Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

ഇനിയും ഇങ്ങനെ 'ഇര'യാക്കരുതേ; ദയവായി ആ പദം ഒഴിവാക്കൂ; ആക്രമിക്കപ്പെട്ട നടിയെ ഇരയെന്ന് വിശേഷിപ്പിക്കുന്നതിനെതിരെ അർദ്ധ സഹോദരൻ; രാജേഷ് ബി മേനോന്റെ അഭ്യർത്ഥന മാധ്യമസുഹൃത്തുക്കളോട്‌

ഇനിയും ഇങ്ങനെ 'ഇര'യാക്കരുതേ; ദയവായി ആ പദം ഒഴിവാക്കൂ; ആക്രമിക്കപ്പെട്ട നടിയെ ഇരയെന്ന് വിശേഷിപ്പിക്കുന്നതിനെതിരെ അർദ്ധ സഹോദരൻ; രാജേഷ് ബി മേനോന്റെ അഭ്യർത്ഥന മാധ്യമസുഹൃത്തുക്കളോട്‌

തൃശ്ശൂർ: ആക്രമണത്തിനിരയായ ചലച്ചിത്ര നടിയെ 'ഇര'യെന്ന് വിശേഷിപ്പിക്കുന്നതിനെതിരെ നടിയുടെ അർധ സഹോദരൻ രംഗത്ത്.തന്റെ ഫേസ്‌ബുക് പോസ്റ്റിലൂടെയാണ് സഹോദരൻ രാജേഷ് ബി മേനോൻ മാധ്യമങ്ങളെ വിമർശിച്ച് രംഗത്തെത്തിയത്. 'ഇര' എന്ന പദത്തിന് പകരം ആരെയും വേദനിപ്പിക്കാത്ത മറ്റൊരു പദം ഉപയോഗിക്കാൻ മാധ്യമങ്ങൾ തയ്യാറാകണമെന്നും രാജേഷ് മേനോൻ അഭ്യർത്ഥിക്കുന്നു

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളേ ...
ഇന്നലെ ഉണ്ടായ ഒരു സംഭവമാണ് ഈ കുറിപ്പിനാധാരം . മാനുഷികതയുടെ നേർത്ത അതിർവരമ്പ് പോലുമില്ലാതെ ഒരു മാധ്യമ പ്രവർത്തകൻ തങ്ങൾക്കു കിട്ടിയെന്നവകാശപ്പെടുന്ന ഒരു വാർത്ത അവതരിപ്പിക്കുന്നത് കണ്ടപ്പോഴാണ് ' ഇര ' എന്ന പദത്തിന് ഇത്രമാത്രം വേദനിപ്പിക്കാൻ സാധിക്കുമെന്ന് ഞാൻ തിരിച്ചറിഞ്ഞത് . ഇതിനു മുൻപും അറിയപ്പെടുന്ന പല സംഘടനാപ്രതിനിധികളും ഈ പദത്തിനെ കേവലം ഒരു പദമായിമാത്രം കണ്ടുകൊണ്ട് സ്വതസിദ്ധമായ തന്റെ നർമ്മ ശൈലിയിൽ പല പ്രസ്താവനകളും ഇറക്കിയതും ഇവിടെ ഞാൻ ഓർത്തുപോവുകയാണ് .

അഭിനയം ഒരു കലയാണ് . ആർക്കും എളുപ്പത്തിൽ ചെയ്യാൻ സാധിക്കാത്ത ഒന്ന് . അതുകൊണ്ടു തന്നെയാണ് വെള്ളിത്തിരയിലെ താരങ്ങൾ പകലിലും മിന്നും താരങ്ങളായത് . ഇര എന്ന പദം പണ്ടും എന്നെ വല്ലാതെ വേദനിപ്പിക്കുമായിരുന്നു . ഒറ്റപ്പെടലും പരാജയവും കണ്ണീരും നീറ്റലുമെല്ലാം കൂടിച്ചേർന്ന് നിസ്സഹായതയുടെ ഒരു പരിവേഷമാണ് ആ പദം അന്നെന്നെ അനുഭവിപ്പിച്ചു തന്നിരുന്നത് . ഇപ്പോൾ സഹോദരിയുടെ മാനത്തിനുമേൽ ആ പദം കൂടുതൽ തീവ്രതയോടെ നിൽക്കുകയാണ് . മറ്റൊരുനാളും അനുഭവിക്കാത്ത വേദനയും ഇതിലൂടെ ഞങ്ങൾ ഇന്നനുഭവിക്കുന്നുണ്ടെന്നതും ഇവിടെ മറച്ചു വെക്കുന്നില്ല . എന്നാൽ ഒറ്റപ്പെടലിനും പരാജയത്തിനും കണ്ണീരിനും നീറ്റലിനുമെല്ലാം മീതെ ധൈര്യം ചങ്കൂറ്റം തന്റേടം അഭിമാനം എന്നീ അർത്ഥതലങ്ങൾ കൂടി ഈ വാക്കിനുണ്ടെന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു .

എന്നാൽ ജീവിത യാഥാർഥ്യങ്ങൾക്കു മുന്നിൽ പകച്ചുപോകുന്ന ഒരു വ്യക്തിയേയും കുടുംബത്തേയും മുന്നെങ്ങുമില്ലാത്ത വിധം ഈ പദം വേട്ടയാടുമെന്നുള്ള തിരിച്ചറിവോടു കൂടിയുമാണ് ഇപ്പോൾ ഞാനിതെഴുതുന്നത് . അതുകൊണ്ടു പറയുകയാണ് ഈ പദത്തിന് ബദലായി ആരേയും വേദനിപ്പിക്കാത്തൊരു പദം മാധ്യമലോകത്തിന് കണ്ടെത്താനായാൽ ഒരുപാടുപേരെ അതാശ്വസിപ്പിക്കും . മാനുഷികതയും സാമൂഹ്യപ്രതിബദ്ധതയും ഉറപ്പു നൽകുന്നതാണ് മാധ്യമ പ്രവർത്തനം എന്ന് ഒരു മാധ്യമപ്രവർത്തകൻ കൂടിയായിരുന്ന ഞാൻ ഇന്നും വിശ്വസിക്കുന്നു . മാധ്യമ സുഹൃത്തുക്കളോട് ഞാനിത് പറയുവാനുള്ള കാരണം നിങ്ങൾക്കാണ് ഏറ്റവും എളുപ്പത്തിൽ ജനങ്ങളുടെ മനസ്സിലേക്ക് കയറിച്ചെല്ലാൻ സാധിക്കുന്നത് എന്നതു കൊണ്ടാണ് . വിശ്വാസപൂർവ്വം നിറുത്തട്ടെ .
സ്‌നേഹപൂർവ്വം
രാജേഷ് ബി മേനോൻ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP