Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശബരിമല സ്ത്രീപ്രവേശനത്തിൽ സമവായമുണ്ടാക്കാൻ ദേവസ്വം ബോർഡ് നടത്തിയ ചർച്ച പരാജയപ്പെട്ടു; ബോർഡ് നിലപാട് ദുഃഖകരമെന്ന് പറഞ്ഞ് യോഗത്തിൽ നിന്നും ഇറങ്ങിപ്പോന്നു പന്തളം രാജകൊട്ടാര പ്രതിനിധി ശശികുമാര വർമ്മ; ഇന്ന് തന്നെ പുനപ്പരിശോധനാ ഹർജിയിൽ തീരുമാനം വേണെമെന്നും വിധി നടപ്പിലാക്കരുതെന്നുമുള്ള ആവശ്യം തള്ളിയതോടെ യോഗം അലസി; ചർച്ചയ്ക്ക് ഇനിയും തയ്യാറെന്നും റിവ്യൂഹർജിയുടെ സാധ്യത പരിശോധിക്കുമെന്നും പ്രസിഡന്റ് എ പത്മകുമാർ

ശബരിമല സ്ത്രീപ്രവേശനത്തിൽ സമവായമുണ്ടാക്കാൻ ദേവസ്വം ബോർഡ് നടത്തിയ ചർച്ച പരാജയപ്പെട്ടു; ബോർഡ് നിലപാട് ദുഃഖകരമെന്ന് പറഞ്ഞ് യോഗത്തിൽ നിന്നും ഇറങ്ങിപ്പോന്നു പന്തളം രാജകൊട്ടാര പ്രതിനിധി ശശികുമാര വർമ്മ; ഇന്ന് തന്നെ പുനപ്പരിശോധനാ ഹർജിയിൽ തീരുമാനം വേണെമെന്നും വിധി നടപ്പിലാക്കരുതെന്നുമുള്ള ആവശ്യം തള്ളിയതോടെ യോഗം അലസി; ചർച്ചയ്ക്ക് ഇനിയും തയ്യാറെന്നും റിവ്യൂഹർജിയുടെ സാധ്യത പരിശോധിക്കുമെന്നും പ്രസിഡന്റ് എ പത്മകുമാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സമവായം ഉണ്ടാക്കാൻ തിരുവിതാകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് വിളിച്ച യോഗം അലസിപ്പിരിഞ്ഞു. ബോർഡ് നിലപാട് ദുഃഖകരമെന്ന് യോഗത്തിൽ നിന്നും പുറത്തുവന്ന പന്തളം രാജകൊട്ടാര പ്രതിനിധി ശശികുമാര വർമ്മ പറഞ്ഞു. ഭക്തരുടെ വികാരം ബോർഡ് പരിഗണിച്ചിട്ടില്ലെന്ന് സമവായ ചർച്ചക്ക് ശേഷം പുറത്തിറങ്ങിയ അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ സർക്കാർ നിലപാട് പുനപരിശോധിക്കണമെന്ന് പന്തളം കൊട്ടാരം ആവശ്യപ്പെട്ടെങ്കിലും ദേവസ്വം ബോർഡ് ഈ ആവശ്യം തള്ളി. ഇതോടെയാണ് ചർച്ച തള്ളിയത്.

അതേസമയം ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ ദേവസ്വം ബോർഡ് പുനപരിശോധനാ ഹർജി നൽകുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. നേരത്തെ സുപ്രീംകോടതി വിധിക്കൊപ്പമാണ് ബോർഡെന്നും പുനപരിശോധനാ ഹർജി നൽകില്ലെന്നും പ്രസിഡന്റ് ജി പത്മകുമാർ അറിയിച്ചിരുന്നു. എന്നാൽ പ്രതിഷേധം ശക്തമായതോടെ നിലപാടിൽ ദേവസ്വം ബോർഡ് പിന്നോക്കം പോയി. പന്തളം കൊട്ടാരവും തന്ത്രി കുടുംബവും എടുത്ത നിലപാടിനൊപ്പം നീങ്ങാൻ ദേവസ്വം ബോർഡ് തീരുമാനിക്കുകയാണെന്ന സൂചനയുണ്ട്.

ഇന്ന് ചർച്ചക്ക് ശേഷം മാധ്യമങ്ങളെ കണ്ട എം പത്മുകുമാർ ചർച്ചകൾക്ക് സർക്കാർ തയ്യാറാണെന്നും ഈമാസം 19ന് ചേരുന്ന ബോർഡ് യോഗത്തിന് ശേഷം തുടർന്നുള്ള കാര്യങ്ങൾ തീരുമാനിക്കുകയുള്ളൂവെന്നു പത്മകുമാർ അറിയിച്ചു. ദേവസ്വം ബോർഡ് റിവ്യൂഹർജി നൽകുന്ന കാര്യത്തിലെ സാധ്യത പരിശോധിക്കുമെന്നുമാണ് എം പത്മകുമാർ അറിയിച്ചരിക്കുന്നത്. തന്ത്രികുടുംബവും പന്തളം കൊട്ടാരവും കൂടാതെ തന്ത്രി സമാജം, അയ്യപ്പസേവാ സംഘം, അയ്യപ്പ സേവാ സമാജം, യോഗക്ഷേമ സഭ, താഴ്മൺ കുടുംബം എന്നിവരെയും ചർച്ചക്ക് വിളിച്ചിരുന്നു. പ്രതിഷേധ സമരങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകുന്ന എൻ.എസ്.എസ് അടക്കമുള്ള മറ്റു സമുദായ സംഘടനകളെ ചർച്ചയിലേക്ക് ക്ഷണിച്ചിരുന്നില്ല.

മുഖ്യമന്ത്രി നേരിട്ട് വിളിച്ച് ചർച്ച നടത്താൻ നേരത്തേ തീരുമാനിച്ചിരുന്നുവെങ്കിലും നടക്കാതെ പോയ ചർച്ചയാണ് ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ നടത്തിയത്. പ്രതിഷേധിക്കുന്നവരുടെ നിലപാട് കേൾക്കുകയും സർക്കാർ നിലപാടും ഇതുവരെ ചെയ്ത കാര്യങ്ങളും വിശദീകരിക്കുന്നതോടൊപ്പം മണ്ഡല മകര വിളക്ക് ഒരുക്കങ്ങളും യോഗത്തിൽ ചർച്ചയാകും. സമവായത്തിന് നീക്കം നടക്കുമ്പോഴും സംഘപരിവാർ സംഘടനകൾ സമരം ശക്തിപ്പെടുത്താനാണ് തീരുമാനം.

നേരത്തെ കോടതി വിധി നടപ്പാക്കുമെന്നും നിയമനിർമ്മാണം ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതി വിധി നടപ്പാക്കുക എന്നതാണ് സർക്കാർ നയം. നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ല. അത്തരക്കാർക്കെതിരെ ശക്തമായ ഇടപെടൽ ഉണ്ടാകും. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

യുവതികളെ തടയുന്ന രീതി ഇന്ന് ഉണ്ടായി എന്നറിഞ്ഞു. നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ല. വാഹന പരിശോധന ആർക്കും നടത്താനുള്ള അനുമതിയൊന്നുമില്ല. വിശ്വാസികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും. അതിന് തടസം നിൽക്കുന്നവരെ പ്രോത്സാഹിപ്പിക്കില്ല. ദേവസ്വം ബോർഡിന്റെ കാര്യം ദേവസ്വം ബോർഡാണ് തീരുമാനിക്കുന്നത്. സർക്കാർ ഒരു പുനപ്പരിശോധനാ ഹർജിക്കുമില്ല. സർക്കാർ നിലപാട് കോടതിയിൽ വ്യക്തമാക്കിയതാണ്. സർക്കാർ നിലപാട് പുരുഷനും സ്ത്രീയും തുല്യരാണ് എന്നതാണ്. കോടതി പറയുന്നത് അംഗീകരിക്കലാണ് സർക്കാരിന്റെ ചുമതലയെന്നും പിണറായി വ്യക്തമാക്കുകയുണ്ടായി.

നേരത്തെ സ്ത്രീകൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന കാര്യത്തിൽ ദേവസ്വം ബോർഡ് നിലപാട് പിന്നോട്ടു പോയിരുന്നു. സ്ത്രീകൾ വരുന്നതനുസരിച്ച് ഒരുക്കങ്ങൾ നടത്തുമെന്ന നിലപാട് മാറ്റിയാണ് പത്മകുമാർ പിന്നീട് സൗകര്യം ഒരുക്കില്ലെന്ന് പറഞ്ഞിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP