Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബെർണാഡ് അരിട്വക്കെതിരേയുള്ള വംശീയ അധിക്ഷേപം വിനയാകുമോ? കാലാവധിക്കുള്ളിൽ പണി തീർത്തില്ലെങ്കിൽ സഹായം നൽകില്ലെന്ന് ലോകബാങ്ക്; സംസ്ഥാനത്തെ വൻകിട റോഡ് നിർമ്മാണപദ്ധതികളെല്ലാം അവതാളത്തിൽ

ബെർണാഡ് അരിട്വക്കെതിരേയുള്ള വംശീയ അധിക്ഷേപം വിനയാകുമോ? കാലാവധിക്കുള്ളിൽ പണി തീർത്തില്ലെങ്കിൽ സഹായം നൽകില്ലെന്ന് ലോകബാങ്ക്; സംസ്ഥാനത്തെ വൻകിട റോഡ് നിർമ്മാണപദ്ധതികളെല്ലാം അവതാളത്തിൽ

പത്തനംതിട്ട: സംസ്ഥാനത്തെ വൻകിട റോഡ് നിർമ്മാണപദ്ധതികളെല്ലാം അവതാളത്തിലാകുമെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ കെ.എസ്.ടി.പി. രണ്ടാംഘട്ട റോഡ് നിർമ്മാണം കാലാവധിക്കുള്ളിൽ പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിൽ കടുത്ത നടപടിയുമായി ലോകബാങ്ക് രംഗത്തു വരികയാണ്. വൻതുക പിഴ ഈടാക്കുന്നതിനു പുറമേ ഭാവിയിൽ കെ.എസ്.ടി.പിക്കു ധനസഹായം നൽകുന്ന കാര്യം പുനഃപരിശോധിക്കുമെന്നും സൂചന

പദ്ധതി ഡയറക്ടർമാർ അടിക്കടി മാറുന്നുവെന്ന ലോകബാങ്ക് പരാതിയേത്തുടർന്ന് അജിത്ത് പാട്ടീലിനെ സ്ഥിരം ഡയറക്ടറായി സർക്കാർ നിയമിച്ചിട്ടുണ്ട്. റോഡ് നിർമ്മാണം വിലയിരുത്താനെത്തിയ സംഘത്തലവൻ ഡോ. ബെർണാഡ് അരിട്വക്കെതിരേ പൊതുമരാമത്തുമന്ത്രി ജി. സുധാകരൻ നടത്തിയ രൂക്ഷവിമർശനം നടത്തിയതും വിനയാണ്. അതുകൊണ്ട് തന്നെ കേരളത്തിന് ഇളവുകൾ ലഭിക്കില്ല.

നിലവാരമില്ലാത്ത നിർമ്മാണം, കരാർ കമ്പനികളെക്കുറിച്ചുള്ള അതൃപ്തി, കെ.എസ്.ടി.പിയുടെ നിസ്സഹകരണം എന്നിയെല്ലാം ലോകബാങ്കിനെ ചൊടിപ്പിച്ചിട്ടുണ്ട്. നിലവിലെ രണ്ടാംഘട്ട റോഡ് നിർമ്മാണപദ്ധതിക്ക് 1400 കോടി രൂപ(21.6 യു.എസ്. ഡോളർ)യാണു ലോകബാങ്ക് അനുവദിച്ചിട്ടുള്ളത്. 2013 ജൂൺ 19-നാണ് പദ്ധതിക്കരാർ ഒപ്പിട്ടത്. അടുത്ത ജൂലൈ 30 വരെയാണു കാലാവധി. എന്നാൽ ഈവർഷം നവംബർ 30-നു മുമ്പ് നിർമ്മാണം പൂർത്തീകരിക്കണമെന്നാണു കരാർ നിബന്ധന. ശേഷിക്കുന്നതു രണ്ടുമാസം മാത്രമാണെന്നിരിക്കേ 50% നിർമ്മാണപ്രവർത്തനങ്ങളും ബാക്കിയാണ്. മൂവാറ്റുപുഴ-ഏറ്റുമാനൂർ-ചെങ്ങന്നൂർ (88 കിലോമീറ്റർ), കാസർഗോഡ്-കാഞ്ഞങ്ങാട് (27.76 കി.മീ), തലശേരി-വളവുപാറ (53.12), പൊൻകുന്നം-പുനലൂർ (132), പിലാത്തറ-പാപ്പിനിശേരി (20.90 കിലോമീറ്റർ)എന്നിവയാണു രണ്ടാംഘട്ട പദ്ധതിയിലുള്ള റോഡുകൾ.

കെ.എസ്.ടി.പി. ഒന്നാംഘട്ട പദ്ധതിയിൽ ഉൾപ്പെട്ട, എം.സി. റോഡിലെ വെഞ്ഞാറമൂട്-ചെങ്ങന്നൂർ (96 കി.മീ) റോഡ് പൂർത്തിയാക്കാൻ ഒമ്പതുവർഷം വേണ്ടിവന്ന സാഹചര്യത്തിൽ രണ്ടാംഘട്ടത്തിനു സമയനിഷ്ഠ പാലിക്കണമെന്ന കർശനനിർദേശത്തോടെയാണു ലോകബാങ്ക് തുക അനുവദിച്ചത്. എന്നാൽ റോഡ് നിർമ്മാണത്തിൽ നിലവാരം പുലർത്തിയില്ലെന്നു മാത്രമല്ല, പൊൻകുന്നം-പുനലൂർ റോഡ് നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞിട്ടുമില്ല. രണ്ടാംഘട്ട നിർമ്മാണപ്രവർത്തനങ്ങളിൽ ഒട്ടേറെ അപാകതകളാണു ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നത്. മിക്ക പ്രവൃത്തികളിലും ലോകനിലവാരമില്ല. പാളികളായാണു റോഡ് നിർമ്മിക്കേണ്ടത്. ഓരോ പാളിക്കുമുള്ള മെറ്റലിന്റെ അളവ്, കനം എന്നിവ കൃത്യമായി പാലിച്ചിട്ടില്ലെന്നാണു ലോകബാങ്ക് പ്രതിനിധികളുടെ നിഗമനം. വേണ്ടരീതിയിൽ ഓടകൾ നിർമ്മിച്ചിട്ടില്ല. നിർമ്മാണം ഏറ്റെടുത്ത ചില കമ്പനികൾക്കു രാജ്യാന്തരനിലവാരമില്ലെന്നും കണ്ടെത്തി.

ഒന്നാംഘട്ടനിർമ്മാണത്തിനു രാജ്യാന്തരനിലവാരമുള്ള കമ്പനികളെയാണു ചുമതലപ്പെടുത്തിയിരുന്നത്. നിർമ്മാണം പൂർത്തീകരിച്ച് ഏഴുവർഷം കഴിഞ്ഞിട്ടും വെഞ്ഞാറമൂട്-ചെങ്ങന്നൂർ, മൂവാറ്റുപുഴ-അങ്കമാലി, വെഞ്ഞാറമൂട്-കഴക്കൂട്ടം പാതകൾ അധികം അറ്റകുറ്റപ്പണികളില്ലാതെ നിലനിൽക്കാൻ കാരണം രാജ്യാന്തരനിലവാരത്തിലുള്ള നിർമ്മാണമികവുകൊണ്ടാണ്. എന്നാൽ രണ്ടാംഘട്ടനിർമ്മാണത്തിനായി കണ്ടെത്തിയ കമ്പനികളിൽ ഏറെയും തട്ടിക്കൂട്ടുസ്ഥാപനങ്ങളായിരുന്നെന്ന പരാതി തുടക്കംമുതൽ ഉയർന്നിരുന്നു. ഇപ്പോൾ ലോകബാങ്കും അതു ശരിവച്ചിരിക്കുകയാണ്. രണ്ടാംഘട്ടനിർമ്മാണത്തിനായി പൊൻകുന്നം-പുനലൂർ റോഡിന് അനുവദിച്ച പണം നഷ്ടമായി. 2001-ൽ വിഭാവനം ചെയ്ത പദ്ധതിയാണ് മൂവാറ്റുപുഴ-പുനലൂർ പാതനവീകരണം.

ഇതിൽ മൂവാറ്റുപുഴ-പൊൻകുന്നം വരെയേ പൂർത്തിയായിട്ടുള്ളൂ. 16 വർഷം കഴിഞ്ഞിട്ടും ഭൂമി ഏറ്റെടുക്കൽ നടപടി പോലും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. 13 പേരുടെ വസ്തുക്കളാണു പത്തനംതിട്ട ജില്ലയിലെ മൈലപ്രയിൽ മാത്രം ഏറ്റെടുക്കാനുള്ളത്. അടുത്തഘട്ടത്തിലേക്കു മാറ്റിയ പദ്ധതിക്കായി 600 കോടി രൂപയാണു ലോകബാങ്കിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ രണ്ടാംഘട്ടപദ്ധതിപോലും പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇനിയും കെ.എസ്.ടി.പിയുമായി യോജിച്ചുപോകാൻ കഴിയുമോയെന്ന സംശയമാണ് ലോകബാങ്ക് പ്രതിനിധികൾ പ്രകടിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP