Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തിരുനാവായയിൽ ഇന്ന് തെരുവുനായ കടിച്ചുകുടഞ്ഞത് ഒമ്പതു പേരെ; മൂന്നരയും നാലും വയസുള്ള കുഞ്ഞുങ്ങൾ മുതൽ 65കാരൻവരെ ആക്രമണത്തിനിരയായി; രണ്ടു മാസത്തിനിടെ 23 പേർ ആക്രമിക്കപ്പെട്ടിട്ടും തെരുവുനായ ശല്യം ഇല്ലാതാക്കാൻ നടപടിയെടുക്കാതെ അധികൃതർ

തിരുനാവായയിൽ ഇന്ന് തെരുവുനായ കടിച്ചുകുടഞ്ഞത് ഒമ്പതു പേരെ; മൂന്നരയും നാലും വയസുള്ള കുഞ്ഞുങ്ങൾ മുതൽ 65കാരൻവരെ ആക്രമണത്തിനിരയായി; രണ്ടു മാസത്തിനിടെ 23 പേർ ആക്രമിക്കപ്പെട്ടിട്ടും തെരുവുനായ ശല്യം ഇല്ലാതാക്കാൻ നടപടിയെടുക്കാതെ അധികൃതർ

മലപ്പുറം: തിരുനാവായയിൽ തെരുവുനായയുടെ ആക്രമണത്തിൽ മൂന്ന് കുട്ടികളും വയോധികരുമടക്കം ഒമ്പതു പേർക്കു പരിക്കേറ്റു. ഇന്ന് രാവിലെ തിരുനാവായ എടക്കുളം, കാതനങ്ങാടി, തിരുത്തി, വാവൂർകുന്ന് എന്നിവിടങ്ങളിൽ വച്ചാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. ഗരുതരമായി പരുക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽകോളേജ്, തിരൂർ ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. ഇതോടെ തിരുനാവായ, തിരൂർ പ്രദേശങ്ങളിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ തെരുവ് നായയുടെ ആക്രമണത്തിന് ഇരയായത് 23 പേരാണ്. ഇന്ന് ഒമ്പതു പേരെ കടിച്ചു പരുക്കേൽപ്പിച്ച നായയെ പ്രകോപിതരായ നാട്ടുകാർ കൊലപ്പെടുത്തി.

തിരുനാവായ, എടക്കുളം, കാതനങ്ങാടി സ്വദേശികളായ സി.പി. സുലൈമാൻ (32), മകൻ സി.പി. അൽത്താഫ് (4), വെള്ളാടത്ത് ഖദീജ (60), അവറാൻ സി.പി (65), ആഷിഖ് സി(മൂന്നര), സനീഷ കുറ്റിയത്ത് (12), ഇബ്രാഹീം (52), റഹീമാ ബീവി (75), വിഷ്ണു (23) എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്.

എടക്കുളം പടിഞ്ഞാറുമുക്ക് റെയിൽവേക്കു സമീപം താമസിക്കുന്ന ഖദീജ രാവിലെ 8ന് മുറ്റമടിച്ചു കൊണ്ടിരിക്കുമ്പോഴാണ് കടിയേറ്റത്. ആദ്യം കടിക്കാനായി പഞ്ഞടുത്തതോടെ കയ്യിലുണ്ടായിരുന്ന ചൂലുകൊണ്ട് അടിച്ചു. ഇതോടെ നായ വലത് കൈയിൽ കടിച്ചു തൂങ്ങി. ഏറെ ബഹളം വച്ചും കുതറിമാറിയുമാണ് രക്ഷപ്പെട്ടത്. കൈയിലെ ഞരമ്പുകൾ അറ്റ് രക്തം നിലക്കാതെ വാർന്നൊഴുകുന്ന സ്ഥിതിയിലാണ് ഖദീജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കോട്ടയം സ്വദേശിനിയും തിരുനാവായയിൽ വാടക കോർട്ടേഴ്സിൽ താമസക്കാരിയുമായ റഹീമാബീവി റോഡരികിലൂടെ നടക്കുമ്പോഴാണ് രാവിലെ നായയുടെ ആക്രമണത്തിന് ഇരയായത്. അക്രമിച്ച ഉടൻ സ്ത്രീ നിലത്തു നീണു. മാറിൽ കടിയേറ്റ് റമീഹക്ക് ഗുരുതരമായ പരിക്കുണ്ട്.

തിരുനാവായ നവാമുകുന്ദാ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് സനിഷ. രാവിലെ ഒമ്പതിന് സ്‌കൂളിലേക്കു നടന്നു പോകുമ്പോഴാണ് സനിഷക്ക് ആക്രമണമേറ്റത്. തുടയുടെ ഭാഗത്താണ് സനിഷക്ക് കടിയേറ്റത്. ഇതിനു പിന്നാലെ വേറെയും രണ്ട് സ്ത്രീകളെ നായ ആക്രമിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട് നായയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിഷ്ണുവെന്ന യുവാവിനു കടിയേറ്റത്. ജിഷ്ണുവിന്റെ കാലിലും തുടയിലുമാണ് കടിയേറ്റത്.

തിരുനാവായയിലും പരിസരപ്രദേശത്തുമായി വലിയ അക്രമം അഴിച്ചു വിട്ട നായയെ നാട്ടുകാർ പിന്തുടർന്ന് കൊലപ്പെടുത്തുകയായിരുന്നു.

പരിക്കേറ്റവരെ ആദ്യം കൊടക്കല്ലിങ്ങലിലെ ആശുപത്രിയിലും പിന്നീട് തിരൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരുക്കേറ്റ സിപി അവറാൻ എന്നയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. തെരുവ് നായയുടെ ആക്രമണം പ്രദേശത്ത് തുടർക്കഥയാണെങ്കിലും യാതൊരുവിധ നടപടിയോ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.

സമീപ പ്രദേശമായ മാങ്ങാട്ടിരിയിൽ രണ്ട് വയോധികർക്കും ഒരു ആശാവർക്കർക്കും തെരുവ് നായയുടെ കടിയേറ്റിരുന്നു. ബിപി അങ്ങാടി കണ്ണംകുളത്ത് ഡിസംബർ 13ന് രണ്ടര വയസുകാരൻ ഫെബിൻഷക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. വീട്ടുമുറ്റത് കളിച്ചു കൊണ്ടിരുന്ന ഫെബിൻഷയുടെ മുഖത്ത് കടിയേറ്റ് വികൃതമായ നിലയിലായിരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ 23 പേർക്ക് തെരുവ് നായയുടെ കടിയേറ്റതായാണ് റിപ്പോർട്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP