Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചരിത്രം കുറിച്ചു സർക്കാർ മെഡിക്കൽ കോളേജിൽ ലിംഗമാറ്റ ശസ്ത്രക്രിയ; 41 വയസുള്ള സ്ത്രീയെ പുരുഷനാക്കി മാറ്റിയതു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ; വിജയം നേടിയതു 3 വർഷം നീണ്ട കഠിനാധ്വാനം

ചരിത്രം കുറിച്ചു സർക്കാർ മെഡിക്കൽ കോളേജിൽ ലിംഗമാറ്റ ശസ്ത്രക്രിയ; 41 വയസുള്ള സ്ത്രീയെ പുരുഷനാക്കി മാറ്റിയതു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ; വിജയം നേടിയതു 3 വർഷം നീണ്ട കഠിനാധ്വാനം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിനു ചരിത്രനേട്ടം. സർക്കാർ മെഡിക്കൽ കോളേജിൽ ആദ്യമായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന നേട്ടമാണു തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്വന്തമാക്കിയത്.

തിരുവനന്തപുരം സ്വദേശിനിയും അവിവാഹിതയുമായ 41 കാരിയാണ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ (സെക്‌സ് റീ അസൈന്മെന്റ് സർജറി) പുരുഷനായി മാറിയത്. ചികിത്സയ്ക്ക് മുമ്പ് ഇവർ പൂർണമായും സ്ത്രീയായിരുന്നു.

മെഡിക്കൽ കോളേജിലെ പ്ലാസ്റ്റിക് സർജറി വിഭാഗം നടത്തിയ നീണ്ട 3 വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു വിജയകരമായ ശസ്ത്രക്രിയ. രോഗി പൂർണ ആരോഗ്യനില കൈവരിച്ചിട്ടുണ്ട്.

പെൺകുട്ടിയായി ജനിച്ചെങ്കിലും ചെറുപ്പകാലം മുതലേ ആൺകുട്ടികളുടെ മാനസികാവസ്ഥയായിരുന്നു ഇവർക്ക്. ആൺകുട്ടികളെപ്പോലെ പെരുമാറുകയും കൂട്ടുകൂടുകയും ആൺകുട്ടിയായി ജീവിക്കാൻ ശ്രമിക്കുകയും ചെയ്തു. അസാധാരണ പെരുമാറ്റം കണ്ട് മാതാപിതാക്കൾ ചികിത്സ തേടിയെങ്കിലും ആണായി ജീവിക്കാനാണ് ആ പെൺകുട്ടി ഇഷ്ടപ്പെട്ടത്. ആണായി ജീവിക്കാനുള്ള അമിത മോഹത്തിന് അവസാനം വീട്ടുകാർക്കും വഴങ്ങേണ്ടി വരികയായിരുന്നു.

ആണാകാനുള്ള ചികിത്സകൾക്കായി അവർ പല ആശുപത്രികളും കയറിയിറങ്ങി. പക്ഷെ 5 മുതൽ 10 ലക്ഷം വരെ ചികിത്സാ ചെലവാകുമെന്ന് മനസിലാക്കി ആ ശ്രമം അവർ ഉപേക്ഷിച്ചു. പിന്നീടാണ് മെഡിക്കൽ കോളേജിൽ എത്തിയത്. പുരുഷനെ സ്ത്രീയാക്കുക എന്നതിനേക്കാൾ സ്ത്രീയെ പുരുഷനാക്കുക എന്നത് വളരെയേറെ പ്രയാസമുള്ള കാര്യമാണ്. അങ്ങനെയുള്ള ഒരു വെല്ലുവിളിയാണ് ഡോ. കെ. അജയകുമാറിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാർ ഏറ്റെടുത്തത്.

മാനസികാരോഗ്യ വിഭാഗത്തിന്റേയും പ്രത്യേക മെഡിക്കൽ ബോർഡിന്റേയും അംഗീകാരം കിട്ടിയാൽ മാത്രമേ ലിംഗമാറ്റം നടത്താൻ അനുമതി ലഭിക്കാറുള്ളൂ. മാനസികാരോഗ്യ വിഭാഗത്തിൽ ഈ യുവതിയെ ഒരു വർഷത്തോളം നിരീക്ഷിച്ചു. തുടർന്ന് ലിംഗ മാറ്റത്തിനായുള്ള മെഡിക്കൽ ബോർഡിന്റെ അംഗീകാരവും ലഭിച്ചു.
എൻഡോക്രൈനോളജി വിഭാഗത്തിൽ പുരുഷ ഹോർമോൺ നൽകുന്ന ചികിത്സ ഒരു വർഷത്തോളം നടത്തിയ ശേഷമാണ് ശസ്ത്രക്രിയ തുടങ്ങിയത്. സ്തനങ്ങൾ നീക്കം ചെയ്യുന്ന മാസ്റ്റക്ടമി സർജറിയാണ് ആദ്യം നടത്തിയത്. നാല് മുതൽ അഞ്ച് മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിലൂടെ 2 സ്തനങ്ങളും നീക്കി പുരുഷനെപ്പോലെയാക്കി. തുടർന്ന് ഗർഭാശയവും അനുബന്ധ അവയവങ്ങളും മാറ്റുന്നതിനുള്ള ഹിസ്ട്രക്ടമി, വജൈനക്ടമി എന്നീ ശസ്ത്രക്രിയകളും നടത്തി.

തുടർന്നാണ് ഏറ്റവും അധികം വെല്ലുവിളികളുള്ള പുരുഷ ലൈംഗികാവയവം സ്ഥാപിക്കുന്നതിനുള്ള ഫലോപ്ലാസ്റ്റി സർജറി നടത്തിയത്. രോഗിയുടെ കാലിൽ നിന്നും തുടയിൽ നിന്നും എടുത്ത മാംസവും വിവിധ ഞരമ്പുകളും എടുത്താണ് ലൈംഗികാവയവം വച്ചു പിടിപ്പിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിൽ നടത്തിയ ആറു മുതൽ എട്ട് മണിക്കൂറുകൾ വരെ നീണ്ട രണ്ട് സങ്കീർണ ശസ്ത്രക്രിയകളിലൂടെയാണ് ഇത് പൂർത്തീകരിച്ചത്. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി ഇപ്പോഴും ചികിത്സയിലാണ്. മൂന്നു മുതൽ ആറ് മാസം കഴിഞ്ഞ് കൃത്രിമ വൃഷണങ്ങൾ കൂടി വച്ച് പിടിപ്പിക്കും. അപ്പോൾ പൂർണമായും ആണിനെപ്പോലെ തന്നെയാകും. ഒരു വർഷം കഴിയുമ്പോൾ ആർട്ടിഫിഷ്യൽ ഇറക്ഷൻ ഇംപ്ലാന്റ് നടത്തണം. അതോടുകൂടി മറ്റേതൊരു ആണിനേയും പോലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ കഴിയും.

പ്ലാസ്റ്റിക് സർജറി ആൻഡ് റീ കൺസ്ട്രക്ടീവ് വിഭാഗം മേധാവി ഡോ. കെ. അജയകുമാറാണ് ശസ്ത്രക്രിയക്കു നേതൃത്വം നൽകിയത്. ഡോ. പ്രവീൺ, ഡോ. കലേഷ്, ഡോ. പ്രേംലാൽ, പി.ജി. ഡോക്ടർമാരായ ഡോ. വിനു, ഡോ. ഓം അഗർവാൾ, ഡോ. അനീഷ്, ഡോ. ഫോബിൻ, അനസ്തീഷ്യ വിഭാഗം മേധാവി ഡോ. ലിനറ്റ് മോറിസ്, ഡോ. ചിത്ര എന്നിവർ ശസ്ത്രക്രിയാ സംഘത്തിൽ ഉൾപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP