Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആദ്യം അക്രമവും സംഘർഷവും അവസാനിപ്പിക്കൂ ..എന്നിട്ടാവാം വികസനചർച്ച; സി.പി.എം ആത്മാർഥത കാട്ടിയില്ലെങ്കിൽ ചർച്ച വെറും വാചകമടി മാത്രം; വികസനസംവാദത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നും കുമ്മനം രാജശേഖരൻ

ആദ്യം അക്രമവും സംഘർഷവും അവസാനിപ്പിക്കൂ ..എന്നിട്ടാവാം വികസനചർച്ച; സി.പി.എം ആത്മാർഥത കാട്ടിയില്ലെങ്കിൽ ചർച്ച വെറും വാചകമടി മാത്രം; വികസനസംവാദത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നും കുമ്മനം രാജശേഖരൻ

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം:സംസ്ഥാനത്ത് വികസനാന്തരീക്ഷം കൊണ്ടുവരാൻ ആദ്യം അക്രമത്തിന്റെയും,സംഘർഷത്തിന്റെയും അന്തരീക്ഷത്തിന് അന്ത്യം കുറിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു.വികസനകാര്യത്തിൽ, ആത്മാർഥവും ആരോഗ്യകരവുമായി സംവാദത്തിനാണ് മുഖ്യമന്ത്രി തയ്യാറാവുന്നതെങ്കിൽ ബിജെപി ആ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.സിപിഎമ്മിൽ നിന്ന് എത്രമാത്രം സഹകരണം ഇക്കാര്യത്തിൽ ഉണ്ടാവുമെന്നതാണ് കാതലായ ചോദ്യമെന്നും കുമ്മനം പറഞ്ഞു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

വികസനത്തിനും വികസന സംവാദത്തിനും അനിവാര്യവും അത്യന്താപേക്ഷിതവുമായ ആദ്യ നടപടി അക്രമത്തിന്റെയും, സംഘർഷത്തിന്റെയും അന്തരീക്ഷത്തിന് അന്ത്യം കുറിക്കുക എന്നുള്ളതാണ്. വിവാദങ്ങളിൽ മാത്രം നിർഭാഗ്യവശാൽ ഒതുങ്ങി നിൽക്കുന്ന ഇന്നത്തെ കേരളത്തിലെ അന്തരീക്ഷത്തിൽ, ആത്മാർത്ഥവും ആരോഗ്യകരവുമായ സംവാദത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാവുന്നതെങ്കിൽ, സ്വാഗതാർഹമാണ് ആ നിലപാട്. വികസനത്തെക്കുറിച്ച് വാദിക്കാനും ജയിക്കാനും അല്ല, അറിയാനും അറിയിക്കാനുമുള്ളതാവണം നിർദ്ദിഷ്ട സംവാദം. കേരളത്തിൽ മാത്രമല്ല, രാഷ്ട്രമൊട്ടാകെ തന്നെ ഒരു വികസന സംവാദത്തിന് സമയമതിക്രമിച്ചിരിക്കുന്നു എന്നുള്ളതാണ് ബിജെപിയുടെ വിശ്വാസം.

കേന്ദ്ര ഭരണ കക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുടെയും കേരളത്തിലെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും വികസന കാഴ്ചപ്പാടുകൾ വ്യത്യസ്തമെങ്കിലും, ആരോഗ്യകരമായ ആശയവിനിമയം തെറ്റല്ല. അക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ കക്ഷിയിൽ നിന്നും എത്രമാത്രം സഹകരണം ഉണ്ടാവും എന്നതാണ് കാതലായ ചോദ്യം. ആ ദിശയിലുള്ള ക്രിയാത്മകമായ നീക്കങ്ങൾ ഉണ്ടായില്ലെങ്കിൽ ഇത് വെറും വാചാടോപമായി മാത്രം അധ:പതിക്കും, അത് കേരളീയ ജനതയുടെ ക്ഷമ പരീക്ഷിക്കുന്നതാവും.

കേരളം ഒരു വികസന പ്രതിസന്ധി നേരിടുന്നു എന്നുള്ള വസ്തുത കഴിഞ്ഞ ഏതാനും ദശകങ്ങളായി സംസ്ഥാനം ഭരിക്കുന്ന യു.ഡി.എഫും, എൽ.ഡി.എഫും പ്രത്യക്ഷമായും പരോക്ഷമായും പല അവസരങ്ങളിൽ പലവട്ടം സമ്മതിച്ചതാണ്. വർഷാവർഷം അവതരിപ്പിക്കപ്പെടുന്ന ബജറ്റ് പ്രസംഗങ്ങൾ തന്നെ സംസ്ഥാനത്തിന്റെ സാമ്പത്തിക വിഷമവൃത്തത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ്. പ്രതിസന്ധിക്ക് പരിഹാരമായി പലപ്പോഴും സംസ്ഥാനം ഉറ്റു നോക്കുന്നത് കേന്ദ്ര നേതൃത്വത്തേയാണ്. സാമ്പത്തിക കെടുകാര്യസ്ഥതയും, കർശന തീരുമാനങ്ങൾ കൈക്കൊള്ളുവാനുള്ള സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയില്ലായ്മയും മൂലം കേരളത്തിന്റെ സാമ്പത്തിക ദുരവസ്ഥ അഭംഗുരം തുടരുകയും 1.6 ലക്ഷം കോടി രൂപയുടെ കടക്കെണിയിൽ വീഴുകയും വികസന സ്തംഭനം ഉണ്ടാവുകയും ചെയ്തു. സംസ്ഥാനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കാനും കേരളത്തെ ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റാനുമുള്ള സത്വര നടപടികളാണ് അടിയന്തരമായി ഉണ്ടാവേണ്ടത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP