Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രണ്ടാം ശക്തന് ഊമകത്ത് അയച്ചത് ആര്? എൺപതുകളിലെ പരിഷ്‌കാരം തൃശൂരിലെ ഗതാഗത കുരുക്ക് കുറച്ചില്ലേ? കത്തയച്ച വിമലാകോളേജ് വിദ്യാർത്ഥിനിയെ കണ്ടെത്താൻ ഉറച്ച് വിനോദ് റായി

രണ്ടാം ശക്തന് ഊമകത്ത് അയച്ചത് ആര്? എൺപതുകളിലെ പരിഷ്‌കാരം തൃശൂരിലെ ഗതാഗത കുരുക്ക് കുറച്ചില്ലേ? കത്തയച്ച വിമലാകോളേജ് വിദ്യാർത്ഥിനിയെ കണ്ടെത്താൻ ഉറച്ച് വിനോദ് റായി

ന്യൂഡൽഹി: തൃശൂരിലെ രണ്ടാം ശക്തനായിരുന്നു മുൻ സി.എ.ജി കൂടിയായ വിനോദ് റായി. എട്ട് കൊല്ലം ജില്ലാ കളക്ടറായി പ്രവർത്തിച്ച 1972 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ സാംസ്‌കാരിക നഗരിയിലെ പതിവ് കാഴ്ചകളെ മുഴുവൻ എൺപതുകളിൽ തിരുത്തിയെഴുതി. എല്ലാം ജനനന്മയ്ക്ക് എന്നായിരുന്നു വിശ്വാസം. തൃശൂർ സ്വരാജ് റൗണ്ടിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ശക്തമായ പരിഷ്‌കാരങ്ങൾ നടത്തി. എല്ലാം വിജയമാണെന്ന് കരുതിയിരിക്കെ ജില്ലാ കളക്ടറെ തേടി ഒരു ഊമകത്ത് എത്തി.

നോട്ട് ബുക്കിൽ നിന്ന് കീറിയ പേപ്പറിൽ എഴുതിയ കത്ത്. തൃശൂർ വിമലാ കോളേജിലെ ഒരു വിദ്യാർത്ഥിനിയുടെ കത്ത്. 'പ്രിയപ്പെട്ട ജില്ലാ കളക്ടർ, ഞാൻ ഒരുപാട് വിഡ്ഢികളെ കണ്ടിട്ടുണ്ട്. പക്ഷേ, ഇപ്പോഴത്തെ ജില്ലാ കളക്ടറെ പോലൊരു വിഡ്ഢിയെ കണ്ടിട്ടില്ല. പുതിയ ബസ് സ്റ്റാൻഡിലൂടെ വലിയ ബുദ്ധിമുട്ടാണ് അദ്ദേഹം വരുത്തിവച്ചത്. ആരെങ്കിലും അദ്ദേഹത്തിന് ഇത്തിരി ബുദ്ധി ഉപദേശിച്ചിരുന്നെങ്കിൽ സ്‌നേഹപൂർവം, ഒരു വിദ്യാർത്ഥിനി, വിമലാ കോളേജ് .'

മുൻ സി.എ.ജി വിനോദ് റായി ജില്ലാ കളക്ടറായിരിക്കെ നടത്തിയ പരിഷ്‌കാരങ്ങൾ ഏവരും അംഗീകരിച്ചിരുന്നു. അങ്ങനെയാണ് പുതിയ ശക്തൻ തമ്പുരാൻ നഗർ ഉണ്ടായതും ബസ് സ്റ്റാൻഡ് അവിടേക്ക് മാറ്റിയതും. അതോടെ തൃശൂർ റൗണ്ടിലെ ഗതാഗതക്കുരുക്ക് മാറി. ഇന്നും തൃശൂർക്കാർക്ക് ശക്തൻ തമ്പുരാന്റെ പുനരവതാരം തന്നെയാണ് വിനോദ് റായി. സിഎജിയായിരിക്കെ ടുജി സ്‌പെക്ട്രം അഴിമതിയിൽ എടുത്ത നിലപാടുകളും എല്ലാം വിനോദ് റായിയെ പ്രിയങ്കരനുമാക്കി. പക്ഷേ ഇപ്പോഴും ആ വിമലാകോളേജ് വിദ്യാർത്ഥിനുടെ ഊമകത്ത് വിനോദ് റായിക്ക് മുന്നിൽ ചോദ്യ ചിഹ്നമാണ്. അതിന് ഉത്തരം കണ്ടെത്തണമെങ്കിൽ ആ പെൺകുട്ടിയെ കണ്ടെത്തണം.

ഈ കത്ത് ഇന്നും വിനോദ് റായി സൂക്ഷിച്ചുവച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച 'നോട്ട് ജസ്റ്റ് ആൻ അക്കൗണ്ടന്റ് ' എന്ന അദ്ദേഹത്തിന്റെ ആത്മകഥയിലും ഈ കത്ത് ഇടം നേടി. കത്തിന്റെ ഉടമയെ ഇതുവരെ നേരിൽ കാണാൻ കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞുകൊണ്ടാണ് വിവരണം അവസാനിക്കുന്നത്. മലയാളിയായി ആരെ കണ്ടാലും ഇന്നും ഈ ഊമക്കത്തിന്റെ കാര്യം വിനോദ് റായി പറയും. ഈ പെൺകുട്ടിയെ എന്നെങ്കിലും കാണാനാകുമെന്ന പ്രതീക്ഷ ഇപ്പോഴുമുണ്ട്.

ആ കുട്ടിയെ കാണാൻ ആഗ്രഹമുണ്ടെന്ന് വിനോദ് റായിയും സമ്മതിക്കുന്നു. പല നല്ല പരിഷ്‌കാരങ്ങൾക്കും ആദ്യം എതിർപ്പുണ്ടാകും. പിന്നീട് ജനം അതിന്റെ ഗുണം തിരിച്ചറിയുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ആ കത്ത് കിട്ടിയപ്പോൾ കോളേജ് പ്രിൻസിപ്പലിനെ ഫോണിൽ ബന്ധപ്പെട്ടു. കത്തിനെക്കുറിച്ച് പറയാതെ ഗതാഗത പരിഷ്‌കാരങ്ങൾ മൂലം വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ട് ഉണ്ടോയെന്ന് ആരായണമെന്ന് നിർദ്ദേശിച്ചു. 600 അടിയോളം കൂടുതൽ നടക്കണമെങ്കിലും പരിഷ്‌കാരത്തോട് കുട്ടികൾ പൊരുത്തപ്പെട്ടു തുടങ്ങിയെന്നാണ് രണ്ട് ദിവസത്തിനു ശേഷം പ്രിൻസിപ്പൽ അറിയിച്ചതെന്നും വിനോദ് റായി ഓർക്കുന്നു. റായിയുടെ ആത്മകഥയുടെ മലയാളം പതിപ്പ് മൂന്ന് മാസത്തിനകം പുറത്തിറങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP