Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഒരു എംഎൽഎയും ഭരണവും കേന്ദ്രവും ഇല്ലായിരുന്നപ്പോഴും വെട്ടിയിട്ടുണ്ട്.. തീർത്തുകളയും.. കാണിക്കെടാ ഐഡി': ഒറ്റപ്പാലത്ത് ഏഷ്യാനെറ്റ്, റിപ്പോർട്ടർ ചാനൽ ലേഖകരെ മർദ്ദിച്ച ശേഷം ആർഎസ്എസുകാരുടെ കൊലവിളി; മാദ്ധ്യമപ്രവർത്തകർക്കെതിരെ വധഭീഷണി മുഴക്കിയത് സിപിഐ(എം) പ്രവർത്തരുടെ വീടാക്രമിച്ച ബിജെപിക്കാരെ കോടതിയിൽ എത്തിച്ചതു ചിത്രീകരിച്ചപ്പോൾ

'ഒരു എംഎൽഎയും ഭരണവും കേന്ദ്രവും ഇല്ലായിരുന്നപ്പോഴും വെട്ടിയിട്ടുണ്ട്.. തീർത്തുകളയും.. കാണിക്കെടാ ഐഡി': ഒറ്റപ്പാലത്ത് ഏഷ്യാനെറ്റ്, റിപ്പോർട്ടർ ചാനൽ ലേഖകരെ മർദ്ദിച്ച ശേഷം ആർഎസ്എസുകാരുടെ കൊലവിളി;  മാദ്ധ്യമപ്രവർത്തകർക്കെതിരെ വധഭീഷണി മുഴക്കിയത് സിപിഐ(എം) പ്രവർത്തരുടെ വീടാക്രമിച്ച ബിജെപിക്കാരെ കോടതിയിൽ എത്തിച്ചതു ചിത്രീകരിച്ചപ്പോൾ

ഒറ്റപ്പാലം: കോടതിവളപ്പിൽ മാദ്ധ്യമപ്രവർത്തകരെ പരസ്യമായി കൊലവിളിച്ച് ആർഎസ്എസുകാർ. നെല്ലായിയിൽ സിപിഐ(എം) പ്രവർത്തകരുടെ വീടാക്രമിച്ച ആർഎസ്എസുകാരെ കോടതിയിൽ ഹാജരാക്കിയതു ചിത്രീകരിച്ചപ്പോഴാണ് മാദ്ധ്യമപ്രവർത്തകർക്കു നേർക്കു പരസ്യമായ കൊലവിളിയുണ്ടായത്.

'ഒരു എംഎൽഎ പോലുമില്ലാത്ത കാലത്തും ഇതിലപ്പുറം ചെയ്തിട്ടുണ്ട്; വെട്ടിനിന്നിട്ടുണ്ടെടാ, തീർത്തുകളയും ടാ' എന്നാക്രോശിച്ചാണ് മാദ്ധ്യമപ്രവർത്തകരെ ആർഎസ്എസുകാർ ആക്രമിച്ചത്. കോടതിവളപ്പിൽ പൊലീസുകാർ ഉൾപ്പെടെ നോക്കിനിൽക്കവെയായിരുന്നു ആർഎസ്എസുകാരുടെ അഴിഞ്ഞാട്ടം.

രണ്ടു ബൈക്കുകളിലായി എത്തിയ ആർഎസ്എസ് അക്രമി സംഘമാണ് ആക്രമണം നടത്തിയത്. 'നിങ്ങൾ ചാനലുകൾ വാർത്ത എടുക്കുമല്ലേ, കാണിക്കെടാ നിന്റെ ഐഡി, ചാനലിൽ വാർത്ത കൊടുത്തോ, ജില്ല പ്രചാരകന്റെ ദേഹത്തു കൊട്ടാൽ' തുടങ്ങിയ ആക്രോശങ്ങളുമായി മാദ്ധ്യമപ്രവർത്തകർക്കു നേരെ പാഞ്ഞടുക്കുകയായിരുന്നു. ആർഎസ്എസ് ജില്ലാപ്രചാരക് വിഷ്ണുവാണ് അതിക്രമത്തിന് നേതൃത്വം നൽകുന്നത്. തിരുവനന്തപുരം സ്വദേശിയാണ് ഇയാളെന്നാണു വിവരം.

പാലക്കാട് നെല്ലായിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ആറു പേരെ പൊലീസ് ഇന്നു രാവിലെ കസ്റ്റഡിയിൽ എടുത്തിരുന്നു. ബിജെപി പ്രവർത്തരെയാണ് ചെർപ്പുള്ളശ്ശേരിയിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ കോടതിയിൽ ഹാജരാക്കിയ ദൃശ്യങ്ങൾ പകർത്തിയപ്പോഴാണ് മാദ്ധ്യമപ്രവർത്തകർക്കു നേരെ ആക്രമണമുണ്ടായത്.

ക്യാമറകൾ ചിത്രീകരിക്കുന്നുണ്ടെന്നു മനസിലാക്കിയിട്ടും ആരെയും കൂസാതെ കൊലവിളിയും അധിക്ഷേപവും നടത്തുകയായിരുന്നു അക്രമികൾ. മാദ്ധ്യമപ്രവർത്തകർക്കു നേരെ തട്ടിക്കയറിയ ആർഎസ്എസ് അക്രമികൾ പ്രാദേശിക മാദ്ധ്യമപ്രവർത്തകന്റെ ക്യാമറയും തല്ലിത്തകർത്തു. നെല്ലായിയിൽ സിപിഐഎം പ്രവർത്തകരുടെ വീടുകൾ ആക്രമിച്ച ആർഎസ്എസുകാരെ കോടതിയിൽ ഹാജരാക്കിയതിന്റെ ദൃശ്യങ്ങൾ പകർത്തിയ റിപ്പോർട്ടർ ടിവി, ഏഷ്യാനെറ്റ് ന്യൂസ്, സിറ്റി ചാനൽ റിപ്പോർട്ടർമാരെയാണ് പ്രാദേശിക ആർഎസ്എസ് പ്രവർത്തകർ ആക്രമിച്ചത്.

ശ്രീജിത്ത് കോമ്പാല, ശ്യാംകുമാർ തുടങ്ങിയ റിപ്പോർട്ടർമാർക്കെതിരെ കൈയേറ്റം നടത്തുന്നതായും ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രതികളായ ആർഎസ്എസുകാരെ സ്വകാര്യവാഹനത്തിലാണ് കോടതിയിലെത്തിച്ചത്. മാരകായുധങ്ങളുമായി മറ്റൊരു വാഹനവും കോടതിവളപ്പിലെത്തിയിരുന്നു. ഇതിനു പുറമെയാണു ബൈക്കിലും അക്രമിസംഘമെത്തിയത്. പൊലീസുകാർ കൈയും കെട്ടി നോക്കിനിൽക്കവെയായിരുന്നു ആർഎസ്എസ് പ്രവർത്തകരുടെ അഴിഞ്ഞാട്ടം.

നെല്ലായിയിൽ അക്രമം നടത്തിയവരെ സംരക്ഷിക്കുന്ന നിലപാടാണു പൊലീസ് സ്വീകരിച്ചതെന്നു കഴിഞ്ഞ ദിവസം സിപിഐ(എം) എംഎൽഎ പി കെ ശശി വ്യക്തമാക്കിയിരുന്നു. പൊലീസുകാരോടു തട്ടിക്കേറുന്ന എംഎൽഎയുടെ വീഡിയോ കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. എന്നാൽ, ജനങ്ങളുടെ വികാരം തന്റെ വാക്കുകളിലൂടെ പ്രതിഫലിക്കുകയായിരുന്നുവെന്ന് പി കെ ശശി എംഎൽഎ വ്യക്തമാക്കി. ഇന്നു കോടതിവളപ്പിൽ കണ്ട കൊലവിളി ആർഎസ്എസ് അക്രമത്തെക്കുറിച്ചു താൻ പറഞ്ഞതു ശരിവയ്ക്കുകയാണെന്നും പി കെ ശശി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരെ ശകാരിച്ച സംഭവത്തിൽ പൊതുജനങ്ങൾക്ക് തെറ്റായി തൊന്നുന്നുണ്ടെങ്കിൽ താൻ ഖേദം പ്രകടിപ്പിക്കുന്നതായും പി കെ ശശി എംഎൽഎ പറഞ്ഞു.

മാദ്ധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടിയെന്നു മുഖ്യമന്ത്രി

സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. മാദ്ധ്യമസ്വാതന്ത്ര്യം ഹനിക്കുന്ന നടപടിയെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജെപി കേരളത്തിൽ അഹങ്കാരത്തിന്റെ മൂർത്തിമത് ഭാവമായി മാറിയെന്നു ചെന്നിത്തല

ബിജെപി കേരളത്തിൽ അഹങ്കാരത്തിന്റെ മൂർത്തിമത് ഭാവമായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മാദ്ധ്യമപ്രവർത്തകർക്കു നേരെയുണ്ടായ അതിക്രമത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കോടതിവളപ്പിൽ പൊലീസുകാർ നോക്കിനിൽക്കെയാണ് സംഭവമെന്നത് ഇതിന്റെ ഗൗരവം വർധിപ്പിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബിജെപിയും ആർഎസ്എസും കുറച്ചുനാളുകളായി ആരെയും വകവയ്ക്കാൻ കൂട്ടാക്കാതെയുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും ഇത് അനുവദിക്കാൻ പാടില്ലെന്നും ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP