Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സന്നിധാനത്തും സോപാനത്തുമടക്കം തിരക്ക് നിയന്ത്രിക്കുന്നതിൽ പൊലീസിന്റെ നാലാം ബാച്ചും വമ്പൻ പരാജയം; മകരവിളക്ക് ഉത്സവത്തിനായി നട തുറന്ന് ആദ്യ ദിനം തന്നെ പൊലീസിനെതിരെ പമ്പയിൽ നിന്നടക്കം ഉയരുന്നത് നിരവധി പരാതികൾ

സന്നിധാനത്തും സോപാനത്തുമടക്കം തിരക്ക് നിയന്ത്രിക്കുന്നതിൽ പൊലീസിന്റെ നാലാം ബാച്ചും വമ്പൻ പരാജയം; മകരവിളക്ക് ഉത്സവത്തിനായി നട തുറന്ന് ആദ്യ ദിനം തന്നെ പൊലീസിനെതിരെ പമ്പയിൽ നിന്നടക്കം ഉയരുന്നത് നിരവധി പരാതികൾ

എസ് രാജീവ്‌

ശബരിമല: സന്നിധാനത്തും സോപാനത്തുമടക്കം തിരക്ക് നിയന്ത്രിക്കുന്നതിൽ പൊലീസിന്റെ നാലാം ബാച്ചും വമ്പൻ പരാജയമെന്ന് ആരോപണമുയരുന്നു. മകരവിളക്ക് ഉത്സവത്തിനായി നട തുറന്ന് ആദ്യ ദിനം പിന്നിടുമ്പോൾ തന്നെ പൊലീസിനെതിരെ പമ്പയിൽ നിന്നടക്കം ഉയരുന്നത് നിരവധി പരാതികൾ. പൊലീസിന്റെ ബലപ്രയോഗത്തിനും അമിത നിയന്ത്രണങ്ങൾക്കും എതിരെ തീർത്ഥാടകരിൽ ചിലർ പ്രതികരിച്ചു കൂടി തുടങ്ങിയതോടെ സോപാനത്തടക്കം നിലനിൽക്കുന്നത് കലുഷിതമായ അന്തരീക്ഷം.

പൊലീസിനെതിരെ ഉയർന്ന പരാതി സംസ്ഥാന പൊലീസ് മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ്. മണ്ഡല കാലാവസാന ഘട്ടത്തിൽ സന്നിധാനത്തിന്റെ നിയന്ത്രണ ചുമതലയുണ്ടായിരുന്ന മൂന്നാം പൊലീസ് ബാച്ചിനെതിരെ അതിരൂക്ഷമായ ആരോപണങ്ങളാണ് ഉയർന്നിരുന്നത്. ഈ സാഹചര്യത്തിൽ തീർത്ഥാടകരോട് ക്ഷമയോടും മാന്യമായും പെരുമാറണമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച ചുമതലയേറ്റ നാലാം ബാച്ചിന് കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇവയൊന്നും തന്നെ വകവെയ്ക്കാത്ത മട്ടിലാണ് പൊലീസിന്റെ പെരുമാറ്റമെന്നാണ് നിലവിലെ സംഭവ വികാസങ്ങൾ വ്യക്തമാക്കുന്നത്.

സോപാന ഡ്യൂട്ടിയിലുണ്ടായിരുന്ന ചില പൊലീസ് ഉദ്യോഗസ്ഥരുടെ ബലപ്രയോഗത്തിനെതിരെ ആന്ധ്രയിൽ നിന്നെത്തിയ തീർത്ഥാടക സംഘം ചൊവ്വാഴ്ച രാവിലെ പ്രതികരിച്ചിരുന്നു. തുടർന്ന് പൊലീസുകാർ കൂട്ടം ചേർന്ന് ആന്ധ്രാ സംഘത്തെ സോപാനത്തിന്റെ ഭാഗത്ത് നിന്നും തള്ളി നീക്കുകയായിരുന്നു. സോപാനത്തിന് മുന്നിലെത്തുന്ന തീർത്ഥാടകർക്ക് നേരെ പൊലിസ് അനാവശ്യമായി ബലപ്രയോഗം നടത്തുന്നതാണ് പ്രശ്‌നങ്ങൾക്ക് കാരണം. തീർത്ഥാടകർക്കുള്ള നിരയിൽ ഡ്യൂട്ടിയില്ലാത്ത പൊലീസുകാർ സംഘം ചേർന്ന് ഏറെ നേരം ചെലവഴിച്ച് ദർശനം നടത്തുന്നതും സോപാനത്തെ തിക്കിനും തിരക്കിനും ഇടയാക്കുന്നുണ്ട്. മണിക്കൂറുകൾ കാത്തു നിന്ന് അയ്യപ്പ സന്നിധിയിൽ എത്തുന്ന തീർത്ഥാടകർക്ക് ഇതുമൂലം സുഖ ദർശനം സാധ്യമാകുന്നില്ല.

ഇതരസംസ്ഥാന തീർത്ഥാടകർക്ക് നേരെയാണ് പൊലീസിന്റെ മോശം പെരുമാറ്റം ഏറെയും നടക്കുന്നത്. ദർശനം ലഭിക്കാത്ത തീർത്ഥാടകർ പൊലീസിനോട് കയർത്തു സംസാരിക്കുന്നതും സോപാനത്ത് പതിവാകുന്നുണ്ട്. ദർശനം ലഭിച്ചില്ലെന്ന് പരാതിപ്പെടുന്നവരെ പൊലീസ് ശ്രീകോവിലിന് സമീപത്തു നിന്നും തള്ളി പുറത്താക്കുകയാണ് ചെയ്യുന്നത്. പൊലിസിന്റെ ഉന്തിലും തള്ളിലും പെട്ട് നിരവധി പേർ നിലത്ത് വീഴുകയും ചെയ്യുന്നുമുണ്ട്. മണ്ഡലക്കാലത്ത് മൂന്നാം ഘട്ടം ഡ്യൂട്ടിക്കെത്തിയ പൊലിസ് ഉദ്യോഗസ്ഥർ തിരക്ക് നിയന്ത്രണത്തിന് ലാത്തിയും കാട്ടുകമ്പുകളും ഉപയോഗിച്ച് തീർക്കടകരെ നേരിട്ടത് വ്യാപക പരാതിക്ക് കാരണമായിരുന്നു. പ്രധാനമായും മരക്കൂട്ടത്തും ശരംകുത്തിയിലുമായിരുന്നു പൊലീസിന്റെ വടി പ്രയോഗം. മാത്രമല്ല കാനന പാതയിൽ തീർത്ഥാടകരുടെ വാഹനങ്ങൾ ആഹാരവും വെള്ളവും ലഭിക്കാത്ത ഇടങ്ങളിൽ മണിക്കുറുകളോളം തടഞ്ഞടുകയും ചെയ്തു.

പൊലിസിന്റെ അനാവശ്യമായ നിയന്ത്രണങ്ങളെ തുടർന്ന് തീർത്ഥാടകർ ദുരിതത്തിലായതോടെ ദേവസ്വം ബോർഡും പൊലിസിനെതിരെ രംഗത്തെത്തിയിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് തീർത്ഥാടകരോട് ക്ഷമയോടെ പെരുമാറണമെന്ന് നാലാംഘട്ട ഡ്യൂട്ടിക്കെത്തിയ പൊലീസുകാാർക്ക് പൊലിസ് സ്‌പെഷ്യൽ ഓഫീസർ പ്രത്യേക നിർദ്ദേശം നൽകിയത്. മാത്രമല്ല 57 ഇന നിർദേശങ്ങൾ അടങ്ങിയ തീർത്ഥാടന കൈപ്പുസ്തകവും പൊലീസുകാർക്ക് തിങ്കളാഴ്ച വിതരണം ചെയ്തിതിരുന്നു.

എന്നാൽ ഇത് വായിച്ചു നോക്കാൻ പോലും മൈനക്കെടാതെ പൊലിസ് മേധാവിയുടെ നിർദ്ദേശം പാടേ തള്ളുന്ന തരത്തിലുുള്ള പൊലീസിന്റെ നിലപാടാണ് പുതിയ പ്രശ്‌നങ്ങൾക്ക് കാരണം. തീർത്ഥാടകരോടുള്ള പൊലീസിന്റെ പെരുമാറ്റം മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പതിനെട്ടാം പടിയിലും സോപാനത്തും പൊലീസിനെ ഒഴിവാക്കി ദേവസ്വം ഗാർഡുകളെ നിയോഗിക്കുന്ന കാര്യവും ബോർഡിന്റെ സജീവ പരിഗണനയിലാണെന്നാണ് ലഭിക്കുന്ന വിവരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP