Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രളയബാധിത ഇടങ്ങളിലെ കാർഷിക കടങ്ങൾക്ക് ഒരു വർഷം വരെ മൊറട്ടോറിയം; വൈദ്യുതി ചാർജും വെള്ളക്കരവും അടയ്ക്കുന്നതിന് 2019 ജനുവരി വരെ സാവകാശം'; വെള്ളപ്പൊക്ക കെടുതി നേരിടാൻ വിശദ പദ്ധതിയുമായി മന്ത്രിസഭാ യോഗം; ദുരിതാശ്വാസത്തിന് എല്ലാ വകുപ്പിലും സെപ്ഷ്യൽ ഓഫീസറെന്നും മുഖ്യമന്ത്രി

പ്രളയബാധിത ഇടങ്ങളിലെ കാർഷിക കടങ്ങൾക്ക് ഒരു വർഷം വരെ മൊറട്ടോറിയം; വൈദ്യുതി ചാർജും വെള്ളക്കരവും അടയ്ക്കുന്നതിന് 2019 ജനുവരി വരെ സാവകാശം'; വെള്ളപ്പൊക്ക കെടുതി നേരിടാൻ വിശദ പദ്ധതിയുമായി മന്ത്രിസഭാ യോഗം; ദുരിതാശ്വാസത്തിന് എല്ലാ വകുപ്പിലും സെപ്ഷ്യൽ ഓഫീസറെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വെള്ളപ്പൊക്ക കെടുതിയാണ് ഈ വർഷം കേരളത്തിലുണ്ടായതെന്ന് മന്ത്രിസഭയുടെ വിലയിരുത്തൽ. കുട്ടനാട് മേഖലയിലാണ് ഏറ്റവുമധികം നാശനഷ്ടവും ദുരിതവും ഉണ്ടായത്. ഇതിന്റെ ഗൗരവം കണക്കിലെടുത്ത് ദുരിതാശ്വാസത്തിന് സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. മന്ത്രിമാരും ഉദ്യോഗസ്ഥരും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

കുട്ടനാട് മേഖലയിലെ ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തുന്നതിന് ഹ്രസ്വകാല നടപടികൾ സ്വീകരിക്കുകയും ദീർഘകാല പദ്ധതികൾ നടപ്പാക്കുകയും ചെയ്യേണ്ടതുണ്ട്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ദുരിതാശ്വാസ പ്രവർത്തനം അവലോകനം ചെയ്യാൻ ആലപ്പുഴയിൽ ചേർന്ന യോഗത്തിൽ ഇതു സംബന്ധിച്ച് പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ ഉയർന്നുവരികയുണ്ടായി. ഈ നിർദ്ദേശങ്ങൾ പരിഗണിച്ച് മന്ത്രിസഭ എടുത്ത തീരുമാനങ്ങൾ ചുവടെ

1. കുട്ടനാട്ടിലെ മനുഷ്യജീവിതവും ജലവിഭവത്തിൽ അധിഷ്ഠിതമായ പാരിസ്ഥിതിക സാഹചര്യങ്ങളും കണക്കിലെടുത്ത് ഇപ്പോഴുണ്ടായിട്ടുള്ളതുപോലെ മടവീഴ്ചയും നാശനഷ്ടവും പരിഹരിക്കുന്നതിന് ആവശ്യമായ മുൻകരുതലുകളും മധ്യ-ദീർഘകാല പ്രവർത്തനങ്ങളും ആലോചിക്കേണ്ടതുണ്ട്. ആലപ്പുഴ, കോട്ടയം ജില്ലകളിൽ മുഴുവനായും പത്തനംതിട്ട ജില്ലയിൽ 5 വില്ലേജുകളും ഉൾപ്പെടെ സംസ്ഥാനത്താകെ 198 വില്ലേജുകൾ പ്രളയബാധിത പ്രദേശങ്ങളായി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടനാട് മേഖലയിൽ ഉണ്ടായ നാശനഷ്ടങ്ങൾ വിവരണാതീതമായതിനാൽ സമഗ്രമായ കുട്ടനാട് പാക്കേജ് രണ്ടാം ഘട്ടം നടപ്പാക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ, സമഗ്രമായ പദ്ധതി തയ്യാറാക്കി കേന്ദ്രസർക്കാരിനെ സമീപിക്കാൻ തീരുമാനിച്ചു. ഇതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

2. കുട്ടനാട് മേഖലയിൽ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളാകാൻ വിവിധ ജില്ലകളിലുള്ള സന്നദ്ധ സംഘടനകളോടും പ്രവർത്തകരോടും അഭ്യർത്ഥിക്കുന്നു.

3. ജില്ലയിലൊഴുകിയെത്തുന്ന 5 നദികളുടെയും വൃഷ്ടി പ്രദേശങ്ങളിലുണ്ടാവുന്ന മഴയുടെയും നീരൊഴുക്കിന്റെയും അളവ് മുൻകൂട്ടി മനസ്സിലാക്കുവാനും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വെള്ളപ്പൊക്ക സാധ്യത മുൻകൂട്ടി പ്രവചിക്കാനും കാഠിന്യം വിലയിരുത്തുന്നതിനും ഒരു 'സമഗ്ര ഫ്‌ളഡ് ഫോർകാസ്റ്റിങ് സിസ്റ്റം' രൂപകൽപ്പന ചെയ്യേണ്ടതുണ്ട്. അത് എപ്രകാരം നടപ്പിലാക്കാൻ കഴിയുമെന്ന് ഗൗരവമായി പരിശോധിക്കും. ഇക്കാര്യത്തിൽ വിശദമായി പഠനം നടത്തി സമയബന്ധിതമായി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയെ ചുമതലപ്പെടുത്താൻ തീരുമാനിച്ചു.

4. ജലനിരപ്പ് ക്രമാതീതമായി ഉയരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വെള്ളം കേറാത്ത വിവിധ ഉദ്ദേശ കെട്ടിടങ്ങൾ നിർമ്മിക്കും. ഇവ ദുരിതാശ്വാസ ക്യാമ്പുകളായും സാമൂഹ്യ അടുക്കളയായും ഉപയോഗിക്കാവുന്നവിധമായിരിക്കും. എല്ലാ വീട്ടിലേക്കും ഉതകുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ശുചിമുറികൾ നിർമ്മിച്ച് നൽകും. സൗരോർജ്ജ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള സംവിധാനം കെട്ടിടങ്ങളിലുണ്ടാവും. കെട്ടിടനിർമ്മാണത്തിനുപയോഗിക്കാവുന്ന ഇടങ്ങളിൽ നിലവിലുള്ള നിയമത്തിൽ നിന്നുകൊണ്ട് പ്രത്യേക കെട്ടിട നിർമ്മാണ സാധ്യത പരിശോധിക്കും. അല്ലാത്ത പക്ഷം ആവശ്യമെങ്കിൽ പ്രത്യേക നിയമനിർമ്മാണം നടത്തേണ്ടതുണ്ടോ എന്നും പരിശോധിക്കും. (കുട്ടനാട് തന്നെ ചില വീടുകൾ വെള്ളം കയറാനിടവരുത്താത്ത വിധത്തിൽ ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് നിർമ്മിച്ചിട്ടുണ്ട്.) നിയമനിർമ്മാണം ആവശ്യമായി വരുന്നപക്ഷം തദ്ദേശ സ്വയംഭരണ വകുപ്പിനെ ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ ചുമതലപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനാവശ്യമായ സാങ്കേതിക വൈദഗ്ദ്ധ്യം നേടി നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ ഡിസാസ്ട്രസ് മാനേജ്‌മെന്റ് അഥോറിറ്റിയെയും അനെർട്ടിനെയും ചുമതലപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.

5. ഇപ്പോൾ വെള്ളം കയറിയ വീടുകളിലെ തറകൾ കയർ മാറ്റ് ഉപയോഗിച്ച് ഉപയോഗയോഗ്യമാക്കാൻ നടപടി കയർ വകുപ്പ് സ്വീകരിക്കും.

6. നഷ്ടപ്പെട്ട അധ്യയന ദിവസങ്ങൾക്കുപകരം കൂടുതൽ പ്രവൃത്തിദിവസങ്ങൾ നൽകി കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കുവാൻ പ്രത്യേക പദ്ധതി ജില്ലാ വിദ്യാഭ്യാസ ഓഫീസർ തയ്യാറാക്കും. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലം അധ്യായനം സാധ്യമാകുന്നവിധം കെട്ടിട നിർമ്മാണം ആവശ്യമുള്ളവ കണ്ടെത്തി അവയ്ക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കും. ഇതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പിനെ ചുമതലപ്പെടുത്താൻ തീരുമാനിച്ചു.

7. മടവീഴ്ച മൂലമുള്ള ദുരിതം പരിഹരിക്കുന്നതിനുള്ള മുഴുവൻ ചെലവും സർക്കാർ വഹിക്കും. അടയ്ക്കപ്പെട്ട ചാലുകൾ ആഴം കൂട്ടി തുറന്നുകൊടുത്ത് വെള്ളം പെട്ടെന്ന് ഒഴുകിപ്പോകുന്ന സംവിധാനം പ്രാദേശിക പ്രവർത്തനത്തിലൂടെ ഒരോ സ്ഥലത്തെയും ആവശ്യകത മുൻനിർത്തി പരിശോധിച്ച് നടപ്പിലാക്കാനും പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്ന കുടിവെള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാനും ഈ പ്രദേശങ്ങളിൽ പുതുതായി ഏറ്റെടുക്കേണ്ട കുടിവെള്ള പദ്ധതികൾ ഏറ്റെടുക്കാനും ജലവിഭവ വകുപ്പിനെ ചുമതലപ്പെടുത്താൻ തീരുമാനിച്ചു. തീരദേശ നിവാസികളുടെ ദുരിതം പരിഹരിക്കാനായി അടഞ്ഞുകിടക്കുന്ന പൊഴികൾ തുറന്ന് ജലം ഒഴുകിപ്പോകാനുള്ള നടപടികൾ സ്വീകരിക്കും.

8. അവശ്യം വേണ്ട സാധനങ്ങൾ എത്തിക്കുന്നതിന് തടസ്സമായി നിൽക്കുന്ന നിരവധി പാലങ്ങളുണ്ട്. അവയുടെ ഉയരമില്ലായ്മ കാരണം പലയിടങ്ങളിലും ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. ഇതിന് പരിഹാരമായി ശാസ്ത്രീയമായ പരിശോധനയിലൂടെ വലിയ വള്ളം/ബോട്ട് കടന്നുപോകാവുന്ന രീതിയിൽ പുനർനിർമ്മിക്കേണ്ടിവരും. നബാർഡിന്റെ ആർ.ഐ.ഡി.എഫ് സ്‌കീമിൽ പെടുത്തി ഇത് നടപ്പിലാക്കാനാവും. കുട്ടനാട്ടിലെ എല്ലാ അടിയന്തര സേവന ഓഫീസുകളും മിനിമം രണ്ട് മീറ്റർ ഉയർത്തുന്ന സാങ്കേതികവിദ്യ നാട്ടിൽ സാധ്യമാണ്. ഇതിനായി സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയെയും പൊതുമരാമത്ത്-ജലവിഭവ വകുപ്പുകളേയും ചുമതലപ്പെടുത്താൻ തീരുമാനിച്ചു.

9. ജല ആംബുലൻസുകൾ കൂടുതൽ ഫലവത്തായി വിന്യസിക്കുകയും കൂടുതൽ നീറ്റിലിറക്കുകയും വേണം. ഇതിനായി ജല ഗതാഗത വകുപ്പിനെ ചുമതലപ്പെടുത്തും.

10. കന്നുകാലികളുടെ സംരക്ഷണത്തിനുതകുംവിധം ഉയർന്ന സ്ഥലങ്ങളിൽ പ്രളയകാലത്ത് രണ്ട് മീറ്റർ സ്റ്റിൽട്ടിനു മുകളിൽ പ്ലാറ്റ്‌ഫോം നിർമ്മിക്കുകയും അവിടെ മൃഗസംരക്ഷണ വകുപ്പ് സേവനം ഉറപ്പുവരുത്തുകയും വേണം. ഇതിനായി പൊതുമരാമത്ത്-മൃഗസംരക്ഷണ വകുപ്പുകളെ സംയുക്തമായി ചുമതലപ്പെടുത്താൻ തീരുമാനിച്ചു.

11. വിലപ്പെട്ട രേഖകൾ നഷ്ടപ്പെട്ടവർക്ക് (ആധാർ, റേഷൻ കാർഡ്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് മുതലായവ) അവ ലഭിക്കുന്നതിന് സത്വര നടപടി എടുക്കും. ഇതിനായി താലൂക്ക്/പഞ്ചായത്ത് അടിസ്ഥാനത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 16 മുതൽ 31 വരെ ബന്ധപ്പെട്ട വകുപ്പുകളോട് ക്യാമ്പുകൾ നടത്താൻ നിർദ്ദേശിക്കും. ജില്ലാകളക്ടർമാർ ഇതിന് മേൽനോട്ടം വഹിക്കും.

12. വൈദ്യുതി ചാർജും വെള്ളക്കരവും അടയ്ക്കുന്നതിന് 2019 ജനുവരി വരെ സാവകാശം നൽകാൻ തീരുമാനിച്ചു.

13. പ്രളയബാധിത പ്രദേശമായി ദുരന്ത നിവാരണ അഥോറിറ്റിയുടെ മാർഗരേഖ പ്രകാരം സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഇടങ്ങളിലെ കാർഷിക കടങ്ങൾക്ക് ഒരു വർഷം വരെ മോറട്ടോറിയം അനുവദിക്കാൻ വ്യവസ്ഥയുണ്ട്. സംസ്ഥാന/ജില്ലാതല ബാങ്കിങ് സമിതി വിളിച്ച് ഇക്കാര്യത്തിലാവശ്യമായ നടപടി സ്വീകരിക്കും. ഒപ്പം സഹകരണ ബാങ്കുകളോടും സമാന നടപടി സ്വീകരിക്കാൻ നിർദ്ദേശിക്കും.

14. പൊതുമേഖല-സഹകരണ ബാങ്കുകൾ മുഖേന വെള്ളപ്പൊക്കബാധിതരായവർക്ക് വിവിധ ആവശ്യങ്ങൾക്ക് പുതിയ വായ്പ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും.

15. പ്രദേശത്തെ ചെറുകിട വ്യാപാരികൾക്കുവേണ്ടി കെ.എഫ്.സി മുഖേന പ്രത്യേക വായ്പ പദ്ധതി നടപ്പിലാക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കും.

16. ആരോഗ്യ സംരക്ഷണ പ്രവർത്തകർ ഉണർന്ന് പ്രവർത്തിക്കേണ്ട ഘട്ടമാണ് നമുക്ക് മുമ്പിലുള്ളത്. പകർച്ചവ്യാധികൾ പടർന്നുപിടിക്കാനുള്ള സാധ്യതകൾ വളരെ വലുതാണ്. ജലജന്യ രോഗങ്ങൾ പടർന്നുപിടിക്കാതിരിക്കാനാവശ്യമായ എല്ലാ മുൻകരുതലുകളും കൈക്കൊള്ളേണ്ടതുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈ എടുത്ത് ശുദ്ധജലം എത്തിക്കുന്നതിനും മതിയായ അളവിൽ ക്ലോറിൻ തുടങ്ങിയ ശുദ്ധീകരണ ലായനികൾ ലഭ്യമാക്കി അവ ഉപയോഗിച്ച് ശുദ്ധജല ഉപയോഗം ഉറപ്പാക്കുകയും വേണം. ഇത്തരത്തിലുള്ള ശുചിത്വ-ആരോഗ്യ-പ്രതിരോധ പ്രവർത്തനങ്ങളിൽ രാഷ്ട്രീയ-സാമൂഹിക-സന്നദ്ധ സംഘടനകളുടെ പിന്തുണയോടെ ജനകീയ സേവന പ്രവർത്തനം സംഘടിപ്പിക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പും ആരോഗ്യവകുപ്പും നേതൃത്വം നൽകും.

17. ശുദ്ധജലം എത്തിക്കുന്നതിന് മതിയായ സംവിധാനങ്ങൾ ജല അഥോറിറ്റി ഏർപ്പെടുത്തും. ഇവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാവണം പ്രവർത്തിക്കുക.

18. പാമ്പുകളുടെ ശല്യം കൂടാനിടയുള്ളതിനാൽ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ എല്ലാവിധ സജ്ജീകരണങ്ങളും ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കും.

19. മാലിന്യം നീക്കം ചെയ്യുന്നതിന് ശുചിത്വമിഷൻ പ്രത്യേക നടപടികൾ സ്വീകരിക്കും. മണ്ണും ചെളിയും നീക്കം ചെയ്യുന്നതിന് തദ്ദേശ സ്വയംഭരണ, റവന്യൂ, ആരോഗ്യ വകുപ്പുകൾ ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തും.

20. ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് റോഡുകളുടെ അറ്റകുറ്റപ്പണികൾ ത്വരിതപ്പെടുത്തും. പ്രധാനമായും ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ പ്രവൃത്തി എത്രയും വേഗം ആരംഭിച്ച് പൂർത്തിയാക്കും.

21. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഒരു സ്‌പെഷ്യൽ ഓഫീസറെ എല്ലാ വകുപ്പുകളും പ്രത്യേകമായി നിയോഗിക്കും. ഇവരുടെ പ്രവർത്തനങ്ങൾ! ഏകോപ്പിക്കുന്നതിന് ആലപ്പുഴ ജില്ലാ കളക്ടറെ ചുമതലപ്പെടുത്താൻ തീരുമാനിച്ചു.

22. നിലവിലുള്ള മാർഗരേഖ പ്രകാരം ദുരന്ത നിവാരണ നിധിയിൽ നിന്ന് അനുവദിക്കുന്ന നഷ്ടപരിഹാരം പല ഇനങ്ങളിലും അപര്യാപ്തമാണ്. അത് കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ആവശ്യമായ തുക ലഭ്യമാക്കി ഉയർന്ന നഷ്ടപരിഹാരം നൽകുന്നതാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP