Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പതിനാറാം വയസ്സിൽ പുറപ്പെട്ടുപോയ മകന് വേണ്ടി രാത്രിയിൽ ഉപവസിച്ച് അമ്മ പ്രാർത്ഥനയോടെ കാത്തിരുന്നത് നാല് പതിറ്റാണ്ട്; തിരുവോണ ദിനത്തിൽ ശശിധരൻ തിരികെ വന്നതും ആരോടും പറയാതെ; ഇനിയെന്നും മകനുമൊത്ത് അത്താഴം ഉണ്ണണമെന്ന് കാർത്ത്യായനിയമ്മ; സിനിമാക്കഥയെ വെല്ലുന്ന ഒരു പുനഃസമാഗമം

പതിനാറാം വയസ്സിൽ പുറപ്പെട്ടുപോയ മകന് വേണ്ടി രാത്രിയിൽ ഉപവസിച്ച് അമ്മ പ്രാർത്ഥനയോടെ കാത്തിരുന്നത് നാല് പതിറ്റാണ്ട്; തിരുവോണ ദിനത്തിൽ ശശിധരൻ തിരികെ വന്നതും ആരോടും പറയാതെ; ഇനിയെന്നും മകനുമൊത്ത് അത്താഴം ഉണ്ണണമെന്ന് കാർത്ത്യായനിയമ്മ; സിനിമാക്കഥയെ വെല്ലുന്ന ഒരു പുനഃസമാഗമം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: നാൽപ്പതുകൊല്ലം രാത്രിയിൽ ഉപവസിച്ച് നടത്തിയ പ്രാർത്ഥന ദൈവം കേട്ടതിന്റെ സന്തോഷത്തിലാണ് കാർത്ത്യായനിയമ്മ. പതിനാറാം വയസ്സിൽ പുറപ്പെട്ടുപോയ മകനായി പ്രാർത്ഥനയോടെ കാത്തിരുന്ന അമ്മക്ക് ഒടുവിൽ മകനെ കാണാനായി. നാൽപ്പതുകൊല്ലത്തിന് ശേഷം ആദ്യമായി കഴിഞ്ഞ തിരുവോണ രാത്രിയിൽ ആ അമ്മ അത്താഴം കഴിച്ചു- തിരികെ എത്തിയ മകനുമൊത്ത്.

മാതമംഗലം കണ്ടോന്താർ ചെങ്ങളത്തെ കാർത്ത്യായനിയമ്മയുടെ മകൻ മടത്തിൽ വീട് ശശിധരൻ നാൽപ്പതുകൊല്ലം മുമ്പാണ് പുറപ്പെട്ട് പോയത്. ഒടുവിൽ കഴിഞ്ഞ തിരുവോണനാളിൽ വീട്ടിൽ തിരിച്ചെത്തിയതും ആരോടും പറയാതെ. പരേതനായ കെ.വി.കൃഷ്ണനും കാർത്ത്യായനിക്കും ശശിധരൻ അടക്കം 5 മക്കളായിരുന്നു. കണ്ടോന്താർ ഇടമന യുപി സ്‌കൂളിൽ നിന്ന് ഏഴാം ക്ലാസ്സ് കഴിഞ്ഞതോടെ ശശിധരനു സ്വന്തമായി എന്തെങ്കിലും ജോലി ചെയ്യണമെന്നായി ആഗ്രഹം.

വീട്ടുകാർ സമ്മതിക്കില്ലെന്നറിയാം. അങ്ങനെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു മംഗളൂരുവിലേക്കു ട്രെയിൻ കയറി. ഒരുപാടുകാലം ഒരുപാടു ഹോട്ടലുകളിൽ പണിയെടുത്തു. ഏറ്റവുമൊടുവിൽ കോഴിക്കോട് പാളയത്തെ ഹോട്ടലിലായിരുന്നു. ഇതിനിടയ്ക്കു വീട്ടിലേക്കു തിരിച്ചുവരാൻ പല തവണ തോന്നി. പയ്യന്നൂർ വരെയും പിന്നൊരിക്കൽ പിലാത്തറ വരെയും വന്നതുമാണ്. പക്ഷേ വീട്ടിലേക്കു കയറാൻ എന്തോ ഒരു മടി.

ഇത്തവണ തിരുവോണത്തിനു പയ്യന്നൂരിലെത്തി ബസ് സ്റ്റാൻഡിനു സമീപത്തെ ഹോട്ടലിൽ ചായ കുടിക്കുമ്പോൾ ഒരാൾ വെറുതെ പരിചയപ്പെട്ടു. മാതമംഗലം കണ്ടോന്താറിലാണു വീടെന്നു മറുപടി പറഞ്ഞു. തിരുവോണമായതിനാൽ ബസ്സുകൾ കുറവാണ്, എങ്കിലും കണ്ടോന്താറിലേക്ക് ഇപ്പോൾ ഉടൻ ഒരു ബസ്സുണ്ട് എന്ന് അയാൾ ഓർമിപ്പിച്ചതോടെ വീണ്ടും വീട്ടിലെത്താൻ മോഹം. കണ്ടോന്താറിൽ ബസ്സിറങ്ങി സമീപത്തെ കടക്കാരോടു ചോദിച്ചു വീടു കണ്ടെത്തുകയായിരുന്നു. അമ്മയും മറ്റു ബന്ധുക്കളും ശശിധരനെ തിരിച്ചറിഞ്ഞു. നാട്ടുകാർക്കും വലിയ സന്തോഷം.

ആനന്ദക്കണ്ണീരോടെ അമ്മയ്ക്കു മകനോടു പറയാനുള്ളത് ഇനിയെങ്കിലും എന്റെ അത്താഴം മുടക്കരുതു മോനേ എന്നാണ്. ഇനിയെന്നും അമ്മയോടൊപ്പം അത്താഴമുണ്ണണം എന്നു തന്നെയാണ് മകനും മോഹം. ചെറുപ്പത്തിന്റെ ആവേശത്തിൽ പുറപ്പെട്ട് പോയെങ്കിലും ബന്ധുക്കളെയും നാട്ടുകാരെയും നാല് പതിറ്റാണ്ടിന് ശേഷം കാണാനായതിന്റെ സന്തോഷത്തിലാണ് ശശിധരൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP