Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

എസ്എസ്എൽസി പരീക്ഷ എഴുതാത്ത കുട്ടിക്കും കിട്ടി രണ്ട് ഗ്രേഡ്! വിനയായത് സോഫ്റ്റ്‌വെയറിൽ അപ്‌ലോഡ് ചെയ്യാൻ പരിചയമില്ലാത്തവർക്ക് പുറംകരാർ നൽകിയത്; വിദ്യാഭ്യാസ വകുപ്പിന്റെ 'കുട്ടിക്കളി'യിൽ നാണംകെട്ട് കേരളം

എസ്എസ്എൽസി പരീക്ഷ എഴുതാത്ത കുട്ടിക്കും കിട്ടി രണ്ട് ഗ്രേഡ്! വിനയായത് സോഫ്റ്റ്‌വെയറിൽ അപ്‌ലോഡ് ചെയ്യാൻ പരിചയമില്ലാത്തവർക്ക് പുറംകരാർ നൽകിയത്; വിദ്യാഭ്യാസ വകുപ്പിന്റെ 'കുട്ടിക്കളി'യിൽ നാണംകെട്ട് കേരളം

കണ്ണൂർ: രണ്ട് വട്ടം എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിക്കുക. വിദ്യാഭ്യാസ രംഗത്ത് എന്നും മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായിരുന്ന കേരളത്തെ നാണം കെടുത്തുന്ന സംഭവങ്ങളാണ് എസ്എസ്എൽസി പരീക്ഷാ ഫലത്തിലെ പിഴവിലൂടെ പുറത്തുവന്നത്. പരീക്ഷ എഴുതാതിരുന്ന കുട്ടിക്കും രണ്ട് ഗ്രേഡ് മാർക്ക് കിട്ടിയെന്ന സംഭവം ഫലപ്രഖ്യാപനത്തിലെ ഗുരുതര വീഴ്‌ച്ചയെ സൂചിപ്പിക്കുന്നത്. ആലക്കോട് നെല്ലിപ്പാറയിലെ ടി.എ. ധനേഷിനാണ് എസ്എസ്എൽസി പരീക്ഷ എഴുതാതിരുന്നിട്ടും രണ്ട് ഗ്രേഡ് കരസ്ഥമാക്കാൻ സാധിച്ചത്. സി പ്‌ളസും ഒരു ഇയുമാണ് ധനേഷിന് ലഭിച്ചത്.

അസുഖം കാരണം ധനേഷിന് പരീക്ഷ എഴുതാൻ പറ്റിയില്ല. രക്ഷിതാക്കൾ വിവരം നേരത്തേ സ്‌കൂൾ ഹെഡ്‌മാസ്റ്ററെ അറിയിച്ചിരുന്നു. ധനേഷിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കാനുള്ള രക്ഷിതാവിന്റെ അപേക്ഷ ഹെഡ്‌മാസ്റ്റർ ഡി.പി.ഐ ഓഫീസിലേക്ക് അയച്ചു. തുടർന്ന് വിദ്യാർത്ഥിയുടെ രജിസ്‌ട്രേഷൻ റദ്ദാക്കി ഫെബ്രുവരി 28ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവുമിറക്കി. പക്ഷേ, ഫലപ്രഖ്യാപിച്ചപ്പോൾ ധനേഷിന് കണക്കിന് സി പ്‌ളസും കംപ്യൂട്ടർ സയൻസിന് ഇ ഗ്രേഡും!മറ്റു വിഷയങ്ങൾക്ക് അവധി എന്നു തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ധനേഷിന്റെ രക്ഷിതാക്കൾ വെറുതെ വിദ്യാഭ്യാസവകുപ്പിന്റെ സൈറ്റിൽ നോക്കിയപ്പോഴാണ് ഫലം കണ്ട് ഞെട്ടിയത്. ഉടനെ വിവരം ഹെഡ്‌മാസ്റ്റർ സി. ഹരികുമാറിനെ അറിയിച്ചു. സാങ്കേതികപ്രശ്‌നം മൂലമുണ്ടായ അബദ്ധമാണെന്നായിരുന്നു ഉന്നതരുടെ വിശദീകരണം.

അതേസമയം എസ്എസ്എൽസി പരീക്ഷയെ ഇത്രയും കുളമാക്കിയത് വകുപ്പിലെ രാഷ്ട്രീയത്തിന്റെ അതിപ്രസരം തന്നെയാണെന്നും വ്യക്തമായി. എസ്എസ്എൽസി മൂല്യനിർണയ ക്യാമ്പുകളിൽ നാലരലക്ഷത്തിലധികം കുട്ടികളുടെ മാർക്കുകൾ സോഫ്റ്റ്‌വെയറിൽ അപ്‌ലോഡ് ചെയ്യാൻ രാഷ്ട്രീയ ശുപാർശയിൽ നിയമിച്ച മൂന്നൂറോളം ഡിറ്റിപി ഓപ്പറേറ്റർമാരാണ് ഫലനിർണ്ണയത്തെ കുളമാക്കിയത്. യാതൊരു പരീശിലനവും നൽകാതെയാണ് ഇവരെ നിയമിച്ചത്. കഴിഞ്ഞ വർഷം വരെ മൂല്യ നിർണയ കേന്ദ്രങ്ങളിൽ പരിചയ സമ്പന്നരായ അദ്ധ്യാപകരായിരുന്നു മാർക്ക് അപ്‌ലോഡ് ചെയ്തിരുന്നത്. വളരെ ഉത്തരവാദിത്വം വേണ്ട ആ ജോലി ഇത്തവണ ആദ്യമായാണ് ഔട്ട് സോഴ്‌സ് ചെയ്യുന്നത്.

ഹയർസെക്കൻഡറിയിൽ ഈ ജോലിക്ക് കമ്പ്യൂട്ടർ അദ്ധ്യാപകരേയും എച്ച്.എസ്.എസ്.ടിമാരേയും പരിശീലനം നൽകി നിയോഗിച്ച സ്ഥാനത്താണ് എസ്. എസ്. എൽ. സിക്ക് സാദാ ഡി.റ്റി.പിക്കാരുമായി വിദ്യാഭ്യാസവകുപ്പ് ഫലപ്രഖ്യാപനത്തിന് നീങ്ങിയത്. ഹയർസെക്കൻഡറിയിൽ ഒൻപതരലക്ഷം കുട്ടികളുടെ മാർക്ക് കൈകാര്യംചെയ്യുന്ന നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററിന്റെ നൂതന സോഫ്റ്റ്‌വെയറിന്റെ ലളിതരൂപമായ 'ഐ എക്‌സാംസ്' ആണ് എസ്.എസ്.എൽ.സിക്ക് ഉപയോഗിച്ചത്. മൂല്യനിർണയക്യാമ്പിൽ മാർക്ക് അപ്‌ലോഡ് ചെയ്യുന്നതിൽ തെറ്റ് വരാതിരിക്കാൻ ഡബിൾഎൻട്രി എന്ന സുരക്ഷാ സംവിധാനമുള്ള സോഫ്റ്റ്‌വെയറാണിത്. രണ്ട് ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർ രണ്ട് കമ്പ്യൂട്ടറുകൾ വഴി ഓരോ മാർക്കും എന്റർ ചെയ്യണം. രണ്ട് മാർക്കുകളും സമാനമല്ലെങ്കിൽ സോഫ്റ്റ്‌വെയർ നിരസിക്കുകയും തെറ്റ് ചൂണ്ടിക്കാട്ടുകയും ചെയ്യും. ഈ മാർക്ക് മൂല്യനിർണയ രജിസ്റ്ററിൽ ഒത്തുനോക്കിയശേഷം മൂന്നാമത് ശരിയായി എന്റർ ചെയ്യണം. എന്റർ ചെയ്ത മാർക്കിൽ എഡിറ്റിങ് സാദ്ധ്യമല്ല. രണ്ട് മാർക്കും ശരിയാണെങ്കിലേ സെർവറിലേക്ക് പോകൂ.

54 ക്യാമ്പുകളിലായി 19,000 അദ്ധ്യാപകരാണ് മൂല്യനിർണയം നടത്തിയത്. ഒരിടത്ത് ശരാശരി 350പേർ. ഫലപ്രഖ്യാപനം വേഗത്തിലാക്കാൻ കൂടുതൽ ഉത്തരക്കെട്ടുകൾ നോക്കുന്നവർക്ക് കെട്ടൊന്നിന് 200രൂപ വീതം അധിക പ്രതിഫലം പ്രഖ്യാപിച്ചു. അതോടെ മിക്കഅദ്ധ്യാപകരും ഒരു ദിവസം രണ്ട് കെട്ട് നോക്കേണ്ടിടത്ത് അഞ്ചും ആറും കെട്ടുകൾ നോക്കി. ഒരുകെട്ടിൽ 25മുതൽ 32വരെ ഉത്തരക്കടലാസുകളാണുള്ളത്. ഒരുഅദ്ധ്യാപകൻ ഒരു ദിവസം 190 ഉത്തരക്കടലാസുകൾ വരെ നോക്കിയിട്ടുണ്ട്.

അതായത് ഒരു ദിവസം ശരാശരി 60,000ത്തിലധികം പേപ്പറുകളിലെ മാർക്കുകൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽ സോഫ്റ്റ്‌വെയറിലാക്കാൻ കരാർ ജീവനക്കാർ നിർബന്ധിതമായി. അതോടെ സുരക്ഷാ സംവിധാനമായ 'ഡബിൾഎൻട്രി' അട്ടിമറിച്ചു. ഒരേ ഓപ്പറേറ്റർ തന്നെ രണ്ട് കമ്പ്യൂട്ടറുകളിൽ മാർക്ക് അപ്‌ലോഡ് ചെയ്തു. ആ മാർക്ക് ശരിയോ തെറ്റോ എന്ന് കണ്ടുപിടിക്കാനാവില്ല. ധൃതി കാരണം ഗ്രേസ്മാർക്കിന്റെ ഫയൽ പലയിടത്തും എന്റർ ചെയ്തില്ല. സംശയമുള്ള മാർക്കുകൾ ഡാറ്റാഎൻട്രിക്കാർ എന്റർ ചെയ്യാതെ വിട്ടു. അതിനാലാണ് ചില വിഷയങ്ങളുടെ ഫലം ലഭിക്കാതിരുന്നത്.

അതേസമയം കേരളത്തെ മുഴുവൻ നാണംകെടുത്തിയ സംഭവത്തിൽ യാതൊരു വിധ അന്വേഷണവും വേണ്ടെന്ന നിലപാടിലാണ് വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP