Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അച്ഛന്റെയും അമ്മയുടെയും അനുജത്തിയുടേയും ജീവൻ ട്രെയിൻ എടുത്തപ്പോഴും ജീവനു വേണ്ടിയുള്ള രോഹിണിയുടെ കരച്ചിൽ കേട്ടത് വഴിപോക്കനായ ഓട്ടോ റിക്ഷാ ഡ്രൈവറും ശങ്കേഴ്‌സ് ആശുപത്രിയും; മരണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട രോഹിണി ഇന്ന് സിനിമാ താരം

അച്ഛന്റെയും അമ്മയുടെയും അനുജത്തിയുടേയും ജീവൻ ട്രെയിൻ എടുത്തപ്പോഴും ജീവനു വേണ്ടിയുള്ള രോഹിണിയുടെ കരച്ചിൽ കേട്ടത് വഴിപോക്കനായ ഓട്ടോ റിക്ഷാ ഡ്രൈവറും ശങ്കേഴ്‌സ് ആശുപത്രിയും; മരണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട രോഹിണി ഇന്ന് സിനിമാ താരം

കൊല്ലം: അന്ന് ജൂണിലെ ആ രാത്രിയിലാണ് രോഹിണിയുടെ ജീവന് ഒരു ഓട്ടോറിക്ഷാക്കാരൻ രക്ഷകനായത്. സഞ്ചരിച്ച വണ്ടിയിൽ ട്രയിൻ ഇടിക്കുമ്പോൾ എങ്ങനെയോ പുറത്തേക്ക് തെറിച്ച് വീണ ചോരയിൽ കുളിച്ച പിഞ്ചു കുഞ്ഞിന്റെ ശരീരത്തെ ആ ഓട്ടോറിക്ഷാ ഡ്രൈവർ അവഗണിച്ചിരുന്നെങ്കിൽ രോഹിണി എന്ന ഈ കോച്ചു മിടുക്കി ഇന്ന് ഈ ലോകത്ത് തന്നെ ഉണ്ടാകുമായിരുന്നില്ല. അച്ഛനും അമ്മയ്ക്കും കുഞ്ഞനുജത്തിക്കും ഒപ്പം അവളും ഈ ലോകത്ത് നിന്ന് തന്നെ യാത്രയായേനെ.

പക്ഷെ അവളുടെ വിധി അതായിരുന്നില്ല. അവളെ കാത്ത് നല്ലൊരു ജീവിതം ദൈവം കരുതി വെച്ചിരുന്നു. ആരുടെയൊക്കെയോ കരുണ കൊണ്ട് അന്ന് ആ അപകടത്തിൽ നിന്നും രക്ഷപ്പെട്ട രോഹിണി ഇന്ന് ഒരു സിനിമാ താരം ആണ്. ജയസൂര്യ നായകനായ ചിത്രത്തിൽ അഭിനയിക്കുന്നു. രണ്ട് ആൽബത്തിൽ അഭിനയിച്ചു. കരുനാഗപ്പള്ളി ടൗൺ എൽപി സ്‌കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ രോഹിണി നൃത്തത്തിലും പാട്ടിലും പഠനത്തിലും മിടുക്കി. അന്ന് ട്രെയിൻ അപകടത്തിന്റെ രൂപത്തിൽ അച്ഛനെയും അമ്മയേയും അനിയത്തിയേയും ദൈവം തിരികെ വിളിച്ചപ്പോൾ അവളെ മാത്രം ജീവിതത്തിലേക്ക് എടുത്ത് എറിഞ്ഞത് ഇതൊക്കെ കൊണ്ടാവാം

നാലുവർഷം മുൻപു കരുനാഗപ്പള്ളിയിൽ മാതാപിതാക്കൾക്കും ഒരു വയസ്സുള്ള അനിയത്തിക്കുമൊപ്പം റെയിൽവേ ട്രാക്കിൽ ചതഞ്ഞരഞ്ഞു തീരേണ്ടതായിരുന്നു രോഹിണിയും. പാലോലിക്കുളങ്ങര റെയിൽവേ ഗേറ്റിനു സമീപമാണു നാലംഗ കുടുംബം ദുരന്തത്തിൽപ്പെട്ടത്. രോഹിണിയുടെ മാതാപിതാക്കളായ ശ്രീകുമാർ (29), വിജി (മായ23), അനിയത്തി രേവതി എന്നിവരുടെ ജീവൻ നഷ്ടമായി.

എങ്ങനെയോ ദൂരേക്കു തെറിച്ചുപോയ അഞ്ചു വയസ്സുകാരിയുടെ ശരീരത്തിൽ ജീവന്റെ തുടിപ്പു ശേഷിച്ചു. രോഹിണിയെ കിട്ടിയതാവട്ടെ വളരെ സുരക്ഷിതമായ കൈകളിലും. ചോരയിൽ കുളിച്ചൊരു പിഞ്ചുശരീരവുമായി അജ്ഞാതനായ ഓട്ടോ ഡ്രൈവർ കൊല്ലം ശങ്കേഴ്‌സ് ആശുപത്രിയിൽ പഞ്ഞെത്തി. ശങ്കേഴ്‌സിൽ പീഡിയാട്രിക് സർജൻ ഡോ.എൻ.സുരേന്ദ്രന്റെ കൈകളിലാണു രോഹിണി എത്തിയത്.

അന്ന് കൂടെ ആരുമില്ല. എന്തു ചെയ്യണമെന്നു തീരുമാനിക്കാൻ മെഡിക്കൽ മിഷൻ സെക്രട്ടറി ഡോ.എൻ.ജയദേവൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഫോണിൽ വിളിച്ചു. മൂന്നാംദിനമാണു രോഹിണിയെ തേടി അമ്മൂമ്മ അംബിക എത്തിയത്. വെന്റിലേറ്ററിലായിരുന്നു കുട്ടി. അമ്മൂമ്മ തന്നെയാണോ എന്ന് ഉറപ്പുവരുത്താൻ നാട്ടിലെ പഞ്ചായത്ത് അംഗത്തെ ഡോക്ടർ വിളിച്ചുവരുത്തി.

ഒരാഴ്ചയിലേറെ രോഹിണി അബോധാവസ്ഥയിലായിരുന്നു. ഒരു മാസത്തിലേറെ ആശുപത്രിയിൽ കഴിഞ്ഞശേഷമാണ് അവൾ സാധാരണ നിലയിലായത്. ഇതിനിടെ ഒന്നിലേറെ ശസ്ത്രക്രിയകൾ. രണ്ടര ലക്ഷത്തോളം രൂപ ചികിൽസയ്ക്കായി.

വസ്ത്രം, ഭക്ഷണം തുടങ്ങി എല്ലാം നൽകിയത് ആശുപത്രിയിൽ നിന്നാണ്. ജീവനക്കാർ ഊഴം വച്ചു രോഹിണിക്കു ഭക്ഷണം കൊണ്ടുവന്നു. ആശുപത്രി വിടാറായപ്പോൾ ഡോക്ടർമാരും ജീവനക്കാരും പിരിവെടുത്ത തുക അവളുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചു. മാസം 2500 രൂപ പലിശ ലഭിക്കുന്ന മറ്റൊരു അക്കൗണ്ടും തുടങ്ങി.

അന്ന് ആ ഓട്ടോ റിക്ഷാ ഡ്രൈവറും സഹായഹസ്തവുമായി ശങ്കേഴ്‌സ് ആശുപത്രിയും ഇല്ലായിരുന്നെങ്കിൽ രോഹിണി ഇന്ന് ഈ ഭൂമുഖത്ത് തന്നെ ഉണ്ടാവുമായിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP