Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സരിത പണം തട്ടിയത് മുഖ്യമന്ത്രിയുമായുള്ള അടുത്ത ബന്ധം ചൂണ്ടിക്കാട്ടി; ലാഭ വിഹിതത്തിൽ മൂന്നിലൊന്ന് ഉമ്മൻ ചാണ്ടിക്കെന്ന് പറഞ്ഞ് 1.19 കോടി നിക്ഷേപിക്കാൻ ബാബുരാജിനെ പ്രേരിപ്പിച്ചു: സോളാർ തട്ടിപ്പിൽ സരിതയെ ശിക്ഷിച്ച കേസ് വന്ന വഴി ഇങ്ങനെ

കൊച്ചി: സോളാർ തട്ടിപ്പിൽ 1.19 കോടി രൂപ അമേരിക്കൻ മലയാളിയും ഇടയാറന്മുള സ്വദേശിയുമായ ഇ കെ ബാബുരാജിന് നഷ്ടമായത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് ഇടയിൽ വന്നപ്പോൾ. മുഖ്യമന്ത്രിയുമായടക്കമുള്ള അടുത്ത ബന്ധം ചൂണ്ടിക്കാട്ടിയാണ് സരിത എസ് നായരും ബിജു രാധാകൃഷ്ണനും തന്നിൽ നിന്ന് പണം കവർന്നതെന്നായിരുന്നു തട്ടിപ്പിനിരയായ ബാബുരാജ് പറഞ്ഞിരുന്നു.

ഈ കേസിലാണ് ബിജുവിനും രാധാകൃഷ്ണനും വ്യാഴാഴ്ച കോടതി ശിക്ഷ വിധിച്ചത്. ടീം സോളാറിന്റെ ലാഭഭവിഹിതത്തിന്റെ മൂന്നിലൊന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കുള്ളതാണെന്നാണ് ബിജു രാധാകൃഷ്ണൻ ബാബുരാജിനോടു പറഞ്ഞത്. ഇക്കാര്യം ബാബുരാജ് സോളാർ തട്ടിപ്പ് അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മീഷനും മൊഴിനൽകിയിരുന്നു.

40 വർഷമായി ന്യൂയോർക്കിലായിരുന്നു എഴുപത്തേഴുകാരനായ ബാബുരാജ്. ഒരു പത്രത്തിന്റെ പത്തനംതിട്ട എഡിഷനിൽ വന്ന പരസ്യം കണ്ടാണ് സരിതയെ ബന്ധപ്പെട്ടത്. സൗരോർജ പ്ലാന്റ് സ്ഥാപിക്കുമെന്നായിരുന്നു പരസ്യം. കമ്പനി റീജണൽ ഡയറക്ടറെന്ന് സ്വയം പരിചയപ്പെടുത്തിയാണ് സരിത ബാബുരാജിന്റെ വീട്ടിലെത്തിയത്.

ലക്ഷ്മി നായർ എന്നാണ് പേരു പറഞ്ഞത്. പിന്നീട് കമ്പനി സിഇഒയാണെന്ന് പറഞ്ഞ് ഭർത്താവ് ബിജു രാധാകൃഷ്ണനും ഇടയാറന്മുളയിലെത്തി. സോളാർ പ്ലാന്റ് സ്ഥാപിക്കാൻ 1.60 ലക്ഷം രൂപ നൽകി. തുടർന്ന് രണ്ട് ബാറ്ററിയും ചില ഉപകരണങ്ങളും വീട്ടിലെത്തിച്ചു. ഇതിനിടെ ക്രെഡിറ്റ് ഇന്ത്യാ കമ്പനിയിൽ ഓഹരി നൽകാമെന്നു പറഞ്ഞ് 1.19 കോടി രൂപ സരിത കൈക്കലാക്കി.

തന്റെ വീട്ടിൽ വരുമ്പോഴെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസുമായും പേഴ്‌സണൽ സ്റ്റാഫ് അംഗം ടെന്നി ജോപ്പനുമായും മറ്റു ചില മന്ത്രിമാരുമായും സരിത ഫോണിൽ സംസാരിച്ചത് അവരുടെ വിശ്വാസ്യത വർധിപ്പിച്ചെന്ന് ബാബുരാജ് പറയുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും സൗരോർജ പ്ലാന്റ് സ്ഥാപിച്ചില്ല. അന്വേഷണത്തിൽ വഞ്ചിക്കപ്പെട്ടെന്ന് മനസിലായി. തുടർന്നാണ് കോട്ടയം ക്രൈംബ്രാഞ്ചിൽ പരാതി നൽകിയത്.

പ്രലോഭനങ്ങൾ പലതും അതിജീവിച്ചാണ് ബാബുരാജ് കേസ് തുടർന്നത്. ടീം സോളാറിന്റെ ലാഭവിഹിതത്തിന്റെ മൂന്നിലൊന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കുള്ളതാണെന്ന് ബിജു രാധാകൃഷ്ണൻ പറഞ്ഞതായി കഴിഞ്ഞ ദിവസമാണ് സോളാർ കമ്മീഷനിൽ ബാബുരാജ് വ്യക്തമാക്കിയത്.

സോളാർ തട്ടിപ്പുകേസിന്റെ ആദ്യഘട്ട വിചാരണയുടെ രണ്ടാംദിവസമാണ് 1.19 കോടി രൂപയുടെ തട്ടിപ്പിനിരയായ ബാബുരാജ് ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ മുമ്പാകെ മൊഴി നൽകിയത്. മുഖ്യമന്ത്രി, പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളായ ടെന്നി ജോപ്പൻ, ജിക്കുമോൻ, മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, അടൂർ പ്രകാശ്, കേന്ദ്രമന്ത്രിമാരായ കെ സി വേണുഗോപാൽ, ഫറൂഖ് അബ്ദുള്ള, പി ചിദംബരം, രാഷ്ട്രപതിയുടെ മകൻ എന്നിവരുമായി അടുത്ത ബന്ധമുണ്ടെന്ന് ബിജുവും മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്ന് സരിതയും പറഞ്ഞിരുന്നു എന്ന് ബാബുരാജ് മൊഴിനൽകി.

ഗുജറാത്തിൽ സോളാർ പദ്ധതി നടപ്പാക്കാൻ നരേന്ദ്ര മോദിക്ക് ഉപദേശം നൽകിയെന്നുകൂടി പറഞ്ഞതോടെയാണ് തനിക്ക് വിശ്വാസമായത്. ടീം സോളാറിന്റെ ചെയർമാൻ ആക്കാമെന്ന് വാഗ്ദാനംചെയ്താണ് 1.19 കോടി രൂപ തട്ടിയെടുത്തത്. മന്ത്രിയായിരിക്കേ കെ സി വേണുഗോപാലിനെ കാണാൻ ഓഫീസിൽ ചെന്നപ്പോൾ അദ്ദേഹം ദേഹത്തു സ്പർശിച്ചെന്നും പിന്നീട് യു ആർ സോ സോഫ്റ്റ് എന്നു പറഞ്ഞ് എസ്എംഎസ് അയച്ചെന്നും സരിത പറഞ്ഞിട്ടുണ്ട്. കായംകുളത്ത് നാലുമാസമായി തീർപ്പാകാതെകിടന്ന തന്റെ വസ്തുപ്രശ്‌നം നാലു ദിവസംകൊണ്ട് ബിജുവും സരിതയും തീർത്തുതന്നു. ഇതിനായി സരിത സ്വന്തം കൈപ്പടയിൽ മുഖ്യമന്ത്രിക്ക് എഴുതിയ കത്തിന്റെ കോപ്പി കമീഷനു മുന്നിൽ ഹാജരാക്കി.

ഫറൂഖ് അബ്ദുല്ലയുടെ ഒരു കത്തും മുഖ്യമന്ത്രിയുടെ മൂന്നു കത്തും ഇവർ തന്നെ കാണിച്ചു.കേരളത്തിന്റെ തീരമേഖലയിൽ സോളാർ പാനലുകൾ സ്ഥാപിക്കാൻ 830 കോടി രൂപയുടെ പദ്ധതിക്കു കേന്ദ്രം അനുമതി നൽകിയിട്ടുണ്ടെന്നും അതിനായി ഡൽഹിയിൽ കേരളഹൗസിൽ പോയി മുഖ്യമന്ത്രിയെ കാണാമെന്നും വിശ്വസിപ്പിച്ചു. ഇതിനായി രണ്ടുവട്ടം ബിജു തന്നെ നെടുമ്പാശേരി വിമാനത്താവളത്തിൽ വരുത്തിയശേഷം മടക്കി അയച്ചു. വിശ്വസിപ്പിക്കാനുള്ള എല്ലാ തന്ത്രങ്ങളും അവർ പയറ്റി. സ്വന്തം പേരുപോലും തന്നോടു പറഞ്ഞിരുന്നില്ല. അറസ്റ്റ് ചെയ്യപ്പെടുന്നതിന് ഏതാനും ദിവസം മുമ്പാണ് ഇവരുടെ യഥാർഥ പേര് മനസ്സിലായത്.

വഞ്ചിക്കപ്പെട്ടെന്നു മനസ്സിലായപ്പോൾ വയലാർ രവിയുടെ നിർദ്ദേശപ്രകാരം ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ കണ്ടു പരാതി നൽകി. പരാതി ക്രൈംബ്രാഞ്ചിനു കൈമാറിയെങ്കിലും നടപടിയെടുത്തില്ല. കേസ് വൈകിപ്പിക്കാൻ കോട്ടയത്തെ പ്രമുഖ രാഷ്ട്രീയനേതാവിൽനിന്ന് സമ്മർദമുണ്ടെന്ന് ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർ ഇസ്മയിൽ പറഞ്ഞിരുന്നു. പരാതി നൽകിയതറിഞ്ഞ് സരിതയും അമ്മയും വിളിച്ചിരുന്നു. അഭിഭാഷകനായ ഫെനി ബാലകൃഷ്ണൻ വീട്ടിൽ വരികയും ചോദിക്കുന്ന തുക തന്ന് ഒത്തുതീർപ്പാക്കാമെന്നും പറഞ്ഞു. കഴിഞ്ഞ ഏഴിനു കോടതിയിൽവച്ചു കണ്ടപ്പോൾ സരിത വീണ്ടും ഒത്തുതീർപ്പിനു ശ്രമിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ 50 ലക്ഷം രൂപ തരാമെന്നു പറഞ്ഞുവെങ്കിലും പിന്നീട് ബന്ധപ്പെട്ടില്ലെന്നും ബാബുരാജിന്റെ മൊഴിയിൽ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP