Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഡൽഹിയിലെത്തി കാലുപിടിച്ചിട്ടും മോദി കനിഞ്ഞില്ല; പുറത്താക്കുംമുമ്പ് രാജിവച്ചൊഴിഞ്ഞ് ഷീല ദീക്ഷിത്: കോൺഗ്രസ് നേതാക്കളായ ഗവർണർമാരെ പുകച്ചുചാടിക്കാനുള്ള തന്ത്രം പൂർണവിജയം

ഡൽഹിയിലെത്തി കാലുപിടിച്ചിട്ടും മോദി കനിഞ്ഞില്ല; പുറത്താക്കുംമുമ്പ് രാജിവച്ചൊഴിഞ്ഞ് ഷീല ദീക്ഷിത്: കോൺഗ്രസ് നേതാക്കളായ ഗവർണർമാരെ പുകച്ചുചാടിക്കാനുള്ള തന്ത്രം പൂർണവിജയം

ന്യൂഡൽഹി: കേരള ഗവർണർ ഷീല ദീക്ഷിത് രാജിവച്ചു. ഡൽഹിയിലെത്തി ബിജെപി നേതാക്കളുടെ കാലുപിടിച്ചിട്ടും ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് രാജി. പുറത്താക്കുംമുമ്പ് രാജിവച്ചൊഴിയുകയായിരുന്നു അവർ. ഇതോടെ കോൺഗ്രസ് നേതാക്കളായ ഗവർണർമാരെ പുകച്ചുചാടിക്കാനുള്ള ബിജെപി സർക്കാരിന്റെ തന്ത്രം പൂർണവിജയം കണ്ടിരിക്കുകയാണ്. എൻഡിഎ സർക്കാർ അധികാരത്തിലെത്തിയ ശേഷം രാജിവയ്ക്കുന്ന ഏഴാമത്തെ ഗവർണറാണ് ഷീല ദീക്ഷിത്. താൻ രാഷ്ട്രപതിയെ കണ്ട് രാജി സമർപ്പിച്ചുവെന്നും ഇന്നലെ തന്നെ രാജിക്കത്ത് കൈമാറിയിരുന്നുവെന്നും ഗവർണർ ഷീലാ ദീക്ഷിത് സ്ഥിരീകരിച്ചു. മറ്റു ഗവർണർമാരുടെ രാജിയുമായി തന്റെ രാജിയെ ചേർത്തുകാണേണ്ട കാര്യമില്ല. താൻ സ്വന്തം നിലയ്ക്ക് എടുത്ത തീരുമാനമാണിത്. തന്റെ മനസു പറഞ്ഞ കാര്യമാണ് താൻ ചെയ്തത്. രാജി സ്വീകരിച്ചതിനു ശേഷം കൂടുതൽ കാര്യങ്ങൾ പറയാമെന്നും ഷീല ദീക്ഷിത് വാർത്താലേഖകരോടു പറഞ്ഞു. 

രാജി വയ്ക്കാൻ ആവശ്യപ്പെട്ടിട്ടും കൂസാതെ ഭരണഘടനാ പദവിയെന്ന വാദം ഉന്നയിച്ച് പിടിച്ചു നിൽക്കാൻ ശ്രമിച്ച ഗവർണർമാരെ താരതമ്യേന ചെറിയ സംസ്ഥാനങ്ങളിലേക്കു സ്ഥലം മാറ്റി നിർബന്ധിച്ച് രാജി വാങ്ങുന്ന ശ്രമത്തിന് ഏറ്റവും ഒടുവിൽ ഇരയായ വ്യക്തിയാണ് ഷീലാ ദീക്ഷിത്. മഹാരാഷ്ട്ര ഗവർണർ കെ. ശങ്കരനാരായണനെ മിസോറാമിലേക്ക് മാറ്റിയതിൽ പ്രതിഷേധിച്ച് അദ്ദേഹം രാജി വച്ചതിന് തൊട്ടു പിന്നാലെ ഷീലാ ദീക്ഷിത് രാജി വയ്ക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഇതിനിടയിൽ ഷീലാ ദീക്ഷിതിനെ മിസോറാമിലേക്ക് സ്ഥലം മാറ്റുമെന്നും സൂചനയുണ്ടായിരുന്നു. തുടർന്നായിരുന്നു ഷീല ഇന്നലെ രാജ് നാഥ് സിംഗിനെയും രാഷ്ട്രപതിയെയും കണ്ടത്. ഏതു വിധേനയും ഗവർണർ സ്ഥാനത്ത് പിടിച്ചു നിൽക്കാൻ ഷീല ദീക്ഷിത് നേരത്തെയും ശ്രമം നടത്തിയിരുന്നു. മുമ്പും ഡൽഹിയിലെത്തി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായി ഈ വിഷയത്തിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അതൊന്നും വിലപ്പോയില്ലെന്നാണ് ഷീല ദീക്ഷിതിന്റെ രാജി തെളിയിക്കുന്നത്.

ഗവർണർമാരെ പുറത്താക്കാൻ സ്ഥലം മാറ്റുന്നതിനു പുറമെ അഴിമതി കേസുകളിൽ അവരെ ചോദ്യം ചെയ്യുന്ന നടപടിയും കേന്ദ്രം കൈക്കൊണ്ടിരുന്നു. ഇത്തരത്തിൽ കോമൺവെൽത്ത് അഴിമതി കേസിലും ഡൽഹി ജല ബോർഡ് അഴിമതി കേസിലും ഷീലയെ ചോദ്യം ചെയ്യുമെന്നും നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു.

മോദി സർക്കാർ അധികാരത്തിൽ വന്ന ഉടൻ യു പി എ സർക്കാർ നിയമിച്ച ഗവർണർമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പല ഗവർണർമാരും ഈ ആവശ്യം നിരസിക്കുകയായിരുന്നു. മഹാരാഷ്ട്രാ ഗവർണർ കെ ശങ്കരനാരായണൻ, രാജസ്ഥാൻ ഗവർണർ മാർഗരറ്റ് ആൽവ , കേരള ഗവർണർ ഷീലാ ദീക്ഷിത് എന്നിവർ രാജിവെക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതെ തുടർന്നാണ് ഏകപക്ഷീയമായ സ്ഥലം മാറ്റം, മുൻകാല അഴിമതി അന്വേഷണം തുടങ്ങിയ നീക്കങ്ങളുമായി മുന്നോട്ട് പോയത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ സർക്കാറിന്റെ കാലത്ത് നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട് സി ബി ഐ ചോദ്യം ചെയ്തതിനെ തുടർന്ന് പശ്ചിമബംഗാൾ ഗവർണർ എം കെ നാരായണൻ നേരത്തെ രാജിവച്ചിരുന്നു. നാഗാലാൻഡിലേക്ക് സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് മിസോറാം ഗവർണറായിരുന്ന വക്കം പുരുഷോത്തമനും രാജി വച്ചിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP