Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഡൽഹിയിൽ വച്ച് മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്ന് പറയണം; രണ്ട് തവണ ഓഫീസിലും ഒരിക്കൽ സ്റ്റേജിൽ വച്ചും കണ്ടെന്ന് പറയുക; മുഖ്യമന്ത്രിക്ക് അനുകൂലമായി സോളാർ കമ്മീഷനിൽ മൊഴി നൽകാൻ തമ്പാനൂർ രവി സരിതയോട് പറയുന്ന ശബ്ദരേഖ പുറത്തുവിട്ട് റിപ്പോർട്ടർ ചാനൽ

ഡൽഹിയിൽ വച്ച് മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്ന് പറയണം; രണ്ട് തവണ ഓഫീസിലും ഒരിക്കൽ സ്റ്റേജിൽ വച്ചും കണ്ടെന്ന് പറയുക; മുഖ്യമന്ത്രിക്ക് അനുകൂലമായി സോളാർ കമ്മീഷനിൽ മൊഴി നൽകാൻ തമ്പാനൂർ രവി സരിതയോട് പറയുന്ന ശബ്ദരേഖ പുറത്തുവിട്ട് റിപ്പോർട്ടർ ചാനൽ

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി സോളാർ കമ്മീഷനിൽ മൊഴി നൽകണമെന്ന് കോൺഗ്രസ് നേതാവ് തമ്പനൂർ രവി വശ്യപ്പെടുന്ന ശബ്ദരേഖ കൂടി പുറത്തുവന്നതോടെ സർക്കാർ കടുത്ത പ്രതിരോധത്തിൽ. തമ്പാനൂർ രവി ഇന്നലെ വൈകീട്ട് വിളിച്ച് സംസാരിച്ച ശബ്ദരേഖ റിപ്പോർട്ടർ ചാനലാണ് പുറത്തുവിട്ടത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനും എ ഗ്രൂപ്പിന്റെ നേതാവു കൂടിയാണ് തമ്പാനൂർ രവി.

സെയ്ഫായി മൊഴി നൽകണമെന്ന് തമ്പാനൂർ രവി സരിതയോട് ആവശ്യപ്പെട്ടന്നത് ചാനൽ പുറത്തുവിട്ട ശബ്ദരേഖയിൽ നിന്നും വ്യക്തമാണ്. ചോദ്യങ്ങൾക്ക് നന്നായി ഉത്തരം പറയണമെന്നും തമ്പാനൂർ രവി ആവശ്യപ്പെട്ടു. പത്രങ്ങൾ മുഴുവൻ വായിച്ച് മുഖ്യമന്ത്രിയുടെ മൊഴി മുഴുവൻ പഠിക്കണം. മുഖ്യമന്ത്രിയെ മൂന്നു തവണ മാത്രമേ കണ്ടിട്ടുള്ളുവെന്നു പറയണമെന്ന് സരിതയോട് തമ്പാനൂർ രവി ആവശ്യപ്പെട്ടു. രണ്ട് തവണ സ്റ്റേജിൽ വച്ചും ഒരു തവണ പുറത്തു വച്ചും മാത്രമേ കണ്ടിട്ടുള്ളൂവെന്ന് ഇന്ന് ജുഡീഷ്യൽ കമ്മീഷന് മുന്നിൽ മൊഴി നൽകണം. ബിജു തെമ്മാടിയാണെന്നും സംഭാഷണത്തിനിടെ തമ്പാനൂർ രവി പറയുന്നതും ശബ്ദരേഖയിൽ വ്യക്തമാണ്.

ശബ്ദരേഖയുടെ പൂർണ്ണരൂപം ഇങ്ങനെയാണ്:

തമ്പാനൂർ രവി : ഡൽഹിയിൽ വച്ച് കണ്ടിട്ടേ ഇല്ല
സരിത : ഓ കെ.. ഓ കെ

തമ്പാനൂർ രവി : 2 തവണ ഓഫീസിലും ഒരിക്കൽ സ്റ്റേജിൽ വച്ചും. അതങ്ങ് മറ്റേയാൾ പറയുന്ന കേട്ടിട്ട് നമ്മുടെ ആൾ പറയുന്ന നോക്കിക്കോണം..
സരിത : ങാഹാ.. ഓകെ .. ഓകെ.. അത് നാളെ എടുക്കും എന്നും പറഞ്ഞു. മൊഴി എടുക്കുമെന്ന്

തമ്പാനൂർ രവി : സരിത ശ്രദ്ധിക്കേണ്ടത് .. സരിത ശ്രദ്ധിക്കേണ്ടത് ചോദ്യങ്ങൾക്ക് വളരെ നന്നായി പറയാൻ സാധിക്കണം
സരിത: മറ്റേ ക്രോസ് വരുന്നത് ബിജുവിന്റെ..
തമ്പാനൂർ രവി: അവനാണ് തെമ്മാടി.. കുഴപ്പിക്കുന്നത് അവനാണ് .. വളരെ സേഫായിരിക്കണം
സരിത : ങ്ഹാ.. ങ്ഹാ.. മനസിലായി സാറേ

തമ്പാനൂർ രവി : നാളെ എപ്പോഴാ വച്ചിരിക്കുന്നത്
സരിത : നാളെ രാവിലെയാണ് സാറേ, ഞാൻ മൊഴി എടുക്കുന്ന കാര്യം പറഞ്ഞ്. മൊഴി എടുക്കാൻ ഇങ്ങോട്ട് ക്വസ്റ്റ്യൻ വരുന്ന സമയത്ത് അങ്ങോട്ട് പറഞ്ഞാൽ മതിയല്ലോ..?
തമ്പാനൂർ രവി : മതി.. മതി.. ഇന്നത്തെ മാതൃഭൂമി ഒക്കെ ഒന്ന് നോക്കൂ
സരിത : ഞാൻ നോക്കി കൊള്ളാം.. ഏതോ ഒരു ഓൺലൈനിൽ ഫുൾ കൊടുത്തിട്ടുണ്ട്

തമ്പാനൂർ രവി : കണ്ടത് 3 തവണ .. രണ്ട് തവണ ഓഫീസിൽ ഒരിക്കൽ ഓഫീസ്.. പിന്നെ.. പിന്നെ ..മറ്റേ മറ്റേ.. സ്റ്റേജിൽ .. സ്റ്റേജിൽ
സരിത: ങ്ഹാ.. ങ്ഹാ.. ഓ ക .. ഓ കെ..
തമ്പാനൂർ രവി : അതു കഴിഞ്ഞ് മറ്റേത് നിർത്തിക്കോണം നന്നായിട്ട്
സരിത : ശരി സാറേ..

തമ്പാനൂർ രവി : ലെറ്റർ എന്താ പറയാൻ പോകുന്നത്
സരിത: ലെറ്റർ സ്റ്റേ ചെയ്തു
തമ്പാനൂർ രവി : ചോദിച്ചാൽ എന്തു പറയും
സരിത : അത് പേഴ്‌സണൽ കാര്യം , ഇതു റിലേറ്റ് ചെയ്തിട്ടില്ല

തമ്പാനൂർ രവി: കൂടെ ചോദിക്കണെ

സരിത : നാളെ നേരിട്ട് കാണുമ്പോൾ ചോദിക്കാം സാർ.. ഫോൺ വിളിച്ചാൽ .. അങ്ങോട്ടു വിളിച്ചാൽ ..എന്റെ ഫോൺ , ചിലപ്പോൾ അഡ്വേക്കറ്റിന്റെ ഫോൺ ചോർത്തുന്നുണ്ടാകും..

സംഭാഷണം സരിത എസ് നായർ ശരിവച്ചു. തമ്പാനൂർ രവി ഇന്നലെ തന്നെ വിളിച്ചിരുന്നുവെന്ന് സരിത പറഞ്ഞു. പണം നൽകിയിട്ടില്ലെന്നും ശ്രീധരൻ നായരെ കണ്ടിട്ടില്ലെന്നും ഡൽഹി വിജ്ഞാൻ ഭവനിൽ പോയിട്ടില്ലെന്നും കമ്മീഷന് മുന്നിൽ പറയണമെന്ന് തമ്പാനൂർ രവി ആവശ്യപ്പെട്ടതായി സരിത മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇത്തരത്തിൽ കമ്മീഷന് മുന്നിൽ മൊഴി നൽകണമെന്ന് പലരും വിളിച്ചിരുന്നെന്നും ഇക്കാര്യങ്ങൾ നാളെ 10.30ന് സോളാർ കമ്മീഷന് മുന്നിൽ ഹാജരാവുമ്പോൾ വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു. പരാതി നൽകിയവർക്ക് പണം നൽകിയാൽ തന്റെ പേരിലുള്ള കേസുകൾ അവസാനിക്കും.

തനിക്ക് നഷ്ടപ്പെട്ട പണം തിരികെ നൽകാമെന്ന് പറഞ്ഞാണ് വെളിപ്പെടുത്തലുകൾ നടത്തുന്നതിൽ നിന്ന് പലരും തന്നെ വിലക്കിയത്. ആറ് കോടി രൂപയാണ് സോളാർ മെഗാ പ്രൊജക്ടിനായി പലരിൽ നിന്ന് വാങ്ങിയത്. ഇതിൽ മൂന്നു കോടിയുടെ കേസ് ഇപ്പോഴും താൻ നേരിടുന്നു. ഈ മൂന്ന് കോടി എവിടെ പോയെന്നാണ് താൻ പറയുന്നത്. ആരെയും ബ്ലാക്ക് മെയിൽ ചെയ്യുകയല്ല. താൻ കൊടുത്തപണമാണ് തിരികെ ചോദിച്ചത്. പ്രമുഖ കോൺഗ്രസ് നേതാക്കൾക്കെല്ലാം ഇതിൽ സംഭവിച്ചത് എന്താണെന്ന് അറിയാം. എന്നിട്ടും മുഖ്യമന്ത്രി പോലും കമ്മീഷന് മുന്നിലെ വിസ്താരത്തിനിടെ തന്നെ വെറും തട്ടിപ്പ്കാരിയെന്ന് വിശേഷിപ്പിച്ചുവെന്നും സരിത പറഞ്ഞു.

നേരത്തെ സോളാർ കമ്മീഷൻ മുമ്പാകെ ഉമ്മൻ ചാണ്ടി നൽകിയ മൊഴിയെ ശരിവെക്കുന്ന വിധത്തിൽ പറയണമെന്നാണ് തമ്പാനൂർ രവി സരിതയോട് ആവശ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ പുറത്തുവന്ന ശബ്ദരേഖയിൽ തന്നെ ഉമ്മൻ ചാണ്ടിക്ക് ഒളിക്കാൻ കാര്യങ്ങൾ ഉണ്ടെന്നത് വ്യക്തമാണ് താനും.

സരിത തന്നെ ഇങ്ങോട്ട് വിളിച്ചതാണെന്ന് തമ്പനൂർ രവി

സരിത എസ് നായർ തന്നെ ഫോണിൽ ഇങ്ങോട്ട് വിളിച്ചതാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി തമ്പനൂർ രവിയുടെ വിശദീകരണം. മുഖ്യമന്ത്രി പിതൃതുല്യനാണെന്ന് പറഞ്ഞതാണ് സരിത. അങ്ങനെയുള്ള സരിതയെ സ്വാധീനിക്കേണ്ട ആവശ്യമില്ല. എൽഡിഎഫ് നേതാക്കൾ ഉൾപ്പെടെയുള്ള ചിലർ സരിതയെ സ്വാധീനിക്കാൻ ശ്രമക്കുന്നു എന്നറിഞ്ഞു. ഇത് ശരിയാണോ എന്ന് മാത്രമാണ് ചോദിച്ചത്തതെന്നും തമ്പനൂർ രവി പറഞ്ഞു. പൊതുപ്രവർത്തകൻ എന്ന നിലയിൽ ആര് വിളിച്ചാലും ഫോൺ എടുക്കുമെന്നും തമ്പനൂർ രവി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP