരിപാടി തടയാൻ യുവമോർച്ച പ്രവർത്തകർ ശ്രമിച്ച് സംഘർഷത്തിലേക്ക് നയിച്ചിരുന്നു. തുടർന്ന് എഐഎസ്എഫ്, യുവ മോർച്ച പ്രവർത്തകരെ അറസ്റ്റുചെയ്തു നീക്കി. ഇത്തരം പ്രതിഷേധം യുവമോർച്ച എല്ലായിടത്തും തുടരുമെന്നാണ് സൂചന. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് മോദിയുടെ രൂപത്തിലുള്ള ബലൂണുമായി പി. കൃഷ്ണപിള്ള മന്ദിരത്തിൽനിന്ന് എഐഎസ്എഫ് പ്രതിഷേധജാഥ സ്റ്റാൻഡിലെത്തിയത്. തുടർന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം സി.കെ. ബിജിത്ത്ലാൽ ചലഞ്ച് ഉദ്ഘാടനം ചെയ്തു. എഐഎസ്എഫ് ജില്ലാ സെക്രട്ടറി ബി. ദർശിത്ത് അധ്യക്ഷത വഹിച്ചു.

എഐഎസ്എഫ് പ്രവർത്തകർ മോദിയുടെ ചിത്രത്തിൽ ഇടിക്കാൻ തുടങ്ങിയതോടെ യുവമോർച്ച ജില്ലാ പ്രസിഡന്റ് സി. സാലുവിന്റെ നേതൃത്വത്തിൽ പ്രവർത്തകർ തടയാൻ ശ്രമിച്ചു. ബലൂൺ പിടിച്ചെടുക്കാനുള്ള ശ്രമം എഐഎസ്എഫ് പ്രവർത്തകർ പ്രതിരോധിച്ചതോടെ വാക്കേറ്റവും സംഘർഷവുമായി. തുടർന്ന് പൊലീസ് ഇടപെട്ട് പ്രവർത്തകരെ അറസ്റ്റുചെയ്ത് നീക്കുകയായിരുന്നു. എട്ട് എഐഎസ്എഫ് പ്രവർത്തകർക്കെതിരെയും അഞ്ച് യുവമോർച്ച പ്രവർത്തകർക്കെതിരെയും ടൗൺ പൊലീസ് കേസെടുത്തു.

കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കും ഇന്ധനവില വർധനവിനുമെതിരെ സമാധാനപരമായി പ്രതിഷേധിച്ച എ.ഐ.എസ്.എഫ് പ്രവർത്തകർക്ക് നേരെയാണ് സംഘപരിവാർ-യുവമോർച്ച അക്രമം ഉണ്ടായതെന്ന് ദൃക്‌സാക്ഷികളും പറയുന്നു. കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാന്റ് പരിസരത്ത് എ.ഐ.എസ്.എഫ് നേതൃത്വത്തിൽ നടന്ന പഞ്ച് മോദി ചലഞ്ചിൽ പങ്കെടുത്ത പെൺകുട്ടികൾ ഉൾപ്പെടെയുള്ള പ്രവർത്തകർക്കെതിരെയാണ് യുവമോർച്ച ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ തെറിവിളികളുമായെത്തി അക്രമം അഴിച്ചുവിട്ടത്.

ബസ് സ്റ്റാന്റ് പരിസരത്ത് ശക്തമായ പൊലീസ് കാവലുണ്ടായിരുന്നെങ്കിലും പ്രതിഷേധ പരിപാടി തുടങ്ങിയയുടനെ ബിജെപി പതാകയുമായി യുവമോർച്ച പ്രവർത്തകർ ആക്രോശവുമായി ചാടിവീഴുകയായിരുന്നു. പൊലീസ് നോക്കി നിൽക്കെയാണ് അക്രമിക്കാൻ ശ്രമിച്ചത്. എന്നാൽ എ.ഐ.എസ്.എഫ് പ്രവർത്തകർ ശക്തമായി നേരിടുകയും വിവരമറിഞ്ഞ് എ.ഐ.എസ്.എഫ് പ്രവർത്തകർ പ്രദേശത്തേക്ക് എത്തുകയും ചെയ്തതോടെ സംഘർഷം ശക്തമായി. ഇതോടെയാണ് പൊലീസ് എല്ലാവരേയും അറസ്റ്റ് ചെയ്തത്.

ഉദ്ഘാടന ശേഷം മോദിയുടെ ചിത്രം പതിച്ചുകൊണ്ടുവന്ന കാറ്റു നിറച്ച ബലൂണിൽ പ്രതീകാത്മകമായി ഇടിച്ചതോടെയാണ് ആളുക്കൂട്ടത്തിനിടയിൽ നിന്ന് യുവമോർച്ച പ്രവർത്തകർ ചാടിവീണ് അക്രമം അഴിച്ചുവിട്ടത്. അറസ്റ്റ് ചെയ്ത പ്രവർത്തകരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. മോദി സർക്കാരിനെ എഐഎസ്എഫ് എറണാകുളം ജില്ലാ സെക്രട്ടറി അസ്ലഫ് പാറേക്കാടനാണ് ഈ പ്രതിഷേധ രീതി തുടങ്ങി വച്ചത്. ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് 'പഞ്ച് മോദി ചലഞ്ച്' എന്ന വിധത്തിൽ ജനങ്ങളുടെ രോഷം പ്രകടിപ്പിക്കാനുള്ള അവസരമായി അദ്ദേഹത്തിന്റെ ബൊമ്മയിൽ ഇടിക്കാനുള്ള അവസരം സിപിഐ വിദ്യാർത്ഥി സംഘടന ഒരുക്കി നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിച്ച ബലൂണിൽ മുഖത്ത് പഞ്ച് ചെയ്യുന്നതാണു ഈ പ്രതിഷേധം. ഇതു വ്യക്തിപരമായ വിമർശനമല്ലെന്നും അദ്ദേഹത്തിന്റെ അജണ്ടകൾക്കെതിരെയും കൈകൊള്ളുന്ന തീരുമാനത്തിനെതിരെയുമാണ് വേറിട്ട പ്രതിഷേധമെന്നും എഐഎസ്എഫ് വ്യക്തമാക്കുന്നു. മുൻപ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെയും ഇത്തരം പ്രതിഷേധം നടന്നിരുന്നു. അതിന്റെ പിന്നാലെയാണ് ഇത്തരമൊരു ചടങ്ങും തുടങ്ങിയത്.

എഐഎസ്എഫ് എറണാകുളം ജില്ലാ സെക്രട്ടറി അസ്ലഫ് പാറേക്കാടൻ തുടങ്ങിവച്ച 'പഞ്ച് മോദി ചലഞ്ചി'നെതിരെ ബിജെപിയും സംഘപരിവാർ സംഘടനകളും വൻപ്രതിഷേധമാണു നടത്തുന്നത്. പഞ്ച് മോദി ചലഞ്ചെന്നാൽ പൊതുജനങ്ങൾക്ക് പ്രതിഷേധിക്കാനുള്ള അവസരമാണ്. ഇതിൽ പങ്കെടുത്തതിൽ ഒട്ടേറെ പേർ സാധാരണക്കാരാണ്. ഒരു രാഷ്ട്രീയ കക്ഷിയിലും അംഗമല്ലാത്ത നൂറുകണക്കിനു പേരാണു ചലഞ്ചിന്റെ ഭാഗമായതെന്ന് അസ്ലഫ് വ്യക്തമാക്കുന്നു.

അമേരിക്കയിലടക്കം നടത്തുന്ന വിത്യസ്തമായ സമരരീതിയാണ് പഞ്ച് ചലഞ്ച്. ആർക്കെതിരെയാണ് പ്രതിഷേധം അവരുടെ രൂപം ആലേഖനം ചെയ്ത ബോക്സിംങ്ങ് ബലൂണിൽ, ആ പ്രതിഷേധം രേഖപ്പെടുത്താം. പെട്രോൾ ഡീസൽ വില വർദ്ധനവ് = 2 ഇടി, ജി.എസ്.ടി = 3 ഇടി ,നോട്ട് നിരോധനം = 3 ഇടി, 1 ചവിട്ട് , തൊഴിലില്ലായ്മ = 5 ഇടി , ആൾക്കൂട്ട കൊല = 8 ഇടി 2 ചവിട്ട് ,ഈ നാട് നശിപ്പിച്ചതിന് =അത് നിങ്ങൾക്ക് തീരുമാനിക്കാം എന്ന നിലയിലായിരുന്നു ഇടി വിവരണ കണക്ക്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP