Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സർക്കാർ ഏറ്റെടുത്ത ഹാരിസൺ മലയാളത്തിന്റെ കയ്യേറ്റ ഭൂമിയിൽ അവകാശം സ്ഥാപിക്കാൻ അനധികൃത സഹായം; ഇടപാടുകൾക്ക് സഹായവുമായി എത്തുന്നത് റവന്യും ഉദ്യോഗസ്ഥർ; പരിസ്ഥിതി ലോല പ്രദേശത്തും കയ്യേറ്റ നീക്കം

സർക്കാർ ഏറ്റെടുത്ത ഹാരിസൺ മലയാളത്തിന്റെ കയ്യേറ്റ ഭൂമിയിൽ അവകാശം സ്ഥാപിക്കാൻ അനധികൃത സഹായം; ഇടപാടുകൾക്ക് സഹായവുമായി എത്തുന്നത് റവന്യും ഉദ്യോഗസ്ഥർ; പരിസ്ഥിതി ലോല പ്രദേശത്തും കയ്യേറ്റ നീക്കം

തിരുവനന്തപുരം: ഹാരിസൺ മലയാളം അനധികൃതമായി കൈമാറ്റംചെയ്തതിനെ തുടർന്ന് സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ അവകാശം സ്ഥാപിക്കാൻ ഉന്നത റവന്യൂ ഉദ്യോഗസ്ഥരുടെ പിന്തുണയോടെ നീക്കം. കൊല്ലം ആര്യങ്കാവ് വില്ലേജിൽ ഉൾപ്പെടുന്ന 492.13 ഏക്കർ വരുന്ന പ്രിയ എസ്‌റ്റേറ്റ് തിരിച്ചുപിടിക്കാനാണ് പുതിയതന്ത്രം പയറ്റുന്നത്. എസ്‌റ്റേറ്റ് ഏറ്റെടുക്കുമ്പോൾതന്നെ ആനുകൂല്യം ലഭിക്കാത്ത ചിലർ ലായത്തിൽ താമസിച്ചിരുന്നു. ഇവരെ മറയാക്കി തോട്ടം ഇപ്പോഴും പ്രവർത്തിക്കുന്നെന്ന് വരുത്തിത്തീർക്കാനും ശ്രമം നടക്കുന്നുണ്ട്. പരിസ്ഥിതി ദുർബല പ്രദേശമായി (ഇ.എഫ്.എൽ) പ്രഖ്യാപിച്ച് വനംവകുപ്പ് ഏറ്റെടുത്ത വനഭൂമിയിലും കൈയേറ്റത്തിന് നീക്കമുണ്ട്.

റവന്യൂ രേഖകളിൽ ഇപ്പോഴും കൈലാസ് പ്ലാൻേറഷനെന്ന് അടയാളപ്പെടുത്തിയിട്ടുള്ള പ്രിയ എസ്‌റ്റേറ്റ് ഹാരിസൺ വാങ്ങിയതും പാട്ട വ്യവസ്ഥ ലംഘിച്ചായിരുന്നു. ഇതേതുടർന്നാണ് കഴിഞ്ഞ നവംബറിൽ എസ്‌റ്റേറ്റ് സർക്കാർ ഏറ്റെടുത്തത്. അതിന്മുമ്പുതന്നെ സംരക്ഷിത വനത്തിനോട് ചേർന്ന 133.05099 ഹെക്ടർ ഇ.എഫ്.എൽ ആയി വനംവകുപ്പ് പ്രഖ്യാപിച്ചിരുന്നു.

പാട്ടവ്യവസ്ഥ ലംഘിച്ചതിന്റെപേരിൽ പ്രിയ എസ്‌റ്റേറ്റ് സർക്കാർ ഏറ്റെടുക്കുമ്പോൾ കുറച്ച് തൊഴിലാളികൾ ആനുകൂല്യങ്ങൾ ലഭിക്കാനുണ്ടെന്ന് പറഞ്ഞ് ലായങ്ങളിൽ താമസിച്ചു. ഇപ്പോൾ മേലേത്തോട്ടത്തിൽ 16ഉം താഴെത്തോട്ടത്തിൽ 15ഉം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഹാരിസൺസ് കൈവശപ്പെടുത്തിയ ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച സ്‌പെഷൽ ഓഫിസർ എം.ജി. രാജമാണിക്യം കമ്മിറ്റിയുടെ നടപടികൾ കോടതി സ്‌റ്റേ ചെയ്തതോടെയാണ് ഇപ്പോഴത്തെ ഉടമയുടെ നേതൃത്വത്തിൽ അവകാശം സ്ഥാപിക്കാൻ ശ്രമമാരംഭിച്ചത്.

തോട്ടം പ്രവർത്തിക്കുന്നെന്ന് സ്ഥാപിക്കാൻ കഴിഞ്ഞദിവസം തൊഴിൽവകുപ്പിനെ സമീപിച്ചു. നികുതിയടക്കാൻ റവന്യൂ ഓഫിസിലെത്തിയെങ്കിലും സ്വീകരിച്ചില്ല. എസ്‌റ്റേറ്റ് പ്രവർത്തിക്കുന്നെന്ന് കോടതിയിൽ അറിയിക്കുകയാണത്രെ ലക്ഷ്യം. ഇതിനിടെയാണ്, ചില തൊഴിലാളി സംഘടനകളുടെ സഹായത്തോടെ എസ്‌റ്റേറ്റിൽ പ്രവേശിക്കാനുള്ള ശ്രമം. നേരത്തെ ഒരു സംഘമെത്തി സർക്കാർ ഭൂമിയെന്ന ബോർഡ് നശിപ്പിച്ചിരുന്നു. ഇതിന് മുതിർന്ന റവന്യൂ ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടെന്നാണ് വിവരം.

അതേസമയം, ഏറ്റെടുത്ത എസ്‌റ്റേറ്റ് പ്ലാൻേറഷൻ കോർപറേഷനെ ഏൽപിക്കുകയോ നടത്തിപ്പ് അവകാശം തൊഴിലാളികൾക്ക് നൽകുകയോ വേണമെന്ന് യൂനിയനുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ അനുകൂല നടപടി സ്വീകരിക്കുന്നതിലും മുതിർന്ന ഉദ്യോഗസ്ഥരുടെ നിലപാടാണ് തടസ്സം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP