Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആലപ്പുഴയിൽ നിന്നും തിരുവനന്തപുരം വരെ ഗതാഗതം നിർത്തി ഒന്നേമുക്കാൽ മണിക്കൂർ കൊണ്ട് മാലാഖയെ ശ്രീചിത്രയിൽ എത്തിച്ചത് വെറുതേയായി; മുൻകൂട്ടി അറിയിക്കാതിരുന്നതിനാൽ ശസ്ത്രക്രിയ വൈകും

ആലപ്പുഴയിൽ നിന്നും തിരുവനന്തപുരം വരെ ഗതാഗതം നിർത്തി ഒന്നേമുക്കാൽ മണിക്കൂർ കൊണ്ട് മാലാഖയെ ശ്രീചിത്രയിൽ എത്തിച്ചത് വെറുതേയായി; മുൻകൂട്ടി അറിയിക്കാതിരുന്നതിനാൽ ശസ്ത്രക്രിയ വൈകും

തിരുവനന്തപുരം: തടസ്സങ്ങൾ തീർത്ത് ഒരു കുഞ്ഞ് ജീവൻ രക്ഷിക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടിട്ടും മകളുടെ ജീവൻ രക്ഷപെടുമോ എന്ന ആശങ്കയിലാണ് ഒരു നിർദ്ധന കുടുംബം. ആലപ്പുഴയിൽ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രത്യേക ഇടപെടലിലൂടെ 108 ആംബുലൻസിൽ തിരുവനന്തപുരം ശ്രീചിത്രയിൽ എത്തിച്ച മൂന്ന് വയസുകാരിയുടെ ശസ്ത്രക്രിയ മുൻകൂട്ടി അറിയിക്കാത്തതിനെ തുടർന്ന് വൈകുമെന്നതാണ് മാതാപിതാക്കളെ ആശങ്കയിലാക്കുന്നത്. ശസ്ത്രക്രിയക്കായി മുൻകൂട്ടി ബുക്കു ചെയ്യാത്തതാണ് പ്രശ്‌നം വഷളാക്കിയത്.

തലയിൽ വെള്ളം കെട്ടിനിൽക്കുന്ന അസുഖമാണ് കുട്ടിക്ക്. സ്ഥിതി മോശമായതിനാലാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് തിരുവനന്തപുരത്തേക്ക് അയച്ചത്. എന്നാൽ ശ്രീചിത്രയിൽ മുൻകൂട്ടി ബുക്ക് ചെയ്യാതിരുന്നതിനാൽ കുട്ടിയെ ഇപ്പോൾ എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരത്തെ ആശുപത്രി അധികൃതരെ രോഗവിവരങ്ങൾ വ്യക്തമായി അറിയിക്കാതെ ആലപ്പുഴ മെഡിക്കൽ കോളേജ് അധികൃതർ കാണിച്ച അലംഭാവമാണ് കുട്ടിയുടെ കാര്യം അവതാളത്തിലാക്കിയതെന്നാണ് ആക്ഷേപം.

കുഞ്ഞിനെ ശസ്ത്രക്രിയ ചെയ്യാനുള്ള സൗകര്യം എസ്എടി ആശുപത്രിയിൽ ഇല്ല. ശ്രീചിത്രയിൽ കിടക്ക ഒഴിവു വരുന്നത് വരെ എസ്.എ.ടിയിൽ കുട്ടി കിടക്കേണ്ടി വരും. ചില ഗുളികകൾ നൽകുക മാത്രമാണ് എസ്.എ.ടി യിൽ ചെയ്തത്. കുട്ടിയുടെ ആരോഗ്യനില പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് എസ്.എ.ടി അധികൃതർ അറിയിച്ചു.

ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് തിരുവനന്തപുരത്തേക്ക് കുട്ടിയെ അയയ്‌ക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ന്യൂറോ സർജനാണ് ശസ്ത്രക്രിയ നടത്തേണ്ടത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ ന്യൂറോ സർജന്റെ സേവനം ലഭ്യമാണ്. കുട്ടിക്ക് ജന്മനാ തന്നെ തലയിൽ വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥയുണ്ടായിരുന്നത്രേ. എന്നാൽ ഇതിന് ഇത്രയും നാൾ ചികിത്സിക്കാതിരുന്നതാണ് സ്ഥിതി വഷളാക്കിയതെന്നും വിദഗ്ധ ഡോക്ടർമാർ പറയുന്നു. ആലപ്പുഴ കോമളപുരത്തുള്ള നിർദ്ധന കുടുംബത്തിലെ അംഗമാണ് കുട്ടി.

ഞായറാഴ്ചയാണ് കുട്ടിയെ ആലപ്പുഴയിൽ നിന്ന് കൊണ്ടുവന്നത്. ജില്ലാ വിട്ട് സർവീസ് നടത്താൻ 108 ആംബുലൻസിന് അനുവാദമില്ലാത്തതിനാൽ പ്രാദേശിക കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടാണ് അനുമതി നേടിയെടുത്തത്. മെഡിക്കൽ കോളേജ് ഔട്ട്‌പോസ്റ്റിലെ പൊലീസുകാർ കൺട്രോൾ റൂമിൽ വിവരം അറിയിച്ചതിനാൽ ആംബുലൻസിന് തടസമില്ലാതെ പോകാൻ പൊലീസും വേണ്ട സൗകര്യമൊരുക്കി. ഞായർ വൈകിട്ട് 5.25ന് പുറപ്പെട്ട വാഹനം ഒന്നേമുക്കാൽ മണിക്കൂറുകൊണ്ടാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP