Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒടുക്കം പോയതു രാജ്‌മോഹൻ ഉണ്ണിത്താന്റെ പണി; മുരളിയുമായി കൊമ്പുകോർത്ത ഉണ്ണിത്താൻ കെപിസിസി വക്താവു സ്ഥാനം രാജിവച്ചു; സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നു വി എം സുധീരനു നൽകിയ രാജിക്കത്തിൽ ആരോപണം

ഒടുക്കം പോയതു രാജ്‌മോഹൻ ഉണ്ണിത്താന്റെ പണി; മുരളിയുമായി കൊമ്പുകോർത്ത ഉണ്ണിത്താൻ കെപിസിസി വക്താവു സ്ഥാനം രാജിവച്ചു; സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നു വി എം സുധീരനു നൽകിയ രാജിക്കത്തിൽ ആരോപണം

തിരുവനന്തപുരം: കോൺഗ്രസിലെ ഉൾപ്പോരു പരസ്യമാക്കി കെ.മുരളീധരൻ എംഎൽഎയുമായി രണ്ടുദിവസം തുടർന്ന വാക്‌പോരിനൊടുവിൽ രാജ്‌മോഹൻ ഉണ്ണിത്താൻ കെപിസിസി വക്താവ് സ്ഥാനം രാജിവച്ചു. മുരളിക്കു പിന്തുണയുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുസ്ലിംലീഗും രംഗത്തെത്തിയ സാഹചര്യത്തിലാണ് ഉണ്ണിത്താന്റെ രാജി. സ്വതന്ത്രമായി പ്രവർത്തിക്കാൻ ചിലർ അനുവദിക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം. സുധീരന് നല്കിയ രാജിക്കത്തിൽ ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി. 

ഉണ്ണിത്താന്റെ രാജി സുധീരൻ സ്വീകരിച്ചതായി കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി.എം. സുരേഷ് ബാബു അറിയിച്ചു.

കഴിഞ്ഞദിവസം കോഴിക്കോട് കെ. കരുണാകരൻ അനുസ്മരണത്തിൽ പങ്കെടുക്കവേ മുരളി നടത്തിയ പ്രസംഗമാണ് സംഭവങ്ങളുടെ തുടക്കം. സംസ്ഥാനത്ത് സിപിഐ(എം) തന്നെ ഭരണപക്ഷവും പ്രതിപക്ഷവുമാകുന്ന പ്രത്യേക സ്ഥിതിവിശേഷം ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തിന്റെ പ്രവർത്തനക്ഷമതയില്ലായ്മയെ മുരളി വിമർശിച്ചു. എം.എം. മണി വിഷയം അടക്കമുള്ള പരമാർശിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

ഇതിനു മറുപടിയുമായി ഉണ്ണിത്താൻ രംഗത്തെത്തി. മുരളീധരൻ കോൺഗ്രസിനെ പൊതുജനമധ്യത്തിൽ അവഹേളിക്കുകയാണെന്നും പാലു കൊടുത്ത കൈയ്ക്കുതന്നെ കൊത്തുകയാണെന്നുമായിരുന്നു രാജ്‌മോഹൻ ഉണ്ണിത്താന്റെ മറുപടി. കെ. കരുണാകരന്റെ ചരമദിനത്തോട് അനുബന്ധിച്ചുള്ള പരിപാടിയിൽപ്പോലും പങ്കെടുക്കാതെ മുരളി ദുബായിൽ പിണറായി വിജയനൊപ്പം വേദി പങ്കിട്ട കാര്യവും ഉണ്ണിത്താൻ ചൂണ്ടിക്കാട്ടുകയുണ്ടായി.

എന്നാൽ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കം മുരളിക്ക് കൂട്ടത്തോടെ പിന്തുണ നല്കുന്ന പ്രവണതയാണ് പിന്നീട് ദൃശ്യമായത്. മുരളി ഉയർത്തിയ വിമർശനങ്ങളെ പോസിറ്റീവായി കാണുന്നുവെന്നായിരുന്നു രമേശിന്റെ പ്രസ്താവന. മുരളീധരൻ പറയുന്നതെന്താണെന്ന് തങ്ങൾക്ക് വ്യക്തമായിട്ടുണ്ടെന്നും പ്രതിപക്ഷം കൂടുതൽ സജീവസമരങ്ങളുമായി വരണമെന്ന ആത്മവിമർശനമാണ് അദ്ദേഹം നടത്തിയതെന്നും അതിന് മറിച്ചുള്ള നിറം നൽകുന്നത് ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു. ഇതോടൊപ്പം, ഉണ്ണിത്താനെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനും എ ഗ്രൂപ് നേതാവുമായ കെ.സി. ജോസഫ് കത്തു നല്കുകയുമുണ്ടായി.

ഇതിനിടെ, മുരളി തുടങ്ങിവച്ച കലാപം മറ്റു പ്രതിപക്ഷ പാർട്ടികളും ഏറ്റെടുത്തു. മുസ്ലിംലീഗും കേരളാ കോൺഗ്രസ് -ജെയുമെല്ലാം മുരളിയുടെ നിലപാടിനെ പിന്തുണയ്ക്കുന്ന പ്രസ്താവനകളാണു നടത്തിയത്. യുഡിഎഫിൽ പ്രശ്‌നങ്ങളുണ്ടെന്നും എന്നാൽ കെ മുരളീധരന്റെ പ്രസ്താവന ഘടകകക്ഷികളെ ഉദ്ദേശിച്ചല്ലെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. ഇടയ്ക്കിടെ യോഗം കൂടി പിരിയും എന്നല്ലാതെ പൊതുജനങ്ങളെ അണിനിരത്തിയുള്ള സമരങ്ങളൊന്നും നടക്കുന്നില്ലെന്ന് മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എംപിയും ചൂണ്ടിക്കാട്ടി. റേഷൻ പ്രശ്‌നത്തിൽ പ്രതികരിക്കാൻ യുഡിഎഫിന് കഴിഞ്ഞില്ലെന്ന് കേരള കോൺഗ്രസ് ജേക്കബ് നേതാവും യുഡിഎഫ് സെക്രട്ടറിയുമായ ജോണി നെല്ലൂരും കുറ്റപ്പെടുത്തി.

ഇതിനു പിന്നാലെ സ്വയം പ്രതിരോധത്തിന്റെ ഭാഗമായി രാജ്‌മോഹൻ ഉണ്ണിത്താൻ വീണ്ടും മുരളിയെ ആക്രമിച്ചു പ്രസ്താവന നടത്തുകയുണ്ടായി. മുരളിയുടെ പ്രസ്താവന 'കഴുത കാമം കരഞ്ഞുതീർക്കു'ന്നതിനു തുല്യമാണെന്നുമായിരുന്നു ഉണ്ണിത്താൻ പറഞ്ഞത്. കെ മുരളീധരൻ ആണായി പിറന്നത് കേരളത്തിന്റെ ഭാഗ്യമാണെന്നും മുരളീധരൻ പെണ്ണായി ജനിച്ചിരുന്നെങ്കിൽ കേരളത്തിന്റെ അറിയപ്പെടുന്ന വേശ്യയായി മാറുമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. വീട്ടുകാർ സംസാരിക്കുന്നിടത്ത് കുശിനിക്കാർ സംസാരിക്കേണ്ടതില്ലെന്നായിരുന്നു ഇതിന് മുരളി നല്കിയ മറുപടി. ഇതിനു പിന്നാലെയാണ് ഉണ്ണിത്താൻ രാജിവച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP