Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പരമാവധി വോട്ടു പിടിക്കാൻ ബിജെപി മലപ്പുറത്ത് ശോഭ സുരേന്ദ്രനെ ഇറക്കിയേക്കും; വോട്ട് ഒരു ലക്ഷം ആകാൻ തീപ്പൊരി നേതാവിനെ തന്നെ വേണമെന്നു മലപ്പുറത്തെ നേതൃത്വം; എ.എൻ. രാധാകൃഷ്ണനും കെ. സുരേന്ദ്രനും പരിഗണിക്കുന്നവരുടെ പട്ടികയിൽ

പരമാവധി വോട്ടു പിടിക്കാൻ ബിജെപി മലപ്പുറത്ത് ശോഭ സുരേന്ദ്രനെ ഇറക്കിയേക്കും; വോട്ട് ഒരു ലക്ഷം ആകാൻ തീപ്പൊരി നേതാവിനെ തന്നെ വേണമെന്നു മലപ്പുറത്തെ നേതൃത്വം; എ.എൻ. രാധാകൃഷ്ണനും കെ. സുരേന്ദ്രനും പരിഗണിക്കുന്നവരുടെ പട്ടികയിൽ

മലപ്പുറം: ലോകസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി. സ്ഥാനാർത്ഥിയായി ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം ശോഭാ സുരേന്ദ്രൻ രംഗത്തെത്താനുള്ള സാധ്യത ഏറുന്നു. പാലക്കാട് ലോകസഭാ തെരഞ്ഞെടുപ്പിലും, നിയമസഭാ തെരഞ്ഞെടുപ്പിലും തിളങ്ങുന്ന പ്രകടനം കാഴ്ച വച്ച ശോഭാസുരേന്ദ്രൻ തന്നെ മലപ്പുറത്ത് സ്ഥാനാർത്ഥിയാകണമെന്ന ആവശ്യമാണ്, ബിജെപിയുടെ മലപ്പുറം ജില്ലാ കമ്മിറ്റി മുന്നോട്ട് വച്ചിട്ടുള്ളത്.

കഴിഞ്ഞ തവണ ബിജെപി സ്ഥാനാർത്ഥി അഡ്വ. എൻ. ശ്രീപ്രകാശിന് 64,705 വോട്ടാണ് ലഭിച്ചത്. അത് ഇക്കുറി ഒരു ലക്ഷത്തിന് മുകളിൽ എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മലപ്പുറത്തെ പ്രവർത്തകർ. ശോഭാ സുരേന്ദ്രനെപ്പോലെ മികച്ച പ്രതിച്ഛായയും നേതൃശക്തിയുമുള്ള സ്ഥാനാർത്ഥിയായാൽ എക്കാലത്തേക്കാളും മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് പ്രവർത്തകർ.

അതേസമയം, ബിജെപി നേതാക്കളായ എ.എൻ. രാധാകൃഷ്ണൻ, കെ. സുരേന്ദ്രൻ എന്നിവരുടെ പേരും സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. മാർച്ച് 14-ന് തിരുവനന്തപുരത്ത് ചേരുന്ന കോർ കമ്മിറ്റിയിൽ സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷ.

മികച്ച പ്രാസംഗിക എന്ന നിലയിൽ പേരെടുത്തിട്ടുള്ള ശോഭ സുരേന്ദ്രൻ തന്റെ പൊതുപ്രവർത്തനം ആരംഭിക്കുന്നത് ബാലഗോകുലത്തിലൂടെയാണ്. ഇപ്പോൾ ബിജെപി മഹിളാ മോർച്ചയുടെ സംസ്ഥാന പ്രസിഡന്റാണ്. തൃശ്ശൂർ ജില്ലാ സെക്രട്ടറി, ജില്ലാ ഭഗിനി പ്രമുഖ് എന്നീ നിലകളിൽ പ്രവർത്തിച്ച ശോഭാ സുരേന്ദ്രൻ എ.ബി.വി.പിയിൽ വിവിധ ചുമതലകളും നിർവ്വഹിച്ചിട്ടുണ്ട്. 2016ലെ നിയമസഭാതിരഞ്ഞെടുപ്പിൽ പാലക്കാട് നിയമസഭാമണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും തോറ്റു.

മലപ്പുറം മണ്ഡലത്തിൽ ഏപ്രിൽ 12നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 24-ാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി. സൂക്ഷ്മ പരിശോധന 27ന് നടക്കും. പത്രിക പിൻവലിക്കുന്നിനുള്ള തീയതി മാർച്ച് 29 ആണ്. വോട്ടെണ്ണൽ ഏപ്രിൽ 17 ന് നടക്കും.

ഇ. അഹമ്മദിന്റെ മരണത്തെ തുടർന്നാണ് മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പിന് അവസരം ഒരുങ്ങിയത്. മുസ്ലിംലീഗിന് വിജയം സുനിശ്ചിതമെന്നു കരുതുന്ന സീറ്റിൽ പാർട്ടിയുടെ ദേശീയ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി മത്സരിക്കുമെന്ന വിധത്തിലാണ് ചർച്ചകൾ നടക്കുന്നത്. അതേസമയം ആരാകും ഇടതു സ്ഥാനാർത്ഥി എന്ന കാര്യത്തിൽ ഇനിയും സൂചനകളന്നുമില്ല.

എന്നാൽ ലീഗിനുള്ളിൽ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ചരടുവലിയും ശക്തമാണ്. ഇ അഹമ്മദിന്റെ മകൾ ഡോ. ഫൗസിയ ഷെർസാദിനെയോ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി തങ്ങളെയോ മത്സരിപ്പിക്കാനാണ് ഒരു വിഭാഗത്തിന്റെ നീക്കം. ഇരുവരെയു കൊണ്ടുവരുന്നതിലൂടെ സ്ഥാനാർത്ഥിത്വത്തിനു വേണ്ടി കുഞ്ഞാലിക്കുട്ടിയെ നിശബ്ദനാക്കാൻ സാധിക്കുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP