Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെന്നിത്തലയെ ഗൗനിക്കാതിരുന്നത് ബോധപൂർവ്വമെങ്കിൽ തെറ്റ്; മന്ത്രിയെ കാണുമ്പോൾ സല്യൂട്ട് അടിക്കേണ്ടത് പൊലീസുകാരുടെ കടമ; അബദ്ധം പറ്റിയെങ്കിൽ തിരുത്തിക്കും; ഋഷിരാജ് സിംഗിന് ഡിജിപി കത്ത് നൽകും

ചെന്നിത്തലയെ ഗൗനിക്കാതിരുന്നത് ബോധപൂർവ്വമെങ്കിൽ തെറ്റ്; മന്ത്രിയെ കാണുമ്പോൾ സല്യൂട്ട് അടിക്കേണ്ടത് പൊലീസുകാരുടെ കടമ; അബദ്ധം പറ്റിയെങ്കിൽ തിരുത്തിക്കും; ഋഷിരാജ് സിംഗിന് ഡിജിപി കത്ത് നൽകും

തിരുവനന്തപുരം: എ.ഡി.ജി.പി ഋഷിരാജ് സിങ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ഗൗനിക്കാതിരുന്നത് പ്രോട്ടോക്കോൾ പ്രശ്‌നമല്ലെന്നും ബോധപൂർവമെങ്കിൽ തെറ്റാണെന്നും ഡി.ജി.പി. ടി.പി. സെൻകുമാർ. മന്ത്രി വന്നത് ഋഷിരാജിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകില്ല. അദ്ദേഹത്തിന് അബദ്ധം പറ്റിയെങ്കിൽ തിരുത്തും. മന്ത്രിയെ കാണുമ്പോൾ സല്യൂട്ട് അടിക്കേണ്ടത് കടമയാണെന്നും ഡിജിപി പറഞ്ഞു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സല്യൂട്ട് ചെയ്യാൻ വിസമ്മതിച്ച എ.ഡി.ജി.പി ഋഷിരാജ് സിംഗിന് ഡി.ജി.പി ടി.പി.സെൻകുമാർ കത്ത് നൽകും. സല്യൂട്ട് ചെയ്യാത്തതിൽ വീഴ്ച വന്നിട്ടുണ്ടെങ്കിൽ സ്വയം തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നൽകുക.

ഋഷിരാജ് സിംഗിന് അബദ്ധം പറ്റിയെങ്കിൽ തിരുത്തും. അച്ചടക്കമുള്ള ഉദ്യോഗസ്ഥനാണ് അദ്ദേഹം. റാങ്ക് അനുസരിച്ചാണോ പലരേയും നാം 'സർ' എന്നു വിളിക്കുന്നതെന്നും സെൻകുമാർ ചോദിച്ചു. ഋഷിരാജ് സിങ് സല്യൂട്ട് നൽകാതിരുന്നതിൽ തനിക്ക് പരാതിയില്ലെന്നും അദ്ദേഹത്തിന്റെ പെരുമാറ്റം പ്രോട്ടോക്കോൾ ലംഘനമാണോയെന്ന് ഡി.ജി.പി പരിശോധിക്കട്ടേയെന്നുമാണ് രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇതിനെ തുടർന്നാണ് ഡിജിപി നിലപാട് വിശദീകരിച്ചത്. ഋഷിരാജ് സിങ് അച്ചടക്കമുള്ള പൊലീസ് ഓഫീസറാണെന്നും വ്യക്തമായി. സംഭവം വിവാദമായ സാഹചര്യത്തിൽ ഋഷിരാജ് സിംഗിന് ഡിജിപി കത്തയയ്ക്കും. വിശദീകരണം ചോദിക്കുന്ന മെമോ എന്ന തരത്തിലാകില്ല ഇത്. മറിച്ച് വിവാദമുണ്ടായ സംഭവത്തിന്റെ ഗൗരവം ഉയർത്തിയാകും കത്തയയ്ക്കുക.

അതിനിടെ ഋഷിരാജ് സിങ് രമേശ് ചെന്നിത്തലയുമായി ഫോണിൽ സംസാരിച്ചു. താൻ മനഃപൂർവം സല്യൂട്ട് ചെയ്യാതിരുന്നിട്ടില്ലെന്നും മാദ്ധ്യമങ്ങൾ അനാവശ്യ വിവാദം ഉണ്ടാക്കുകയുമാണ് ചെയ്യുന്നതെന്ന് സിങ് ചെന്നിത്തല അറിയിച്ചതായാണ് സൂചന. ഋഷിരാജ് സിംഗിനെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പന്തളം സുധാകരൻ രംഗത്ത് വന്നു. സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രിയേയും അപമാനിച്ച ഋഷിരാജിനെതിരേ സമൂഹം പ്രതികരിക്കണമെന്ന് സുധാകരൻ പറഞ്ഞു. ആഭ്യന്തരമന്ത്രിയുടെ മാന്യത സർക്കാരിന്റെ ദൗർബല്യമായി മാറരുതെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

സംഭവത്തിൽ തനിക്ക് പരാതിയില്ലെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെ അച്ചടക്ക നടപടികളിലേക്കൊന്നും വിഷയമെത്തില്ല. കഴിഞ്ഞ ദിവസം തൃശ്ശൂർ രാമവർമ്മപുരം പൊലീസ് അക്കാദമി ഗ്രൗണ്ടിൽ നടന്ന വനിതാ പൊലീസ് പാസിങ് ഔട്ട് പരേഡിനെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ഋഷിരാജ് സിങ് ബഹുമാനിച്ചില്ലെന്നായിരുന്നു ആരോപണം. വൈദ്യുതി ബോർഡ് ചീഫ് വിജിലൻസ് ഓഫീസറായിരുന്ന സിങ്ങിനെ ആംഡ് ബറ്റാലിയൻ എ.ഡി.ജി.പി.യായി മാറ്റിനിയമിച്ചതിലുള്ള അസന്തുഷ്ടിയാണ് അദ്ദേഹം പ്രകടപിച്ചതെന്നും ആരോപണം ഉയർന്നിരുന്നു.

എന്നാൽ, ഈ ആരോപണത്തിൽ കഴമ്പില്ലെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ആരെയും നിർബന്ധിച്ച് പൊലീസ് സേനയിലേക്ക് കൊണ്ടുവന്നിട്ടില്ല. ഇക്കാര്യം ഋഷിരാജ് സിങ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹ്യ മാദ്ധ്യമങ്ങളിൽ അടിസ്ഥാനരഹിതമായ കാര്യങ്ങൾ ചർച്ചചെയ്യുന്നത് ശരിയല്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം പാസിങ് ഔട്ട് പരേഡ് നടന്ന സ്ഥലത്തേക്ക് ആഭ്യന്തരമന്ത്രിയെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെല്ലാം എഴുന്നേറ്റ് സല്യൂട്ട് ചെയ്തിരുന്നു. എന്നാൽ, എ.ഡി.ജി.പി. ഋഷിരാജ് സിങ് സോഫയിൽ ഇരുന്നു. ആഭ്യന്തരമന്ത്രിയെ കവാടത്തിൽ സ്വീകരിക്കാനും അദ്ദേഹം പോയില്ല.

മന്ത്രിയെത്തുന്ന വിവരം അനൗൺസ് ചെയ്തപ്പോൾ ചടങ്ങിലുണ്ടായിരുന്ന ഐ.ജി.യും എ.ഡി.ജി.പി. രാജേഷ് ദിവാനും ഉന്നത ഉദ്യോഗസ്ഥരും എഴുന്നേറ്റുനിന്ന് സല്യൂട്ട് ചെയ്ത് സ്വീകരിച്ചു. എന്നാൽ, ഋഷിരാജ് സിങ് ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റില്ല. ചടങ്ങ് കഴിഞ്ഞ് മന്ത്രിമാരടക്കമുള്ളവർ എഴുന്നേറ്റതിനു ശേഷമാണ് ഋഷിരാജ് സിങ് എഴുന്നേറ്റതും. മന്ത്രിയുമായി സംസാരിക്കുവാനും അദ്ദേഹം തയ്യാറായില്ല. ഋഷിരാജ് സിങ്ങിനോടും മന്ത്രി ഒന്നും പറയാതെയാണ് മടങ്ങിയത്. ഈ വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെയാണ് പ്രോട്ടോകോൾ പ്രകാരം എഴുന്നേൽക്കേണ്ടതില്ലെന്ന് ഋഷിരാജ് സിങ് വ്യക്തമാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP