Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദുരിതാശ്വാസ ക്യാംപിലേക്കുള്ള സാധനങ്ങൾ കടത്താൻ ശ്രമിച്ച ജീവനക്കാരൻ അറസ്റ്റിൽ; അമിത വില ഈടാക്കി സാധനങ്ങൾ വിറ്റ 39 വ്യാപാരികൾക്കെതിരെ കേസെടുത്തു; കരിഞ്ചന്തയും പൂഴ്‌ത്തിവയ്പും നടത്തുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുക്കുമെന്നു മന്ത്രി പി.തിലോത്തമനും

ദുരിതാശ്വാസ ക്യാംപിലേക്കുള്ള സാധനങ്ങൾ കടത്താൻ ശ്രമിച്ച ജീവനക്കാരൻ അറസ്റ്റിൽ; അമിത വില ഈടാക്കി സാധനങ്ങൾ വിറ്റ 39 വ്യാപാരികൾക്കെതിരെ കേസെടുത്തു; കരിഞ്ചന്തയും പൂഴ്‌ത്തിവയ്പും നടത്തുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുക്കുമെന്നു മന്ത്രി പി.തിലോത്തമനും

കൽപ്പറ്റ: പ്രളയക്കെടുതിക്കിടെ അവസരം മുതലാക്കി സ്വന്തം പോക്കറ്റ് വീർപ്പിക്കാൻ ശ്രമിക്കുന്നവരും അല്ലാത്തവരും കേരളത്തിലുണ്ട്. ചിലർ മനസറിഞ്ഞ് സഹായിക്കുന്ന ഘട്ടത്തിൽ തന്നെയാണ് മറ്റുചിലർ അമിത വില ഈടാക്കി സാധനങ്ങൾ വിൽക്കാൻ ശ്രമിക്കുകയും ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള സാധനങ്ങൾ കടത്താൻ ശ്രമിക്കുകയും ചെയ്യുന്നത്.

ഇതിനിടെ വയനാട്ടിൽ ദുരിതാശ്വാസ ക്യാംപിലേക്കുള്ള അവശ്യവസ്തുക്കൾ കടത്താൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരൻ വയനാട് കേണിച്ചിറ സ്വദേശി പി.വി. ജോസ് (50) അറസ്റ്റിലായി. കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെ കലക്ടറേറ്റിലെ റിലീഫ് സ്റ്റോറിൽനിന്നു കമ്പിളികളും കിടക്കവിരികളും പാത്രങ്ങളുമെടുത്തു ജോസ് തന്റെ കാറിൽ കയറ്റി കടന്നുകളയാൻ ശ്രമിക്കുമ്പോൾ ജീവനക്കാർ പിടികൂടി പൊലീസിലേൽപിക്കുകയായിരുന്നു.

ഫ്രണ്ട്‌സ് ജനസേവനകേന്ദ്രത്തിന്റെ കാവൽക്കാരനാണു ജോസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇടുക്കി ജില്ലയിൽ പ്രളയബാധിതമായ ചെറുതോണി, തടിയമ്പാട്, അടിമാലി, മൂന്നാർ മേഖലകളിലെ ചില വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മോഷണശ്രമം നടന്നു. വ്യാപാര സ്ഥാപനങ്ങളിൽ നിന്നു ഭക്ഷ്യവസ്തുക്കൾ മോഷ്ടിക്കാനാണു ശ്രമം നടന്നത്. ആളൊഴിഞ്ഞ വീടുകളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി.

അതിനിടെ പ്രളയബാധയുടെ പശ്ചാത്തലത്തിൽ കരിഞ്ചന്തയും പൂഴ്‌ത്തിവയ്പും നടത്തുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുക്കുമെന്നു മന്ത്രി പി.തിലോത്തമൻ. കരിഞ്ചന്തയും പൂഴ്‌ത്തിവയ്പും ശ്രദ്ധയിൽപെട്ട സാഹചര്യത്തിൽ വ്യാപാരികളുടെയും ലോറി ഉടമകളുടെയും സംഘടനാ പ്രതിനിധികൾ, സൂപ്പർ മാർക്കറ്റുകളുടെയും ഇന്ധന കമ്പനികളുടെയും പ്രതിനിധികൾ എന്നിവരുമായി മന്ത്രി ചർച്ച നടത്തി.

പൂഴ്‌ത്തിവയ്പും കരിഞ്ചന്തയും നടത്തുന്നവർക്ക് ഒരു വർഷം വരെ തടവും പിഴയും ലഭിക്കും. കരിഞ്ചന്തയും പൂഴ്‌ത്തിവയ്പും ശ്രദ്ധയിൽപെട്ടാൽ ജനങ്ങൾ കലക്ടറേറ്റിൽ വിവരം അറിയിക്കണം. ഇത്തരക്കാരെ കണ്ടെത്താൻ കലക്ടറുടെ നേതൃത്വത്തിൽ പരിശോധന നടക്കുന്നുണ്ട്. ഇതു രാജ്യദ്രോഹ കുറ്റമാണ്. ഇത്തരക്കാരുടെ കടകളിലെയും ഗോഡൗണുകളിലെയും സാധനങ്ങൾ കണ്ടുകെട്ടും. മൂന്നു ദിവസത്തിനകം ചരക്കുനീക്കം സാധാരണഗതിയിലാകും. കോൺവോയ് അടിസ്ഥാനത്തിൽ ചരക്കുനീക്കത്തിന് പൊലീസ് സഹായം ചെയ്യുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിട്ടുണ്ട്. ഇന്നു മുതൽ ഇന്ധനനീക്കം വേഗത്തിലാകുമെന്നും തിലോത്തമൻ പറഞ്ഞു.

പൂഴ്‌ത്തിവയ്പും കരിഞ്ചന്തയും തടയുന്നതിനായി അധികൃതർ രംഗത്തിറങ്ങി. എറണാകുളം ജില്ലയിൽ വ്യാപക റെയ്ഡ് നടന്നു. ക്രമക്കേട് കണ്ടെത്തിയ 22 പച്ചക്കറി, പലവ്യഞ്ജന വ്യാപാരികൾക്കെതിരെ നടപടി. വില കൂട്ടി വിൽക്കുക, പായ്ക്കറ്റുകളിൽ പതിച്ച വിലയിൽ കൃത്രിമം നടത്തുക തുടങ്ങിയ ക്രമക്കേടുകളാണു കണ്ടെത്തിയത്. ഇവർക്കു നോട്ടിസ് നൽകി പിഴ ഈടാക്കും.

കോട്ടയം ജില്ലാ, താലൂക്ക് സപ്ലൈ അധികൃതർ നടത്തിയ പരിശോധനയിൽ 17 കടകൾക്കെതിരെ കേസ് എടുത്തു. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്തതും അമിത വില ഈടാക്കിയതുമായ കടകൾക്കെതിരെയാണ് കേസ് എടുത്തത്. അളവ് തൂക്ക വിഭാഗം നടത്തിയ പരിശോധനയിൽ കോട്ടയം താലൂക്കിൽ അളവിൽ കൃത്രിമം കാണിച്ചത് കണ്ടെത്തിയ അഞ്ചു കടകൾക്കെതിരെയും കവർപാലിനു വിലകൂട്ടി വിറ്റ സംഭവത്തിൽ വൈക്കത്ത് ഒരു കടയ്‌ക്കെതിരെയും കേസെടുത്തു.

കട്ടപ്പനയിൽ സ്‌കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാംപിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ കുപ്രചാരണം നടത്തിയ സംഭവത്തിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ. കാഞ്ചിയാർ സ്വദേശികളായ പുതുകാട്ടിൽ അരുൺ എം.നായർ (29), ആറാനിയിൽ ഡെൻസൺ (29) എന്നിവരാണ് പിടിയിലായത്. ജോയ്സ് ജോർജ് എംപിയുടെ പരാതിയെ തുടർന്നാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP