Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

16 കൊല്ലം കുഞ്ഞിക്കാല് കാണാൻ കാത്തിരുന്നുണ്ടായ കുഞ്ഞിനെ വിലകൊടുത്ത് വാങ്ങിയതാണെന്ന് ആരോപിച്ച് പൊലീസുകാർ അനാഥാലയത്തിലാക്കി; പ്രസവിച്ചതിന്റെ രേഖകൾ ആശുപത്രി നൽകിയിട്ടും ഉഷയ്ക്കും രാമചന്ദ്രനും നീതിയില്ല; കാസർകോട് നിന്നും ഹൃദയഭേദകമായ ഒരു ജീവിതകഥ

16 കൊല്ലം കുഞ്ഞിക്കാല് കാണാൻ കാത്തിരുന്നുണ്ടായ കുഞ്ഞിനെ വിലകൊടുത്ത് വാങ്ങിയതാണെന്ന് ആരോപിച്ച് പൊലീസുകാർ അനാഥാലയത്തിലാക്കി; പ്രസവിച്ചതിന്റെ രേഖകൾ ആശുപത്രി നൽകിയിട്ടും ഉഷയ്ക്കും രാമചന്ദ്രനും നീതിയില്ല; കാസർകോട് നിന്നും ഹൃദയഭേദകമായ ഒരു ജീവിതകഥ

കാസർകോട്: ഒന്നും രണ്ടുമല്ല, 16 വർഷമാണ് ഒരു കുരുന്നിനുവേണ്ടി ഉഷയും രാമചന്ദ്രനും കാത്തിരുന്നത്. പ്രാർത്ഥനകളും ചികിത്സയുമായി തള്ളിനീക്കിയ ജീവിതത്തിനൊടുവിൽ അവർക്ക് കുഞ്ഞിനെ ലഭിച്ചപ്പോഴാകട്ടെ, അതിനെ അധികൃതർ തട്ടിയെടുത്ത് അനാഥാലയത്തിലാക്കി. കേരളത്തിൽ കാസർകോട് നിന്നാണ് കേട്ടുകേൾവിയില്ലാത്ത തരത്തിലുള്ള ഈ വാർത്ത.

ചെറുവത്തൂർ കണ്ണങ്കൈ പൊള്ളയിൽ വീട്ടിൽ രാമചന്ദ്രനും ഭാര്യ ഉഷയും നീതിതേടി അലയാത്ത വഴികളില്ല. മുട്ടാത്ത വാതിലുകളില്ല. ഒടുവിൽ മനുഷ്യാവകാശക്കമ്മീഷന് മുന്നിലെത്തിയിരിക്കുകയാണ് ഇവർ. കാത്തിരിപ്പിനൊടുവിലുണ്ടായ കുഞ്ഞിനെ വിലകൊടുത്ത് വാങ്ങിയതാണെന്ന് ആരോപിച്ചാണ് പൊലീസ് ഏറ്റെടുത്തതും അനാഥാലയത്തിലാക്കിയതും. ആശുപത്രി രേഖകളടക്കം ഹാജരാക്കിയിട്ടും അധികൃതർ കുലുങ്ങുന്നില്ല.

സംഭവത്തിൽ മനുഷ്യാവകാശകമ്മീഷൻ ജില്ലാ പൊലീസ് സൂപ്രണ്ടിനോടും കേസന്വേഷിച്ച വനിതാ പൊലീസ് ഇൻസ്‌പെക്ടറോടും റിപ്പോർട്ട് തേടിയിട്ടുണ്ട്. രാമചന്ദ്രനും ഉഷയ്ക്കുമാകെയുള്ള പിടിവള്ളികളായ ആശുപത്രി രേഖകൾ കളയരുതെന്ന് മനുഷ്യാവകാശ കമ്മീഷനംഗം കെ.മോഹൻ കുമാർ മാതാപിതാക്കളോട് അഭ്യർത്ഥിച്ചു.

2016 നവംബർ 15-നാണ് ചന്തേര പൊലീസ് രാമചന്ദ്രനെയും ഉഷയെയും കസ്റ്റഡിയിലെടുത്തത്. കുഞ്ഞിനെ വാങ്ങിക്കൊണ്ടുവന്നു എന്നതായിരുന്നു ഇവർക്കെതിരായ പരാതി. പ്രസവാനന്തര ചികിത്സയ്ക്ക് പയ്യന്നൂർ ആശുപത്രിയിലേക്ക് പോകാനിരിക്കെയാണ് ഇരുവരും കസ്റ്റഡിയിലായത്. 29 ദിവസം മാത്രമായിരുന്നു കുഞ്ഞിനപ്പോൾ പ്രായം. കണ്ടുകൊതിതീരുംമുന്നെ കുഞ്ഞ് പട്ടുവം ജുവനൈൽ ഹോമിലായി.

ഉഷയെ പരിശോധിച്ച ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് അവർ പ്രസവിച്ചില്ല എന്ന റിപ്പോർട്ടാണ് നൽകിയത്. എന്നാൽ, കുട്ടിയെ ഉഷ പ്രസവിച്ചതാണെന്ന് പയ്യന്നൂർ ആശുപത്രി അധികൃതർ വ്യക്തമാക്കി. ചികിത്സയുമായി ബന്ധപ്പെട്ട രേഖകളും അവർ ഹാജരാക്കി.കൂലിപ്പണിക്കാരായ തങ്ങൾക്ക് കുഞ്ഞിനെ വിലകൊടുത്ത് വാങ്ങാനുള്ള ശേഷിയില്ലെന്ന് മനുഷ്യാവകാശ കമ്മീഷനുമുന്നിൽ ഹാജരായ രാമചന്ദ്രൻ ബോധിപ്പിച്ചു.

പയ്യന്നൂർ ആശുപത്രിയിൽ കൃത്രിമ ഗർഭധാരണ ചികിത്സ നടത്തിയാണ് ഉഷ ഗർഭിണിയായത്. അത് വിജയിക്കുമെന്ന് ഉറപ്പില്ലായിരുന്നു. അതുകൊണ്ട് ആരോടും പറഞ്ഞിരുന്നില്ലെന്നും രാമചന്ദ്രൻ പറഞ്ഞു. 2016 ഒക്ടോബർ 15-നാണ് ഉഷ പ്രസവിച്ചത്. മാസം തികയാതെയുള്ള പ്രസവമായതിനാൽ, കുറച്ചുദിവസം കൂടി ആശുപത്രിയിൽ തങ്ങേണ്ടിവന്നു. തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് കുഞ്ഞിനെ വാങ്ങിയെന്ന ആരോപണവും കസ്റ്റഡിയുമൊക്കെയുണ്ടായത്.

പയ്യന്നൂർ പൊലീസ് ഇൻസ്‌പെക്ടർ എംപി. ആസാദാണ് കേസ് ഇപ്പോൾ അന്വേഷിക്കുന്നത്. പ്രസവം സംബന്ധിച്ച് വ്യത്യസ്ത റിപ്പോർട്ടുകളുള്ളതിനാൽ, അന്തിമ തീരുമാനം കൈക്കൊള്ളുന്നതിന് മുമ്പ് മെഡിക്കൽ ബോർഡിനെവച്ചതായി പൊലീസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP