Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രളയക്കെടുതി താണ്ഡവമാടിയ വയനാട്ടിൽ സ്‌കൂളിൽ വരുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ ഇടിവ് ; ജില്ലയിലെ 307 സ്‌കൂളുകളിലെ 76 എണ്ണത്തിൽ മാത്രമായി എത്താത്തത് 2500ൽ അധികം വിദ്യാർത്ഥികൾ ! ഇതിൽ ഭൂരിഭാഗവും ഗോത്ര വർഗത്തിൽപെട്ട വിദ്യാർത്ഥികളെന്ന് വിദ്യാഭ്യാസ വകുപ്പ് ; 'കൊഴിഞ്ഞു പോയ' വിദ്യാർത്ഥികളുടെ വീട്ടിലെത്തി തിരിച്ചെത്തിക്കാൻ അധികൃതരുടെ ശ്രമം

പ്രളയക്കെടുതി താണ്ഡവമാടിയ വയനാട്ടിൽ സ്‌കൂളിൽ വരുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ ഇടിവ് ; ജില്ലയിലെ 307 സ്‌കൂളുകളിലെ 76 എണ്ണത്തിൽ മാത്രമായി എത്താത്തത് 2500ൽ അധികം വിദ്യാർത്ഥികൾ ! ഇതിൽ ഭൂരിഭാഗവും ഗോത്ര വർഗത്തിൽപെട്ട വിദ്യാർത്ഥികളെന്ന് വിദ്യാഭ്യാസ വകുപ്പ് ; 'കൊഴിഞ്ഞു പോയ' വിദ്യാർത്ഥികളുടെ വീട്ടിലെത്തി തിരിച്ചെത്തിക്കാൻ അധികൃതരുടെ ശ്രമം

മറുനാടൻ ഡെസ്‌ക്‌

കൽപറ്റ: കനത്ത മഴയും പ്രളയവും താണ്ഡവമാടിയ വയനാട്ടിൽ നിന്നും പുറത്ത് വരുന്നത് ആശങ്കാ ജനകമായ വാർത്ത. പ്രളയ ശേഷം ജില്ലയിലെ സ്‌കൂളുകളിൽ വരുന്ന കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ശ്രദ്ധയിൽപെട്ടിരിക്കുന്നത്. ഇവരിൽ ഭൂരിഭാഗവും ഗോത്ര വിഭാഗത്തിൽപെട്ട വിദ്യാർത്ഥികളാണെന്നും 'കൊഴിഞ്ഞു പോയ' വിദ്യാർത്ഥികളുടെ വീട്ടിലെത്തി സ്‌കൂളുകളിലേക്ക് ഇവരെ തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി.

സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നത് മനസിലാക്കാൻ ബ്ലോക്ക് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ വിവരശേഖരണം പുരോഗമിക്കുകയാണ്. ജില്ലയിലെ 307 സ്‌കൂളുകളിൽ 76 എണ്ണത്തിലെ കണക്കാണ് ഇതുവരെ ശേഖരിച്ചത്. ഇതു പ്രകാരം 2500-ലധികം വിദ്യാർത്ഥികൾ പ്രളയാനന്തരം സ്‌കൂളിലെത്തിയിട്ടില്ല. മറ്റിടങ്ങളിലെ കണക്കുകൾ ശേഖരിച്ചുവരുകയാണ്. കണക്കെടുപ്പ് പൂർത്തിയായാലേ കൊഴിഞ്ഞുപോയ കുട്ടികളുടെ എണ്ണം വ്യക്തമാകൂ.

പനമരം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മാത്രം 100 മുതൽ 150 വരെ വിദ്യാർത്ഥികൾ കുറഞ്ഞു. ഇതിൽ ഭൂരിഭാഗവും ഗോത്രവിഭാഗത്തിൽപ്പെട്ടവരാണ്. പ്രളയത്തിൽ വൻനാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്നാണിത്. 1508 വിദ്യാർത്ഥികളാണ് ഇവിടെ ആകെയുള്ളത്.55 ആദിവാസി കോളനികളാണ് പനമരം മേഖലയിലുള്ളത്. പഞ്ചായത്ത് അംഗങ്ങൾ, ട്രൈബൽ പ്രൊമോട്ടർമാർ, അദ്ധ്യാപകർ തുടങ്ങിയവരുടെ യോഗം വിളിച്ച് കുട്ടികളെ തിരിച്ചെത്തിക്കാനുള്ള ശ്രമം ആരംഭിച്ചതായി പനമരം ഗവ. ഹൈസ്‌കൂൾ പ്രധാനാധ്യാപകൻ ജോഷി കെ. ജോസഫ് പറഞ്ഞു. ജില്ലയിലെ മറ്റ് സ്‌കൂളുകളിലും പ്രളയാനന്തരം ഗോത്രവിഭാഗം വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് വർധിച്ചതായി അദ്ധ്യാപകർ പറഞ്ഞു.

ജില്ലാ ഭരണകൂടത്തിന്റെയും ജനപ്രതിനിധികളുടെയും പിന്തുണയോടെ നടപ്പാക്കിയ 'ഡ്രോപ്പ് ഔട്ട് ഫ്രീ വയനാട്' പദ്ധതി കുട്ടികളെ സ്‌കൂളിലെത്തിക്കുന്നതിൽ വലിയ മുന്നേറ്റമുണ്ടാക്കിയിരുന്നു. രണ്ടായിരത്തിലധികം കുട്ടികളെ ഇതിലൂടെ സ്‌കൂളുകളിൽ തിരികെ എത്തിക്കാനായി. പ്രളയാനന്തര സ്ഥിതിവിശേഷങ്ങൾ ഇതിനെയൊക്കെ പുറകോട്ട് വലിക്കുകയാണെന്ന് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.കുട്ടികളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളിലാണ് എസ്.എസ്.എ.യും വിദ്യാഭ്യാസ വകുപ്പും. ഇതിനായി സഹവാസക്യാമ്പുകൾ സംഘടിപ്പിക്കും. സ്‌കൂളിലെത്താത്തവരെ വീടുകളിലെത്തി ബോധവത്കരിക്കും. വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള ഊരുവിദ്യാകേന്ദ്രങ്ങളും ഇതിനായി ഉപയോഗപ്പെടുത്തും.

മടിയാകാം കാരണമെന്ന് ജില്ലാ പ്രോജക്ട് ഓഫീസർ.പ്രളയകാലത്ത് ഒരു മാസത്തോളം വിദ്യാലയങ്ങൾക്ക് അവധിയായിരുന്നു. ഇതുണ്ടാക്കിയ മടി കൊഴിഞ്ഞുപോക്കിന് കാരണമാവാം. ഏറെ കുട്ടികളും പ്രളയക്കെടുതിയിൽനിന്നും വിമുക്തരായിട്ടില്ല. വീടുകൾ നശിച്ചവരും പഠനോപകരണങ്ങൾ നഷ്ടപ്പെട്ടവരും ഇതിലുണ്ട്. ഇവരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ടെന്നും എസ്എസ്എ ജില്ലാ പ്രോജക്ട് ഓഫീസർ ജി.എൻ ബാബുരാജ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP