Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

4752 കോടിയുടെ ലോട്ടറി വിറ്റ സാന്റിയാഗോ മാർട്ടിൻ സിക്കിം സർക്കാറിന് നൽകിയത് 143 കോടി മാത്രം! ടിക്കറ്റ് അടിച്ചു കൂട്ടിയത് ശിവകാശിയിലെ പ്രസിൽ; ടിക്കറ്റ് എല്ലാം വിറ്റത് കേരളത്തിൽ എങ്കിലും സമ്മാനങ്ങൾ എല്ലാം മഹാരാഷ്ട്രക്കാർക്ക്

4752 കോടിയുടെ ലോട്ടറി വിറ്റ സാന്റിയാഗോ മാർട്ടിൻ സിക്കിം സർക്കാറിന് നൽകിയത് 143 കോടി മാത്രം! ടിക്കറ്റ് അടിച്ചു കൂട്ടിയത് ശിവകാശിയിലെ പ്രസിൽ; ടിക്കറ്റ് എല്ലാം വിറ്റത് കേരളത്തിൽ എങ്കിലും സമ്മാനങ്ങൾ എല്ലാം മഹാരാഷ്ട്രക്കാർക്ക്

തിരുവനന്തപുരം: അധികം ചെലവില്ലാതെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ സാന്റിയാഗോ മാർട്ടിൻ എന്ന ലോട്ടറി മാഫിയാ തലവൻ കേരളത്തിൽ നിന്നും അടിച്ചുമാറ്റിയത് 4752 കോടിയോളം രൂപ. ഇപ്പോൾ പിൻവാതിൽ വഴി വീണ്ടും കേരളത്തിൽ ലോട്ടറി വിൽക്കാൻ ശ്രമിക്കുന്ന സാന്റിയാഗോ സിക്കിം ലോട്ടറിയുടെ പേരിൽ അവിടുത്തെ ഭരണകൂടത്തെയും സമർത്ഥമായി കബളിപ്പിച്ചുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ലോട്ടറി കച്ചവടത്തിലൂടെ കേരളത്തിൽ നിന്നും 4600 കോടി രൂപ സമാഹരിച്ച മാർട്ടിൻ സിക്കിം സർക്കാറിന് നൽകിയത് വെറും 143 കോടി രൂപയാണെന്നും സിബിഐ കണ്ടെത്തി. ഇക്കാര്യം കേരളാ കൗമുദി ദിനപത്രമാണ് റിപ്പോർട്ട് ചെയ്തത്.

സിക്കിം സർക്കാർ ലോട്ടറി ഡയറക്ടറേറ്റിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മാർട്ടിൻ ഈ തട്ടിപ്പിന് കൂട്ടുനിന്നതെന്നും എം സുബൈർ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. കോടികളുടെ ത്ട്ടിപ്പിന് കൂട്ടുനിന്ന ഈ ഊദ്യോഗസ്ഥരെ തരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇവരെ തിരിച്ചറിഞ്ഞെങ്കിലും ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ സി.ബി.ഐ വ്യക്തമാക്കി. സിക്കിം സർക്കാരിന്റെ അനുമതി ലഭിക്കാത്താണ് നിയമ നടപടിയിലേക്ക് കടക്കുന്നതിന് തടസമായത്.

മാർട്ടിന്റെ കൊള്ളയടിയെ കുറിച്ച് അന്വേഷിച്ച് കേസെടുക്കാൻ സംസ്ഥാന സർക്കാറാണ് നിർദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം മ്യൂസിയം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച ഈ കേസുകൾ സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു. കോടിക്കണക്കിന് രൂപ തട്ടിയെടുക്കുന്നതിന് മാർട്ടിനും കൂട്ടാളികളും സിക്കിം സർക്കാർ ഉദ്യോഗസ്ഥന്മാരും ചേർന്ന് കുറ്റകരമായ ഗൂഢാലോചന നടത്തിയതായി സിബിഐ കണ്ടെത്തി. എന്നാൽ സിക്കിം സർക്കാറിന്റെ ഭാഗത്തു നിന്നും സഹകരണം ലഭിക്കാത്തത് അന്വേഷണം മുന്നോട്ട് പോകുന്നതിന് തടസമായി.

2009 ഏപ്രിൽ ഒന്നു മുതൽ 2010 മാർച്ച് 31 വരെയുള്ള കാലത്ത് 4752 കോടി രൂപയുടെ സിക്കിം ലോട്ടറി ടിക്കറ്റുകൾ കേരളത്തിൽ വിറ്റെങ്കിലും ഇതിൽ 142.93 കോടി രൂപ മാത്രമേ സിക്കിം സർക്കാരിന്റെ ഫണ്ടിലേക്ക് മാർട്ടിൻ അടച്ചിട്ടുള്ളൂ. ബാക്കി തുക മാർട്ടിന്റെ കമ്പനിയായ മാർട്ടിൻ ലോട്ടറി ഏജൻസീസ് സ്വന്തം കീശയിലാക്കി. മാർട്ടിനും കൂട്ടാളികൾക്കുമെതിരെ ഏഴ് കേസുകളാണ് സി.ബി.ഐ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മാർട്ടിന് പുറമേ ജോൺറൺ കെന്നഡി, ജോൺബ്രിട്ടോ, ജെ. മുരുകൻ, ശക്തിവേൽ, വി. സെൽവരാജ് എന്നിവരാണ് കേസിലെ പ്രതികൾ.

അതേസമയം സിക്കിം ലോട്ടറിയുടെ പേരിൽ കോടികളുടെ കള്ളപ്പണം വെളിപ്പിക്കലും നടന്നതായി ആക്ഷേപമുണ്ട്. ശിവകാശിയിലെ പ്രസിൽ അച്ചടിച്ചു കൂട്ടിയ ലോട്ടറികൾ കേരളമൊട്ടാകെ വിൽക്കുകയായിരുന്നു. ലോട്ടറി ടിക്കറ്റ് വില്പനയിലൂടെ കേരളത്തിലെ ജനങ്ങളിൽ നിന്ന് 4600 കോടി രൂപ കൊള്ളയടിച്ചപ്പോൾ ഓരോ നറുക്കെടുപ്പിനും സംസ്ഥാനത്തിന് ഇരുപത് ലക്ഷം രൂപ വീതം നികുതിയായി നൽകിയിട്ടുണ്ട്. പക്ഷേ, കണക്കിൽ കാണിക്കാതെ കോടിക്കണക്കിന് രൂപയുടെ ടിക്കറ്റുകൾ ഈ കമ്പനികൾ വിറ്റിട്ടുണ്ട്. സെക്യൂരിറ്റി പ്രസിൽ അച്ചടിച്ചവയാണ് ടിക്കറ്റുകളെന്നാണ് അവകാശപ്പെട്ടിരുന്ന സ്ഥാനത്താണ് ലോട്ടറികൾ സാധാരണ പ്രസിൽ അച്ചടിച്ച് തള്ളിയകത്.

സിക്കിം ലോട്ടറിയുടെ പ്രധാന മാർക്കറ്റ് കേരളമാണെങ്കിലും സമ്മാനങ്ങൾ കൂടുതൽ ലഭിച്ചത് സംസ്ഥാനത്തിനല്ല. നറുക്കെടുപ്പിൽ വിജയികളായത് മഹാരാഷ്ട്രയിൽ ഉള്ളവർക്കാണ്. ഈ ഭാഗ്യശാലികളാകട്ടെ ഇവിടത്തെ ബി.എ.സി, പി.ഡബ്‌ളിയു.ഡി, ജലസേചനം എന്നീ വകുപ്പുകളിലെ എൻജിനിയർമാരും സർവേ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻന്മാരുമാണെന്ന് സി.ബി.ഐ കണ്ടെത്തി. ഇത് കോഴപ്പണം വെളുപ്പിക്കാനായി മാർട്ടിനുമായി നടത്തിയ ഒത്തുകളിയാണെന്നാണ് സിബിഐ കണ്ടെത്തിയിട്ടുണ്ട്. സമ്മാനം ലഭിച്ചവരുടെ ലോട്ടറി ടിക്കറ്റുകൾ വാങ്ങി മഹാരാഷ്ട്രക്കാർക്ക് മറിച്ചു നൽകിയതിലൂടെ കോടികളുടെ ഇടപാട് നടക്കുന്നുവെന്നാണ് അറിയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP