Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശരണ്യയുടെ ഹുങ്കിൽ പൊലിഞ്ഞ ആകാശിന് ഇന്ന് ജന്മനാട് അന്ത്യയാത്ര നൽകും; മഹാദുരന്തത്തിൽ നിയന്ത്രണം വിട്ട് ഒരു നാട് മുഴുവൻ; കലി അടങ്ങും വരെ അറിഞ്ഞില്ലെന്ന് നടിച്ച് പിള്ളയും കൂട്ടരും

ശരണ്യയുടെ ഹുങ്കിൽ പൊലിഞ്ഞ ആകാശിന് ഇന്ന് ജന്മനാട് അന്ത്യയാത്ര നൽകും; മഹാദുരന്തത്തിൽ നിയന്ത്രണം വിട്ട് ഒരു നാട് മുഴുവൻ; കലി അടങ്ങും വരെ അറിഞ്ഞില്ലെന്ന് നടിച്ച് പിള്ളയും കൂട്ടരും

രാമപുരം: സ്വകാര്യബസ്സിടിച്ച് മരിച്ച ആകാശിന് തിങ്കളാഴ്ച നാട് വിടചൊല്ലും. രാമപുരം വെള്ളിലാപ്പള്ളി തേവർകുന്നേൽ സാജന്റെയും ഷിജിയുടെയും ഏകമകൻ ആകാശിന്റെ(14) മരണത്തിൽ രാമപുരം ആകെ ദുഃഖത്തിലാണ്. അമിതവേഗത്തിലെത്തിയ ശരണ്യ എന്ന സ്വകാര്യ ബസ്സാണ് ദുരന്തത്തിനിടയാക്കിയത്. കേരളാ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആർ ബാലകൃഷ്ണപിള്ളയുടെ സഹോദരീ പുത്രനായ മനോജിന്റേതാണ് ബസ്. പെർമിറ്റില്ലാതെ അമിത വേഗതയിൽ ഓടിയ ബസ്സാണ് ആകാശിന്റെ ജീവനെടുത്തത്. അമിത വേഗതയിൽ വരികെയായിരുന്ന ബസ് അയ്യപ്പതീർത്ഥാടകർ സഞ്ചരിച്ച വാഹനത്തെ മറികടന്നുവരുമ്പോൾ എതിരെയെത്തിയ തടിലോറിയിൽ ഇടിക്കാതെ വെട്ടിച്ചുമാറ്റുന്നതിനിടെ വിദ്യാർത്ഥികളെ ഇടിക്കുകയായിരുന്നു.

ആകാശിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുേമാർട്ടത്തിനുശേഷം ഞായറാഴ്ച വൈകീട്ടോടെ വീട്ടിലെത്തിച്ചു. നീണ്ട എട്ടുവർഷത്തെ കാത്തിരിപ്പിനുശേഷം ലഭിച്ച ഏകമകനെ നഷ്ടപ്പെട്ട അച്ഛനമ്മമാരുടെ ദുഃഖം കണ്ടുനിന്നവരെയെല്ലാം കണ്ണീരിലാഴ്‌ത്തി. മകനാണ് അപകടത്തിൽപ്പെട്ടതെന്ന് അറിയാതെ സാജൻ തന്നെയാണ് കുട്ടിയുമായി ആശുപത്രിയിലെത്തിയത്. അതിന് ശേഷമാണ് മകൻ മരിച്ചെന്ന് മനസ്സിലാക്കിയത്. ശവസംസ്‌കാരം തിങ്കളാഴ്ച 2ന് രാമപുരം ഫൊറോനാപള്ളി സെമിത്തേരിയിൽ നടക്കും.ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ വെള്ളിലാപ്പള്ളി പുതുവേലി പാലത്തിനുസമീപമാണ് അപകടമുണ്ടായത്. അയൽവാസിയും സുഹൃത്തുമായ തേവർകുന്നേൽ ദിലീപിന്റെ മകൻ ക്രിസ്റ്റിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ കുട്ടി ചികിത്സയിലാണ്.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഒട്ടേറെ വാഹനങ്ങളുടെ അകമ്പടിയോടെയാണ് ആകാശിന്റെ മൃതദേഹം രാമപുരത്തെത്തിച്ചത്. ഇന്ന് 9.30ന് ആകാശ് പഠിച്ചിരുന്ന അമനകര ചാവറ ഇന്റർനാഷനൽ സ്‌കൂളിൽ പൊതുദർശനത്തിന് വയ്ക്കും. ബാസ്‌കറ്റ് ബോൾ താരമായിരുന്ന ആകാശ് അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രിയങ്കരനായിരുന്നു. പഠനത്തിൽ മികവു പുലർത്തിയിരുന്ന ആകാശ് ഭക്ത സംഘടനകളിലും സജീവമായിരുന്നു. വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളിയിൽ സംസ്‌കാരം നടത്തും.

അതിനിടെ അപകടമുണ്ടാക്കിയ ബസിന്റെ ഡ്രൈവർ എരുമേലി സ്വദേശി രഞ്ജുവിനെതിരെ (37) പൊലീസ് കേസെടുത്തു. മനഃപൂർവമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. പെർമിറ്റ് ഉണ്ടോ എന്നു പരിശോധിക്കും. ഇല്ലെങ്കിൽ കേസ് 304-ാം വകുപ്പിലേക്ക് മാറ്റും. ഈ വകുപ്പനുസരിച്ച് ജാമ്യം ലഭിക്കില്ലെന്ന് രാമപുരം സിഐ: ഇമ്മാനുവൽ പോൾ പറഞ്ഞു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് പൊലീസിന്റെ നടപടികൾ. എന്നാൽ ബാലകൃഷ്ണ പിള്ളയോ മനോജോ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിക്കാൻ പോലും കഴിഞ്ഞില്ല.

ആകാശും സുഹൃത്തും അമനകര ചാവറ ഇന്റർനാഷണൽ സ്‌കൂൾ വിദ്യാർത്ഥികളാണ്. സ്‌കൂൾഅവധിയായതിനാൽ വെള്ളിലാപ്പള്ളിയിൽ ട്യൂഷനുപോയി തിരിച്ചുവരികയായിരുന്നു രണ്ടുപേരും. ആകാശ് സൈക്കിൾ തള്ളിക്കൊണ്ട് സംസാരിച്ച് നടക്കുകയായിരുന്നു. ഇവരുടെ പിന്നിലാണ് ബസ് ഇടിച്ചത്. ഇവരുടെ വീട്ടിൽനിന്ന് 50 മീറ്റർ മാത്രം അകലത്തിലായിരുന്നു അപകടം. ചോരയിൽ കുതിർന്നുകിടന്ന ആകാശിനെയും ക്രിസ്റ്റിയെയും നാട്ടുകാരാണ്, അതുവഴിയെത്തിയ കാറിൽ ആശുപത്രിയിൽ എത്തിച്ചത്. ഇവർക്കൊപ്പം ആകാശിന്റെ അച്ഛൻ സാജനും ഉണ്ടായിരുന്നു. ആശുപത്രിയിലെത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടതിലൊരാൾ മകനാണെന്ന് സാജൻ തിരിച്ചറിയുന്നത്.

ബസ്സിന് പെർമിറ്റ് ഇല്ലെന്ന ആരോപണം ശക്തമാണ്. പെർമിറ്റ് ഇല്ലെങ്കിൽ നരഹത്യയ്ക്ക് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കുമെന്നും സിഐ പറഞ്ഞു. സംഘർഷാവസ്ഥയുണ്ടാക്കിയതിന് കണ്ടാലറിയാവുന്ന 15 പേർക്കെതിരെയും കേസെടുത്തു. അതേസമയം, അംഗീകൃത റൂട്ട് പെർമിറ്റ് ഇല്ലാത്ത ബസ്സുകൾ പാലാ നഗരസഭാപരിധിയിൽ പ്രവേശിക്കുന്നത് തടയുമെന്ന് ചെയർപേഴ്‌സൺ ലീനാ സണ്ണി അറിയിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP