Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാമപുരം ബസ് അപകടം; കുരുന്നിന്റെ ജീവനെടുത്ത ശരണ്യ ബസിന്റെ ഡ്രൈവർ കീഴടങ്ങി; ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പൊലീസ്

രാമപുരം ബസ് അപകടം; കുരുന്നിന്റെ ജീവനെടുത്ത ശരണ്യ ബസിന്റെ ഡ്രൈവർ കീഴടങ്ങി; ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പൊലീസ്

കോട്ടയം: പാലാ രാമപുരത്ത് അമിതവേഗതയിൽ പാഞ്ഞ് വിദ്യാർത്ഥിയുടെ ജീവനെടുത്ത ശരണ്യ ബസിന്റെ ഡ്രൈവർ പൊലീസിൽ കീഴടങ്ങി. കോരുത്തോട് ഇടക്കുന്നം കാരാടിയിൽ രഞ്ചു(30)വാണ് രാമപുരം പൊലീസിൽ കീഴടങ്ങിയത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു രഞ്ചു രാമപുരം സിഐ ഓഫീസിലെത്തി കീഴടങ്ങിയത്. കഴിഞ്ഞ അഞ്ചിന് വൈകിട്ട് നടന്ന അപകടത്തിൽ ഒരു കുട്ടി മരിക്കുകയും ഒരു കുട്ടിക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടത്തിനുശേഷം ഒളിവിൽ പോയ ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കൽ, ഗുരുതരമായി പരുക്കേല്പിക്കൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തി ജാമ്യം ലഭിക്കാത്തവിധത്തിലാണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

എറണകുളം-പത്തനംതിട്ട റൂട്ടിൽ ഫാസ്റ്റായി സർവീസ് നടത്തിവന്നിരുന്ന കെ.എൽ. 34 9345 നമ്പരിലുള്ള ശരണ്യ ബസാണ് കഴിഞ്ഞ അഞ്ചാം തീയതി അപകടം ഉണ്ടാക്കിയത്. അമിത വേഗതയിൽ പെർമിറ്റ് ഇല്ലാത്ത രാമപുരം റൂട്ടിലൂടെ സർവ്വീസ് നടത്തവേയാണ് പാലാ-കൂത്താട്ടുകുളം റോഡിൽ രാമപുരം ടൗണിനടുത്ത് വെള്ളിലാപ്പള്ളി പുതുവേലി പാലത്തിന് സമീപം ശരണ്യ ബസ് അപകടമുണ്ടാക്കിയത്. അപകടത്തെതുടർന്ന് ബസ് നാട്ടുകാർ തല്ലിപൊളിക്കുകയും അധികൃതർ പെർമിറ്റ് റദ്ദാക്കുകയും ചെയ്തിരുന്നു. ഡ്രൈവർ രഞ്ചുവിന്റെ ലൈസൻസും സസ്‌പെന്റ് ചെയ്തിരുന്നു.

അപകടത്തിൽ രാമപുരം വെള്ളിലാപ്പള്ളി തേവർകുന്നേൽ സാജൻ തോമസിന്റ മകൻ ആകാശ്(13) മരിക്കുകയും സുഹൃത്ത് തേവർകുന്നേൽ ദിലീപിന്റെ മകൻ ക്രിസ്റ്റിക്ക്(15) സാരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. വെള്ളാലാപ്പള്ളിയിലെ സ്വകാര്യ ട്യൂഷൻ സെന്ററിൽനിന്ന് സൈക്കിളുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥികളെ പിന്നിലൂടെയെത്തിയ ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

സൈക്കിൾ തള്ളിക്കൊണ്ട് പരസ്പരം സംസാരിച്ചു നടക്കുകയായിരുന്നു ഇവർ. എറണാകുളത്തു നിന്ന് പത്തനംതിട്ടയ്ക്കു പോവുകയായിരുന്ന ബസ് പിന്നിൽ നിന്നു വന്ന് വിദ്യാർത്ഥികളെ ഇടിച്ചു തെറിപ്പിച്ചു. റോഡരികിലെ റബർ തോട്ടത്തിലേക്ക് ക്രിസ്റ്റി തെറിച്ചു വീണു. ആകാശിനെ ബസിനടിയിൽ നിന്നാണ് പുറത്തെടുത്തത്. ശബരിമല തീർത്ഥാടകരുടെ വാഹനത്തെ മറികടന്നെത്തിയ ശരണ്യ ബസ് എതിരെ വന്ന തടി കയറ്റിയ ലോറിയിൽ ഇടിക്കാതെ ഇടത്തേക്ക് വെട്ടിക്കുന്നതിനിടെയാണ് അപകടമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. തുടർന്ന് വൈദ്യുതി തൂണിൽ ഇടിച്ചാണ് ബസ് നിന്നത്. സംഭവത്തെ തുടർന്ന് നാട്ടുകാർ ബസ് തല്ലിത്തകർത്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP