Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫോർട്ട് കൊച്ചി ബോട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി; ബോട്ട് ഓടിച്ചിരുന്നവർക്കു ലൈസൻസില്ല; കൃത്യമായ പരിശോധന നടത്താതെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയതിന്റെ രേഖകൾ പുറത്ത്

ഫോർട്ട് കൊച്ചി ബോട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി; ബോട്ട് ഓടിച്ചിരുന്നവർക്കു ലൈസൻസില്ല; കൃത്യമായ പരിശോധന നടത്താതെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയതിന്റെ രേഖകൾ പുറത്ത്

കൊച്ചി: ഫോർട്ട് കൊച്ചി ബോട്ടപകടത്തിൽ ഒരാളുടെ മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം ഏഴായി.

കഴിഞ്ഞ ദിവസം യാത്രാബോട്ടിൽ മത്സ്യബന്ധന ബോട്ടിടിച്ചുണ്ടായ അപകടത്തിൽ കണ്ടക്കടവ് പുത്തൻതോട് കുഞ്ഞുമോൻ സിന്ധു ദമ്പതികളുടെ മകളായ സുജിഷ(17)യുടെ മൃതദേഹമാണ് ഇന്നു കണ്ടെടുത്തത്.

അതിനിടെ, ബോട്ട് ഓടിച്ചിരുന്നയാൾക്കു ലൈസൻസില്ലായിരുന്നു എന്ന വസ്തുതയും പുറത്തുവന്നു. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ബോട്ടിനു നൽകിയതു കാര്യമായ പരിശോധന നൽകാതെയാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

സുജിഷയെ അപകടത്തെ തുടർന്നു കാണാതായിരുന്നു. സുജിഷയുടെ മൃതദേഹം വ്യാഴാഴ്ച പുലർച്ചെ ചെല്ലാനം ഹാർബറിലാണ് അടിഞ്ഞത്. അതിനിടെ ഫോർട്ട് കൊച്ചി സ്വദേശി ഷിൽട്ടൻ എന്നയാളിന്റെ മൃതദേഹം കണ്ണമാലി ഭാഗത്ത് അടിഞ്ഞിരുന്നു. ഇയാൾ ബോട്ട് അപകടത്തിലാണോ മരിച്ചതെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

എറണാകുളം മഹാരാജാസ് കോളേജിൽ ബിരുദ വിദ്യാർത്ഥിനിയായിരുന്നു സുജിഷ. അപകടത്തിൽ ഇന്നലെ മരിച്ച കണ്ണമാലി കണ്ണക്കടവ് ആപത്തുശ്ശേരി സിന്ധുവിന്റെ മകളാണ് സുജിഷ. സിന്ധുവിന്റെ മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു. മഹാരാജാസ് കോളേജിലെ ബികോം വിദ്യാർത്ഥിനിയായ സുജിഷ അമ്മക്കൊപ്പം എംപ്ലായ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്ട്രർ ചെയ്യാൻ പോയതായിരുന്നു. കുഞ്ഞുമോനാണ് അച്ഛൻ. അപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന രണ്ട് പേരുടെ നില ഗുരുതരമാണ്. കാണാതായ രണ്ട് പേർക്ക് വേണ്ടി തിരച്ചിൽ തുടരുന്നുണ്ട്.

വൈപ്പിനിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് വരികയായിരുന്ന 'എം.വി ഭാരത് ' എന്ന യാത്രാബോട്ടാണ് ഇന്നലെ ഉച്ചയ്ക്ക് 1.35ന് കൊച്ചി അഴിമുഖത്തെ കമ്മാലക്കടവിന് സമീപത്തായി അപകടത്തിൽപ്പെട്ടത്. ഫോർട്ട് കൊച്ചി ജെട്ടിയിലെ പമ്പിൽ നിന്ന് ഡീസൽ നിറച്ചെത്തിയ 'ബസലേൽ' എന്ന മത്സ്യബന്ധനബോട്ട് ജെട്ടിക്ക് നൂറു മീറ്റർ അകലെ വച്ച് യാത്രാബോട്ടിന്റെ മദ്ധ്യഭാഗത്ത് ഇടിക്കുകയായിരുന്നു.

ബോട്ട് സർവീസ് നടത്തിയത് കൃത്യമായ രേഖകൾ ഇല്ലാതെ

ഫോർട്ട് കൊച്ചിയിൽ അപകടത്തിൽപെട്ട ബോട്ടിന് നിർമ്മാണത്തീയതി രേഖപ്പെടുത്താതെയാണ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നൽകിയതെന്നതിനുള്ള രേഖകൾ പുറത്തുവന്നിട്ടുണ്ട്. സർവീസ് നടത്തുന്നതിനായി ബോട്ടുകൾ രജിസ്റ്റർ ചെയ്യുമ്പോൾ നിർമ്മാണ തീയതി രേഖപ്പെടുത്തണം എന്നാണ് ചട്ടം. എന്നാൽ, കൊച്ചിയിൽ അപകടത്തിൽ പെട്ട എം വിഭാരത് എന്ന ബോട്ടിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിൽ നിർമ്മാണത്തീയതി രേഖപ്പെടുത്തിയിരുന്നില്ല. സംസ്ഥാന തുറമുഖ വകുപ്പാണ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നൽകുന്നത്.

ബോട്ടിന് 37 വർഷത്തോളം പഴക്കമുണ്ടായിരുന്നു. ഇത് മറച്ചു വയ്ക്കാനാണ് നിർമ്മാണത്തീയതി രേഖപ്പെടുത്താതിരുന്നത് എന്ന് കരുതുന്നു. ബോട്ടിൽ മതിയായ ലൈഫ് ജാക്കറ്റുകൾ വേണമെന്നാണ് വ്യവസ്ഥ. ഇതും പാലിക്കപ്പെട്ടില്ല. അപകടത്തിൽ പെട്ട ബോട്ടിലുണ്ടായിരുന്നത് മൂന്ന് ലൈഫ് ജാക്കറ്റ് മാത്രമായിരുന്നു. 80 യാത്രക്കാരെ കയറ്റാനാണ് ഭാരത് ബോട്ടിനും അനുമതിയുണ്ടായിരുന്നത്. ഇത്രയും പേർക്ക് കയറാവുന്ന ബോട്ടിൽ 89 ലൈഫ് ജാക്കറ്റുകൾ വേണമെന്നാണ് ചട്ടം. ബോട്ട് സർവീസ് നടത്തുന്നതിന് കൊച്ചി കോർപ്പറേഷനും ഉടമസ്ഥനും എത്തിച്ചേർന്ന കരാർ വ്യവസ്ഥ പ്രകാരം അപകടമുണ്ടായാൽ യാത്രക്കാർക്ക് ഇൻഷ്വറൻസ് അടക്കമുള്ള തുക നൽകേണ്ടത് ബോട്ടുടമയാണ്. അതേസമയം, ബോട്ടിന് 2017വരെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നതായാണ് ഉടമസ്ഥൻ പറഞ്ഞത്.

അതിവേഗത്തിൽ വന്ന മീൻപിടുത്ത ബോട്ട് ഇടിച്ചതിനെ തുടർന്ന് യാത്രാബോട്ട് നെടുകെ പിളർന്ന് മുങ്ങുകയായിരുന്നു. ആറുപേരുടെ മൃതദേഹമാണ് ഇന്നലെ ലഭിച്ചത്. 30ഓളം പേരുണ്ടായിരുന്ന ബോട്ടിലെ മറ്റുള്ളവരെയെല്ലാം രക്ഷിച്ചതായാണ് സൂചന. മട്ടാഞ്ചേരി ലോബോ ജങ്ഷനിൽ മഹാജനവാടി സുധീർ(38), മട്ടാഞ്ചേരി അമരാവതിയിൽ പുളീക്കൽ ഡേവിഡിന്റെ ഭാര്യ വോൾഗ(40), വോൾഗയുടെ ഭർതൃസഹോദരൻ ഫോർട്ട്‌കൊച്ചി പുളീക്കൽ ജോസഫ്(50), വൈപ്പിൻ അഴീക്കലിൽ അയ്യപ്പൻ(58), കണ്ണമാലി കക്കടവ് ആപത്തുശേരി കുഞ്ഞുമോന്റെ ഭാര്യ സിന്ധു(40), തൃശൂർ കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശി സൈനബ (55) എന്നിവരാണ് മരിച്ചത്. കൊച്ചി നഗരസഭ കരാർനൽകിയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽപെട്ട മുപ്പതോളം പേർ രക്ഷപ്പെട്ടു. വിവിധ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്ന 19 പേരിൽ രണ്ടു കുട്ടികളടക്കം നാലു പേരുടെ നില ഗുരുതരമാണ്. കൊച്ചി അഴിമുഖത്ത് 15 മീറ്ററോളം ആഴമുള്ള ഭാഗത്തായിരുന്നു അപകടം ഉണ്ടായത്.

15 ദിവസത്തിനകം റിപ്പോർട്ടു സമർപ്പിക്കുമെന്നു പോർട്ട് ട്രസ്റ്റ്

ബോട്ടപകടത്തെ കുറിച്ച് 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകുമെന്ന് കൊച്ചിൻ പോർട്ട് ട്രസ്റ്റ് വ്യക്തമാക്കി. അപകടത്തിൽപെട്ട ബോട്ടിന് കാലപ്പഴക്കം ഉണ്ടായിരുന്നതായും പോർട്ട് ട്രസ്റ്റ് ഡെപ്യൂട്ടി കമ്മിഷണർ ഗൗരി പ്രസാദ് ബിസ്വാൾ പറഞ്ഞു. അന്വേഷണം നടന്നു വരികയാണ്. ബോട്ടിന്റെ കാലപ്പഴക്കം അപകടത്തിനുള്ള ഒരു കാരണമാണോയെന്ന് അന്വേഷിക്കുന്നുണ്ട്. ബോട്ടുകൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്നത് പോർട്ട് ട്രസ്റ്റല്ല, തുറമുഖ വകുപ്പാണെന്നും ബിസ്വാൾ പറഞ്ഞു. ബോട്ടുകൾക്ക് സർവീസ് നടത്താനുള്ള അനുമതി മാത്രമാണ് പോർട്ട് ട്രസ്റ്റ് നൽകുന്നതെന്നും അദ്ദേഹം അറിയിച്ചു.

  • തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (28.08.2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും മറുനാടന്റെ ഹൃദ്യമായ ഓണാശംസകൾ- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP