Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: ഒരുഎസ്.ഡി.പി.ഐ പ്രവർത്തകൻ കൂടി അറസ്റ്റിൽ; കേസിൽ ഇതുവരെ അറസ്റ്റിലായത് ഏഴുപേർ; മഞ്ചേരി പയ്യനാട്ടെ വധശ്രമത്തിന് പിന്നിൽ അർജ്ജുനനോടുള്ള പകവീട്ടലെന്ന് പൊലീസ്

ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: ഒരുഎസ്.ഡി.പി.ഐ പ്രവർത്തകൻ കൂടി അറസ്റ്റിൽ; കേസിൽ ഇതുവരെ അറസ്റ്റിലായത് ഏഴുപേർ; മഞ്ചേരി പയ്യനാട്ടെ വധശ്രമത്തിന് പിന്നിൽ അർജ്ജുനനോടുള്ള പകവീട്ടലെന്ന് പൊലീസ്

ജംഷാദ് മലപ്പുറം

മലപ്പുറം: മഞ്ചേരി പയ്യനാട്ടെ ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഒരു എസ്.ഡി.പി.ഐ പ്രവർത്തകൻകൂടി അറസ്റ്റിൽ, ഇതോടെ കേസിൽ അറസ്റ്റിലായവരടെ എണ്ണം ഏഴായി. ആർഎസ്എസ് പ്രവർത്തകൻ അർജ്ജുനനെയാണ് കൊലപ്പെടുത്താൻ ശ്രമം നടന്നത്. അർജുനനോടുള്ള പ്രതികാരം എസ്.ഡി.പി.ഐക്കാർ ആസൂത്രിതമായി നടപ്പാക്കുകയായിരുന്നു. ഇക്കഴിഞ്ഞ ജനുവരി എട്ടിന് പയ്യനാടുവച്ചാണ് സംഭവം. പയ്യനാട് ചോലക്കൽ കരുവാടൻ ജാഫർ (43)നെയാണ് അന്വേഷണ ഉദ്യാഗസ്ഥനായ മലപ്പുറം ഡിവൈഎസ്‌പി പി പി ഷംസ് നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

2019 ജനുവരി അഞ്ചിന് എസ് ഡി പി ഐ പ്രവർത്തകനെ മഞ്ചേരി ചെങ്ങണയിൽ വെച്ച് ഒരു സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. അക്രമി സംഘത്തിൽ അർജ്ജുനൻ ഉണ്ടായിരുന്നുവെന്നും ഇതിലുള്ള പ്രതികാരമാണ് അക്രമത്തിന് പിന്നാലെ കാരണമായി പറയുന്നത്. ഇതിന്റെ പ്രതികാരം എസ്.ഡി.പി.ഐ പ്രവർത്തകരായ പ്രതികൾ ആസൂത്രിതമായി നടപ്പാക്കുകയായിരുന്നുവെന്നാണ് സൂചന. കേസിൽ പാപ്പിനിപ്പാറ ആലുംകുന്ന് വാലഞ്ചേരി അഷ്റഫ് (45), മുള്ളമ്പാറ കള്ളാടിത്തൊടി തറമണ്ണിൽ മുഹമ്മദ് അസ്ലം (36), മുള്ളമ്പാറ നമ്പിക്കുന്നൻ ഷിഹാബ് (39), മഞ്ചേരി കിഴക്കേതല പൊടുവണ്ണിക്കൽ അബ്ദുൾ അസീസ് എന്ന മദീന കുഞ്ഞിമാൻ (42), അബ്ദുൾ മുനീർ(39), കാരക്കുന്ന് പഴേടം ഷംനാദ് (22) എന്നിവരാണ് നേരത്തെ അറസ്റ്റിലായവർ.

ഡി വൈ എസ് പിക്കൊപ്പം മഞ്ചേരി സി ഐ അലവി സി, എ എസ് ഐമാരായ ശ്രീരാമൻ, സുരേഷ്‌കുമാർ, പൊലീസുകാരായ ഉണ്ണിക്കൃഷ്ണൻ മാരാത്ത്, രാജേഷ്, പി സഞ്ജീവ്, ദിനേഷ് ഇരുപ്പകണ്ടൻ, മുഹമ്മദ് സലീം പൂവ്വത്തി എന്നിവരാണ് അന്വേഷണം നടത്തുന്നത്.
ഇന്നലെ അറസ്റ്റിലായ പ്രതിയെ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

അതേ സമയം തിരൂർ പുത്തൂർ തോട്ടിൽ മുഹമ്മദലി എന്ന ബാവ(48)യെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) മുമ്പാകെ ആരംഭിച്ചു. ഇന്നു കേസിലെ ഒന്ന്, നാല് സാക്ഷികളെ കോടതി വിസ്തരിച്ചു. 2007 ജനുവരി 31ന് തിരൂർ തൃക്കണ്ടിയൂർ റെയിൽവേ ഓവുപാലത്തിൽ വച്ചായിരുന്നു സംഭവം. ആർഎസ്എസ് പ്രവർത്തകനായ തിരൂർ ബി പി അങ്ങാടി തലക്കാട് പൂക്കൈത തിരുനിലത്തുകണ്ടി രവീന്ദ്രൻ (35)നെ വെട്ടിക്കൊലപ്പെടുത്തിയതിൽ ജനുവരി 21ന് ബിജെപി, ആർഎസ്എസ് പ്രവർത്തകർ തിരൂരിൽ ഹർത്താൽ ആഹ്വാനം ചെയ്തിരുന്നു. ഹർത്താൽ ദിവസം ഡ്രൈവറായ ബാവ ഓട്ടോ ഗുഡ്സ് ഓടിച്ചത് ഹർത്താൽ അനുകൂലികൾ തടഞ്ഞു. ഇത് സംബന്ധിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

കേസിൽ തൃക്കണ്ടിയൂർ മൂത്തൂർ ഷൈജു അടക്കം ആർഎസ്എസ് പ്രവർത്തകരായ 12 പേരാണ് പ്രതികൾ. ഇവർ ഇന്ന് കോടതിയിൽ ഹാജരായിരുന്നു. കേസിലെ ആകെയുള്ള 55 സാക്ഷികളിൽ രണ്ടാം സാക്ഷി മരണപ്പെട്ടു. മൂന്നാം സാക്ഷി വിദേശത്താണ്. വാറണ്ട് പുറപ്പെടുച്ചതിനെ തുടർന്ന് അഞ്ചാം സാക്ഷിയെ പൊലീസ് കോടതിയിൽ ഹാജരാക്കും. ആറു മുതൽ പത്തു വരെയുള്ള സാക്ഷികളെ ഇന്ന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി പി ബാലകൃഷ്ണൻ ജഡ്ജി ടോമി വർണ്മീസ് മുമ്പാകെ വിസ്തരിക്കും. പ്രതികൾക്കു വേണ്ടി അഭിഭാഷകരായ ഈശ്വര അയ്യർ, മാഞ്ചേരി നാരായണൻ എന്നിവർ ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP