Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശബരിമല ദർശനത്തിന് സുരക്ഷ തേടി രഹ്ന ഫാത്തിമ സമർപ്പിച്ച റിട്ട് ഹർജിക്കെതിരെ തടസ്സ ഹർജിയുമായി അഖില ഭാരതീയ അയ്യപ്പ ധർമ്മ പ്രചാര സഭ; ശബരിമല ആചാര സംരക്ഷണ സമിതിയും നാളെ തടസ്സ ഹർജി സമർപ്പിച്ചേക്കും

ശബരിമല ദർശനത്തിന് സുരക്ഷ തേടി രഹ്ന ഫാത്തിമ സമർപ്പിച്ച റിട്ട് ഹർജിക്കെതിരെ തടസ്സ ഹർജിയുമായി അഖില ഭാരതീയ അയ്യപ്പ ധർമ്മ പ്രചാര സഭ; ശബരിമല ആചാര സംരക്ഷണ സമിതിയും നാളെ തടസ്സ ഹർജി സമർപ്പിച്ചേക്കും

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ശബരിമല ദർശനത്തിന് സുരക്ഷ തേടി രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത റിട്ട് ഹർജിക്കെതിരെ തടസ്സ ഹർജി. രഹ്ന ഫാത്തിമക്കെതിരെ അഖില ഭാരതീയ അയ്യപ്പ ധർമ്മ പ്രചാര സഭയാണ് തടസ്സ ഹർജി ഫയൽ ചെയ്തത്. തങ്ങളുടെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നാണ് തടസ്സഹർജിയിൽ ആവശ്യപ്പെടുന്നത്. രഹ്ന ഫാത്തിമയുടെ ഹർജിയിൽ ശബരിമല ആചാര സംരക്ഷണ സമിതി തിങ്കളാഴ്ച തടസ്സ ഹർജി സമർപ്പിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.

ശബരിമല ദർശനത്തിന് സംരക്ഷണം തേടി രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും നൽകിയ ഹർജികളിൽ ഈ ആഴ്ച വാദം കേൾക്കാം എന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ വ്യക്തമാക്കിയിരുന്നു. ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബിന്ദു അമ്മിണി സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ നൽകിയ പുനഃപരിശോധനാ ഹർജികളിൽ തീരുമാനമെടുക്കുവാൻ വിശാല ബെഞ്ചിന് വിട്ട സുപ്രീം കോടതി വിധിയിൽ ജസ്റ്റിസ് റോഹിങ്ടൺ നരിമാനും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും എഴുതിയ ന്യൂനപക്ഷ വിധി പത്ര-ദൃശ്യമാധ്യമങ്ങളിൽ കൂടി വ്യാപക പ്രചാരണം നൽകണമെന്നും, ഈ ആവശ്യപ്രകാരമുള്ള നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ബിന്ദു അമ്മിണി ആവശ്യപ്പെടുന്നു.

ബിന്ദു അമ്മിണിയുടെ അപേക്ഷ ശബരിമല സന്ദർശനത്തിന് സംരക്ഷണം തേടി രഹ്ന ഫാത്തിമ നൽകിയ റിട്ട് ഹർജിക്കൊപ്പം ഈ ആഴ്ച കേൾക്കാം എന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ നേരത്തെ വ്യക്തമാക്കിയിരുന്നു. 2018ലെ ശബരിമല യുവതി പ്രവേശന വിധി അന്തിമമല്ലെന്നും വിപുലമായ ബെഞ്ച് കേസ് പരിഗണിക്കുന്നതിനാലാണ് വിധി അന്തിമമല്ലാത്തതെന്നും അദ്ദേഹം പരാമർശിച്ചിരുന്നു.

അതിനിടെ, രഹ്ന ഫാത്തിമയുടെയും ബിന്ദു അമ്മിണിയുടെയും ആവശ്യം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് അരയ സമാജം (കണ്ണൻകടവ് ശ്രീകുറുംബ ഭഗവതി ക്ഷേത്ര ധർമ്മ പരിപാലന അരയസമാജം) സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. രഹ്ന ഫാത്തിമ നൽകിയ ഹർജിയിൽ കക്ഷി ചേരാനാണ് അരയ സമാജം സുപ്രീം കോടതിയിൽ അപേക്ഷ നൽകിയത്.

ശബരിമല സന്ദർശിക്കാൻ കോടതിയെ സമീപിച്ചവർ യഥാർത്ഥ ഭക്തരല്ലെന്ന് അപേക്ഷയിൽ അരയ സമാജം ചൂണ്ടിക്കാട്ടുന്നു. 'സ്വാർത്ഥ താത്പര്യങ്ങൾ ഉള്ള രാഷ്ട്രീയ ആക്ടിവിസ്റ്റുകൾ ആണ് കോടതിയെ സമീപിച്ചത്. പ്രശസ്തി ആണ് ലക്ഷ്യം'. ബലം പ്രയോഗിച്ച് യുവതികളെ ശബരിമലയിൽ പ്രവേശിപ്പിച്ചാൽ അത് ശബരിമലയിലും സംസ്ഥാനത്തും നിലനിൽക്കുന്ന സമാധാന അന്തരീക്ഷം തകർക്കുമെന്നും അരയ സമാജം ചൂണ്ടിക്കാട്ടുന്നു.

ശബരിമല യുവതീ പ്രവേശന വിഷയം, മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം, പാഴ്സി സ്ത്രീകളുടെ ആരാധനാവകാശം തുടങ്ങിയ വിഷയങ്ങൾ സുപ്രീം കോടതിയിലെ ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട വിഷയങ്ങൾ ആണ്. ഇപ്പോൾ തിരക്കിട്ട് ശബരിമലയിലേക്ക് യുവതീ പ്രവേശനം അനുവദിക്കരുത്. യുവതീ പ്രവേശനം തിരക്കിട്ട് അനുവദിച്ചാൽ ഹിന്ദു സമൂഹത്തിൽ ഉണ്ടാകുന്ന മുറിവ് പിന്നീട് ശമിപ്പിക്കാൻ കഴിയില്ലെന്നും അരയ സമാജം അപേക്ഷയിൽ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP