Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആർ ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയതിനെതിരെ കോൺഗ്രസിന്റെ പ്രതിഷേധ സംഗമം; ഒഴിവാക്കിയതു മോദിയേക്കാൾ കൈയടി കിട്ടുമെന്നതിനാലെന്ന് ആര്യാടൻ; മുഖ്യമന്ത്രിയെ വിലക്കിയത് ആർഎസ്എസ് അജൻഡയുടെ ഭാഗമെന്നു സിപിഎം

ആർ ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയതിനെതിരെ കോൺഗ്രസിന്റെ പ്രതിഷേധ സംഗമം; ഒഴിവാക്കിയതു മോദിയേക്കാൾ കൈയടി കിട്ടുമെന്നതിനാലെന്ന് ആര്യാടൻ; മുഖ്യമന്ത്രിയെ വിലക്കിയത് ആർഎസ്എസ് അജൻഡയുടെ ഭാഗമെന്നു സിപിഎം

കൊല്ലം: ആർ ശങ്കറിന്റെ പ്രതിമ അനാച്ഛാദനച്ചടങ്ങിൽനിന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഒഴിവാക്കിയ സംഭവത്തിൽ വിവാദം തുടരുന്നു. മുഖ്യമന്ത്രിയെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് തിരുവനന്തപുരത്തും കൊല്ലത്തും പ്രാർത്ഥനാസംഗമം സംഘടിപ്പിക്കും.

ഉമ്മൻ ചാണ്ടിയെ ഒഴിവാക്കിയതു മോദിയേക്കാൾ കൈയടി കിട്ടുമെന്നതിനാലെന്ന് മന്ത്രി ആര്യാടൻ മുഹമ്മദ് പറഞ്ഞു. മുഖ്യമന്ത്രിയെ വിലക്കിയത് ആർഎസ്എസ് അജൻഡയുടെ ഭാഗമെന്നു സിപിഐ(എം) പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

കൊല്ലത്ത് പ്രധാനമന്ത്രി പ്രതിമ അനാച്ഛാദനം ചെയ്യുന്ന അതേസമയം തന്നെയാണു കോൺഗ്രസിന്റെ പ്രാർത്ഥനാസംഗമം ഒരുക്കുന്നതെന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരൻ അറിയിച്ചു. അതിനിടെ, മുഖ്യമന്ത്രിയുടെ പേരു വെട്ടിയതു പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. മുഖ്യമന്ത്രിക്കു പകരം വെള്ളാപ്പള്ളി നടേശനാണ് അധ്യക്ഷനാകുന്നത്. സംഘാടകർ നൽകിയ പട്ടിക വെട്ടിത്തിരുത്തി തിരിച്ചയപ്പോൾ മുഖ്യമന്ത്രിയെ ഒഴിവാക്കി പകരം ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രതിമ അനാച്ഛാദന ചടങ്ങിൽനിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയതിനെതിരെ വിവിധ കോണുകളിൽനിന്നു പ്രതിഷേധം ഉയരുന്നതിനിടെയാണു കൊല്ലത്തും തിരുവനന്തപുരത്തും കെപിസിസി പ്രാർത്ഥനാ സംഗമം സംഘടിപ്പിക്കുന്നത്. ആർ ശങ്കർ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യുന്ന സമയത്തുതന്നെയാകും കോൺഗ്രസും പ്രതിഷേധമുയർത്തും.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. ആർ. ശങ്കർ പ്രതിമ അനാച്ഛാദന ചടങ്ങിൽനിന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഒഴിവാക്കിയതു ബിജെപി കേന്ദ്ര നേതൃത്വമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആരോപിച്ചു. ബിജെപിയുടെ നടപടി സംസ്ഥാനത്തെയും മുഖ്യമന്ത്രിയേയും അപമാനിക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി പങ്കെടുത്താൽ മോദിയേക്കാൾ കൈയടി അദ്ദേഹത്തിന് കിട്ടുമെന്നതുകൊണ്ടാണ് അദ്ദേഹത്തെ ചടങ്ങിന് ക്ഷണിച്ചശേഷം ഒഴിവാക്കിയതെന്ന് വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദ് ആരോപിച്ചു. മുഖ്യമന്ത്രിയെ ഒഴിവാക്കിയ നടപടിയിലൂടെ പ്രധാനമന്ത്രിയുടെയും വെള്ളാപ്പള്ളിയുടെയും നിലവാരം തീരെ താഴ്ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന കൊല്ലത്തെ ആർ ശങ്കർ പ്രതിമാ അനാച്ഛാദന ചടങ്ങിൽ മുഖ്യമന്ത്രിക്ക് വിലക്കേർപ്പെടുത്തിയത് ആർഎസ്എസ് അജണ്ടയുടെ ഭാഗമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. എസ്എൻ ട്രസ്റ്റ് നടത്തുന്ന കോളേജിൽ സ്ഥാപിക്കുന്ന പ്രതിമാ അനാച്ഛാദന ചടങ്ങ് ആർഎസ്എസ് ചടങ്ങാക്കി മാറ്റാൻ എസ്എൻഡിപി ജനറൽ സെക്രട്ടറി എടുത്ത തീരുമാനം ശ്രീനാരായണ ഗുരു ഉയർത്തിപ്പിടിച്ച മൂല്യങ്ങളെ പൂർണ്ണമായി തിരസ്‌കരിക്കുന്ന സമീപനമാണ്. കേന്ദ്രഭരണം ഉപയോഗിച്ച് ചരിത്രത്തെ തിരുത്തിയെഴുതാൻ ശ്രമിക്കുന്ന ബിജെപി ചരിത്രപുരുഷന്മാരെ തങ്ങളുടെ ആവശ്യത്തിനുവേണ്ടി ഉപയോഗിക്കാൻ നടത്തുന്ന ശ്രമത്തിന്റെ ഭാഗം കൂടിയാണ് ആർ ശങ്കർ പ്രതിമാ അനാച്ഛാദന ചടങ്ങുമായി ബന്ധപ്പെട്ട് സ്വീകരിച്ചിരിക്കുന്ന സമീപനം.

പ്രതിമാ അനാച്ഛാദന ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കുമ്പോൾ പ്രോട്ടോകോൾ പ്രകാരവും പൊതു മര്യാദയനുസരിച്ചും പരിപാടിയിൽ പങ്കെടുക്കാൻ ഉത്തരവാദിത്തമുള്ള മുഖ്യമന്ത്രിയെ ഒഴിവാക്കിയ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇക്കാര്യത്തിൽ വെള്ളാപ്പള്ളി സ്വീകരിച്ച നടപടി വർഗീയ ധ്രൂവീകരണം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയുള്ളതാണ്. കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെ അപമാനകരമായ ഇത്തരമൊരു നിലപാട് സ്വീകരിച്ചിട്ടും അതിനെതിരെ കേരളത്തിന്റെ പ്രതിഷേധം പ്രകടിപ്പിക്കാതെ മൗനം പാലിക്കുന്ന മുഖ്യമന്ത്രി ആർഎസ്എസിനോടുള്ള വിധേയത്വം ഇപ്പോഴും തുടരുകയാണെന്ന് വ്യക്തമായിരിക്കുകയാണ്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സ്ഥലം എംഎൽഎയായ എ എ അസീസും പങ്കെടുക്കേണ്ടതില്ലെന്നും അതേസമയം എൻ കെ പ്രേമചന്ദ്രൻ എംപിയേയും പി കെ ഗുരുദാസൻ എംഎൽഎയേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തതിലൂടെ വെള്ളാപ്പള്ളിയുടെ പുതിയ രാഷ്ട്രീയ നിലപാടിനനുസൃതമായ സന്ദേശമാണ് നൽകിയിരിക്കുന്നത്. ഇത്തരം സമീപനം കേരളത്തിന്റെ മതനിരപേക്ഷതയ്ക്കു തന്നെ കടുത്ത വെല്ലുവിളി ഉയർത്തുന്ന നടപടിയാണെന്ന് സിപിഐ എംസംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ചടങ്ങിൽ നിന്നും മുഖ്യമന്ത്രിയെ വെട്ടിയത് പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ചടങ്ങിന്റെ സംഘാടകർ പൊതുഭരണ വകുപ്പിന് നൽകിയ കാര്യപരിപാടിയിൽ അധ്യക്ഷനായി മുഖ്യമന്ത്രിയുടെ പേരുണ്ടായിരുന്നു. ഇത് അനുമതിക്കായി പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറുകയും ചെയ്തിരുന്നു. എന്നാൽ മോദിയുടെ ഓഫീസ് തിരിച്ചുനൽകിയ ലിസ്റ്റിൽ മുഖ്യമന്ത്രിയുടെ പേര് വെട്ടി പകരം ബിജെപി സംസ്ഥാന അധ്യക്ഷൻ വി മുരളീധരന്റെ പേര് കൂട്ടിച്ചേർക്കുകയായിരുന്നു.

ചടങ്ങിന്റെ കാര്യപരിപാടികൾ സംഘാടകർ നിശ്ചയിച്ചത് കഴിഞ്ഞയാഴ്ചയാണ്. മുഖ്യമന്ത്രിയെ അധ്യക്ഷനായി നിശ്ചയിച്ച് നോട്ടിസും തയാറാക്കി. പത്താം തീയതി സംഘാടകർ നടത്തിയ പത്രസമ്മേളനത്തിലും ഇതേ നോട്ടീസാണ് വിതരണം ചെയ്തത്. അന്നുതന്നെ വൈകിട്ടു മൂന്നോടെ സംഘാടകരും കൊല്ലം ജില്ലാ കലക്ടറും പൊതുഭരണ വകുപ്പിലേക്ക് അയച്ചുകൊടുത്ത കാര്യപരിപാടിയിൽ ബിജെപി അധ്യക്ഷന്റെ പേരുണ്ടായിരുന്നില്ല. ഈ ലിസ്റ്റാണ് പൊതുഭരണ വകുപ്പിൽ നിന്ന് ഡൽഹിയിൽ പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് അന്തിമ പരിശോധനയ്ക്കു വേണ്ടി അയച്ചത്.

പ്രധാനമന്ത്രിയുടെ ഓഫീസ് ഈ പട്ടികയ്ക്ക് അംഗീകാരം നൽകിയില്ല. പരിപാടിയുടെ അധ്യക്ഷനെ തന്നെ ഒഴിവാക്കിയാണ് പുതിയ കാര്യക്രമം നൽകിയത്. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനു പുറമേ, വെള്ളാപ്പള്ളിയുടെ സ്വാഗത പ്രസംഗവും പ്രതിമാ സ്ഥാപനകമ്മിറ്റി ചെയർമാന്റെ നന്ദിയും മാത്രമേ പരിപാടിയിലുള്ളൂ. എൻ.കെ. പ്രേമചന്ദ്രൻ എംപി, പി.കെ. ഗുരുദാസൻ എംഎൽഎ, മേയർ ജി.രാജേന്ദ്ര ബാബു എന്നിവർക്കും ജില്ലയിലെ മറ്റു ജനപ്രതിനിധികൾക്കും പ്രോട്ടോക്കോൾ അനുസരിച്ചു തന്നെയാണ് ഇടംനൽകിയിരിക്കുന്നത്. വെള്ളാപ്പള്ളി നടേശൻ, മകൻ തുഷാർ വെള്ളാപ്പള്ളി, എസ്എൻഡിപി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരൻ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം വേദിയിൽ ഉണ്ടാകും.

അതിനിടെ, മുഖ്യമന്ത്രിയുടെ പേരുള്ള ശിലാഫലകം മാറ്റി പകരം വെള്ളാപ്പള്ളി നടേശൻ അധ്യക്ഷനായുള്ള പുതിയ ശിലാഫലകം പരിപാടിക്കുവേണ്ടി തയ്യാറായിക്കഴിഞ്ഞു. നേരത്തെ തന്നെ ഇത്തരത്തിലൊരു ശിലാഫലകം തയ്യാറാക്കിവച്ചിരുന്നുവെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ചടങ്ങിൽ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പേരുള്ള ശിലാഫലകം ഇന്നലെ അർധരാത്രിയാണ് രഹസ്യമായി എടുത്തുമാറ്റിയത്. പകരം വെള്ളാപ്പള്ളിയുടെ പേരുള്ള ഫലകം സ്ഥാപിച്ചു. മുഖ്യമന്ത്രിയെ ഒഴിവാക്കിയതോടെ 45 മിനിറ്റ് നീണ്ടുനിൽക്കുന്ന ചടങ്ങിൽ മോദിയുടെ പ്രസംഗം 35 മിനിറ്റായി വർധിപ്പിച്ചു. ഫലത്തിൽ ബിജെപി-എസ്എൻഡിപി കൂട്ടുകെട്ടിന്റെ പരിപാടിയായി ഇത് മാറുമെന്ന നിലയാണുള്ളത്.

ഏതു സംസ്ഥാനത്തേക്കുമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനം ഔദ്യോഗികമായി കണക്കാക്കണമെന്ന കീഴ്‌വഴക്കം ലംഘിച്ചാണ് പരിപാടിയിൽ മുഖ്യമന്ത്രിയുടെ പേര് ഒഴിവാക്കിയത്. പ്രോട്ടോക്കോൾ പ്രകാരം മുഖ്യമന്ത്രിയാണു ചടങ്ങിൽ അധ്യക്ഷത വഹിക്കേണ്ടതെങ്കിലും പുതുക്കിയ പരിപാടിക്രമം പ്രകാരം അധ്യക്ഷനെ തന്നെ ഒഴിവാക്കി. പ്രധാനമന്ത്രി ആദ്യമായി ഒരു സംസ്ഥാനത്തേക്ക് എത്തുമ്പോൾ, അതു സ്വകാര്യ ചടങ്ങാണെങ്കിൽ പോലും, ഔദ്യോഗികമായി കണക്കാക്കണമെന്നാണ് പ്രോട്ടോക്കോൾ. ഇതുപ്രകാരം പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊതു ചടങ്ങിൽ ഗവർണറോ, അദ്ദേഹം ഇല്ലെങ്കിൽ മുഖ്യമന്ത്രിയോ ആയിരിക്കണം അധ്യക്ഷത വഹിക്കേണ്ടതും. ഗവർണറും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തണമെന്നും പ്രോട്ടോക്കോളിൽ ഉണ്ട്.

അതിനിടെ, വിമാനത്താവളത്തിലാണ് പ്രധാനമന്ത്രിയുടെ ആദ്യ പരിപാടിയെന്നും അതുകൊണ്ടു തന്നെ കൊല്ലത്തെ പരിപാടിക്കു പ്രോട്ടോക്കോൾ ലംഘനമില്ലെന്നുമുള്ള വാദമാണു ബിജെപി സംസ്ഥാന അധ്യക്ഷൻ വി മുരളീധരൻ ഉയർത്തുന്നത്. മുഖ്യമന്ത്രിയെ ഒഴിവാക്കിയ നടപടി ന്യായീകരിച്ചു ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ്. ശ്രീധരൻ പിള്ളയും രംഗത്തെത്തി. എസ്എൻ ട്രസ്റ്റ് സംഘടിപ്പിക്കുന്ന സ്വകാര്യപരിപാടിയിൽ പങ്കെടുക്കണമെന്ന നിർബന്ധം കാട്ടി അതിനെ വിവാദമാക്കിയ മുഖ്യമന്ത്രിയുടെ നടപടി ദൗർഭാഗ്യകരമായിപ്പോയെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

കോൺഗ്രസ് കേന്ദ്ര നേതൃത്വവും മുഖ്യമന്ത്രിയെ ഒഴിവാക്കിയ നടപടിയെ വിമർശിച്ചു. അതിനിടെ, മറ്റു ജനപ്രതിനിധികളും ശങ്കറിന്റെ പ്രതിമ അനാവരണ ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്. സിപിഐ(എം) സംസ്ഥാന സമിതിയംഗവും കൊല്ലം എംഎൽഎയുമായ പികെ ഗുരുദാസൻ, കൊല്ലം മേയർ വി രാജേന്ദ്രബാബു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കില്ല. പുതിയ സാഹചര്യത്തിൽ ചടങ്ങിൽ പങ്കെടുക്കാനാവില്ലെന്ന് ഖേദപൂർവ്വം അറിയിക്കുന്നതായി പി കെ ഗുരുദാസൻ പ്രസ്താവനയിൽ പറഞ്ഞു. ആർഎസ്എസ്സിന്റെ ധാർഷ്ട്യത്തിന് മുന്നിൽ വെള്ളാപ്പള്ളി നടേശൻ വഴങ്ങി. ഇത് പ്രബുദ്ധ കേരള ജനത അംഗീകരിക്കില്ല. മുഖ്യമന്ത്രിയെ ഒഴിവാക്കിയ നടപടി ജനാധിപത്യ വിരുദ്ധവും സ്വേച്ഛാപരമാണെന്നും ഗുരുദാസൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP