Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

24 മണിക്കൂർ നാട്ടുകാരെ മുൾമുനയിൽ നിറുത്തിയ ശേഷം 'കാടുകയറിയ കുട്ടി സംഘം' നാട്ടിലേക്ക്; തിരിച്ചെത്തിയത് എരുമേലി കാളകെട്ടി വനമേഖലയിലേക്ക് കയറിപ്പോയ സഹോദരങ്ങൾ അടക്കം നാലു പേർ; കുട്ടികൾ മണിക്കൂറുകളോളം ചെലവഴിച്ചത് കാട്ടാനയും കാട്ടു പോത്തുകളും വിഷപാമ്പുകളുമുള്ള അപകട മേഖലയിൽ ! കാഞ്ഞിരപ്പള്ളി മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കിയ ശേഷം കുട്ടികളെ മാതാപിതാക്കൾക്കൊപ്പം വിട്ടു

24 മണിക്കൂർ നാട്ടുകാരെ മുൾമുനയിൽ നിറുത്തിയ ശേഷം 'കാടുകയറിയ കുട്ടി സംഘം' നാട്ടിലേക്ക്; തിരിച്ചെത്തിയത് എരുമേലി കാളകെട്ടി വനമേഖലയിലേക്ക് കയറിപ്പോയ സഹോദരങ്ങൾ അടക്കം നാലു പേർ; കുട്ടികൾ മണിക്കൂറുകളോളം ചെലവഴിച്ചത് കാട്ടാനയും കാട്ടു പോത്തുകളും വിഷപാമ്പുകളുമുള്ള അപകട മേഖലയിൽ ! കാഞ്ഞിരപ്പള്ളി മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കിയ ശേഷം കുട്ടികളെ മാതാപിതാക്കൾക്കൊപ്പം വിട്ടു

മറുനാടൻ ഡെസ്‌ക്‌

എരുമേലി : സഹോദരങ്ങളടക്കം നാലു കുട്ടികൾ നാടിനെ മുൾമുനയിലാക്കിയത് 24 മണിക്കൂർ. അതും ഇവർ ചെയ്തത് കേട്ട് അമ്പരന്നിരിക്കുകയാണ് സമൂഹം. വിഷപ്പാമ്പുകൾ അടക്കമുള്ള വന്യമൃഗങ്ങളുള്ള കൊടും വനത്തിലേക്ക് ഇവർ ആരോടും പറയാതെ കയറിപ്പോയി. എരുമേലിക്കടുത്തുള്ള വനാതിർത്തിയായ എലിവാലക്കര സ്വദേശികളായ വിദ്യാർത്ഥികളാണ് എരുമേലി റേഞ്ച് കാളകെട്ടി വനമേഖലയിലെ കാട്ടിലേക്ക് കയറിപ്പോയത്. അതും വനമേഖലയിൽ കുടുങ്ങിപ്പോയ ഇവർ മണിക്കൂറുകളോളമാണ് ഇവിടെ പേടിച്ചരണ്ട് കഴിഞ്ഞത്.

ഞായറാഴ്‌ച്ച രാവിലെ പത്തരയോടെയാണ് 'കുട്ടി സംഘം' കാട്ടിലേക്ക് കയറിപ്പോയത്. 15 വയസുള്ള രണ്ട് കുട്ടികളും 16,18 വയസുള്ള രണ്ട് കുട്ടികളുമടങ്ങുന്ന സംഘമാണ് വനയാത്രയ്ക്ക് പുറപ്പെട്ടത്. ഇവർക്കൊപ്പം ഒരു വളർത്ത് നായയും ഉണ്ടായിരുന്നുവെന്നാണ് സൂചന. സാധാരണയായി ഈ ഭാഗത്ത് നിന്നും വിറക് പെറുക്കാനും മറ്റുമായി ആളുകൾ കാട്ടിലേക്ക് പോകാറുണ്ട്. ഇവരും അങ്ങനെ പോയതാകാമെന്ന് നാട്ടുകാർ കരുതി. എന്നാൽ നേരം രാത്രിയായിട്ടും കുട്ടികളെ കാണാതായതോടെ നാട്ടുകാർ സംഘങ്ങളായി തിരഞ്ഞിറങ്ങുകയായിരുന്നു.

ഏറെ നേരം തിരച്ചിൽ നടത്തിയിട്ടും നിരാശയായിരുന്നു ഫലം. ഇതിന് പിന്നാലെ പൊലീസിനെയും വനംവകുപ്പിനെയും വിവരം അറിയിച്ചു. എരുമേലി പൊലീസ് സ്റ്റേഷനിൽ നിന്നു സിഐ ടി.ഡി.സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ സ്‌പെഷൽ ഫോറസ്റ്റ് ഓഫിസർ വി.അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടു വനംവകുപ്പു ജീവനക്കാരും നാട്ടുകാരും പന്തം തെളിച്ചു തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തിരച്ചിലിനിടെ ഒരു സംഘം കാട്ടാനയ്ക്കു മുന്നിൽപ്പെട്ടെങ്കിലും കഷ്ടിച്ചു രക്ഷപ്പെട്ടു. അർധരാത്രിയോടെ തിരച്ചിൽ അവസാനിപ്പിച്ച് എല്ലാവരും കാടിറങ്ങി.ഇന്നലെ പുലർച്ചെ ആറിന് 33 പേരടങ്ങുന്ന വനപാലക സംഘവും 18 പേരടങ്ങുന്ന പൊലീസും നാട്ടുകാരും നാലു സംഘങ്ങളായി തിരഞ്ഞു ചെങ്കുത്തായ മല കയറി വിളക്കുപാറ മേഖല വരെയെത്തിയ സംഘത്തിനും കുട്ടികളെ കണ്ടെത്താനായില്ല.

പ്ലാസ്റ്റിക് കുപ്പികൾ ഇവിടെ കണ്ടെത്തിയതോടെ കുട്ടികൾ ഇവിടെയെത്തിയെന്ന സൂചന ലഭിച്ചു. അതേ സമയം, രാവിലെ ഒൻപതരയോടെ കുട്ടികൾ വനാതിർത്തിയായ തുമരംപാറയിൽ തിരികെയെത്തി. കുട്ടികളെ പൊലീസ് സംരക്ഷണയിൽ സ്റ്റേഷനിലേക്കു മാറ്റി. കുട്ടികളെ കാഞ്ഞിരപ്പള്ളി മജിസ്‌ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ ശേഷം മാതാപിതാക്കൾക്കൊപ്പം വിട്ടു. വനാർതിർത്തി ലംഘിച്ചു കാട്ടിലേക്കു പോകരുതെന്ന താക്കീതു നൽകി. പ്ലാച്ചേരിയിലെ വനംവകുപ്പിന്റെ സ്റ്റേഷനിലും കുട്ടികളെ ഹാജരാക്കി.

ശബരിമല വനമേഖലയിൽപ്പെട്ട കൊപ്പം കാളകെട്ടിമല റാന്നി റിസർവിൽ ഉൾപ്പെട്ടതാണ്. കാട്ടാന സ്ഥിരമായി ഇറങ്ങാറുള്ള മേഖലയാണിത്. കാട്ടുപോത്തുകളും വിഷപ്പാമ്പുകളുമുണ്ട്. ഒരു വശം ശബരിമലയുടെയും മറ്റൊരു വശം പെരിയാർ ടൈഗർ റിസർവിന്റെയും ഭാഗമാണ്. ഗോത്രവിഭാഗത്തിൽപെട്ടവർ ആചാരങ്ങളുടെ ഭാഗമായി മുൻപു വിളക്കുവച്ച് ആരാധന നടത്തിയിരുന്ന വിളക്കുപാറ സന്ദർശിക്കാൻ പോയതാണെന്നാണു കുട്ടികൾ പൊലീസിനെ അറിയിച്ചത്. എട്ടു കിലോമീറ്ററോളം നടന്ന് ഉൾവനത്തിലെത്തിയപ്പോൾ ഇരുട്ടായി. തിരിച്ചിറങ്ങാൻ കഴിഞ്ഞില്ല. വിളക്കുപാറയ്ക്കു സമീപമുള്ള മരത്തിനു ചുവട്ടിലാണു രാത്രി കഴിച്ചു കൂട്ടിയത്. ആനകളുടെ ശബ്ദം കേൾക്കാമായിരുന്നെങ്കിലും അടുത്തേക്കെത്തിയില്ല. നേരം പുലർന്നപ്പോൾ മറ്റൊരു വഴി തിരികെയിറങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP