Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാവോയിസ്റ്റ് നേതാവ് രൂപേഷും ഭാര്യ ഷൈനയും അടക്കം അഞ്ച് പേർ അറസ്റ്റിൽ; പിടിയിലായവരിൽ മലയാളിയായ അനൂപും; കുടുക്കിയത് കോയമ്പത്തൂരിലെ കരുമറ്റംപെട്ടിയിൽ ആന്ധ്രാപൊലീസ്; വലയിലായത് വയനാട് കേന്ദ്രീകരിച്ച് സായുധ വിപ്ലവത്തിന് നേതൃത്വം നൽകിയവർ; മാവോ വേട്ടയിൽ നിർണ്ണായക വഴിത്തിരിവ്; സന്തോഷം പങ്കുവച്ച് ആഭ്യന്തരമന്ത്രി ചെന്നിത്തല

മാവോയിസ്റ്റ് നേതാവ് രൂപേഷും ഭാര്യ ഷൈനയും അടക്കം അഞ്ച് പേർ അറസ്റ്റിൽ; പിടിയിലായവരിൽ മലയാളിയായ അനൂപും; കുടുക്കിയത് കോയമ്പത്തൂരിലെ കരുമറ്റംപെട്ടിയിൽ ആന്ധ്രാപൊലീസ്; വലയിലായത് വയനാട് കേന്ദ്രീകരിച്ച് സായുധ വിപ്ലവത്തിന് നേതൃത്വം നൽകിയവർ; മാവോ വേട്ടയിൽ നിർണ്ണായക വഴിത്തിരിവ്; സന്തോഷം പങ്കുവച്ച് ആഭ്യന്തരമന്ത്രി ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

കോയമ്പത്തൂർ: മാവോയിസ്റ്റ് നേതാവും മലയാളിയുമായ രൂപേഷ് പൊലീസിന്റെ പിടിയിലായി. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ വച്ച് ആന്ധ്രാ പൊലീസാണ് രൂപേഷിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ ഷൈന, മലയാളിയായ അനൂപ്, തമിഴ്‌നാട് സ്വദേശിയായ കണ്ണൻ, വീരമണി എന്നിവരുൾപ്പെടെ അഞ്ചു പേർ കൂടി രൂപേഷിനൊപ്പം പിടിയിലായിട്ടുണ്ട്. കോയമ്പത്തൂരിന് സമീപം കരുമറ്റംപെട്ടി എന്ന സ്ഥലത്തുവച്ചാണ് ഇവരെ ആന്ധ്രാ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ അറസ്റ്റ് കേരളാ പൊലീസും സ്ഥിരീകരിച്ചു. നാളെ ഇവരെ കേരളത്തിൽ കൊണ്ടു വരാനുള്ള നടപടിക്രമങ്ങൾ പൊലീസ് തുടങ്ങിക്കഴിഞ്ഞു. ആന്ധ്രാപ്രദേശിലെ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്ന് ഡിജിപി ബാലസുബ്രഹ്മണ്യം സ്ഥിരീകരിച്ചു.

ഇവരെ കോയമ്പത്തൂരിലെ രഹസ്യ കേന്ദ്രത്തിൽ ചോദ്യംചെയ്യുകയാണ്. ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം കേരളാ പൊലീസിന് കൈമാറുമെന്നാണ് സൂചന. കോയമ്പത്തൂരിനടുത്തു കരുമറ്റംപെട്ടി എന്ന സ്ഥലത്തു രഹസ്യയോഗം ചേരുന്നതിനിടെ ഇന്ന് ഉച്ചയോടെയാണ് ഇവരെ പിടികൂടുന്നത്. കേരളത്തിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്കു ചുക്കാൻപിടിച്ചിരുന്ന വ്യക്തിയായിരുന്നു രൂപേഷ്. മാവോയിസ്റ്റ് ആക്രമണവുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ പൊലീസ് രൂപേഷിനെ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. 2008ലാണു രൂപേഷ് ഒളിവിൽപ്പോയത്. നിരവധി തവണ പൊലീസിന്റെ കൈയിൽനിന്നു തലനാരിഴയ്ക്കു രൂപേഷ് രക്ഷപ്പെടുകയായിരുന്നു.

കേരള പൊലീസിന്റെ ചരിത്രത്തിലെ നല്ല വാർത്തകളിലൊന്നാണ് രൂപേഷിന്റെ അറസ്റ്റെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇതോടെ കേരളത്തിലെ മാവോയിസ്റ്റ് നീക്കത്തിന് കനത്ത തിരിച്ചടിയാണെന്നും ചെന്നിത്തല പറഞ്ഞു. അയൽ സംസ്ഥാനങ്ങളിലെ പൊലീസ് സേനകളുമായി ഒന്നിച്ചു നടത്തിയ ഓപ്പറേഷന്റെ ഫലമാണിത്. ആഴ്ചകളായി ഇവരുടെ നീക്കം ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. കേരളത്തിലെ കേസുകൾ മുന്നോട്ടുകൊണ്ടുപോകാനുള്ള ആലോചനകൾ നടക്കുകയാണ്. കേരള പൊലീസിനു കൈമാറുമോയെന്ന ചോദ്യത്തിന്, ഇപ്പോൾ അതിനുള്ള രൂപമായിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.

കേരളത്തിൽ മാവോയിസ്റ്റ് സംഘടനയിൽ ഭിന്നിപ്പ് രൂക്ഷമായിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം മറുനാടൻ മലയാൡറിപ്പോർട്ട് ചെയ്തിരുന്നു. രണ്ട് തലത്തിലുള്ള ചിന്തകൾ സജീവമായി. ഇതിന്റെ ഭാഗമായി ആരെങ്കിലും ഒറ്റികൊടുത്തതാണോ അറസ്‌റ്റെന്ന സംശയവും പ്രബലമാണ്. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. വയനാടൻ കാടുകളിൽ രൂപേഷും സംഘവും ഉണ്ടെന്നായിരുന്നു വിലയിരുത്തൽ. ഈ മേഖലയിൽ നടന്ന ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയത് രൂപേഷെന്നായിരുന്നു വിവരം. ആദിവാസി ഊരുകളിൽ എത്തി കാര്യങ്ങൾ തിരക്കി പോവുന്ന പതിവുമുണ്ടായിരുന്നു. വയനാട്ടിൽ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിനെ നേരെ വെടിവയ്‌പ്പ് നടത്തിയും രൂപേഷിന്റെ നേതൃത്വത്തിലായിരുന്നു. അതോടെ തെരച്ചിൽ ശക്തമാക്കി. ക്വാറികളെ ആക്രമിച്ച് ആദിവാസികളെ കൈയിലെടുക്കാനുള്ള നീക്കവും ഫലിച്ചില്ല. ഇതിനിടെ നിറ്റാ ജലാറ്റിൻ ഓഫീസിലേക്കും മറ്റും നടന്ന ആക്രമണങ്ങളും വിവാദമായി. ഇതിനിടെ സംഘടനയിൽ ഭിന്നതയും രൂക്ഷമായി.

ഈ സാഹചര്യത്തിലാകാം രൂപേഷ് വയനാടൻ കാടുകളിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് മാറിയതെന്നാണ് പൊലീസ് വിലയിരുത്തൽ. വിശദമായ ചോദ്യം ചെയ്യലിലേ കാര്യങ്ങൾ വ്യക്തമാകൂ. എതായാലും കേരളത്തിലെ മാവോയിസ്റ്റ് വേട്ടയിലെ നിർണ്ണായക വഴിത്തിരിവാണ് രൂപേഷിന്റെ അറസ്റ്റ്. കേരളത്തിൽ സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്ത് രൂപേഷിന്റെ വിഡിയോ പ്രത്യക്ഷപ്പെട്ടതു മുതൽ പൊലീസ് ഈ മാവോയിസ്റ്റ് നേതാവിന് പിറകെയായിരുന്നു. രൂപേഷും ഭാര്യ ഷൈനയും പലപ്പോഴും പൊലീസ് വല മുറിച്ചു കടന്നു. ആസൂത്രിത നീക്കത്തിലൂടെ അതീവ രഹസ്യമായാണ് ദക്ഷിണേന്ത്യയിലെ പ്രധാന മാവോയിസ്റ്റ് നേതാവിനെ ആന്ധ്രാ പൊലീസ് കുടുക്കിയത്. ദക്ഷിണേന്ത്യയിൽ മാവോയിസ്റ്റ് നീക്കങ്ങളുടെ യഥാർത്ഥ ചിത്രം രൂപേഷിനറിയാം. അതുകൊണ്ട് തന്നെ മാവോയിസ്റ്റ് വേട്ടയിൽ അതിപ്രധാനമാണ് രൂപേഷിന്റെ അറസ്റ്റ്.

ഷൊർണൂരിലെ തീവണ്ടി അട്ടിമറിയും ആന്ധ്രയിലെ മാവോവാദി നേതാക്കളെ കേരളത്തിൽ ഒളിവിൽ താമസിപ്പിച്ചതും അടക്കമുള്ള കേസുകളിൽ രൂപേഷിനെ പൊലീസ് അന്വേഷിച്ചുകൊണ്ടിിരിക്കുന്നു. പത്തു വർഷമായി രൂപേഷും അഞ്ചുവർഷമായി അദ്ദേഹത്തിന്റെ ഭാര്യ ഷൈനയും ഒളിവിലായിരുന്നു. ഇവരുടെ പ്രായപൂർത്തിയായിട്ടില്ലാത്ത പെൺമക്കളെയും ഈ കുട്ടികളെ പരിരക്ഷിക്കുന്ന ഷൈനയുടെ മാതാവിനെയും പൊലീസ് നിരീക്ഷിച്ചിരുന്നു. മക്കളും മാവോവാദികളുമായി ബന്ധമുള്ളവരാണെന്നാണ് പൊലീസ് വിലയിരുത്തൽ. ഇത്തരം നിരീക്ഷണങ്ങൾ നടത്തിയെങ്കിലും രൂപേഷിനേയും ഭാര്യയേയും അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കമൊന്നും ഫലം കണ്ടില്ല. ഇതിനിടെയിലാണ് പശ്ചിമഘട്ട സംരക്ഷണ സമിതിയെന്ന പേരിൽ വയനാടൻ കാടുകളിൽ ഇവരുടെ സാന്നിധ്യമെത്തുന്നത്.

രൂപേഷ് ഒളിജീവിതത്തിനിടയിൽ എഴുതിയ നോവലിൽ 'മാവോയിസ്റ്റ്' ഡി സി ബുക്‌സ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിച്ചിരിക്കുന്നു. മാവോയിസ്റ്റ് പ്രവർത്തനങ്ങളുടെയും അതിനെതിരെയുള്ള പൊലീസ് സന്നാഹങ്ങളുടെയും വിശദാംശങ്ങളാണ് നോവലിന്റെ പൊതുവായ പ്രമേയം. ഇതം പൊലീസിന് വലിയ നാണക്കേടായി. പലപ്പോഴും പൊലീസ് വല സമർത്ഥമായി പൊട്ടിച്ച് കടക്കാൻ രൂപേഷിനും ഭാര്യയ്ക്കുമായി. സുന്ദരിയെന്ന വനിതാ മാവോയിസ്റ്റ് നേതാവും ഇവർക്കൊപ്പം ചേർന്നതോടെ വയനാട് കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കി. ക്വാറികളിലും മറ്റും പരസ്യ ആക്രമണങ്ങൾ നടത്തി. ചാനലുകളിൽ താനാണ് നേതാവെന്ന് വ്യക്തമാക്കി രൂപേഷ് പ്രത്യക്ഷപ്പെടുകയും ചെയ്തു. കേരളാ പൊലീസിന്റെ റാപ്പിഡ് ആക്ഷൻ ഫോഴ്‌സും കമാണ്ടോകലും വയനാടൻ കാടുകൾ അരിച്ചു പെറുക്കി. പക്ഷേ രൂപേഷിനെ മാത്രം കിട്ടിയില്ല.

ഇതിനിടെയാണ് സംസ്ഥാനത്തെ മാവോ പ്രസ്ഥാനത്തിൽ ഭിന്നത രൂക്ഷമാകുന്നത്. മാവോയിസ്റ്റുകളിലെ പ്രധാന വിഭാഗത്തിന്റെ പ്രവർത്തനത്തെ എതിർത്ത് തീവ്രസമരങ്ങൾ നടത്തണമെന്നഭിപ്രായമുള്ള വിമതവിഭാഗം സംഘടനാ പ്രവർത്തനം താൽക്കാലികമായി നിർത്തിയതായാണ് റിപ്പോർട്ടുകൾ. പശ്ചിമഘട്ട സോണൽ കമ്മിറ്റി ഇതോടെ സംസ്ഥാനത്തെ വിപ്ലവ പ്രവർത്തനത്തിന് ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ അവധി നൽകിയിട്ടുണ്ട്. അടുത്ത കാലത്തായി സംഘടനയിൽ എത്തിയ നക്‌സൽ അനുഭാവികളാണ് നിലവിലെ നേതൃത്വത്തിനെതിരായി രംഗത്ത് വന്നത്. ആക്രമണസ്വഭാവമുള്ള ജനകീയസമരങ്ങൾ കൂടുതൽ നടത്തണമെന്ന നിലപാടുള്ളവരാണ് പുതുതായി സംഘടനയിൽ ചേർന്ന നക്‌സൽ അനുഭാവികൾ. ഇതോടെ രൂപേഷിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെട്ടു.

സിപിഐ (എംഎൽ ലിബറേഷൻ) 2006ലാണ് മാവോയിസ്റ്റ് ഗ്രൂപ്പുമായി കൈകോർക്കുന്നത്. ഇതോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആന്ധ്രയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന അതിവിപ്ലവ പ്രവർത്തനം പശ്ചിമഘട്ടത്തിന്റെ വനവഴികളിലൂടെ മലയാള മണ്ണിലുമെത്തി. ആദ്യം കേവലം പോസ്റ്ററുകളിലൂടെയും നോട്ടീസുകളിലൂടെയും മാത്രം ആദിവാസികളെ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനമെങ്കിൽ പിന്നീട് അത് പ്രത്യക്ഷ ആക്രമണങ്ങളിലേക്ക് വഴിമാറി. രൂപേഷ് ഉൾപ്പെടെയുള്ള പ്രമുഖരായ മാവോയിസ്റ്റ് നേതാക്കളുടെയെല്ലാം എതിർപ്പ് സോണൽ കമ്മിറ്റിയിൽ പ്രതിഫലിച്ചെങ്കിലും ഭൂരിപക്ഷം കേഡർമാരും പരസ്യമായ സായുധസമരത്തെ അനുകൂലിച്ചില്ല.ന്നുഇതോടെയാണ് കേന്ദ്രീകൃത ജനാധിപത്യ രീതിയിൽ തന്നെ പ്രവർത്തിക്കുന്ന മാവോയിസ്റ്റ് ഗ്രൂപ്പ് കോർപ്പറേറ്റുകൾക്കും ഭൂമാഫിയയ്ക്കുമൊക്കെ എതിരായി സായുധ വിപ്ലവം സംഘടിപ്പിച്ചത്.

അർബൻ ദളങ്ങൾ എന്ന പേരിൽ നാഗരിക ഗ്രൂപ്പുകളുണ്ടാക്കി തിരഞ്ഞെടുക്കപ്പെട്ട ഏതാനും പ്രവർത്തകരെ മാത്രം മുൻനിരയിൽ നിർത്തി അക്രമണം നടത്തുക എന്ന തന്ത്രം തുടക്കത്തിൽ പൂർണമായി വിജയിപ്പിച്ചെടുക്കാൻ മാവോയിസ്റ്റുകൾക്ക് സാധിച്ചെങ്കിലും ഏറ്റവും ഒടുവിൽ നടന്ന പാലക്കാട് ചന്ദ്രനഗർ റസ്റ്റോറന്റ് അക്രമണക്കേസിൽ മൂന്നു പേർ പിടിയിലായതോടെ തീരുമാനം തെറ്റാണെന്ന തരത്തിൽ പാർട്ടിക്കുള്ളിൽ തന്നെയാണ് വീണ്ടും അഭിപ്രായങ്ങൾ ഉയർന്നിരുന്നത്. തങ്ങളുടെ സമരം ശരിയായിരുന്നുവെന്നുംരുഎന്നാൽ പുതിയ രാഷ്ട്രീയ പ്രവർത്തനത്തിനായി പ്രത്യക്ഷ ആക്രമണം താൽക്കാലികമായി അവസാനിപ്പിക്കുകയാണ് എന്നുമുള്ള തരത്തിൽ സോണൽ കമ്മറ്റി കൺവീനർ ജോഗിയുടെ പേരിൽ നോട്ടീസ് ഇറങ്ങിയെങ്കിലും പിന്നീട് പാർട്ടിയിൽ ഭിന്നത രൂക്ഷമാകുകയായിരുന്നു. എന്തായാലും വസന്തത്തിന്റെ ഇടിമുഴക്കത്തിനു കാതോർത്തു ചുവപ്പിന്റെ അതിവിപ്ലവ രാഷ്ട്രീയം ഉയർത്തി ആയുധമെടുത്ത് കീഴാളപക്ഷം ചേർന്നു പോരാട്ടം നടത്തുന്ന മാവോവാദികൾ രണ്ടു വഴിക്കായത് കേരളാ പൊലീസിനേയും സന്തോഷിപ്പിച്ചു. വിമതരിൽ നിന്ന് വിവരങ്ങൾ ചോർത്താനും നീക്കം നടന്നു. ഇതിന്റെ ഭാഗമായാണ് രൂപേഷും കൂട്ടരേയും വലയിൽ വീഴ്‌ത്താനായതെന്നും സൂചനയുണ്ട്.

പ്രവീൺ എന്ന രൂപേഷ് രാമചന്ദ്രന്റെയും സുമയുടെയും മകനായി തൃശ്ശൂർ വാടാനപ്പള്ളിയിലാണ് ജനിച്ചത്. കേരളത്തിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് അദൃശ്യമായി നേതൃത്വം വഹിച്ച വ്യക്തി എന്ന നിലയിലാണ് രൂപേഷ് ശ്രദ്ധേയനാവുന്നത്. നിലവിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)ന്റെ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യുറോ മെമ്പറുമാണ് അദേഹം. തൃശ്ശൂർ ആസ്ഥാനമായി രാഷ്ട്രീയ പ്രവർത്തനം നടത്തിയിരുന്ന രൂപേഷ് ശ്രീ കേരള വർമ്മ കോളേജിലാണ് ബിരുദപഠനം നടത്തിയിരുന്നത്. ആദ്യകാല സിപിഐ(എം.എൽ) പ്രവർത്തകനായ അദ്ദേഹം വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയ രംഗത്തെക്ക് കടന്നുവന്നത്. സിപിഐ(എം.എൽ)ന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ കേരള വിദ്യാർത്ഥി സംഘടന (കെ.വി എസ്) ആയിരുന്നു രൂപേഷിനെ രാഷ്ട്രീയ വളർച്ചക്ക് കാരണമായത്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)ന്റെ കേന്ദ്ര കമ്മിറ്റി അംഗവും മുൻ കേരള ഹൈക്കോടതി ക്ലാർക്കുമായ ഷൈനിയാണ് ഭാര്യ. അമരീന്ദ (ആമി), താച്ചു എന്നിവർ മക്കളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP