ചീഫ് കെമിക്കൽ ലാബിലെ ഉദ്യോഗസ്ഥനെയും ഭാര്യയെയും ടാങ്കർ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതികൾ ചോദ്യം ചെയ്യലിന് ഹാജരാകാൻ കോടതി ഉത്തരവ്
January 07, 2019 | 12:36 PM IST | Permalink

അഡ്വ പി നാഗരാജ്
തിരുവനന്തപുരം: പ്രഭാതസവാരിക്കിറങ്ങിയ ചീഫ് കെമിക്കൽ ലബോറട്ടറിയിലെ ഉദ്യാഗസ്ഥനെയും ഭാര്യയെയും ടാങ്കർ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികൾ ചോദ്യം ചെയ്യലിന് ഹാജരാകാൻ തിരുവനന്തപുരം പ്രിൻസിപ്പൽ അസി: സെഷൻസ് കോടതി ഉത്തരവിട്ടു. കോടതി നേരിട്ടു നടത്തുന്ന ചോദ്യം ചെയ്യലിന് ജനുവരി 16 ന് ഹാജരാകാനാണുത്തരവ്. കേസിൽ പ്രോസിക്യൂഷൻ തെളിവെടുപ്പ് പൂർത്തിയായതായി പ്രോസിക്യൂട്ടർ സി.എ. നന്ദകുമാർ അറിയിച്ചതിനെ തുടർന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രതികളോട് ജഡ്ജി റ്റി.ജി. വർഗ്ഗീസ് ഉത്തരവിട്ടത്.
വിചാരണ വേളയിൽ പ്രോസിക്യൂഷൻ ഭാഗത്തേക്ക് വിസ്തരിച്ച സാക്ഷി മൊഴികളുടെയും ഹാജരാക്കിയ തൊണ്ടി മുതലുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ കോടതി നേരിട്ട് തയ്യാറാക്കിയ ചോദ്യാവലി പ്രകാരമാണ് പ്രതികളെ ചോദ്യം ചെയ്യുന്നത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 313 (1) (ബി) പ്രകാരം പ്രതികൾക്കെതിരെ വിസ്താര മധ്യേ കോടതി മുമ്പാകെ വന്ന കുറ്റപ്പെടുത്തുന്ന തെളിവുകൾ വച്ചു കൊണ്ടാണ് പ്രതികളെ ചോദ്യം ചെയ്യുന്നത്. തിരുവനന്തപുരം ചീഫ് കെമിക്കൽ ലബോറട്ടറിയിലെ ജൂനിയർ സയന്റിഫിക് ഓഫീസർ രവീന്ദ്രൻ (45), ഭാര്യയും കണിയാപുരം ബ്ലോക്ക് റിസോഴ്‌സ് സെന്റർ അദ്ധ്യാപക ട്രെയിനറുമായ അജിതകുമാരി (45) എന്നിവരാണ് കൊല്ലപ്പെട്ടത്.
പ്രതികളായ അരുവിക്കര വില്ലേജിൽ കടമ്പനാട് കുറുന്തോട്ടം കൃഷ്ണ നിവാസിൽ ഉണ്ണികൃഷ്ണൻ (24), തിരുമല കുന്നപ്പുഴ ചെറുവട്ടറ്റിൽ വീട്ടിൽ സുധി എന്ന സന്തോഷ് കുമാർ (29), കടമ്പനാട് ഗീതാഭവനിൽ ഗോപകുമാർ (26), കരകുളം കുറവൂർക്കോണം അരുൾ നിവാസിൽ സരോജിനി (76) എന്നിവരാണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്.
2008 ഫെബ്രുവരി 27ന് വെളുപ്പിന് 4.40 നായിരുന്നു കേസിനാസ്പദമായ സംഭവം. ഇരുവരും കണ്ണമ്മൂല ഗോകുലം വീട്ടിൽ താമസിക്കവേ പ്രഭാത സവാരിക്ക് പേട്ട - പാറ്റൂർ റോഡിലൂടെയുള്ള ഫുട്പാത്തിൽ ബാരിക്കേഡിന് ഉള്ളിലൂടെ നടന്നു പോകുകയായിരുന്നു. ഫുട്പാത്തിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് പൈപ്പുകൾ കൊണ്ടുള്ള ബാരിക്കേഡുകൾ ടാങ്കർ ലോറി കൊണ്ടിടിച്ച് തകർത്ത് ഗുരുതരമായ പരിക്കുകൾ ഏൽപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് ക്രൈംബ്രാഞ്ച് കേസ്.
13 മീറ്റർ 60 സെന്റീമീറ്റർ നീളത്തിൽ ബാരിക്കേഡും ഫുട്പാത്തും ഇടിച്ചു തകർത്ത് നാശ നഷ്ടപ്പെടുത്തിയതിലൂടെ തിരുവനന്തപുരം റോഡ് ഡെവലപ്പ്മെന്റ് കമ്പനിക്ക് 41,000 രൂപയുടെ നഷ്ടം സംഭവിപ്പിച്ചതായും ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നു. യഥാസമയം മുറിവേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകുകയോ ആശുപത്രിയിൽ എത്തിക്കുകയോ അപകടവിവരം പൊലീസിൽ അറിയിക്കാതെയും പ്രതികൾ ഓടി രക്ഷപ്പെട്ടതായും കുറ്റപത്രത്തിലുണ്ട്. യഥാർത്ഥ പ്രതികളെ മാറ്റി സംഭവവുമായി ബന്ധമില്ലാത്തവരെ പ്രതികളാക്കാൻ ശ്രമിച്ചതായും വാഹനത്തിന്റെ ട്രിപ്പ് ഷീറ്റ് നശിപ്പിച്ചതായും ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി.
3 അന്വേഷണ ഏജൻസികളാണ് കേസ് അന്വേഷിച്ചത്. സംഭവത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കളുടെ പരാതിയിലാണ് കേസ് പൊലീസ് ഏജൻസികൾ അന്വേഷിച്ചത്. ആദ്യം തിരുവനന്തപുരം സിറ്റി ട്രാഫിക് പൊലീസും തുടർന്ന് പേട്ട പൊലീസും അന്വേഷിച്ച കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. 2010 ൽ എഫ്‌ഐആർ റീ രജിസ്റ്റർ ചെയ്ത ക്രൈംബ്രാഞ്ച് 2011 ഫെബ്രുവരി 10ന് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 304 (കുറ്റകരമായ നരഹത്യ ) ,201 (തെളിവു നശിപ്പിക്കൽ) ,427 ( നാശനഷ്ടം വരുത്തൽ ) ,114 ( കുറ്റം ചെയ്യപ്പെടുമ്പോൾ പ്രേരകൻ സന്നിഹിതനാകൽ ) ,34 ( കൂട്ടായ്മ ) , കേരളാ മോട്ടോർ വാഹന നിയമത്തിലെ വകുപ്പുകളായ 134 എ , ബി ( പ്രഥമ ശുശ്രൂഷ നൽകാതെയും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാതെയും വിവരം പൊലീസിൽ അറിയിക്കാതെയും കൃത്യ സ്ഥലത്തു നിന്നും രക്ഷപ്പെടൽ ), 3 (1) ( ലൈസൻസില്ലാതെ വാഹനമോടിക്കൽ ) , 224 ( ട്രിപ്പ് ഷീറ്റ് എഴുതി സൂക്ഷിക്കാതിരിക്കൽ ) എന്നീ കുറ്റങ്ങൾ പ്രതികൾക്ക് മേൽ ചുമത്തിയാണ് കോടതി പ്രതികളെ വിചാരണ ചെയ്തത്.
പ്രോസിക്യൂഷൻ ഭാഗത്തേക്ക് സ്വതന്ത്ര സാക്ഷികളായും ഔദ്യോഗിക സാക്ഷികളായും 40 പേരെ കോടതിയിൽ വിസ്തരിക്കുകയും 31 തൊണ്ടിമുതലുകളും 25 രേഖകളും അക്കമിട്ട് കോടതി തെളിവിൽ സ്വീകരിക്കുകയും ചെയ്തു.