Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമ്മമാരെ അണിനിരത്തി ഭക്തർ പ്രതിഷേധത്തിന് കച്ചകെട്ടുമ്പോൾ രണ്ടുനാൾ മുമ്പേ മുൻകരുതലുമായി പൊലീസ്; ശബരിമലയിൽ നിരോധനാജ്ഞ; പ്രഖ്യാപനം ബാധകമാവുക നിലയ്ക്കലും പമ്പയിലും ഇലവുങ്കലും സന്നിധാനത്തും; നിയന്ത്രണം നാളെ രാത്രി മുതൽ ആറിന് രാത്രി വരെ; സന്നിധാനം മുതൽ നിലയ്ക്കൽ വരെ ഐജിമാർക്ക് ചുമതല; ദർശനത്തിന് ആരെത്തിയാലും സംരക്ഷണം നൽകുമെന്ന് പത്തനംതിട്ട പൊലീസ് മേധാവി; ശബരിമല സംഘർഷത്തിൽ ഇതുവരെ അറസ്റ്റിലായത് 3701 പേരെന്ന് ഡിജിപി

അമ്മമാരെ അണിനിരത്തി ഭക്തർ പ്രതിഷേധത്തിന് കച്ചകെട്ടുമ്പോൾ രണ്ടുനാൾ മുമ്പേ മുൻകരുതലുമായി പൊലീസ്; ശബരിമലയിൽ നിരോധനാജ്ഞ; പ്രഖ്യാപനം ബാധകമാവുക നിലയ്ക്കലും പമ്പയിലും ഇലവുങ്കലും സന്നിധാനത്തും; നിയന്ത്രണം നാളെ രാത്രി മുതൽ ആറിന് രാത്രി വരെ; സന്നിധാനം മുതൽ നിലയ്ക്കൽ വരെ ഐജിമാർക്ക് ചുമതല; ദർശനത്തിന് ആരെത്തിയാലും സംരക്ഷണം നൽകുമെന്ന് പത്തനംതിട്ട പൊലീസ് മേധാവി; ശബരിമല സംഘർഷത്തിൽ ഇതുവരെ അറസ്റ്റിലായത് 3701 പേരെന്ന് ഡിജിപി

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ശബരിമലയിൽ നാളെ രാത്രി മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആറാം തീയതി രാത്രിവരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നിലയ്ക്കൽ, പമ്പ, ഇലവുങ്കൽ, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ ബാധകമാകുന്നത്. നാളെ രാത്രി മുതൽ ആറാം തീയതി രാത്രി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറക്കുന്നത് ഈ മാസം അഞ്ചിനാണ്.

ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും മുഴുവൻ റോഡുകളിലും ഉപ റോഡുകളിലും നിരോധനാജ്ഞ ബാധകമാണ്. പ്രാർത്ഥനാ യജ്ഞം, മാർച്ച്, പ്രകടനം, പൊതുയോഗം, മറ്റ് നിയമ വിരുദ്ധ സംഘം ചേരൽ എന്നിവയ്ക്ക് നിരോധനം ബാധകമാണ്. ശബരിമല ദർശനത്തിന് എത്തുന്ന തീർത്ഥാടകർക്ക് സമാധാനപരമായി ദർശനം നടത്തുന്നതിനും അവരുടെ വാഹനങ്ങൾ സുഗമമായി സഞ്ചരിക്കുന്നതിനും നിരോധനാജ്ഞയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെയും റാന്നി തഹസീൽദാരുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്

യുവതികളെ പ്രവേശിപ്പിക്കാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കുമെന്നു സർക്കാരും പ്രതിരോധിക്കുമെന്നു സമരക്കാരും നിലപാടെടുത്തതോടെ സംഘർഷ സാധ്യത മുന്നിൽക്കണ്ടാണു പൊലീസിന്റെ നടപടി. അഞ്ചിനു വൈകുന്നേരം അഞ്ചിനാണ് ചിത്തിര ആട്ടവിശേഷത്തിനു നട തുറക്കുന്നത്. ശനിയാഴ്ച രാവിലെ തന്നെ പൊലീസ് വിന്യാസം പൂർത്തിയാക്കുമെന്നാണു സൂചന. ആറിനു രാത്രി പത്തിനാണ് നട അടയ്ക്കുന്നത്. നട തുറന്നിരിക്കുന്ന 29 മണിക്കൂർ പൊലീസിനു നിർണായകമാകും.

തുലാമാസ പൂജയ്ക്കു നട തുറന്നപ്പോഴുണ്ടായ സംഘർഷങ്ങൾ മുൻനിർത്തി വേണ്ടത്ര മുൻകരുതലെടുക്കാനാണ് രണ്ടു ദിവസം മുമ്പ പൊലീസിനെ വിന്യസിക്കുന്നത്. നിലയ്ക്കൽ, പമ്പ, കാനനപാത, സന്നിധാനം എന്നിവിടങ്ങളിൽ അനാവശ്യമായി ആളുകൾ തങ്ങുന്നത് ഒഴിവാക്കാൻ പൊലീസ് ശ്രമിക്കും. എന്നാൽ, എത്രയധികം പൊലീസിനെ വിന്യസിച്ചാലും ഒരു യുവതിപോലും സന്നിധാനത്തു പ്രവേശിക്കാൻ അനുവദിക്കില്ലെന്നാണ് പ്രതിഷേധ രംഗത്തുള്ളവർ പറയുന്നത്.

സ്ത്രീകളെ മുൻനിർത്തിയുള്ള പ്രതിഷേധത്തിനാണു സാധ്യത കൂടുതൽ. ബിജെപി ഉൾപ്പെടെയുള്ള സംഘടനകൾ ഇതിനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. വടശേരിക്കര, ഇലവുങ്കൽ, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നീ സ്ഥലങ്ങൾ പൊലീസ് സുരക്ഷാമേഖലയാക്കി. ഐജി പി. വിജയനാണു സന്നിധാനത്തെ ചുമതല. വർഷങ്ങളായി തീർത്ഥാടന കാലത്തെ സുരക്ഷാ മേൽനോട്ടം വഹിച്ചുവരുന്നതു വിജയനാണ്. നിലയ്ക്കൽ മുതൽ പമ്പ വരെ ചുമതല ഐജി എം.ആർ. അജിത്കുമാറിനാണ്. ഐജിമാർക്കൊപ്പം ഐപിഎസ് ഓഫീസർമാരും സഹായത്തിനുണ്ടാകും. മരക്കൂട്ടത്ത് എസ്‌പിമാർക്കാണ് ചുമതല. 16ന് ആരംഭിക്കുന്ന മണ്ഡലകാല മുന്നൊരുക്കങ്ങളുടെ ഭാഗം കൂടിയാണ് ഇത്തവണത്തെ ക്രമീകരണങ്ങൾ. സുപ്രീംകോടതി വിധി പ്രകാരം ശബരിമല ദർശനത്തിനു പൊലീസ് സംരക്ഷണം തേടി ആരെങ്കിലും എത്തിയാൽ സുരക്ഷ നൽകുമെന്നു പത്തനംതിട്ട പൊലീസ് മേധാവി ടി.നാരായണൻ പറഞ്ഞു.

ബരിമല സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് കേസുകളിൽ ഇതുവരെ അറസ്റ്റിലായത് 3701 പേർ. ആകെ രജിസ്റ്റർ ചെയ്ത 543 കേസുകളിലാണ് സംസ്ഥാനത്ത് ഇത്രയും പേർ അറസ്റ്റിലായതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റ അറിയിച്ചു.ഹർത്താൽ, വഴിയതടയൽ, സംഘർഷം, കലാപമുണ്ടാക്കാൻ ശ്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. അക്രമം അഴിച്ചുവിട്ടവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.അക്രമസംഭവത്തിൽ ഉൾപ്പെട്ട 210 പേരുടെ ചിത്രങ്ങൾ നേരത്തേ പൊലീസ് പുറത്തു വിട്ടിരുന്നു. പൊലീസ് തയ്യാറാക്കിയ പട്ടികയിലുള്ള ഭൂരിഭാഗം പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതിനിടെ, ശബരിമല യുവതി പ്രവേശന വിഷയത്തിൽ നിലയ്ക്കലിലും പമ്പയിലും നടന്ന സംഘർഷത്തിന്റെ ദൃശ്യങ്ങൾ ഹാജരാക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. സംഘർഷത്തിൽ അറസ്റ്റിലായ അഭിഭാഷകന്റെ ജാമ്യഹർജി പരിഗണിക്കവേയായിരുന്നു കോടതിയുടെ നിർദ്ദേശം. ആ സമയത്ത് സ്ഥലത്തുണ്ടായിരുന്ന എല്ലാ ദൃശ്യമാധ്യമങ്ങളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും ദൃശ്യങ്ങൾ നൽകാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.

ശബരിമല വിഷയത്തിൽ സംഘർഷമുണ്ടാക്കാൻ കോടതിയെ ഉപയോഗിക്കരുതെന്ന് കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു. അയ്യപ്പഭക്തൻ പൊലീസ് നടപടിയിൽ കൊല്ലപ്പെട്ടെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് കോടതിയുടെ പരാമർശം. തൽക്കാലം ഈ വിഷയത്തിൽ ഇടപെടുന്നില്ല എന്ന നിലപാടാണു ഹൈക്കോടതി കൈക്കൊണ്ടത്. ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ശബരിമലയിലെ പൊലീസ് നടപടികൾ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്ന് ആവശ്യപ്പെട്ട് എസ്. ജയരാജ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, പി.ആർ.രാമചന്ദ്ര മേനോൻ എന്നിവരാണ് പരാമർശം നടത്തിയത്. ശിവദാസൻ മരിച്ചതിനെപ്പറ്റി പൊലീസ് അന്വേഷണം നടക്കുന്നതേയുള്ളൂ എന്നും തങ്ങളറിഞ്ഞത് അദ്ദേഹം വാഹനാപകടത്തിലാണു മരിച്ചതെന്നാണല്ലോ എന്നും ജഡ്ജിമാർ പറഞ്ഞു. പൊലീസ് അന്വേഷിക്കുന്ന വിഷയമായതിനാൽ കൂടുതൽ പരാമർശങ്ങളിലേക്കു കോടതി കടന്നില്ല.

ശബരിമലയുമായി ബന്ധപ്പെട്ട് മൂന്ന് ഹർജികളാണ് ഇന്ന് ഹൈക്കോടതി പരിഗണിച്ചത്. ശബരിമലയിലെ പൊലീസ് നടപടിയിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹർജിയും, സംഘർഷത്തിൽ അറസ്റ്റിലായ രണ്ട് പേരുടെ ജാമ്യഹർജികളും കോടതിയുടെ പരിഗണനയ്ക്കെത്തി.

അതേസമയം, ശബരിമല സംഘർഷത്തിൽ അറസ്റ്റിലായ തൃപ്പൂണിത്തുറ സ്വദേശി നൽകിയ ജാമ്യഹർജിയിൽ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ കേസിൽ പ്രതി ചേർക്കാവൂ എന്ന് കോടതി സർക്കാരിനോട് നിർദ്ദേശം നൽകി. കുറ്റകൃത്യത്തിൽ പങ്കാളിത്തമുണ്ടെങ്കിൽ മാത്രമേ അറസ്റ്റ് പാടുള്ളൂ എന്നും കോടതി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP