Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇടുക്കി മേഖലയിൽ ഹെലികോപ്റ്ററിൽ സന്ദർശനം നടത്തി പ്രളയദുരിതം നേരിൽ കാണാൻ കേരളത്തിലെത്തിയ രാജ്‌നാഥ് സിങ്; കൂടെ മുഖ്യമന്ത്രി പിണറായിയും കേന്ദ്രമന്ത്രി കണ്ണന്താനവും; പറവൂരിലെ ക്യാമ്പുകളിലുമെത്തി കേന്ദ്രമന്ത്രി; വൈകുന്നേരത്തെ അവലോകന യോഗത്തിൽ എന്തു സഹായം പ്രഖ്യാപിക്കുമെന്ന് കാത്ത് കേരളം

ഇടുക്കി മേഖലയിൽ ഹെലികോപ്റ്ററിൽ സന്ദർശനം നടത്തി പ്രളയദുരിതം നേരിൽ കാണാൻ കേരളത്തിലെത്തിയ രാജ്‌നാഥ് സിങ്; കൂടെ മുഖ്യമന്ത്രി പിണറായിയും കേന്ദ്രമന്ത്രി കണ്ണന്താനവും; പറവൂരിലെ ക്യാമ്പുകളിലുമെത്തി കേന്ദ്രമന്ത്രി; വൈകുന്നേരത്തെ അവലോകന യോഗത്തിൽ എന്തു സഹായം പ്രഖ്യാപിക്കുമെന്ന് കാത്ത് കേരളം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംസ്ഥാനത്തെ പ്രളയദുരിതം നേരിട്ടറിയാൻ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് കേരളത്തിലെത്തിയതോടെ വൻ പ്രതീക്ഷയിൽ സംസ്ഥാനം. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനും ഒപ്പം പ്രളയബാധിത പ്രദേശങ്ങൾ രാജ്‌നാഥ് സിങ് സന്ദർശിക്കുകയാണ്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങിയ അദ്ദേഹം ഇവിടെനിന്ന് ഹെലികോപ്റ്ററിൽ ചെറുതോണി, ഇടുക്കി ഡാം, പരിസരപ്രദേശങ്ങൾ, തടിയമ്പാട്, അടിമാലി, മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങൾ, ആലുവ, പറവൂർ താലൂക്കുകളിലെ പ്രളയബാധിത പ്രദേശങ്ങൾ എന്നിവ സന്ദർശിച്ചു.

ഇതിന് ശേഷം വൈകീട്ട് കൊച്ചിയിൽ തന്നെ അവലോകന യോഗവുമുണ്ട്. ആ യോഗാനന്തരം കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് കേരളത്തിന് എന്തു സഹായം പ്രഖ്യാപിക്കുമെന്ന് കാതോർത്തിരിക്കുകയാണ് കേരളം.

സമീപകാല ചരിത്രത്തിൽ ഇല്ലാത്തവിധം വൻ മഴക്കെടുതിയാണ് കേരളം നേരിട്ടത്. അതിനാൽ തന്നെ ദേശീയ ദുരന്തമെന്ന നിലയിൽ കാണണമെന്ന് സംസ്ഥാനത്തെ എംപിമാർ എല്ലാം ഒറ്റക്കെട്ടായി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലും സംസ്ഥാനത്തിന് കേന്ദ്രം എത്രമാത്രം ദുരിതാശ്വാസം പ്രഖ്യാപിക്കും എന്ന കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടായേക്കുമെന്ന പ്രതീക്ഷയുണ്ട്.

റോഡുകളും ജനങ്ങളുടെ സ്വത്തും മറ്റ് നാശങ്ങളുമെല്ലാം ആകുമ്പോൾ ആദ്യഘട്ടത്തിൽ തന്നെ 4000 കോടിയിൽപ്പരം രൂപയുടെ നാശനഷ്ടം നേരിടുകയാണ് കേരളം. ഇതിൽ എത്രമാത്രം സഹായധനം കേന്ദ്രത്തിൽ നിന്ന് ഉണ്ടാകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. തമിഴ്‌നാടും കർണാടകവും ഉൾപ്പെടെ കേരളത്തെ സഹായിക്കാൻ വാഗ്ദാനങ്ങളുമായി എത്തിയിട്ടുണ്ട്. ഇത്തരത്തിൽ കേന്ദ്രത്തിൽ നിന്നും അനുഭാവ സമീപനം കേരളം പ്രതീക്ഷിക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ സന്ദർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു.

റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ, ജില്ലാ കലക്ടർ മുഹമ്മദ് വൈ.സഫീറുള്ള, റൂറൽ എസ്‌പി രാഹുൽ ആർ.നായർ എന്നിവർ ചേർന്നാണ് ഇന്ന് കേന്ദ്രമന്ത്രിയെ സ്വീകരിച്ചത്. വിമാനത്താവളത്തിലെ വിഐപി ലോഞ്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, വി എസ്.സുനിൽകുമാർ, മാത്യു ടി.തോമസ്, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരുമായി രാജ്‌നാഥ് സിങ് പ്രാഥമിക കൂടിക്കാഴ്ച നടത്തി. കേന്ദ്രസഹമന്ത്രി അൽഫോൻസ് കണ്ണന്താനവും ഒപ്പമുണ്ട്. വ്യോമ നിരീക്ഷണത്തിന് പിന്നാലെ പറവൂരിലെ ക്യാമ്പുകൾ സന്ദർശിക്കുന്ന അദ്ദേഹം വൈകീട്ട് മുഖ്യമന്ത്രിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയ ശേഷം ഡൽഹിയിലേക്ക് തിരിക്കും.

ഉച്ചയ്ക്ക് 12.50നാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാജ്നാഥ് സിങ് എത്തിയത്. ഇടുക്കി ഡാം, ചെറുതോണിയുടെ പരിസര പ്രദേശങ്ങൾ, തടിയമ്പാട്, അടിമാലി, മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങൾ എന്നിവ സന്ദർശിച്ച രാജ്നാഥ് സിങ് രണ്ടരയോടെ കൊച്ചി വിമാനത്താവളത്തിൽ തന്നെ തിരിച്ചെത്തി. പിന്നീട് പറവൂർ താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് തിരിച്ചു. നാല് മണിക്ക് സന്ദർശനം അവസാനിപ്പിക്കുന്ന രാജ്നാഥ് സിങ് നാലരയ്ക്ക് സിയാൽ ഓഫീസിൽ തിരിച്ചെത്തും.

ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കേരള സംഘവുമായി ചർച്ച നടത്തുക. മന്ത്രിമാർ, ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സംബന്ധിക്കും. ഗോൾഫ് ഹൗസിലാണ് ഈ ചർച്ച നടക്കുക. ശേഷം ആറ് മണിക്ക് കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് കേന്ദ്രമന്ത്രി മടങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP