Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജീവനക്കാർ കഷ്ടപ്പെട്ട് ഉയർത്തിയ കെഎസ്ആർടിസിയെ മന്ത്രി വീണ്ടും കുഴിയിൽ ചാടിക്കുമോ? സെസ് ഏർപ്പെടുത്തിയതോടെ യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്; കോടതിയുടെ വിമർശനം ഉണ്ടായേക്കുമെന്ന് സൂചന

ജീവനക്കാർ കഷ്ടപ്പെട്ട് ഉയർത്തിയ കെഎസ്ആർടിസിയെ മന്ത്രി വീണ്ടും കുഴിയിൽ ചാടിക്കുമോ? സെസ് ഏർപ്പെടുത്തിയതോടെ യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്; കോടതിയുടെ വിമർശനം ഉണ്ടായേക്കുമെന്ന് സൂചന

തിരുവനന്തപുരം: നഷ്ടത്തിലോടുന്ന കെഎസ്ആർടിസിയെ രക്ഷിക്കാൻ ആര് വിചാരിച്ചാലും സാധിക്കില്ലെന്നാണ് പൊതുവിൽ പറയാറ്. ജീവനക്കാർ ഇടപെട്ട് ശ്രമം നടത്തുന്നുണ്ടെങ്കിലും അതൊന്നും ഫലം കാണുന്ന ലക്ഷണമില്ല. എല്ലാ അധികഭാരവും ജീവനക്കാർക്ക് മേൽ കെട്ടിവെക്കുക എന്ന പതിവ് ശൈലിയാണ് വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രികസേരയിൽ ഇരിക്കുന്നവർ കാലാകാലങ്ങളായി ചെയ്തുവരുന്നത്. യാത്രക്കാരുടെ ഇൻഷുറൻസ് എന്നതിന്റെ പേരിൽ ടിക്കറ്റിന് സെസ് കൂടി ചുമത്തി കെഎസ്ആർടിസി യാത്രക്കാരുടെ എണ്ണം കുറയുന്നു എന്ന വിധത്തിലാണ് റിപ്പോർട്ടുകൾ. പ്രതിമാസം ഇരുപതുകോടി വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ടിക്കറ്റ് സെസ് ചുമത്താൻ കോർപറേഷൻ തീരുമാനിച്ചത്. എന്നാൽ, വരുമാന വർധനയുണ്ടായില്ലെന്ന് നേർ വിപരീതമാണ് സംഭവിച്ചതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ടിക്കറ്റിന് അധികസെസ് ഏർപ്പെടുത്തിയ ഏപ്രിൽ ഒന്നിന് സെസ് വഴി പിരിഞ്ഞുകിട്ടിയത് 14,70,000 രൂപയുടെ അധിക വരുമാനമാണ്. രണ്ടാം തീയതി 15.67 ലക്ഷവും മൂന്നിന് 13.50 ലക്ഷവും കളക്ഷൻ ലഭിച്ചു. ഈ കണക്കനുസരിച്ചാണെങ്കിൽ പ്രതിമാസം പരമാവധി അധികവരുമാനമായി ലഭിക്കുക അഞ്ചുകോടി രൂപയിൽ താഴെയാകും. മാത്രമല്ല മാർച്ച് 31ന് 31.78 ലക്ഷം യാത്രക്കാർ കയറിയ കെ.എസ്.ആർ.ടി.സിയിൽ സെസ് ഏർപ്പെടുത്തിയ ശേഷമുള്ള നാലു ദിവസങ്ങളിലും ശരാശരി ഒരു ലക്ഷത്തിനടുത്ത് യാത്രക്കാരുടെ കുറവുവന്നിട്ടുണ്ട്. ഏപ്രിൽ മൂന്നാകുമ്പോഴേക്കും പ്രതിദിനയാത്രക്കാരുടെ എണ്ണം 25.54 ലക്ഷമായി കുറഞ്ഞതായി കെ.എസ്.ആർ.ടി.സി. അധികൃതർ സമ്മതിക്കുന്നു. തുടർച്ചയായ അവധിക്കുമുൻപുള്ള പ്രവർത്തിദിവസമായതിനാൽ ഒന്നാം തീയതി വരുമാനത്തിൽ വലിയ വർധനയുണ്ടാകേണ്ടതാണ്. അത്തരത്തിലുള്ള വരുമാന വർധന ഉണ്ടായില്ലെന്നു മാത്രമല്ല യാത്രക്കാർ കുറഞ്ഞിട്ടുമുണ്ട്. ഒരേ ദൂരത്തിന് കെ.എസ്.ആർ.ടി.സിയിൽ കൂടുതൽ തുക ഈടാക്കുമ്പോൾ കുറഞ്ഞ ടിക്കറ്റ് നിരക്കുള്ള സ്വകാര്യ ബസുകളെ സ്വഭാവികമായി യാത്രക്കാർ ആശ്രയിച്ചു തുടങ്ങുമെന്ന ആശങ്കയും ശക്തമാണ്.

ദീർഘദൂര സർവീസുകൾ ഒഴികെയുള്ള ബസുകളിൽ സ്ഥിരം യാത്രക്കാർ പോലും കെ.എസ്.ആർ.ടി.സിയെ ഉപേക്ഷിച്ച് യാത്ര സ്വകാര്യ ബസുകളിലാക്കിയിട്ടുണ്ട്. ഇതിനൊപ്പം യാത്രക്കാരെ ആകർഷിക്കാൻ ചില റൂട്ടുകളിൽ സ്വകാര്യബസുകൾ ടിക്കറ്റ് നിരക്ക് കുറച്ചതും കോർപറേഷനെ പ്രതികൂലമായി ബാധിച്ചു. അടിമാലികോതമംഗലം റൂട്ടിൽ സ്വകാര്യ ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ 43 രൂപയായിരുന്നു നേരത്തെയുണ്ടായിരുന്ന നിരക്ക്. എന്നാൽ ഇവർ 40 രൂപയായി നിരക്ക് കുറച്ചപ്പോൾ കെ.എസ്.ആർ.ടി.സിയിൽ രണ്ടു രൂപ സെസ് ഉൾപ്പെടെ ടിക്കറ്റ് നിരക്ക് 45 രൂപയായി ഉയർത്തി. കട്ടപ്പന -കോഴിക്കോട്, പാലക്കാട്-കോഴിക്കോട്, കട്ടപ്പന-എറണാകുളം തുടങ്ങിയ റൂട്ടുകളിലും നിരക്കിൽ ഈ അന്തരമുണ്ടായിട്ടുണ്ട്. ഇതോടെ സ്വകാര്യ ബസുകളിലേക്ക് യാത്രക്കാർ ചേക്കേറിത്തുടങ്ങിയതായാണ് വിവരം.

ഇത്തരം ദീർഘദൂരറൂട്ടുകളിലെ കെ.എസ്.ആർ.ടി.സിയുടെ വരുമാനം ഗണ്യമായി കുറഞ്ഞതായി ജീവനക്കാർ പറയുന്നു. അശാസ്ത്രീയമായി ഏർപ്പെടുത്തിയ ടിക്കറ്റ് സെസ് ഉടൻ പിൻവലിച്ചില്ലെങ്കിൽ കെ.എസ്.ആർ.ടി.സി. കടുത്ത പ്രതിസന്ധിയിലാകുമെന്നാണു ജീവനക്കാരുടെ സംഘടനകൾ തന്നെ പറയുന്നത്. . തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇടത് ജീവനക്കാരുടെ സംഘടന ഗതാഗത മന്ത്രിക്ക് കത്ത് നൽകി. ടിക്കറ്റ്‌സെസ് തീരുമാനം പിൻവലിക്കണമെന്ന് കെ.എസ്.ആർ.ടി.സി.ഇ.എ സംസ്ഥാന ജനറൽസെക്രട്ടറി സി.കെ. ഹരികൃഷ്ണൻ ഗതാഗതമന്ത്രിയോട ആവശ്യപ്പെട്ടു.എന്നാൽ സെസ് പിരിക്കാനുള്ള തീരുമാനം പിൻവലിക്കില്ലെന്നും ഗതാഗതമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഇക്കാര്യത്തിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറയുന്നു.

ഇൻഷുറൻസ് പരിരക്ഷ എന്ന വ്യാജേന പെൻഷൻ ഫണ്ടിന് തുക കണ്ടെത്തുകയായിരുന്നു ടിക്കറ്റ് സെസിലൂടെ കോർപറേഷൻ ലക്ഷ്യമിട്ടിരുന്നതെന്ന് ആരോപണമുയർന്നിട്ടുണ്ട്. പ്രതിമാസ പെൻഷൻ വിതരണത്തിനായി 40 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് ചെലവ്. ഇതിനായി പെൻഷൻഫണ്ട് രുപീകരിക്കാൻ സർക്കാർ ധാരണയിലെത്തുകയായിരുന്നു. പ്രതിമാസം പെൻഷൻ വിതരണത്തിനായി വേണ്ടിവരുന്ന 40 കോടിയിൽ പകുതി തുക കെ.എസ്.ആർ.ടി.സി. കണ്ടെത്തണം. ബാക്കി തുകയായ 20 കോടി സർക്കാർ നൽകുമെന്നാണു വ്യവസ്ഥ. ഇതിനായാണ് യാത്രക്കാരിൽനിന്ന് ടിക്കറ്റ് സെസ് പിരിച്ചെടുക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചത്. ജീവനക്കാർക്ക് പെൻഷൻ നൽകാൻ കെ.എസ്.ആർ.ടി.സി. യാത്രക്കാരെ പിഴിയുന്നുവെന്ന ആരോപണം ഒഴിവാക്കാനാണ് ഇൻഷുറൻസ് പരിരക്ഷയ്‌ക്കെന്ന പേരിൽ സെസ് ഏർപ്പെടുത്താൻ കോർപറേഷൻെ പ്രേരിപ്പിച്ചത്.

ഇൻഷുറൻസ് സുരക്ഷയുടെ വാർഷിക പ്രീമിയമായി കമ്പനിക്ക് അടക്കേണ്ട തുകയാകട്ടെ മൂന്നരക്കോടിക്ക് രൂപയിൽ താഴെമാത്രമാണ്. ഈ തുക മനേജ്‌മെന്റ ഇൻഷുറൻസ് കമ്പനിക്ക് നൽകിക്കഴിഞ്ഞു. സെസ് എന്ന പേരിൽ നടക്കുന്നത് നഗ്നമായ കൊള്ളയാണെന്ന ആരോപണവും യാത്രക്കാർ തന്നെ ഉയർത്തുന്നുണ്ട്. ജീവനക്കാരുടെ പെൻഷൻ ഫണ്ടിലേക്കാണ് യാത്രക്കാരിൽ നിന്നും ഈടാക്കുന്ന പണം പോകുന്നതെന്നാണ് ആക്ഷേപം.

അപകട ഇൻഷുറൻസ് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി 15 രൂപയ്ക്കു മുകളിലുള്ള ടിക്കറ്റുകൾക്കാണ് സെസ് ഏർപ്പെടുത്തിയത്. ഒരു രൂപ മുതൽ പത്തുരൂപ വരെയാണ് സെസ് ഏർപ്പെടുത്തിയിരിക്കുന്നത്. 14 രൂപ വരെയുള്ള ടിക്കറ്റിനു നിരക്കു കൂടില്ല. 1524 നിരക്കിന് ഒരുരൂപ, തുടർന്ന് 49 രൂപ വരെയുള്ള ടിക്കറ്റിന് രണ്ടുരൂപ, തുടർന്ന് 74 വരെ മൂന്നുരൂപ, 75 മുതൽ 99 വരെ നാലുരൂപ നിരക്കിൽ സെസ് ഉണ്ടാകും. 100 നു മുകളിലുള്ള ടിക്കറ്റിനു പത്തുരൂപയുടെ വർധന നിലവിൽ വന്നിരുന്നു.

യാത്രയ്ക്കിടെ അപകട മരണമുണ്ടായാൽ അഞ്ചുലക്ഷം രൂപവരെ ധനസഹായം നൽകുന്ന വിധത്തിലാണ് പദ്ധതി. പദ്ധതിയിലെ പ്രധാന ആകർഷകമായി പൊതുജനങ്ങൾക്ക് തോന്നുന്നത് ഇവയാണ്: ടിക്കറ്റ് റിസർവ് ചെയ്തു യാത്ര ചെയ്യുന്നവർക്കാണ് അഞ്ചുലക്ഷത്തിന്റെ ആനുകൂല്യം. അല്ലാത്തവർക്ക് ഒരുലക്ഷം രൂപയും. മരണപ്പെടുന്നവർക്കു മക്കളുണ്ടെങ്കിൽ പഠനസഹായമായി 10,000 രൂപവരെ ലഭിക്കും. പരുക്കേറ്റാൽ റിസർവേഷൻ ഉള്ളവർക്ക് 50,000 രൂപയും മറ്റുള്ളവർക്കു 15,000 രൂപയും നൽകും. റിസർവേഷൻ ഉള്ളവരുടെ കൂടെ ആശുപത്രിയിൽ നിൽക്കുന്നവർക്ക് 500 രൂപവീതം നൽകും. ഒപിയിൽ ചികിൽസ തേടുന്നവർക്ക് 3000 മുതൽ 10000 രൂപ വരെയാണു ധനസഹായം. റിസർവു ചെയ്തവരുടെ സാധനങ്ങൾ നഷ്ടപ്പെട്ടാലും 3000 രൂപവരെ നഷ്ടപരിഹാരം ലഭിക്കും. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായി ചേർന്നാണു പദ്ധതി നടപ്പാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP