സുപ്രീംകോടതി വിധിയിൽ ആശങ്കകളില്ല; തന്റെ കർത്തവ്യ നിർവ്വഹണത്തിന് ഇത് തടസമല്ല; എല്ലാം നന്നായി വരട്ടേയെന്നാണ് പ്രാർത്ഥനയെന്നും നിയുക്ത മേൽശാന്തി; പൂജാ കാര്യങ്ങൾ മാത്രമാണ് തന്റെ ഉത്തരവാദിത്തമെന്ന് വ്യക്തമാക്കി മലകയറാൻ ഉറച്ച് മേൽശാന്തി വാസുദേവൻ നമ്പൂതിരി; മണ്ഡല തീർത്ഥാടനത്തിന് തുടക്കമിട്ട് ശബരിമല നാളെ തുറക്കും
November 15, 2018 | 07:55 AM IST | Permalink

സ്വന്തം ലേഖകൻ
പമ്പ: ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയിൽ ആശങ്കകളില്ലെന്ന് നിയുക്ത ശബരിമല മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരി. തന്റെ കർത്തവ്യ നിർവ്വഹണത്തിന് ഇത് തടസമല്ല. എല്ലാം നന്നായി വരട്ടേയെന്നാണ് പ്രാർത്ഥനയെന്നും യുവതീപ്രവേശന വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ശബരിമലയിൽ ദർശനം നടത്താമെന്ന സുപ്രീംകോടതി വിധിയേതുടർന്ന് കേരളത്തിൽ ഉണ്ടായ പ്രശ്നങ്ങൾ തന്നെ ബാധിക്കുന്ന പ്രശ്നമല്ലെന്ന് വി.എൻ. വാസുദേവൻ നമ്പൂതിരി നേരത്തെയും വ്യക്തമാക്കിയിരുന്നു. പൂജാ കാര്യങ്ങൾ മാത്രമാണ് തന്റെ ഉത്തരവാദിത്തം. മറ്റ് പ്രശ്നങ്ങൾ പരിഹരിക്കേണ്ടവർ പരിഹരിച്ചു കൊള്ളുമെന്നും പാലക്കാട് വരിക്കശ്ശേരി ഇല്ലത്തെ അംഗമായ അദ്ദേഹം വ്യക്തമാക്കി.
മണ്ഡലകാലത്തിന്റെ വിശുദ്ധിയിൽ പൊന്നമ്പല നട നാളെ തുറക്കും. നിലവിലെ മേൽശാന്തി എ.വി.ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയാണ് നട തുറക്കുക. മണ്ണാർക്കാട് തച്ചനാട്ടകം കണ്ടൂർകുന്ന് വരിക്കാശേരിമനയിൽ വി.എൻ.വാസുദേവൻ നമ്പൂതിരി സന്നിധാനത്തും തിരുവൻവണ്ടൂർ ഇരമല്ലിക്കര മാമ്പറ്റ ഇല്ലത്ത് എം.എൻ. നാരായണൻ നമ്പൂതിരി മാളികപ്പുറത്തും പുതിയ മേൽശാന്തിമാരായി ചുമതലയേൽക്കും.
മണ്ഡലകാല സുരക്ഷയ്ക്ക് 5200 പൊലീസുകാരെ നിയോഗിച്ചു. എഡിജിപി അനിൽകാന്തിന്റെ നേതൃത്വത്തിൽ 3 ഐജിമാർക്കാണു സുരക്ഷാ ചുമതല. ചിത്തിര ആട്ടത്തിരുനാളിനു സന്നിധാനത്തിന്റെ ചുമതലയുണ്ടായിരുന്ന തൃശൂർ റേഞ്ച് ഐജി എം.ആർ. അജിത്കുമാറിനു പകരം കൊച്ചി റേഞ്ച് ഐജി വിജയ് സാക്കറെയെ നിയോഗിക്കും. ഇന്റലിജൻസ് ഐജി അശോക് യാദവ് പമ്പയുടെ ചുമതലയിൽ തുടരും. സുരക്ഷയുടെ മൊത്തം മേൽനോട്ടം ഐജി മനോജ് ഏബ്രഹാമിനാണ്.
