Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

റെയിൽവേയെ നോക്കിയിരുന്നിട്ട് കാര്യമില്ലെന്ന് മനസ്സിലായ കേരളം ശബരി റെയിൽ പാതയുമായി മുന്നോട്ട്; 51 ശതമാനം ഉടമസ്ഥാവകാശവും കേരളത്തിന്; അങ്കമാലി-എരുമേലി-പുനലൂർ റെയിൽപാതയ്ക്ക് വീണ്ടും ജീവൻ വയ്ക്കുന്നു; തൊടുപുഴ, പാല, ഇരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, എരുമേലി, റാന്നി വഴിയുള്ള പാത മലയോര കേരളത്തിന് ആശ്വാസമേകും

റെയിൽവേയെ നോക്കിയിരുന്നിട്ട് കാര്യമില്ലെന്ന് മനസ്സിലായ കേരളം ശബരി റെയിൽ പാതയുമായി മുന്നോട്ട്; 51 ശതമാനം ഉടമസ്ഥാവകാശവും കേരളത്തിന്; അങ്കമാലി-എരുമേലി-പുനലൂർ റെയിൽപാതയ്ക്ക് വീണ്ടും ജീവൻ വയ്ക്കുന്നു; തൊടുപുഴ, പാല, ഇരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, എരുമേലി, റാന്നി വഴിയുള്ള പാത മലയോര കേരളത്തിന് ആശ്വാസമേകും

പത്തനംതിട്ട: ശബരി റെയിൽവേ പദ്ധതിക്ക വീണ്ടും ജീവൻ വയ്ക്കുന്നു. പച്ചവെളിച്ചം കാണാതെ കിടന്നിരുന്ന ശബരി റെയിൽവേ പദ്ധതിക്ക് ഇനി വേഗതയേറുമെന്നാണു വിലയിരുത്തൽ.

പദ്ധതി പൂർത്തിയാക്കാൻ കേരളാ സർക്കാരും റെയിൽവേ ബോർഡും കൈകോർക്കുന്ന സാഹചര്യത്തിലാണ് പ്രതീക്ഷ സജീവമാകുന്നത്. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണു സംയുക്തസംരംഭത്തിനു തീരുമാനമെടുത്തത്. സബർബൻ റെയിൽവേ സിഇഒ. ടോമി സിറിയക്കായിരിക്കും കോ-ഓർഡിനേറ്റർ. സംസ്ഥാന സർക്കാരിന് 51 ശതമാനവും റെയിൽവേക്ക് 49 ശതമാനം ഓഹരിയുമായിരിക്കും പദ്ധതിയിലുണ്ടാകുക. ഇതോടെ നിയന്ത്രണം സംസ്ഥാന സർക്കാരിന്റെ കൈകളിലെത്തും.

പദ്ധതി എരുമേലിയിൽനിന്നും പുനലൂർ വരെ നീട്ടാനും എരുമേലി-പുനലൂർ ലൈനിന്റെ എസ്റ്റിമേറ്റ് എടുക്കാനും തീരുമാനിച്ചു. വിവിധ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ വിഭാവന ചെയ്ത 'പ്രഗതി' പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നടത്തിപ്പിനായി സംസ്ഥാന സർക്കാർ മുതൽ മുടക്കണമെന്ന റെയിൽവേയുടെ ആവശ്യമാണ് ഇപ്പോൾ സഫലമായിട്ടുള്ളത്.

നിലവിൽ അങ്കമാലി മുതൽ എട്ടു കിലോമീറ്റർ ഭാഗം വരെ റെയിൽവെ ലൈൻ വലിച്ചിട്ടുണ്ട്. കാലടി സ്റ്റേഷന്റെ നിർമ്മാണവും പൂർത്തിയായി. പെരിയാറിനു കുറുകെ കാലടിയിൽ പാലവും നിർമ്മിച്ചു. അങ്കമാലി മുതൽ എരുമേലി വരെയുള്ള 116 കിലോമീറ്റർ സ്ഥലത്ത് പദ്ധതി പൂർത്തിയാക്കുന്നതിന് 1998-ൽ 540 കോടി രൂപയായിരുന്നു എസ്റ്റിമേറ്റ്. ഇപ്പോഴത് 2600 കോടിയായി വർധിച്ചു.

191 കിലോമീറ്റർ ദൂരം വരുന്ന അങ്കമാലി-എരുമേലി-പുനലൂർ പാതയിൽ 20 റെയിൽവേ സ്റ്റേഷനുകളാണ് വിഭാവന ചെയ്തിട്ടുള്ളത്.
അങ്കമാലി, പുനലൂർ സ്റ്റേഷനുകൾ ഇതോടെ ജങ്ഷനായി മാറും. കാലടി, പെരുമ്പാവൂർ, കോടാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, പാല, ചെമ്മനമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി, റാന്നി, പത്തനംതിട്ട, കോന്നി, കൂടൽ, പത്തനാപുരം എന്നിവയാണ് മറ്റു സ്റ്റേഷനുകൾ.

പദ്ധതി നടത്തിപ്പിനായി കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും ഇടപെടലുകൾ ഉണ്ടായിരുന്നതായി ശബരി റെയിൽവേ ജനറൽ കൺവീനർ അജി ബി. റാന്നി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP