Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആഭരണ-വസ്ത്ര-വെഡിങ് കാർഡ് നിർമ്മാണ യൂണിറ്റുകളിൽ മിന്നൽ പരിശോധന; ശരണബാല്യത്തെ വരവേറ്റ് ന്യൂഡൽഹിയും: രക്ഷപ്പെടുത്തിയത് 34 കുട്ടികളെ

ആഭരണ-വസ്ത്ര-വെഡിങ് കാർഡ് നിർമ്മാണ യൂണിറ്റുകളിൽ മിന്നൽ പരിശോധന; ശരണബാല്യത്തെ വരവേറ്റ് ന്യൂഡൽഹിയും: രക്ഷപ്പെടുത്തിയത് 34 കുട്ടികളെ

തിരുവനന്തപുരം: സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ബാലവേല, ബാലഭിക്ഷാടന, തെരുവ് ബാല്യ വിമുക്ത കേരളത്തിനായി ആരംഭിച്ച ശരണ ബാല്യം പദ്ധതിയെ വരവേറ്റ് ന്യൂഡൽഹിയും. സീലമ്പൂർ സബ്ബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ കേരളത്തിലെ ശരണബാല്യം ടീം ഡൽഹി പൊലീസിന്റെ സഹായത്തോടെ സീലമ്പൂർ ജില്ലയിലെ ഗോണ്ടയിൽ നടത്തിയ 3 റെസ്‌ക്യു ഓപ്പറേഷനിൽ ബാലവേലയിൽ ഏർപ്പെട്ടിരുന്ന 34 കുട്ടികളെ മോചിപ്പിച്ചു.

ലേബർ ഓഫീസർമാർ, പൊലീസ് ഓഫീസർമാർ, ബച്ച്പൻ ബച്ചാവോ ആന്ദോളൻ പ്രവർത്തകർ എന്നിവർ റെസ്‌ക്യു ഓപ്പറേഷനിൽ പങ്കെടുത്തു. ഈ ഉദ്യമത്തെ നോബൽ സമ്മാന ജേതാവായ കൈലാസ് സത്യാർത്ഥി നേതൃത്വം നൽകുന്ന ബച്ച്പൻ ബച്ചാവോ ആന്ദോളൻ, കേരള വനിതാ ശിശുവികസന വകുപ്പിനെ അഭിന്ദിക്കുകയും പരിശീലന സംഘം മുഖേന വകുപ്പ് മന്ത്രിക്ക് മെമന്റോ കൊടുത്തയയ്ക്കുകയും ചെയ്തു.

കേരളത്തിന്റെ ശരണബാല്യം പദ്ധതി ദേശീയ ശ്രദ്ധയിലെത്തിച്ച ഉദ്യോഗസ്ഥരെ ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അഭിനന്ദിച്ചു. രാജ്യത്ത് തന്നെ ആദ്യമായാണ് സർക്കാർ സംവിധാനത്തിന് കീഴിൽ ബാല വേല, ബാല ഭിക്ഷാടനം തടയുന്നതിനായി ചൈൽഡ് റെസ്‌ക്യൂ ഓഫീസേഴ്സിനെ നിയമിച്ചുകൊണ്ട് പ്രത്യേകമായിട്ടൊരു പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ശരണബാല്യം പദ്ധതിയുടെ പ്രവർത്തന ഫലമായി സംസ്ഥാനത്ത് 57 കുട്ടികളെയാണ് ഇതുവരെ മോചിപ്പിക്കുവാൻ സാധിച്ചത്. പത്തനംതിട്ട ജില്ലയിൽ ശബരിമല സീസണിലാണ് ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയത്. ഇത് വിജയകരമായതിനെ തുടർന്ന് ജനുവരി 1 മുതൽ കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിൽക്കൂടി വ്യാപിപ്പിച്ചു. ശരണബാല്യം പദ്ധതി കേരളത്തിലെ മറ്റ് 10 ജില്ലകളിൽ കൂടി ഉടൻ വ്യാപിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ശരണ ബാല്യം പദ്ധതിയുടെ ഭാഗമായി ന്യൂഡൽഹിയിൽ പരിശീലനത്തിനായി എത്തിചേർന്ന കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ല കളിലെ ഡി.സി.പി.ഒ.മാരുടെ നേതൃത്വത്തിലുള്ള മൂന്ന് ടീമുകളിലായുള്ള 21 റെസ്‌ക്യൂ ഓഫീസർമാരാണ് റെസ്‌ക്യു ഓപ്പറേഷനിൽ പങ്കെടുത്തത്. ആഭരണ നിർമ്മാണ യൂണിറ്റ്, വസ്ത്ര നിർമ്മാണ യൂണിറ്റ്, വെഡിങ് കാർഡ് നിർമ്മാണ യൂണിറ്റ് എന്നിവിടങ്ങളിൽ ബാലവേലക്കായി ഉപയോഗിച്ചിരുന്ന കുട്ടികളെയാണ് മോചിപ്പിച്ചത്. റെയ്ഡിനിടെ മൂന്ന് ഉദ്യോഗസ്ഥരെ തൊഴിലുടമകൾ തടഞ്ഞുവച്ചു. പൊലീസ് ഇടപെട്ടാണ് അവരെ മോചിപ്പിച്ചത്.

മോചിപ്പിക്കപ്പെട്ട കുട്ടികളെ ചൈൽഡ് വെൽഫയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കി തുടർ സംരക്ഷണത്തിനുള്ള നടപടി സ്വീകരിക്കുന്നതാണ്. നിർമ്മാണ യൂണിറ്റുകൾ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് സീൽ ചെയ്യുകയും കുട്ടികളെ ബാലവേലക്ക് വിധേയമാക്കിയ തൊഴിൽ ഉടമകൾക്കെതിരെ നിയമ നടപടികൾ ആരംഭിക്കുകയും ചെയ്യ്തിട്ടുണ്ട്.

ശരണ ബാല്യം പദ്ധതിയുടെ സ്റ്റേറ്റ് നോഡൽ ഓഫീസർ അബീൻ ഏ.ഒ, കൊല്ലം ഡി.സി.പി.ഒ സിജു ബെൻ, കോട്ടയം ഡി.സി.പി.ഒ ബിനോയ്.വി.ജെ എന്നിവരുടെ നേതൃത്വത്തിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചൈൽഡ് റെസ്‌ക്യു ഓഫീസർമാരാണ് റെസ്‌ക്യു ഓപ്പറേഷനിൽ പങ്കെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP