Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്ന സ്യൂട്ട് ബൂട്ട് പ്രധാനമന്ത്രി പാവപ്പെട്ടവനെ കാണുന്നില്ല; യൂത്ത് കോൺഗ്രസ് സമ്മേളനത്തിൽ മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ

വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്ന സ്യൂട്ട് ബൂട്ട് പ്രധാനമന്ത്രി പാവപ്പെട്ടവനെ കാണുന്നില്ല; യൂത്ത് കോൺഗ്രസ് സമ്മേളനത്തിൽ മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ

എം പി റാഫി

കോഴിക്കോട്: യൂത്ത് കോൺഗ്രസ് സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനമുയർത്തി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ചൈന, അമേരിക്ക, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ സന്ദർശനം നടത്തുന്ന മോദി, പാവപ്പെട്ടവന്റെ വീട്ടിൽ മാത്രം പോകുന്നില്ലെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

പാവപ്പെട്ടവനെ മറന്ന സർക്കാരിനെ സ്യൂട്ട് ബൂട്ട് സർക്കാരനെന്ന് വിളിക്കാനാണ് താൻ ആഗ്രഹിക്കുന്നത്. പത്ത് ലക്ഷത്തിന്റെ കോട്ട് ധരിക്കുന്ന രാജ്യത്തെ ആദ്യപ്രധാനമന്ത്രിയാണ് മോദി. യുപിഎ സർക്കാരിന്റെ കാലത്ത് രാജ്യത്തെ കർഷകർക്കായി 70,000 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് കോഴിക്കോട്ടു നടന്ന പൊതുസമ്മേളനത്തിലാണ് പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി ആഞ്ഞടിച്ചത്.

ഇന്ന് ഉച്ചയ്ക്ക് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ശേഷമാണ് അദ്ദേഹം കോഴിക്കോട്ടേയ്ക്ക് പോയത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള നേതാക്കൾ രാഹുലിനെ സ്വീകരിച്ചു. എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്, എ.കെ. ആന്റണി, വി എം. സുധീരൻ, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങി പ്രമുഖ നേതാക്കൾ യൂത്ത് കോൺഗ്രസ് റാലിയിൽ പങ്കെടുത്തു. റാലിക്കുശേഷം തൃശൂരിലേക്കു പോയ രാഹുൽ രാത്രി രാമനിലയത്തിൽ തങ്ങും.

നാളെ രാവിലെ ആഴക്കടൽ മത്സ്യബന്ധന നിരോധനത്തിനെതിരെ മത്സ്യത്തൊഴിലാളി കോൺഗ്രസ് നടത്തുന്ന പ്രതിഷേധ സംഗമം ചാവക്കാട് കടൽപ്പുറത്തു രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട മത്സ്യത്തൊഴിലാളികളുമായി അദ്ദേഹം ആശയവിനിമയം നടത്തും. മത്സ്യത്തൊഴിലാളി കോളനിയിൽ വച്ചാകും അദ്ദേഹം തൊഴിലാളികളുമായി സംവദിക്കുക. തുടർന്ന് ആലുവ പാലസിലെത്തി റബർ കർഷകരുമായി ചർച്ച നടത്തും. വൈകിട്ടു നെടുമ്പാശേരിവഴി ഡൽഹിക്കു മടങ്ങും. കനത്ത സുരക്ഷയാണു രാഹുൽഗാന്ധിക്കായി ഒരുക്കിയിരിക്കുന്നത്.

ഇന്നലെ മുതൽ കോഴിക്കോട് നഗരം പൊലീസിന്റെ കനത്ത സുരക്ഷാ വലയത്തിലാണ്. ദിവസങ്ങൾ നീണ്ടു നിന്ന പരിശീലനങ്ങൾക്കും സുരക്ഷാ നടപടികൾക്കും ഒടുവിലാണ് പൊലീസ് സുരക്ഷാ സന്നാഹങ്ങൾ ഒരുക്കിയത്. ഇസഡ്, ഇസഡ് പ്ലസ്, വൈ കാറ്റകറിയിലുള്ള പ്രമുഖർ കേരളത്തിലെത്തുമ്പോൾ തലവേദന പൊലീസിനു തന്നെയാണ്. നാല് ദിവസം മുമ്പ് ആരംഭിച്ച സുരക്ഷാ പരിശീലനങ്ങൾ രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് വിമാനം കയറുന്നത് വരെ തുടരും.

മലബാർ ജില്ലകളിൽ പൊലീസ് സേനയുടെ കുറവ് നിലവിലുള്ളപ്പോഴാണ് വി.ഐ.പികളുടെ സുരക്ഷയൊരുക്കാനും ഇവർക്ക് പോകേണ്ടി വരുന്ന അവസ്ഥയുള്ളത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ നിന്നായി 1500ൽ അധികം പൊലീസുകാരാണ് രാഹുൽ ഗാന്ധിക്ക് സുരക്ഷയൊരുക്കാൻ എത്തിയത്. സ്റ്റേഷൻ ചുമതലയുള്ള സബ് ഇൻസ്‌പെക്ടർ ഉൾപ്പടെയുള്ളവർ സുരക്ഷക്കായി പോകുന്നതോടെ വിവിധ ആവശ്യങ്ങളുമായി സ്റ്റേഷനിലെത്തുന്ന സാധാരണക്കാർ തികച്ചും വലയുകയാണ് ഈ ദിവസങ്ങളിൽ. സ്റ്റേഷനുകളിൽ നിന്നും തെരഞ്ഞെടുക്കുന്ന പൊലീസുകാർക്കുള്ള പരിശീലനം ദിവസങ്ങൾക്ക് മുമ്പ് തന്നെ ആരംഭിച്ചിരുന്നു. പരിശീലനത്തിന്റെ സമാപനമെന്നോണം ഇന്നലെ ഡെമോ പരിശോധനയും ഉണ്ടായിരുന്നു.

മനസില്ലാ മനസോടെയാണ് പല പൊലീസുകാരും സുരക്ഷക്കായി എത്തുന്നത്. കനത്ത വെയിലിലും ചൂടിലും മണിക്കൂറുകൾ ഓരേ നിൽപ്പ് നിൽക്കേണ്ടി വരുന്നതാണ് വി ഐ പികളുടെ സുരക്ഷ എന്ന് കേൾക്കുമ്പോൾ തന്നെ പൊലീസുകാർക്ക് കീറാമുട്ടിയാകുന്നത്. എന്നാൽ സംഭവം എന്തെന്നറിയാതെ നാട്ടുകാരെല്ലാം പകച്ചു നിൽക്കുകയാണ്. സ്ഥിരമായി കടന്നുപോകാറുള്ള റോഡുകളെല്ലാം ഇനി അതിഥി കടന്നു പോകും വരെ ആർക്കും കടന്നു പോകാൻ അനുവാദമില്ലാതായതോടെ യാത്രക്കാരും വലഞ്ഞു.

രണ്ട് സെക്ഷനുകളായിട്ടാണ് കേരളാ പൊലീസ് സുരക്ഷയൊരുക്കിയിട്ടുള്ളത്. രാഹുൽ ഗാന്ധി എത്തുന്ന യൂത്ത് കോൺഗ്രസ് സമ്മേളന നഗരിയും അനുബന്ധ സുരക്ഷയും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ആയിരം പൊലീസുകാർക്കാണ് ചുമതല. സമ്മേളനം കഴിഞ്ഞ് വൈകിട്ട് ഏഴിന് കോഴിക്കോട്ട് നിന്നും മലപ്പുറം ജില്ലയിലൂടെ തൃശൂരിലേക്ക് റോഡ് മാർഗം രാഹുൽ ഗാന്ധിപോകുന്ന ഇടങ്ങളിലും തിരിച്ച് ഡൽഹിയിലേക്ക് വിമാനം കയറുന്നത് വരെയുള്ള സ്ഥലങ്ങളിലുമാണ് രണ്ടാമത്തെ സുരക്ഷാ ടീമിന്റെ ചുമതലയെന്ന് കോഴിക്കോട് പൊലീസ് കമ്മീഷണർ പി.എ വൽസൻ മറുനാടൻ മലയാളിയോട് പറഞ്ഞു. രണ്ട് ടീമുകളിലായി രണ്ടായിരത്തിലധികം പൊലീസ് സേനയാണ് സുരക്ഷയൊരുക്കാൻ എത്തുക. ഇതിനു പുറമെ ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, ഡൽഹിയിൽ നിന്നെത്തിയ എസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക എസ്‌പി ജി സംഘവും കനത്ത സുരക്ഷയുടെ ഭാഗമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP