Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാറിടിച്ചു വീണ വിദ്യാർത്ഥിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകവെ വഴിയിൽ ഇറക്കി വിട്ടു കാറുകാരുടെ ക്രൂരത; മറ്റൊരു വാഹനത്തിൽ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു

കാറിടിച്ചു വീണ വിദ്യാർത്ഥിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകവെ വഴിയിൽ ഇറക്കി വിട്ടു കാറുകാരുടെ ക്രൂരത; മറ്റൊരു വാഹനത്തിൽ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു

സ്വന്തം ലേഖകൻ

ചിറ്റൂർ: കാറിടിച്ചു വീണ 12കാരനെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ വണ്ടിയിൽ നിന്ന് ഇറക്കിവിട്ട് കാറുകാരുടെ ക്രൂരത. മറ്റൊരു വാഹനത്തിൽ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇടിച്ച വണ്ടിയുടെ ഡ്രൈവർ തന്നെയാണ് ആശുപത്രിയിൽ കൊണ്ടുപോകാമെന്നു പറഞ്ഞ ശേഷം ഇറക്കിവിട്ടതെന്നാണ് റിപ്പോർട്ട്. നല്ലേപ്പിള്ളി കുറുമന്ദാംപള്ളം സുദേവന്റെ മകൻ സുജിത് (12) ആണു ദാരുണമായി മരിച്ചത്.

ഇന്നലെ വൈകിട്ടു നാലരയോടെയാണ് സംഭവം. കൂട്ടുകാർക്കൊപ്പം കളിക്കാൻ പോകുന്നതിനായി കൈതക്കുഴിക്കു സമീപം റോഡരികിൽ നിൽക്കുകയായിരുന്ന സുജിത്തിനെ കാർ ഇടിച്ചു വീഴ്‌ത്തുകയായിരുന്നുവെന്നു സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. റോഡിലേക്കു തെറിച്ചുവീണ കുട്ടിയെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ഇടയ്ക്കു വച്ചു ടയർ പഞ്ചറായെന്നു പറഞ്ഞു കുട്ടിയെയും തന്നെയും ഇറക്കി കാർ യാത്രക്കാർ സ്ഥലം വിടുകയായിരുന്നെന്നു കൂടെ പോയ പരമൻ എന്നയാൾ പറഞ്ഞു.

ആറ് കിലോമീറ്റർ അകലെയുള്ള നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലേക്കു പോകാനാണു പറഞ്ഞതെങ്കിലും ചെവിക്കൊള്ളാതെ ഡ്രൈവർ പാലക്കാട് ഭാഗത്തേക്കാണു പോയതെന്നു പരമൻ പറഞ്ഞു. എന്നാൽ, അരകിലോമീറ്റർ മുന്നോട്ടു പോയപ്പോഴാണ് ടയർ പഞ്ചറായെന്നും ഇറങ്ങി മറ്റൊരു വാഹനത്തിൽ ആശുപത്രിയിലെത്തിക്കാനും ഡ്രൈവർ പറഞ്ഞത്. ഇതോടെ, പെട്ടെന്ന് ഇറങ്ങി എതിരെ വന്ന വാൻ കൈകാണിച്ചു നിർത്തി നാട്ടുകല്ലിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നു പരമൻ പറഞ്ഞു. മലപ്പുറം റജിസ്‌ട്രേഷനിലുള്ള കാറാണ് ഇടിച്ചതെന്നും നമ്പർ കിട്ടിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

അപ്പുപ്പിള്ളയൂർ എയുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ സുജിത് ക്ലാസ് കഴിഞ്ഞ ശേഷം, ഇരട്ടക്കുളത്തെ തറവാട്ടിൽ മുത്തശ്ശന്റെ ചരമവാർഷികച്ചടങ്ങുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു. ബാഗ് വീട്ടിൽ വച്ച ശേഷം സമീപത്തു കളിക്കുകയായിരുന്ന കൂട്ടുകാരുടെ അടുത്തേക്കു പോകാൻ റോഡരികിൽ നിൽക്കുമ്പോഴാണ് അപകടം. അമ്മ: രാധ. സഹോദരൻ: സൂരജ്. കുട്ടിയെ ഇടിച്ച കാറിലെ യാത്രക്കാരെ തിരിച്ചറിഞ്ഞതായും ടയർ പഞ്ചറായതുകൊണ്ടുതന്നെയാണ് വഴിയിൽ ഇറക്കിയതെന്ന് അവർ പറഞ്ഞതായും കസബ എസ്‌ഐ വിപിൻ കെ. വേണുഗോപാൽ അറിയിച്ചു. കാർ ഇന്ന് സ്റ്റേഷനിലെത്തിച്ചു തെളിവെടുക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP