Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വയറുവേദനയുള്ള രോഗിയുടെ തലയിൽ ഓപ്പറേഷൻ ചെയ്യുന്ന സാഹചര്യം ഉണ്ടാവരുത്; ഏകീകൃത ഫീസ് വന്നാൽ മെറിറ്റ് സീറ്റിലെ കുട്ടികൾക്ക് സബ്‌സിഡി; കാശ് മാത്രം മോഹിക്കുന്ന മെഡിക്കൽ മാനേജ്‌മെന്റിനെ പാഠംപഠിപ്പിക്കാൻ ഉറച്ച് ആരോഗ്യമന്ത്രി ശൈലജ

വയറുവേദനയുള്ള രോഗിയുടെ തലയിൽ ഓപ്പറേഷൻ ചെയ്യുന്ന സാഹചര്യം ഉണ്ടാവരുത്; ഏകീകൃത ഫീസ് വന്നാൽ മെറിറ്റ് സീറ്റിലെ കുട്ടികൾക്ക് സബ്‌സിഡി; കാശ് മാത്രം മോഹിക്കുന്ന മെഡിക്കൽ മാനേജ്‌മെന്റിനെ പാഠംപഠിപ്പിക്കാൻ ഉറച്ച് ആരോഗ്യമന്ത്രി ശൈലജ

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനം സംബന്ധിച്ച സർക്കാർ നിലപാടിൽ മാറ്റമിലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പ്രവേശന ചുമതല മാനേജുമെന്റുകൾക്ക് നൽകിലെന്ന് മന്ത്രി വ്യക്തമാക്കി. മെറിറ്റ് അട്ടിമറിക്കാൻ ആരേയും അനുവദിക്കില്ല. നീറ്റ് അടിസ്ഥാനമാക്കി മാത്രമേ പ്രവേശനം നടത്തൂ. ഏകീകൃത ഫീസ് വന്നാൽ മെറിറ്റ് സീറ്റിലെ കുട്ടികൾക്ക് സബ്‌സിഡി നൽകും. മെറിറ്റുകാർക്ക് മാനേജ്‌മെന്റുകൾ സബ്‌സിഡി നൽകേണ്ടി വരും. മാനേജുമെന്റുകളുമായി ചർച്ചയ്ക്ക് തയാറാണെന്നും മന്ത്രി അറിയിച്ചു.

മെറിറ്റ് പാലിക്കപ്പെടുക എന്ന ഒറ്റ നിലപാടെ സർക്കാരിനുള്ളു. എം.ബി.ബി.എസ് പഠിച്ച് വരുന്ന കുട്ടികൾ വയറുവേദനയുമായി വരുന്ന രോഗികളുടെ തലയിൽ ഓപ്പറേഷൻ നടത്തുന്ന സാഹചര്യം ഉണ്ടാവാൻ പാടില്ല. മെറിറ്റ് നിലനിർത്തിക്കൊണ്ട് എങ്ങനെ സ്വാശ്രയ പ്രവേശനം മുന്നോട്ട് കൊണ്ടുപോകാമെന്ന് നോക്കും. കോടതി നിർദ്ദേശിക്കുന്നതുപോലെ മാത്രമെ സർക്കാരിന് ചെയ്യാൻ കഴിയൂ. കോടതി ഉത്തരവ് എന്തായാലും അംഗീകരിക്കുമെന്നും മന്ത്രി ശൈലജ പറഞ്ഞു. മാനേജ്‌മെന്റ് സീറ്റുകൾ ഏറ്റെടുത്ത ഉത്തരവ് പിൻവലിക്കണമെന്ന് ഒരിക്കൽകൂടി സർക്കാരിനോട് ആവശ്യപ്പെടാൻ മാനേജ്‌മെന്റ് അസോസിയേഷൻ യോഗം തീരുമാനിച്ചിരുന്നു. ഉത്തരവ് പിൻവലിച്ചാൽ പകുതി സീറ്റുകൾ സർക്കാരിന് വിട്ടുനൽകുമെന്നും അവർ പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് നിലപാടിൽ മാറ്റമില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയത്.

സർക്കാരിന്റെ പുതിയ നിർദ്ദേശങ്ങൾ പാലിച്ചാൽ കോളജുകൾ പൂട്ടേണ്ട സ്ഥിതിയുണ്ടാകുമെന്ന വാദം ശക്തമാക്കി മെഡിക്കൽ മാനേജ്‌മെന്റ് അസോസിയേഷൻ രംഗത്ത് വന്നതിന് പിന്നാലെയാണ് മന്ത്രി ശൈലജയുടെ നിലപാട് വിശദീകരണം. സ്വാശ്രയ മേഖലയിലെയും കൽപിത സർവകലാശാലയിലെയും മുഴുവൻ മെഡിക്കൽ, ഡെന്റൽ സീറ്റുകളിലും പ്രവേശനം നടത്തുന്നതിനുള്ള ചുമതല പ്രവേശന പരീക്ഷാ കമ്മിഷണർക്കു നൽകി കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. ഇതാണ് മെഡിക്കൽ കോളേജ് മുതലാളിമാരെ ചൊടിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ മുഴുവൻ എംബിബിഎസ് സീറ്റുകളിലും പ്രവേശന പരീക്ഷാ കമ്മിഷണർ പ്രവേശനം നടത്തുന്നതിനെതിരെ ഹൈക്കോടതിയിൽ ഇന്നും നാളെയുമായി ഓരോ മെഡിക്കൽ കോളജും വെവ്വേറെ കേസ് ഫയൽ ചെയ്യുമെന്നു സ്വാശ്രയ മെഡിക്കൽ കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷൻ സെക്രട്ടറി അനിൽകുമാർ വള്ളിയിൽ അറിയിച്ചു.

കഴിഞ്ഞ വർഷം ഇന്റർ ചർച്ച് കൗൺസിലിനു കീഴിലുള്ള മെഡിക്കൽ കോളജുകളിൽ 50% സീറ്റിൽ പ്രവേശന പരീക്ഷാ കമ്മിഷണർ പ്രവേശനം നടത്തി. ഈ സീറ്റിൽ 4.25 ലക്ഷം രൂപയായിരുന്നു വാർഷിക ഫീസ്. ശേഷിക്കുന്ന 50% ശതമാനം സീറ്റിൽ മാനേജ്‌മെന്റുകൾ പ്രവേശനം നടത്തി. ഇതിൽ 35% മാനേജ്‌മെന്റ് സീറ്റിൽ 4.25 ലക്ഷവും 15% എൻആർഐ സീറ്റിൽ 10 ലക്ഷവും ഫീസ് വാങ്ങുകയും ചെയ്തു. എന്നാൽ സ്വാശ്രയ മെഡിക്കൽ കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷനു കീഴിലുള്ള ഭൂരിപക്ഷം മെഡിക്കൽ കോളജുകളിലും 50% സീറ്റിൽ പ്രവേശന പരീക്ഷാ കമ്മിഷണറാണു പ്രവേശനം നടത്തിയത്. ഈ സീറ്റിന്റെ 30 ശതമാനത്തിൽ 25,000 രൂപയും 20 ശതമാനത്തിൽ 1.85 ലക്ഷവുമായിരുന്നു ഫീസ്. ശേഷിച്ച 50% സീറ്റിൽ മാനേജ്‌മെന്റുകൾ പ്രവേശനം നൽകി. ഇതിൽ 35% മാനേജ്‌മെന്റ് സീറ്റിൽ 8.5 ലക്ഷം രൂപയും 15% എൻആർഐ സീറ്റിൽ 12.5 ലക്ഷവുമായിരുന്നു ഫീസ്. ആറു സ്വാശ്രയ മെഡിക്കൽ കോളജുകൾ 100% സീറ്റിലും സ്വന്തം നിലയിൽ പ്രവേശനം നടത്തിയിരുന്നു. ഏഴു മുതൽ എട്ടുലക്ഷം രൂപ വരെയാണ് ഇവർ എൻആർഐ ഒഴികെയുള്ള സീറ്റുകളിൽ ഈടാക്കിയത്.

ഇത്തവണ ഇതിനാണ് സർക്കാർ മാറ്റം വരുത്താൻ തീരുമാനിച്ചത്. ഇന്റർ ചർച്ച് കൗൺസിലിനു കീഴിലുള്ള ഈ കോളജുകളിലെ 100% സീറ്റിലും പ്രവേശനപ്പരീക്ഷാ കമ്മിഷണർ പ്രവേശനം നടത്തുമെന്നു സർക്കാർ നിർദ്ദേശിച്ചു. മാനേജ്‌മെന്റുകളുമായി സർക്കാർ ഒപ്പുവച്ച കരാർ അനുസരിച്ച് 85% സീറ്റിൽ 4.4 ലക്ഷം രൂപയും 15% എൻആർഐ സീറ്റിൽ 11 ലക്ഷവുമാണു ഫീസ്. എന്നാൽ കരാർ നടപ്പാക്കുന്നതിനെക്കുറിച്ചോ ഫീസ് എത്രയായിരിക്കുമെന്നോ സർക്കാർ വ്യക്തമാക്കിയിട്ടില്ല. അതേസമയം മെരിറ്റ് മാനേജ്‌മെന്റ് സീറ്റുകളിൽ ഒറ്റഫീസ് വേണമെന്ന മാനേജ്‌മെന്റുകളുടെ ആവശ്യത്തിൽ സർക്കാർ നയപരമായ തീരുമാനം ഇനിയും ഉണ്ടായിട്ടില്ല. സംസ്ഥാന സർക്കാരിന്റെ പ്രവേശന പരീക്ഷയിലെ (കീം) റാങ്ക് ലിസ്റ്റിൽ നിന്നാണ് മെരിറ്റ് സീറ്റുകളിലെ പ്രവേശനം.

മാനേജ്‌മെന്റ് സീറ്റുകളിൽ അഖിലേന്ത്യാ പ്രവേശന പരീക്ഷയിലെ (നീറ്റ്) റാങ്കുമാണ് അടിസ്ഥാനമാക്കുന്നത്. രണ്ടും മെറിറ്റ് ലിസ്റ്റായതിനാൽ വ്യത്യസ്ത ഫീസ് ഈടാക്കുന്നത് ധാർമികമല്ലെന്നതിനാലാണ് ഏകീകൃത ഫീസ് പരിഗണിക്കേണ്ടിവരുന്നത്. ഏകീകൃത ഫീസ് അംഗീകരിച്ചാൽ താഴ്ന്ന വരുമാനക്കാരായ നിശ്ചിത ശതമാനം കുട്ടികൾക്ക് സ്‌കോളർഷിപ്പ് നല്കണമെന്ന ആവശ്യവും സർക്കാർ മുന്നോട്ട് വച്ചേക്കും. മാനേജ്‌മെന്റുകളുമായുള്ള ചർച്ചകൾക്ക് ശേഷം ഡെന്റൽ സീറ്റുകളിൽ ഈ മാതൃകയാണ് സ്വീകരിച്ചത്. അതേസമയം ഡെന്റലിൽ ഉയർന്ന കീകൃത ഫീസ് നിശ്ചയിച്ചതിനെതിരെ പ്രതിപക്ഷവും രംഗത്ത് വന്നിട്ടുണ്ട്.

ഡെന്റൽ കോളേജുകളിൽ 85 ശതമാനം സീറ്റുകളിൽ നാല് ലക്ഷം രൂപ എന്ന ഏകീകൃത ഫീസ് സർക്കാർ അംഗീകരിച്ചെങ്കിലും ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിട്ടില്ല. മെഡിക്കൽ സീറ്റിലെ ഫീസുകൂടി തീരുമാനിച്ചശേഷമേ ഉത്തരവുണ്ടാകാൻ ഇടയുള്ളുവെന്നാണ് കരുതുന്നത്. 15 ശതമാനം എൻ ആർ ഐ സീറ്റീൽ 5.75 ലക്ഷമാണ് ഡെന്റലിൽ ഫീസ് നിശ്ചയിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP